Thursday, February 23, 2012

എന്റെ ഷഷ്ഠിപൂർത്തി


പ്രിയപ്പെട്ട  ആഗോളബൂലോകവാസികളായ എഴുത്തുപുലികളെ, ആശയനരികളെ..നാരികളെ....

2012 ഫെബ്രുവരി 27- ആം  തീയതി തിങ്കളാഴ്ച  എന്റെ ‘ഷഷ്ഠിപൂർത്തി’ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.   ലീവ് എഴുതിവാങ്ങി നാട്ടിൽപോകാൻ സാധിക്കാത്തതിനാൽ ഇവിടെ സൌദി അറേബ്യയിലെ ‘റിയാദി’ൽ എന്റെ താമസപ്പുരയിൽ വച്ചാണ്  നടത്തുന്നത്.  1952 ഫെബ്രുവരി 27-ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പാതിരാത്രി പന്ത്രണ്ടു മണിക്ക്, ദിഗംബരനായി ദിവാകരനെക്കാണാൻ ഇറങ്ങിവന്നതാണെന്ന് എന്റെ അമ്മയും അഛനും പറഞ്ഞുതന്നതിനാലാണ്, അന്നേദിവസം അറുപത് വയസ്സ് തികഞ്ഞുവെന്ന് വിശ്വസിക്കുന്നത്..

 എന്നാൽ, അഛന്റെ സുഹൃത്തായിരുന്ന പീതാംബരൻജ്യോത്സ്യൻ ഗണിച്ചുപറഞ്ഞത്, പൂരുരുട്ടാതിയുടെ ആയിരത്തിലൊരു ചുവട് ഉതൃട്ടാതിയുടെ ഇടതുപാദത്തിൽ പതിഞ്ഞെന്നും അതിന്റെ ഗുണദോഷങ്ങൾ അതേയളവിൽ ഉണ്ടാവുമെന്നുമാണ്.  എനിക്കല്പം അറിവുവച്ചുതുടങ്ങിയപ്പോൾ അപ്പറഞ്ഞത് ശരിയാണെന്ന് അഛൻ പറയുമായിരുന്നു.   എന്നെ ഒരു വക്കീലാക്കണമെന്ന- ‘ഒരു അടിപിടിക്കും പോകാത്ത’  അഛന്റെ  ആഗ്രഹത്തിനെ ഞാൻ ചോദ്യം ചെയ്തതാണ് കാരണം. .....എന്റെ ജാതകം എഴുതിത്തന്നിട്ട് അത് മറ്റാരേയും കാണിക്കരുതെന്ന് ജ്യോത്സ്യൻ പ്രത്യേകം പറഞ്ഞിരുന്നു.  ‘ഞാൻ കേന്ദ്ര ധനകാര്യമന്ത്രിയാകുമെന്നും വീട്ടിനകത്തുംപുറത്തും ധാരാളം ആനകളും കുതിരകളും കൂട്ടമായുണ്ടാകുമെന്നും’ അതിലെഴുതിയിരുന്നു.  അതുകണ്ട് വല്ല വിവരദോഷികളും എന്നെ നശിപ്പിച്ചാലോ?   ‘രാജയോഗ’മല്ലേ?  അന്നുമുതൽ ‘ബാബു’ആയിരുന്ന എന്നെ  ‘ബാബുരാജ്’ ആക്കിയത് ഈ രാജയോഗപ്രവചനമാണ്.   എഴുത്തിന്റെ കൂലിയായി ഒരേക്കർ സ്ഥലമാണ് ജ്യോത്സ്യൻ സ്വന്തമാക്കിയത്.. മദ്യം കൊടുത്തിരുന്നെങ്കിൽ അതു മതിയാകുമായിരുന്നു.  അന്ന് ഇന്നത്തെപ്പോലെ വിഷം കലക്കിയ മദ്യം വീടുകൾതോറും വിതരണം ചെയ്യുന്ന സർക്കാരായിരുന്നില്ല.  പട്ടാളക്കാരും കുറേ പ്രതാപികളും പരസ്യമല്ലാത്തവിധം ഉപയോഗിക്കുകയായിരുന്നു പതിവ്....

ക്രമേണ, വിശ്വസ്ഥനായിരുന്ന ജ്യോത്സ്യനുമായി വാഗ്വാദമുണ്ടായത്, രണ്ടു കാരണത്താലാണ്.  ഒന്ന്- അഛന്റെ ജാതകമെഴുതിയ ജ്യോത്സ്യന്റെയഛൻ, അതിൽ 73 വയസ്സുവരെയാണ് ആയുഷ്ക്കാലം കാണിച്ചിരുന്നത്.  എഴുതിയ ആള് മരിച്ചെങ്കിലും കുറിച്ച വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് അച്ചൻ മരിക്കുന്നില്ല?  84 വയസ്സുവരെ ഈ തർക്കം തുടർന്നു. പിന്നെ വയ്യാഞ്ഞിട്ടല്ല, ആളുവേണ്ടേ?  ജ്യോത്സ്യൻ മരിച്ചുപോയി.   രണ്ട്- എന്റെ പ്രായമുണ്ടായിരുന്ന ജ്യോത്സ്യന്റെ മകൻ നീലാംബരന്,  അതേ ‘രാജയോഗ’വും  80 വർഷത്തെ ആയുസ്സും എഴുതിയിരുന്നു..  അവന്റെ 27-ആമത്തെ വയസ്സിൽ, നേരേ ഓടിവന്ന ട്രെയിൻ  വളഞ്ഞുതിരിഞ്ഞ് സൈക്കിളോടിച്ച അവനെ ഇടിച്ചുതെറിപ്പിച്ചു.  തൽക്ഷണം മരണം.  അന്നു ട്രെയിൻ നേരത്തേ വന്നതുകൊണ്ടാണെന്നും, സൈക്കിളിന്റെ ബ്രേക്ക് ബ്രോക്കണായതാണെന്നും, ആ സമയത്ത് അവന് അപസ്മാരത്തിന്റെ ആഭൂതിയായിരുന്നെന്നും ഒക്കെ ജ്യോത്സ്യൻ മാറ്റിമാറ്റിപ്പറഞ്ഞിരുന്നു..
  പക്ഷേ, അല്പം അവിശ്വാസം ബാക്കിയാക്കിത്തന്നെ  2010 മാർച്ച്  13 ന്   93-ആം വയസ്സിൽ അഛന്റെ നിര്യാണമുണ്ടായി.

ഒരു സാഹിത്യകാരനാകാൻ ആഗ്രഹിച്ച് വായനശാലകളിൽ കയറിയിറങ്ങിയും വായിച്ചുകിടന്നുറങ്ങിയുംകഴിഞ്ഞ,  കള്ളം പറയാനറിയാത്ത എനിക്ക് വക്കീല്പണിയുമായി എന്തു ബന്ധം?  പഠിക്കാൻ പോകുമ്പോഴും അഞ്ചു പാഠപുസ്തകങ്ങളും നാലു സാഹിത്യകൃതികളുമാണ് എന്റെ കയ്യിലുണ്ടാവുക. അതിനുമാത്രം  രണ്ട് ചൂരൽ പ്രയോഗം ഒരു ടീച്ചറമ്മ എനിക്കുവേണ്ടി കരുതുമായിരുന്നു.

പത്താംക്ലാസ്സിലെ പരീക്ഷയ്ക്ക് അവര് ചോദിച്ചതിനൊന്നുമല്ല ഞാൻ ഉത്തരമെഴുതിയത്.  അതിനാൽ, അഛനോടുള്ള ബഹുമാനമോ എന്നോടുള്ള സ്നേഹമോ ആവാം,   ‘ഇവൻ തോറ്റുപോയി’ എന്നു പറയാതെ ‘മോൻ ജയിച്ചില്ല’ എന്നാണ് അവർ അഛനെ അറിയിച്ചത്.  അങ്ങനെയെങ്കിലും എന്നെ ‘എന്റെവഴിക്ക് വിടുമല്ലോ’ എന്ന ആശ്വാസത്താൽ,  എന്റെ തുടയ്ക്ക് കിട്ടിയ അടിക്ക് വലിയ വേദന തോന്നിയില്ല. (അതിലെ ഒരു ചൂരൽപ്പാട് ഇപ്പോഴും തുടയിലുള്ളത് എന്റെ ഭാര്യയെ മാത്രമേ കാണിച്ചിട്ടുള്ളൂ.)  ......

ഏഴു ഭാഷകളിൽ സംസാരിക്കാനറിയാവുന്ന, ഒരു മുൻ പട്ടാളക്കാരനായ അഛൻ,  ഒരു ഭാഷയിൽ പോലും എഴുതാനോ സംസാരിക്കാനോ എന്നെ പഠിപ്പിച്ചില്ല.   ചെറുചെറു പ്രശ്നങ്ങളാൽ അമ്മയുടെയഛനുമായുള്ള (അപ്പുപ്പൻ) നിരന്തരനീരസം കൂടിക്കൂടി അഛൻ, കുടുംബവുമായി അകന്നുകഴിയാൻ ഇടവരുത്തിയതാണ് കാരണം.  അക്കാലത്ത്  അമേരിക്കയും വിയറ്റ്നാമും തമ്മിൽ ഉണ്ടായപോലെ.   (ഇനി 28 വയസ്സുവരെയുള്ള സവിശേഷമായ ‘ഒന്നാമൂഴം’ പിന്നെയൊരിക്കലാവാം.)

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ, 1980 ഏപ്രിൽ 30ന്  ‘ജയാമ്മ’യുമായുള്ള എന്റെ വിവാഹം നടന്നതോടെ ‘രണ്ടാമൂഴം’ തുടങ്ങി.  നീണ്ട അനുഭവങ്ങൾക്കുശേഷം, രണ്ടു പെൺമക്കളേയും വിവാഹം കഴിപ്പിച്ച്  സ്വസ്ഥനായി ‘മൂന്നാമൂഴ’ത്തിൽ സഞ്ചരിക്കുകയാണ് ഇപ്പോൾ.
ഇങ്ങനെ പ്രിയപ്പെട്ടവരെ അറിയിച്ചുകൊണ്ട് ഒരു ‘ഷഷ്ഠിപൂർത്തി മഹാമഹം’ നടത്താനുള്ള ആത്മപ്രലോഭനം കിട്ടിയത്,  നൂറ്റിയെട്ടാമത്തെ വയസ്സിൽ അന്തരിച്ച  എന്റെ അച്ചാച്ചനിൽനിന്നാണ്.
അല്പം പ്രശസ്തിയൊക്കെയുള്ള അഛനും അച്ചാച്ചനും കഥാപാത്രങ്ങളായി പിന്നീട് വരും.

അതിനാൽ സുഹൃത്തുക്കളെ,  എന്റെ പാവം അച്ചാച്ചന്റെ ഓർമ്മയ്ക്കായി,  108 വയസ്സ് തികയുന്ന ബ്ലോഗെഴുത്തുകാരുടെ കുടുംബാംഗങ്ങളോടൊപ്പം  ഒരു ഉല്ലാസയാത്ര സംഘടിപ്പിക്കാൻ ഞാനും തീരുമാനിച്ചു,  പരിപൂ‍ർണ്ണമായും എന്റെ ചെലവിൽത്തന്നെ.   ഊട്ടി, കൊടൈക്കനാൽ, ഡൽഹി വഴി എവറസ്റ്റ് കൊടുമുടിയിൽ ഒരുദിവസം.  അവിടെനിന്ന് അപ്പോളോ-32ൽ കയറി നേരേ ചന്ദ്രമണ്ഡലത്തിൽ രണ്ടുദിവസം.  (അന്നവിടെ കൂടും കൂടാരവും കൂടാതെ, തട്ടുകട,  മിനറൽ വാട്ടർ, ഓക്സിജൻ, ആശുപത്രി, സെമിത്തേരി, കോടതി, കൃത്രിമഭക്ഷ്യ സാധനങ്ങൾ......മുതലായ നമുക്ക് നിത്യവും ആവശ്യമുള്ള എല്ലാ വകുപ്പുകളും ക്രമീകരിച്ചിരിക്കും.  ഇപ്പോൾ എട്ടുവയസ്സുള്ള എന്റെ ചെറുമകന്റെ മക്കളുടെ കല്യാണം അവിടെവച്ച് നടത്തുമ്പോൾ, എനിക്കവരെ ആശീർവ്വദിക്കുകയും ആവാമല്ലോ.)  തിരിച്ച് സോയൂസ് പേടകത്തിൽക്കയറി ബംഗാൾ ഉൾക്കടലിൽ ഇറങ്ങി,  ‘വാർഷിപ്പ്’ എന്ന കപ്പൽ വഴി നാട്ടിലെത്തുന്നതാണ്......ശേഷം നേരിൽ.......

കാര്യപരിപാടികൾ.
രാവിലെ  5  മണിക്ക്   - ആയുർവർദ്ധനാപൂജ..
    ”        8      ”         - ബ്ലോഗെഴുത്ത് വിജയീഹോമം..
    ”       10     ”         - എഴുത്തുകാരിലെ പൂച്ചകൾ മുതൽ സിംഹങ്ങൾ വരെ പങ്കെടുക്കുന്ന ചർച്ച.                                  (വിഷയം- ‘ജാതിമതം ഭക്ഷിക്കാതെ എങ്ങനെ ജീവിക്കാം..?’
              1 ന്   മൃഷ്ടാന്നഭോജനം. ( ഈ അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റാത്തവരുടെ പേരിൽ                                   പുഷ്പപൂജ ചെയ്ത് മറ്റുള്ളവർ കഴിക്കും.)
വൈകുന്നേരം  5  മണിക്ക് - ഓഡിയോ ബ്ലോഗിംഗുകാരുടെ  ‘ഗാനമഞ്ജരി’.
       ”         9. 30 ന്    - നൃത്തസംഗീതനാടകം...’കമെന്റ്സിൽ കയ്യിട്ടുവാരുന്നവർ’.
 രാത്രി  12 മണിക്കുശേഷം  ‘ആറാട്ട്’.    ‘താലപ്പൊലി’, ‘പഞ്ചവാദ്യം’, ‘പഞ്ചാരിമേളം’                                   എന്നിവയോടുകൂടിയ  എഴുന്നെള്ളത്ത്.

* സ്നേഹം നിറഞ്ഞ എല്ലാ രചയിതാക്കളും എത്തിച്ചേർന്ന്,  സംഭാവനകളും അഭിപ്രായങ്ങളും തന്ന് എന്റെ  ‘ബോക്സ്’ നിറയ്ക്കുകയും,  ഒരു  ഇരുനൂറ് വർഷംകൂടി എന്നെ ‘ജീവിച്ചിരുത്താ’ൻ ആശംസിക്കുകയും വേണമെന്ന് സദയം അഭ്യർത്ഥിച്ചുകൊള്ളുന്നു.
  എന്ന്,   ഇനിയെന്നും നിങ്ങളുടെ ‘കമെന്റ് ബോക്സി’ൽ  കാണാവുന്ന -   വി. എ. എന്ന് ലോഗോയിലും, ബാബുരാജ് എന്ന് പ്രൊഫൈലിലും,  ‘വിജയ് ആനന്ദ്’ എന്ന്  ഫെയ്സ് ബുക്കിലും കാണുന്ന ഒറിജിനൽ  വി. എ.   (ഒപ്പ്.)




Sunday, January 22, 2012

‘എന്റെ ’ലക്ഷ്മി’ക്ക്.....’

                                   
 വരിക  ‘ലക്ഷ്മീ’,യെന്നരികെ വീണ്ടും പു-
ഞ്ചിരിയുമായ്; അല്ലലകന്നുപോയിടും...

എരിയുമഗ്നിതൻ ഹസ്തങ്ങളിൽ തവ-
തിരുതനു,വാകെക്കരിഞ്ഞുതീരവേ
തിരിഞ്ഞതില്ലേതും, അറിഞ്ഞനേരം ഞാൻ
കരഞ്ഞുപോയ് കണ്ണീർക്കണങ്ങളോരാതെ...

തിരഞ്ഞു ഞാൻ നിന്റെയാത്മാവിനെയിഹ-
പരത്തിലും സ്വർഗ്ഗഗേഹത്തിലും നിത്യം
വിരഹവേദനാചകിതയായി എ-
ന്നരികിലുണ്ടാവുമെന്നാശ്വസിച്ചീടട്ടെ...

ചിരപരിചിതരല്ലെ,ന്നാലും ചിന്താ-
ഭാരം വെടിഞ്ഞാഗമിക്ക നീ ദേവതേ
പാരിൻ പ്രഭാപൂരമാർഗ്ഗം തെളിച്ചു മൺ-
ചിരാതുമായി ഞാൻ മുമ്പേ നടന്നിടാം...

നേരിലൊരിക്കലേ കാണാൻ കഴിഞ്ഞുള്ളൂ
ധീരമൊരുമാത്ര മാത്രം മൊഴിഞ്ഞുള്ളൂ
പോരാ, ചൊരിഞ്ഞാശ തീരുവോളം നമു-
ക്കിരുഗാത്രം, ഒറ്റ ഹൃദയമായിടാം...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’

Tuesday, December 13, 2011

‘കഥാമത്സരം’



ഇരിപ്പിടം കഥാമത്സരം..
-------------------------------

ബ്ലോഗിലെ എഴുത്തുകാർക്ക് പ്രോത്സാഹനത്തിനും പ്രചോദനത്തിനുംവേണ്ടി, ഒരു കഥയുടെ തുടക്കം ഇവിടെ കൊടുത്തിരിക്കുന്നു. ഇതിന്റെ ബാക്കിയായി കഥ പൂർത്തിയാക്കി അയയ്ക്കുക. ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്.   ‘ഡിസംബര്‍ പത്തു മുതല്‍ ജനുവരി പതിനഞ്ചുവരെ’ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’കൾക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..

ആരംഭം :.
-------------

‘അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..


ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.  കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും  ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............’

തുടര്‍ന്ന് എഴുതാം. എല്ലാവർക്കും  ആശംസകൾ...

പൂര്‍ത്തീകരിച്ച രചനകള്‍

irippidamweekly@gmail.com

എന്ന വിലാസത്തില്‍ അയയ്ക്കുക..

Sunday, October 23, 2011

രണ്ടു ഗാനങ്ങൾ


മൽ‌സഖേ....

മൃദുലേ,
നിൻ നീൾമിഴിയിണ നിറഞ്ഞിത്രയും
അരുണിമയാർന്നിട്ടും, എന്തേ മൌനം..?
തരളകളേബരകാന്തിയാൽ ചാരത്തു
ചിത്രപതംഗമണഞ്ഞു മെല്ലെ,
ചാരുതയോലും വെൺദളങ്ങളിൽ ചെറു‌‌-
ചുംബനം തന്നതിനാലോ ? നറു-
തേനൂറി നുകർന്നതിനാലോ ?
                                                  ( മൃദുലേ.........                                      


കുളിരേകും മാലേയമാരുതൻ തൻ കരാം-
ഗുലികളാൽ തൊട്ടുതഴുകിയപ്പോൾ,
ലജ്ജയാലുൾഫുല്ലമാകും, ഇതൾക്കവിൾ
ലാളനയേറ്റു തുടുത്തുവല്ലോ ?-
അധരങ്ങൾ മുത്തു പൊഴിച്ചുവല്ലോ - പിന്നെ -
യെന്തിനീ മൌനമെൻ പ്രിയസഖീ.......
                                                    ( മൃദുലേ.........


ഒളിമിന്നും താരകൾ അംബരമുറ്റത്ത്
ഒളികണ്ണാൽ പുഞ്ചിരി തൂകിയപ്പോൾ,
ഹിമബിന്ദു ലോലമാമുടയാട ചൂടുമ്പോൾ
ഇമപൂട്ടി നാണിച്ചു നിന്നുവല്ലോ ?
സൌരഭം പാരാകെ പടർത്തിയല്ലോ - പിന്നെ-
എന്തിനീ മൌനമെൻ ഓമൽ‌പ്പൂവേ ..........
                                                      ( മൃദുലേ.........        


----------------------------------------------------------------


ഏകാന്തപഥികൻ

  ഒരു  സ്വപ്നവീഥിയിൽ
  ഒറ്റയ്ക്കു  നിന്നുഞാൻ
  ഒരിക്കലും കാണാത്ത സുഖങ്ങൾതേടി
  ഒരുകുമ്പിൾ ദാഹനീർത്തുള്ളി തേടി.......................     (ഒരു സ്വപ്ന...

  വാസന്തർത്തുക്കൾ വന്നു
  പൂത്താലമില്ലാതെ
  ഭാസുരകേളിയരങ്ങിൽ...
  കാർമുകിൽജാലവും ജലകണമില്ലാതെ
  ഭുവനതല്പങ്ങളിൽ വീണു....
  ...............................എല്ലാം.....എല്ലാം...........
  ...............................വിധിയുടെ ജ്വാലയിലെരിഞ്ഞു     (ഒരു സ്വപ്ന....

  ഗന്ധർവ്വകന്യകൾ
  കണ്ണീരുമായ് വിണ്ണിൽ
  ഗദ്ഗദമാർന്നു മറഞ്ഞു....
  മന്വന്തരങ്ങളേ  മായാപ്രപഞ്ചമേ
  മോഹസ്വപ്നങ്ങൾ പകരൂ.....
  .................................എല്ലാം.....എല്ലാം...........
  .................................സ്നേഹതീർത്ഥങ്ങളായ് തീർക്കൂ     (ഒരു സ്വപ്ന...





Friday, September 2, 2011

ആദ്യരാത്രി - ഹൃദയനിവാസിൽ


ആണായാൽ ഇണയായി ഒരു പെണ്ണുവേണമെന്ന് തീരുമാനിച്ചത് ദൈവമാണ്. അതിനുശേഷം ഇന്നുവരേയും ആപ്പിളോ ഓറഞ്ചോ കൊടുത്ത് പ്രലോഭിപ്പിക്കുന്ന പെണ്ണില്ലാതെ ജീവിക്കാൻ സാധിക്കില്ലെന്നായി ആണുങ്ങൾക്ക്.  അത് ഇങ്ങനെയൊരവസ്ഥയിലെത്തണമെന്ന് ആരും ആഗ്രഹിക്കാത്തതാണ്.

മാറും മടിയും തഴച്ചുതുളുമ്പിനിൽക്കുന്ന, സുന്ദരിയും പരിഷ്കാരിയുമായ ഒരു  മാദകാംഗിയെക്കണ്ടാൽ ആരാ ഒന്നു നോക്കാത്തത് ?  പലവട്ടം നോക്കുമ്പോൾ ഒന്നു തൊടണമെന്ന ആഗ്രഹം ആണുങ്ങളുടെ സഹജാഭിലാഷമല്ലേ ? തൊട്ടാലോ- അവളെയൊന്നു കെട്ടിപ്പിടിച്ചുനിൽക്കണം.  പിന്നെ-  പലതും പറഞ്ഞ്  കൂടെ ഇരിക്കണം.  അതുവഴി പല പെരുവഴികളിൽക്കൂടി കൈകോർത്തുപിടിച്ച് നടക്കണം.  തീരുമോ ആഗ്രഹം ? പിന്നെ ആരോരും കാണാതെ കിട്ടുന്ന ഇടത്ത്, പറ്റുന്ന സമയത്ത് അവളുമൊത്ത് ഒന്നു കിടക്കണം. കിടന്നാൽത്തന്നെ വെറുതേയങ്ങനെ ആകാശത്തുനോക്കി ചിന്തിക്കാനും നക്ഷത്രമെണ്ണാനും നേരമെവിടെ ?  തഥൈവ......

ചിലരൊക്കെ സമയവും സന്ദർഭവും സംഘടിപ്പിച്ച് ഇപ്പറഞ്ഞ സംഗതികളൊപ്പിച്ച് സംതൃപ്തരാകും. ചിലർക്ക് നോക്കാനുള്ള ധൈര്യമേ ഉണ്ടാവൂ. ഒന്നൊപ്പിച്ചു കൂട്ടിനടക്കാനോ ഇരിക്കാനോ ചിലർക്ക് സാധിക്കും.  ഇതൊന്നിനും സാധിക്കാനാകാതെ സ്വാഭിമാനം കളയരുതെന്നുകരുതി, ഇത്യാദി ആഗ്രഹങ്ങൾ മനസ്സിലിട്ട് താലോലിച്ച് താരാട്ടുപാടിക്കഴിയുന്നു മറ്റുചിലർ.

ഇതിൽ അവസാനംപറഞ്ഞ ഗണത്തിൽ‌പ്പെടുന്ന നിർദ്ദോഷിയും, നിഷ്കളങ്കനും, നിരപരാധിയും സർവ്വോപരി നിസ്സഹായനുമായിരുന്നു നമ്മുടെ നായകൻ.  പ്രത്യേകിച്ച്, വൈകുന്നേരം മൂന്നുമണിക്ക് രജിസ്റ്റർ കച്ചേരിയിൽ വച്ച് ഭാര്യയായി ഒപ്പുവച്ച നായികയുടെ വലതുകൈക്കുമ്പിളിൽ‌പ്പിടിച്ച് സ്വന്തം വീട്ടിൽ കയറുന്നതുവരെ.

മ്ലാനവദനനും വിഷാദവിവശനുമായ നായകനേയും,  ലജ്ജാവതിയും സുസ്മേരസുമുഖിയുമായ നായികയേയും വീട്ടുകാരും നാട്ടുകാരിൽ കുറച്ചുപേരും ചേർന്ന് സ്വീകരിച്ചാനയിച്ചു. അനന്തരം അച്ചനും അമ്മയും അവരെ അകത്തെ മുറിയിൽ കൊണ്ടുവന്ന് ഇരുത്തി.  ‘ ഇരുത്തി ’  എന്ന് ഒന്നെടുത്തു പറയണം. കാരണം, വെറുതേയങ്ങിരുത്തിയതല്ല.  ഏറെ അമർഷവും കുറേ പരിഹാസവും കലർന്ന മുഖഭാ‍വത്തോടെ, കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്ന ദ്വേഷ്യത്തോടെ മനഃപൂർവ്വം പിടിച്ച്  ‘ഇരുത്തി’യതുതന്നെയാണ്.  അങ്ങനെയാവുമെന്ന് ഒരവിവേകം കാണിച്ച് മുഖംതാഴ്ത്തിയിരിക്കുന്ന നായകനും അറിയാം.

എന്നാൽ, ഒരു വലിയ ആഗ്രഹം സഫലീകരിച്ച സംതൃപ്തിയോടെ ഉല്ലാസഭരിതയാണ് നായിക.
പെണ്ണല്ലേ? ആഗ്രഹിച്ചത് നേടിയാലുള്ള ആത്മനിർവൃതി പ്രകടിപ്പിച്ചേ അടങ്ങൂ.  അനവസരത്തിലുള്ള ഒരു ചിരി മതി, ആണിന്റെ ആത്മാഭിമാനം തകർക്കാനും, അവരെക്കൊണ്ട് ഒരു യുദ്ധംതന്നെ നടത്തിക്കാനും.

പെണ്ണിന്റെ ഒരു ‘മൂളലി’ന്  പത്തും, ‘നോട്ടത്തി’ന് നൂറും അർത്ഥമുണ്ടെന്നാണ് പഴഞ്ചൊല്ലും പരിചിതവും.  (അതിൽ ഏറെയും അനർത്ഥങ്ങളുണ്ടാക്കുമെന്നത് വേറേ കാര്യം.)  വായും കണ്ണുംകൊണ്ട് ഇത്രയുമാകാമെങ്കിൽ മറ്റ് അവയവങ്ങളുടെ സ്ഥിതിവിശേഷം വിവരിക്കാനുണ്ടോ ? അങ്ങനെയുള്ള ഒരു സർവ്വാംഗലക്ഷണയുക്തപേവലാംഗി പുരനിറഞ്ഞു നിൽക്കുന്നതുകണ്ടാൽ വയസ്സന്മാർക്കുപോലും സഹിക്കാവതല്ല,  പിന്നെ പരുവംവന്ന ആൺപിള്ളേരുണ്ടോ അനങ്ങാതിരിപ്പൂ ?  അതു സഹിക്കാം, പുരയും പൊളിച്ച് ആൽമരംപോലെ വളർന്നാൽ  പുരതകരും. അതു പാടില്ല.  തെങ്ങോളം വളരാമോ തേയിലച്ചെടി ?  അതിനെന്താ പോംവഴി? അവളെ നിയന്ത്രിക്കാൻ ഒരാണുവേണം.  പ്രത്യേകിച്ച്, ആലിന്റെമുക്കിലെ ‘അധികാരിയഴികം വീട്ടി’ൽ  ഒറ്റത്തടിയായി താമസിക്കുന്ന ദൃഢഗാത്രിയായ  ‘ഗായത്രിക്കുഞ്ഞി’ന്.

വിളിക്കുന്നത് അങ്ങനെയാണെങ്കിലും ഗായത്രിക്കും കുഞ്ഞിനുമായി ബന്ധമൊന്നുമില്ല.  ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ കൂറ്റൻ പിടിയാനയായ ‘ ലക്ഷ്മിക്കുഞ്ഞി’നേയോ, പള്ളിപ്പരിസരത്തെ മലക്കറിക്കച്ചവടക്കാരി ‘മറിയംകുഞ്ഞി’നേയോ, ചെമ്മീനിലെ ‘ ചെമ്പൻകുഞ്ഞി’നേയോപോലെ  കുഞ്ഞായിരുന്നപ്പോൾ കുറിച്ചതല്ല, പ്രസ്തുത ‘കുഞ്ഞ്’.  തടിക്ക് പരുവമെത്തിയ ഗായത്രിയെ‘ ബലാൽക്കാര’മായി കൌമാരം കയറിപ്പിടിച്ചു. ഒരു ഉത്തമാംഗനയുടെ ലക്ഷണം അവളിൽ കണ്ടതും, ഒരു പ്രൈവറ്റ് കോളേജിലെ ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപികയായി മാറിയതും അടുത്തകാലത്തായിരുന്നു.  അവിവാഹിതയായ അദ്ധ്യാപികയെ എങ്ങനെ പേരിട്ടു വിളിക്കും ?  ‘റ്റീച്ചറേ’യെന്ന് വിളിക്കാനുള്ള വിവരമൊന്നും പലർക്കുമില്ല. എന്നാൽ‌പ്പിന്നെ ഇരിക്കട്ടെ ഒരു ‘കുഞ്ഞ്’, അത്രമാത്രം.

മാത്രമല്ല, ‘കുഞ്ഞേ’യെന്ന് പേരിന്റെ കൂടെച്ചേർത്ത് ആരേയും വിളിക്കാം. അമരവിള പഞ്ചായത്താഫീസിലെ അൻപതു വയസ്സുള്ള അരുന്ധതിസാറിനെ ‘അരുന്ധതിക്കുഞ്ഞേ’യെന്നും,  എന്നും രാവിലെ മീൻ വിൽക്കാൻ വരുന്ന  കറുത്തുകുറുകിയ കുടവയറുള്ള അറുപതുകാരിയെ ‘എലിസബത്ത്കുഞ്ഞേ’യെന്നും,  നാൽ‌പ്പത്തിയെട്ടുകാരിയായ  വക്കീൽ  സുബൈദസാറിനെ ‘സുബൈദക്കുഞ്ഞേ’യെന്നും വിളിച്ചുനോക്കൂ.  അവർക്കൊക്കെ നല്ല സന്തോഷവും ഉത്സാഹവും കൂടുന്നതുകാണാം.

ബാഹ്യലക്ഷണത്തിൽ കടത്തനാട്ടു മാക്കം പോലെയുണ്ടെങ്കിലും ഗായത്രിക്കുഞ്ഞിന് പ്രായം ഇരുപത്തിനാലേയുള്ളൂ. ഇന്നത്തെ അവസ്ഥയിൽ പ്രായത്തെയല്ല, ശരീരത്തെയാണ് സൂക്ഷിക്കേണ്ടതെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് അതറിയാവുന്ന ഗായത്രിക്കുഞ്ഞ് തനിക്കിഷ്ടപ്പെട്ട ഒരാളിനെ ആഗ്രഹിച്ചത്.

എന്നും ജോലിക്കുപോകുന്ന, നല്ല ഒതുക്കമുള്ള നായകനെക്കാണുമ്പോൾ ‘ഇദ്ദേഹത്തിനെ ഭർത്താവായി കിട്ടിയെങ്കിലെ’ന്ന് ആഗ്രഹിക്കാറുണ്ട്.  പലയിടങ്ങളിൽ വച്ചും തമ്മിൽക്കാണുമ്പോൾ ഒന്നു മിണ്ടാനും ഒന്നു തൊടാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ഒന്നു നിന്നിട്ടുവേണ്ടേ മിണ്ടാൻ ?  ഒരിക്കൽമാത്രം ഒരുനേരം കിട്ടിയപ്പോൾ ചോദിച്ചു ....
“എവിടാ ജോലി ?”.  പെട്ടെന്ന് മറുപടി, “ വാളത്തുങ്ങൽ സ്കൂളിലെ റ്റീച്ചർ..”.
“എന്താ പേര് ?”  അയാൾ തറപ്പിച്ചൊന്നു നോക്കി, “ നായകൻ ” എന്നുരുവിട്ടുകൊണ്ട് പാഞ്ഞുകഴിഞ്ഞു...

വല്ലപ്പോഴുമുള്ള ഒരാണിന്റെ സാമീപ്യം പെണ്ണിന് ധൈര്യമേകും. അതറിഞ്ഞുതന്നെയാണ്, ബാ‌ൻഗ്ലൂരിൽ ജോലിയുള്ള  സുന്ദരനും സുദൃഢഗാത്രനുമായ, ഇരുപത്തിയെട്ടു വയസ്സുള്ള ഒരു സഹോദരൻ ഇടയ്ക്കിടെ വരുന്നത്. ലീവിന് വരുമ്പോഴൊക്കെ രണ്ടും മൂന്നും ദിവസം ഗായത്രിക്കുഞ്ഞിന്റെ കൂടെ താമസിക്കാറുണ്ട്.

നാട്ടുകാർ എന്നാൽ എല്ലാവരും നല്ലവരാകണമെന്നില്ല.  കുബുദ്ധികളും കുതന്ത്രക്കാരും കൂടെയുണ്ടാവും.  അതിനാൽ കുത്സിതമായ ചിന്താഗതികളും അവർക്കുണ്ടാവും. ‘ വല്ലപ്പോഴും വന്ന് കൂടെ താമസിക്കുന്ന  യുവാവ്  അവളുടെ സഹോദരനല്ലെ’ന്ന് ചില അസൂയപെരുത്ത ആളുകളും, ‘ ആരായാൽ നമുക്കെന്താ’ യെന്ന് ചില നിസ്വാർത്ഥകക്ഷികളും പരസ്പരം പറയാൻ തുടങ്ങി. അത്തരക്കാരിൽ ചിലർ  അവളെ നേരിൽക്കണ്ട് ചോദ്യമെറിഞ്ഞു.  വിവരമുള്ള ഗായത്രിക്കുഞ്ഞ് കാര്യം വിവരിച്ചു..“ ആണിന് ഒരു പെണ്ണ്, പെണ്ണിന് ഒരു ആണും എന്നാണ് തത്ത്വം.  പക്ഷേ നടക്കുന്നതോ,  പഴയ രാജാക്കന്മാർ മുതൽ  ഇന്നത്തെ നേതാക്കന്മാർ വരെ സഹപൈലറ്റുകളായി പെണ്ണുങ്ങളെ കെട്ടിക്കൂട്ടുന്നു,  ഒരു ഭാര്യയെന്ന് പേരിനുവേണ്ടിയും. ഞങ്ങൾ പെണ്ണുങ്ങളെന്താ  പെരുച്ചാഴിയോ, മാളത്തിൽ കഴിയാൻ?  ഞാനൊറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ എന്റെ സഹോദരൻ വന്നു താമസിച്ചെന്നുകരുതി എനിക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്കെന്താ പ്രോബ്ലം...?”.   ആനയെപ്പോലെ വന്നവർ  ആമകണക്കെ മുങ്ങി.

ഇത്തരുണത്തിൽ രണ്ടുപേരെ നായകന്റെ വീട്ടിൽ പറഞ്ഞയച്ച് തന്റെ വിവരം ധരിപ്പിച്ചു.  ‘ അഛനും അമ്മയും ജീവിച്ചിരിപ്പില്ല.  ഒരു ചേച്ചിയുള്ളത്, അഛനുണ്ടായിരുന്നപ്പോൾ സ്വത്തെല്ലാം സ്വന്തമായി എഴുതിവാങ്ങി. ഭർത്താവും മക്കളുമായി ദൂരെ താമസിക്കുന്നു.  ബന്ധത്തിൽ ഒരു ആങ്ങളയാണ് കൂട്ടിനുള്ളത്.  എനിക്കെന്നുപറയാൻ മൂന്നു സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടും.  ജോലിസൌകര്യത്തിനുവേണ്ടി ഇവിടെവന്നു താമസിക്കുന്നു.  അതിനാൽ നായകനായ റ്റീച്ചറെ എനിക്ക് വിവാഹം നടത്തിത്തരണം.....’

നായകന്റെ അഛൻ വഴങ്ങുന്നില്ല.  ഉപദേശിച്ചും ആജ്ഞാപിച്ചും നോക്കി സുഹൃത്തുക്കൾ. രക്ഷയില്ല.  എങ്കിൽ, നായകനെ കിട്ടിയിട്ടുതന്നെ മറ്റുകാര്യം.  ഗായത്രിക്കുഞ്ഞ് പുതിയ ഒരു തത്ത്വം പ്രഖ്യാപിച്ചു.  ‘ ഹൃദയമെന്നാൽ നല്ല വൃത്തിയും വിശാലവുമായ ഒരു വാടകവീടാണ്.  കുറേ അഡ്വാൻസും തരത്തിനൊത്ത വാടകയും തന്നാൽ, ആർക്കും കയറി താമസിക്കാവുന്ന വീട്.  ഇവിടെ ജാതിയോ മതമോ പ്രശ്നമല്ല. കാലാവധി കഴിഞ്ഞാൽ ഒഴിഞ്ഞുപോകുന്നവർക്കും ഉടമയ്ക്ക് ഇഷ്ടമുള്ളവർക്കും മാത്രമേ താമസത്തിനു കൊടുക്കൂ......’

സംഗതിയുടെ സാരാംശം സംശയാലുക്കൾക്ക് ബോദ്ധ്യമായി.  പറഞ്ഞത് അന്യായമാണെങ്കിലും കുറേ ന്യായവുമുണ്ടെന്ന്  ‘നോട്ടപ്പുള്ളി’കൾക്ക് തോന്നി.  ദ്രൌപതിമുതൽ ക്ലിയോപാട്ര വഴി എലിസബത്ത് ടെയിലർ വഴി ഇങ്ങ് പ്രശസ്തനടിമാർ വരെ ബഹുഭർത്താക്കന്മാരുള്ള മഹതികളുടെ ബഹളമാണല്ലോ...

ക്രമേണ  ഗായത്രിക്കുഞ്ഞിന്റെ  ‘ഹൃദയ നിവാസ് ’  വാടകയ്ക്കെടുക്കാൻ നല്ല തുകയുമായി ചില സൂത്രശാലികൾ ഒരുക്കം തുടങ്ങി.  പ്രൈവറ്റ് കോളേജിലെ സഹാദ്ധ്യാപകനായ യുവാവ്  ഹൃദയ നിവാസ് കാണാൻ വന്നു. ഒന്നല്ല, പലപ്രാവശ്യം. പക്ഷേ, ആദ്യം വീട്ടിനകം കണ്ടിട്ടുവേണമല്ലോ കയറിയങ്ങു താമസിക്കാൻ?  അഡ്വാൻസ് കൊടുത്തിട്ട്  നിവാസിന്റെ വാതിൽക്കൽ നിൽക്കാനും ആകെയൊന്നു ചുറ്റിനോക്കാനും മാത്രമേ സാധിച്ചുള്ളൂ.  വീട്ടിനുള്ളിൽ കയറിയൊന്നു കിടക്കാനുള്ള ദിവസം ഒതുക്കിവച്ചപ്പോഴാണ്,  കളക്റ്ററേറ്റിലെ യു.ഡി. ക്ലാർക്ക്  വന്നു താമസമായത്.  എങ്കിലും സ്വന്തം ജോലിയിലുള്ള  സഹയാത്രികനെ നിരാശപ്പെടുത്തിയില്ല  ഗായത്രിക്കുഞ്ഞ്.  ഹൃദയത്തിലെ മുറി അല്പംകൂടി വിശാലമാക്കി രണ്ടുപേർക്കും ‘പരസ്പരമറിയാതെ’ ശയ്യയൊരുക്കി, വീട്ടിന്റെ മുറിയിലും....

മനസ്സിനിഷ്ടപ്പെട്ട ഒരു വീട് ചുരുങ്ങിയ ചെലവിൽ താമസിക്കാൻ കിട്ടാതെ വന്നാൽ  ആർക്കായാലും വിഷമം തോന്നും. വിറകിന് തീപിടിച്ചാൽ പുകയുയർന്ന് കാറ്റുള്ള വശങ്ങളിലേയ്ക്ക് പടരും.  ഇവിടെയും വിഷമം വന്നവർക്ക്  നിരാശാഗ്നിയും അസൂയാഗ്നിയും കത്തിജ്ജ്വലിച്ചു.  പിന്നെ പുകയായി കാറ്റിനൊപ്പം എത്തേണ്ടിടത്തൊക്കെ പരന്നു.

അവസരം കാത്തുകഴിയുന്ന മാന്യന്മാരുടെ മഹാഭാഗ്യം.!
ഒരു ദിവസം ബാൻഗ്ലൂരിലെ  ആ  സ്ഫോടകവസ്തു ഗായത്രിക്കുഞ്ഞിന്റെ വീട്ടുമുറിയിൽ വന്ന് പൊട്ടിച്ചിതറി.  അയാൾ വന്നു കണ്ടത്,  തന്റേതെന്നു മാത്രം കരുതിയ  ഗായത്രിയുടെ ഗാത്രക്കട്ടിലിൽ മറ്റൊരാൾ കിടക്കുന്നു.!  അവിടെ നടക്കുന്നതൊക്കെ അറിഞ്ഞുവന്ന അയാൾക്ക് എങ്ങനെ സഹിക്കും ?

ചോദ്യോത്തരങ്ങൾ കഴിഞ്ഞ് വാക്കേറ്റത്തിലൂടെ കയ്യാങ്കളിയിലെത്തിയപ്പോൾ  ചിത്രം തെളിഞ്ഞു.  അയാൾ സഹോദരനല്ല,  പെണ്ണിന് തുണയായി ഒരാണുവേണമെന്ന ഉപദേശം പരീക്ഷിച്ചതാണ്. പാവം  ഗായത്രിക്കുഞ്ഞ്...

ഒരു വീട്ടിൽ രണ്ട് താമസക്കാരാകാം, ഏറിയാൽ മൂന്ന്.  നാലും അഞ്ചുമായാലോ ?  കലഹം നിശ്ചയം.
അയാൾ- “ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയിലാണ്  ഇതുവരെ ജോലിചെയ്ത് സമ്പാദിച്ച തുകയത്രയും ഞാൻ നിനക്കു തന്നത്..”
അവൾ- “ വാടകവീട്ടിലെ കട്ടിലുപോലെയല്ല എന്റെ ശരീരം. ഇത് സ്വന്തമാക്കണമെങ്കിൽ കുറേയൊക്കെ വിട്ടുവീഴ്ച വേണ്ടിവരും....”
“ അങ്ങനെയെങ്കിൽ ഞാൻ തന്ന രൂപായൊക്കെ തിരിച്ചുതന്നിട്ടേ ഞാൻ പോകുന്നുള്ളു...”  എന്നായി അയാൾ.
“ എങ്കിൽ ‘ ലൈംഗീകപീഡന’ത്തിന്  ഒരു പെറ്റീഷൻ ഇപ്പോൾ കൊടുത്തിട്ടുതന്നെ മറ്റുകാര്യം....”  പറഞ്ഞുകൊണ്ട്  പേപ്പറും പേനയുമെടുത്ത് പെട്ടെന്ന് തിരിച്ചുവന്ന അവൾ അതിശയിച്ചു.  ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ ബ്രീഫ്കെയ്സും തൂക്കിപ്പിടിച്ച് വളരെവേഗത്തിൽ നടന്നകലുന്ന അയാളെ നോക്കിനിന്നു ഗായത്രി.  ഒരാളെ കുടിയൊഴിപ്പിച്ച മട്ടിൽ പിറുപിറുത്തു.......‘ സ്ത്രീപീഡന’മെന്ന ബോംബ് എറിഞ്ഞാലേ ഒഴിയൂ എന്നുവന്നാലെന്തു ചെയ്യും..? ബോംബ് ഉണ്ടാക്കാനുള്ള സാമഗ്രികൾ  പണമായും വാഗ്ദാനങ്ങളായും വാരിത്തരുകയല്ലേ  ഈ ആണുങ്ങൾ.! പറഞ്ഞതൊക്കെ പത്തുപേരറിഞ്ഞാലേ തരൂ എന്നുവന്നാൽ  ഇങ്ങനെയല്ലാതെ വേറേയെന്താ വഴി.....?’

അടുത്ത കാലാവധി തീരുന്നതിനുമുമ്പ് രണ്ടുപേരെക്കൂടി ഇറക്കിവിടാൻ ഉദ്ദേശിച്ചെങ്കിലും, അഡ്വാൻസുമായിവരുന്ന ആണുങ്ങളുടെ ആവലാതി അധികമായിവന്നു.  എന്നാൽ തനിക്ക് താല്പര്യമുള്ള  നായകൻസാറിനെ കിട്ടുകയും വേണം..ഇപ്പറഞ്ഞ രണ്ടുപേരും  നായകന്റെ ഉറ്റസുഹൃത്തുക്കളുമാണ്.  അവരുമായി ഒരു വ്യവസ്ഥ വച്ചു.  ‘നായകൻസാറുമായി  ബന്ധപ്പെടുത്തണം,  അദ്ദേഹവുമായുള്ള  താലികെട്ടും നടത്തണം.’
കൂട്ടുകാരുടെ നിരന്തരമായ പ്രേരണ ഫലിച്ചു.  നായകന്റെ ഉള്ളിൽ ഉറഞ്ഞുകിടന്ന പുരുഷസഹജമായ  ‘സ്ത്രീസംഗമ’മെന്ന ഉരുക്കുകട്ടി ഉരുകിയൊഴുകി.

നല്ല ഉച്ചവെയിൽ, പന്ത്രണ്ടുമണി.  മേല്പടി കൂട്ടുകാരോടൊപ്പം ഗായത്രിക്കുഞ്ഞിന്റെ മുറിയിലെത്തി നായകൻസാറ്. ആവേശഭരിതയായ അവൾ, പിൻവലിഞ്ഞ കൂട്ടുകാരോട് കടക്കണ്ണാൽ കാര്യം കാട്ടി  മെല്ലെ കതകടച്ചു.  അന്തർമ്മുഖനായിരിക്കുന്ന തന്റെ ആത്മപ്രിയനെ ഉപദേശരൂപേണ പലതും പറഞ്ഞുപഠിപ്പിച്ചു.  ഒന്നു തൊട്ടു, പിന്നെ തലോടി. തലോടലിന്റെ മാസ്മരശക്തിയാൽ അയാൾ ഒരു മരമായി മാറി.  അവൾ തന്റെ തരളമൃദുലമായ കരവല്ലരികളാൽ ആ മരത്തിൽ ചുറ്റിപ്പിടിച്ച്  വലിയ  ഇത്തിൾക്കണ്ണിയായി പടർന്നുകയറി....

‘മരത്തിന്റെ കാതൽ കവർന്നെടുത്താലേ ഇത്തിൾക്കണ്ണിക്ക് വികാസജീവിതം സാധിക്കൂ. അങ്ങനെ ജീവിച്ച്  അത് വളരുകയും മരം ഉണങ്ങുകയും ചെയ്യും. അതറിയുന്നവനായിരിക്കണം പുരുഷൻ.  അതായത്, നല്ല കാതലുള്ള പുരുഷൻ തന്റെ തടിയിൽ ഇത്തിൾക്കണ്ണി വന്ന് തൊട്ടുപിടിക്കാതെ സൂക്ഷിക്കണം.  ഇല്ലെങ്കിൽ ഇതുപോലെ പടർന്നുകയറും..’

നായകൻ തന്റെ സങ്കല്പരഥത്തിലേറി  അനന്തതയിലേയ്ക്ക് പാഞ്ഞുതുടങ്ങി.  കുറേ മുകളിലെത്തിയപ്പോൾ, ‘സ്വർഗ്ഗം’ എന്നെഴുതിവച്ചിട്ടുള്ള ഒരു വാതിൽ കണ്ടു.  അതു തുറക്കാനാരംഭിച്ചു. പെട്ടെന്ന്  താഴെയതാ ആളുകളുടെ ആരവം കേൾക്കുന്നു.  രഥം അയാളേയുംകൊണ്ട് താഴെ വന്നുവീണു.  കട്ടിലിൽനിന്നും താഴെവീണ നായകൻ ഉടുമുണ്ടെടുത്തു ചുറ്റി ചാടിയെഴുന്നേറ്റു.  മുറിക്കുപുറത്ത് ചുറ്റാകെ ബഹുജനബഹളം.

സ്വപ്നം ചിലപ്പോൾ ഫലിക്കുമെന്നാണ് പഴംചൊല്ല്.  അതു ശരിയാണെന്ന് ഇപ്പോൾ നായകന് മനസ്സിലായി.  അവൾ സധൈര്യം ചെന്ന് വാതിൽ തുറന്നു.  അൽഭുതാവേശിതരായ ആളുകൾ ‘കള്ളൻ കപ്പലിൽത്തന്നെ’, ‘മിണ്ടാപ്പൂച്ച കലമുടയ്ക്കും’ ....മുതലായ പഴംചൊല്ലുകൾ പറയാനും, ചർച്ചചെയ്യാനും തുടങ്ങി.  കൊള്ളമുതല് കള്ളനുതന്നെ കൊടുത്ത് കള്ളന്റെ വീട്ടിലെത്തിക്കാനുള്ള തീരുമാനത്തിലെത്തി.  അതിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ച തന്റെ രണ്ട് പ്രിയസുഹൃത്തുക്കളെ, നിസ്സഹായതയാൽ അനുകമ്പാപൂർവ്വം, എതിർക്കാൻ കഴിവില്ലാത്ത നായകൻസാറ് നോക്കി....

‘ഒരു എരുമയുടെ പിറകേ ശൃംഗരിച്ചുപ്രേമിച്ചുനടന്ന മൂന്നു പോത്തുകളുടെ കഥ’  പുരാണത്തിലുള്ളത് ഇപ്പോളയാളോർത്തുപോയി..

നായകനേയും നായികയേയും കൂട്ടി ഇന്നുതന്നെ രജിസ്റ്ററാഫീസിൽ പോയി വിവാഹം മുദ്രയാക്കാനും, സ്നേഹപൂർവ്വം അവരെ വരന്റെ വീട്ടിലെത്തിക്കാനും ഒരുക്കം തുടങ്ങി.  വധൂവരന്മാരെ സ്വീകരിക്കാനുള്ള വിവരമറിയിക്കാൻ കുറച്ചാളുകൾ നായകന്റെ വീട്ടിലേയ്ക്ക് വച്ചുപിടിച്ച് ഓടി.

അങ്ങനെയാണ്  വരന്റെ അഛനുമമ്മയും വധൂവരന്മാരെ അകത്ത്കൊണ്ടുവന്ന്  ‘ഇരുത്തി’യത്.
കൊട്ടും കുരവയുമില്ലാതെ, കതിർമണ്ഡപവും സദ്യയുമില്ലാതെ ലളിതമായി നടന്ന ചടങ്ങ്.  ഒരു ചായയും കുടിച്ച്, തൽക്കാലത്തേയ്ക്ക് പറഞ്ഞുരസിക്കാനുള്ള സംഭവപ്പൊതിയുമായി  കല്യാണം കണ്ടുനിന്ന നാട്ടുകാർ പിരിഞ്ഞു.

രാവ് വലിഞ്ഞിഴഞ്ഞ് പാതിരാവായി. ഒന്നും സംസാരിക്കാനോ ചോദിക്കാനോ മനസ്സാന്നിദ്ധ്യമില്ലാത്ത മാതാപിതാക്കൾ ‘ഇനിയെന്തു ചെയ്യേണ്ടൂ.’ എന്നറിയാതെ, താഴെ മുറിയിൽ ചിന്തിച്ചു കഴിയുന്നു.  മുകളിലെ മുറിയിൽ ഒരു കട്ടിലിൽ ചിന്താമൂകനായി ഇരിക്കുന്ന നായകൻ, അടുത്ത് മേശയിൽ ചാരി വിവശയായി നിൽക്കുന്ന നായികയെ നോക്കുന്നതേയില്ല.  ‘ആരാദ്യം പറയും....’ എന്ന ഗാനവും എങ്ങുനിന്നും കേൾക്കുന്നില്ല.  പക്ഷേ, ആര്...എന്ത്....ആദ്യം മിണ്ടും ?

തന്നെ കുടുക്കിലകപ്പെടുത്തിയതിന്  അവളെ കടിച്ചുകീറാനുള്ള  കലിയുണ്ട് നായകന്.  ഇങ്ങനെയൊക്കെ വരുത്തിവച്ചതിന്റെ അനന്തരഫലത്തെ ഓർത്ത് നായികയ്ക്ക് സംഭ്രാന്തി.   നിൽക്കണോ, ഇരിക്കണോ, നടക്കണോ, കിടക്കണോ എന്ന ചിന്തയാൽ രണ്ടുപേരും ഇതൊക്കെ ആവർത്തിച്ചുചെയ്തു.  വാച്ചിലെ സൂചികൾ പലവട്ടം കറങ്ങി.....   ‘നിങ്ങളിനിയും  ഉറങ്ങുന്നില്ലേ...’ യെന്ന ഉദ്ദേശത്തിലാവും, ഒരു പൂവങ്കോഴി പലവട്ടം കൂവിവിളിച്ചു.

പെട്ടെന്ന് എന്തോ നിശ്ചയിച്ചുറച്ചപോലെ നായകൻ  കട്ടിലിന്റെ ഒരുഭാഗത്ത് വന്ന് വലതുവശം തിരിഞ്ഞുകിടന്നു.  അതുകണ്ട  നായിക  കട്ടിലിന്റെ മറുഭാഗത്ത് ഇടതുവശം തിരിഞ്ഞും കിടന്നു.  രണ്ടുപേരും പരസ്പരം കാണാതെ കിടക്കുന്നെങ്കിലും  എന്താവും ചിന്തിക്കുന്നത് ?   എന്തായാലും, ‘ നേരം വെളുത്തു’ എന്നറിയിക്കാൻ കതകിൽ മുട്ടുന്ന ശബ്ദംകേട്ട് രണ്ടുപേരും  ചാടിയെഴുന്നേറ്റു..........

                                             *********************

Friday, July 8, 2011

‘ കുചക്ഷീരബലം ’

‘ക്ഷീരബല’ എന്ന പേരിൽ എണ്ണയും തൈലവും ഉണ്ടാക്കിയെടുക്കാം.  കുറുന്തോട്ടിവേര് പാലിൽ അരച്ചുചേർത്ത് തിളപ്പിച്ച്, പത്ത് ആവർത്തി മുതൽ നൂറ്റിയൊന്ന് ആവർത്തിവരെ കാച്ചിക്കുറുക്കിയെടുക്കുന്ന എണ്ണ സേവിക്കുകയും, തൈലം പുറമേ പുരട്ടുകയും ചെയ്യുന്നത് വാതരോഗം ഇല്ലാതാക്കാൻ  അത്യുത്തമം.
 
    പക്ഷേ, ഇവിടെ അതല്ല ചിന്തനീയം, ‘ ക്ഷീരബലം ’ ആണ്. അതായത് പാലിന്റെ ശക്തി, പാലിന്റെ ഗുണം എന്നൊക്കെ സാരം.  പാല് പല തരത്തിലും വിധത്തിലും കിട്ടുമെങ്കിലും കുടിക്കാ‍ൻ ഉത്തമമായത് വളരെ കുറച്ചേയുള്ളൂ.  അതിൽത്തന്നെ വളരെ ശ്രേഷ്ഠമായതും ദിവ്യവും അമൃതസമവുമായത് ഒന്നേയുള്ളൂ - അത് ‘സ്തനക്ഷീരം’ മാത്രമാണ്.
   ‘ അമ്മമാരിൽനിന്നും കിട്ടേണ്ടുന്ന ‘മുലപ്പാലി’ന്റെ കുറവുമൂലം, രോഗികളായും രോഗപ്രതിരോധശക്തിയില്ലായ്മയാലും ലക്ഷക്കണക്കിന് കുട്ടികൾ മരണപ്പെടുന്നു......’ പറയുന്നത് ഞാനല്ല, പത്രമാസികകളിലും വാരികകളിലും സ്ഥിരമായി വരുന്ന വാർത്തകളിലൊന്നാണ്.
  മറ്റ് ഏത് രോഗകാരണങ്ങളേയും ആർക്കും തടഞ്ഞുനിർത്താം. പക്ഷേ, കുട്ടികളുടെ ഈ ദുരന്താവസ്ഥ മാറ്റിയെടുക്കാൻ നല്ല മാതൃഹൃദയമുള്ളവർക്കേ കഴിയൂ, അഥവാ നല്ല ഹൃദയമുള്ള മാതാക്കൾക്കേ കഴിയൂ. ( രണ്ടിനും അർത്ഥം രണ്ട്. മാതൃഹൃദയം പ്രസവിച്ച എല്ലാ സ്ത്രീകൾക്കും ഉണ്ട്. അവരിൽ സഹൃദയമാതാക്കൾ മുക്കാൽ ശതമാനമേ വരൂ.  അതിൽത്തന്നെ പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന പതിരുമാതാക്കളാണ് കുട്ടികളോട് ഈ ക്രൂരത കാട്ടുന്നത്. )

  മാറിലെ നിറകുടങ്ങളിൽനിന്ന് അനർഗ്ഗളമായി പ്രവഹിക്കുന്ന ഈ ‘അമൃതക്ഷീരം’, ഒരു മൂന്നു വയസ്സുവരെയെങ്കിലും കുട്ടികളെ കുടിപ്പിച്ചാൽ  പെണ്ണുങ്ങൾക്ക് എന്താണ് നഷ്ടം?  

   പ്രസവം വരെയേ യൌവ്വനം നിലനിൽക്കൂ  എന്ന നീതിവാക്യത്തെ പേടിച്ചാണോ? എങ്കിൽ ‘ഗണമുഖ്യന്തു നാരീണാം’ എന്നും അതിൽ പറഞ്ഞിട്ടുള്ള പ്രകാരം കുഞ്ഞുങ്ങൾക്ക് ശരീരപുഷ്ടിയുണ്ടാക്കാനുള്ള  ‘ഗുണബുദ്ധി’  സ്ത്രീയെന്ന ചഞ്ചലകളേബരകൾക്ക് ഉണ്ടാവേണ്ടതല്ലേ? ഇനി നിറകുംഭങ്ങൾ ചാഞ്ഞുവലിഞ്ഞു തൂങ്ങിപ്പോകുമോയെന്ന ഭയമാണോ? എങ്കിൽ അതിന്, തരളമേനികളായ കുഞ്ഞുങ്ങളെന്തുവേണ്ടൂ?  അതിൽ പിടിച്ചുകശക്കി വലിച്ചുതൂങ്ങുന്ന ഭർത്താവിനോടു പറഞ്ഞാൽ പോരേ, അങ്ങനെ ചെയ്യരുതെന്ന്?

  ‘...കൃഷ്ണനെ മടിയിലിരുത്തി മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കെയാണ്, താരകാസുരന്റെ പുത്രൻ തൃണാവർത്തൻ എന്ന അസുരൻ കുട്ടിയെ കൊല്ലാനായി പൊക്കിയെടുത്തുകൊണ്ടുപോയത്....’

‘....നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും, നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും....’ ഏദൻ തോട്ടത്തിൽ വച്ച്  യഹോവ ഇങ്ങനെ പറഞ്ഞപ്പോൾ,  ‘മൂന്നുനാലുവയസ്സുവരെ ആ കുഞ്ഞുങ്ങൾക്ക് നീ നിർബന്ധമായും മുലപ്പാല് കൊടുത്തിരിക്കണം’ എന്നുകൂടി ആജ്ഞാപിച്ചില്ലല്ലോ എന്റെ കർത്താവേ!!!! ( ‘ഹവ്വ’ ആദ്യം കായേനെ പ്രസവിച്ചു. പിന്നീട് കായേന്റെ സഹോദരൻ  ആബേലിനെ പ്രസവിച്ചു. യൌവ്വനത്തിലെത്തിയശേഷം അവർ കൃഷിയും ആടുവളർത്തലും ആരംഭിച്ചു.........’)

  ആദ്യവികാരിയെന്ന് വിശേഷിപ്പിക്കാവുന്ന വിശുദ്ധനായ ‘സാമുവലി’നെ പ്രസവിച്ച സഹൃദയമാതാവാണ്  ‘ഹന്നാ’. വർഷംതോറും കർത്താവിനുവേണ്ടി ബലിയർപ്പിക്കാനും നേർച്ച നിറവേറ്റാനുമായി ഭർത്താവായ ‘എല്ക്കാന’ പോകുമ്പോൾ,  ‘കുട്ടിയുടെ മുലകുടി മാറിയിട്ടേ അതിനൊക്കെ വരുന്നുള്ളൂ’യെന്ന് തീരുമാനിച്ചുപറയുകയും  എല്ക്കാനയെക്കൊണ്ട് അതംഗീകരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ മാതാവ്.

  ‘...ഹെബ്രായസ്ത്രീ പ്രസവിച്ച് മൂന്നുമാസമായപ്പോൾ കുട്ടിയെ ഒരു പേടകത്തിലാക്കി നൈൽനദിയിൽ ഒഴുക്കിവിട്ടു. ഫറവോയുടെ പുത്രി ആ ശിശുവിനെ തന്റെ പുത്രനായി കിട്ടുന്നതിന്, ശിശുവിന്റെ അമ്മയെത്തന്നെ ശമ്പളം കൊടുത്ത്  മുലയൂട്ടി വളർത്താനേല്പിച്ചു. ശിശു വളർന്നപ്പോൾ അവനെ ഫറവോയുടെ പുത്രിയെ തിരിച്ചേല്പിക്കുകയും അവൾ അവന് ‘ മോശ’ എന്ന് പേരിടുകയും ചെയ്തു.......’

 അക്കാലത്ത് പത്നിമാരുടെ കൂടെ ഉപപത്നിമാരും ദാസിമാരും ധാരാളമുണ്ടായിരുന്നു പാലുകൊടുക്കാൻ. അങ്ങനെയുള്ള തലമുറകളിൽ മഹാന്മാരും പ്രശസ്തരുമായ സന്തതികളാണ് ജനിച്ചുവളർന്നിട്ടുള്ളത്. അന്ന് കൊങ്കത്തടങ്ങളിലെ പാലിന് ക്ഷാമമുണ്ടായിരുന്നില്ലായെന്ന് വ്യക്തം.
പൊതുവേയുള്ള പാലിന്റെ ശക്തി വളരെ വിശിഷ്ടമാണല്ലോ. കാരണം അതാവാം, ഭൂമിയുടെ മുക്കാൽഭാഗവും മൂടിക്കിടക്കുന്ന ഉപ്പുവെള്ളത്തിലൊന്നും തൊടാതെ, അജ്ഞാതമായ ‘പാൽക്കടലിൽ’ത്തന്നെ ഭഗവാൻ പള്ളികൊണ്ട്, ‘ക്ഷീരസാഗരശയന’നെന്ന് സ്തുതിക്കപ്പെട്ട് സ്ഥിതിസ്ഥാപിച്ചരുളുന്നത്.

 കുറേ പാലിൽനിന്നും തൈരും വെണ്ണയും നെയ്യുമൊക്കെ കടഞ്ഞുകിട്ടുന്നത് സർവ്വപ്രധാനം. അപ്പോൾ ‘പാലാഴി’തന്നെ കടഞ്ഞാൽ തീർച്ചയായും സാക്ഷാൽ ‘അമൃത്’ കിട്ടുമെന്നത് അതിപ്രധാനം.
‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ള പല അക്ഷരങ്ങളും വിറ്റാമിനുകളെന്ന പേരിൽ  കുചക്ഷീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ളതിലെ എല്ലാ ഡോക്ടറന്മാരും തെളിയിച്ചിട്ടുണ്ട്. അത്രയേറെയാണ് പ്രസ്തുത പാലിന്റെ മഹത്വം.

 മുലയൂട്ടലിന്റെ മഹത്വം മാതാവ് മഹനീയമാക്കണം. അതിനുവേണ്ടിത്തന്നെയാണ്  ദൈവം രണ്ടു പാൽക്കുടങ്ങൾ തന്നിട്ടുള്ളത്.  ഒന്നോ ഒന്നരയോ വർഷവ്യത്യാസത്തിൽ കൃത്യമായി പ്രസവിക്കുന്ന സ്ത്രീകളെപ്പറ്റിയോർക്കുമ്പോൾ,  പാലിനുവേണ്ടി പരതിപ്പരിശ്രമിക്കുന്ന കുട്ടികൾക്ക് ഈയുള്ള രണ്ടെണ്ണംകൊണ്ട് എന്താകാനാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്.  വളർത്തുമൃഗങ്ങളിൽ പലതിനും നാലും ആറും  സ്തനക്കാമ്പുകൾ കൊടുത്ത സ്ഥിതിക്ക്,  സ്ത്രീയെ സൃഷ്ടിച്ചപ്പോൾ ഭാവിയിലെ പാൽക്ഷാമത്തെക്കരുതി  അഞ്ചെണ്ണമെങ്കിലും വച്ചുപിടിപ്പിക്കാൻ കർത്താവിനു തോന്നാഞ്ഞത് കഷ്ടംതന്നെ. (രണ്ടെണ്ണമായിട്ട് ഈ ഗതി, പിന്നല്ലേ അഞ്ച് !)

‘ മുലപ്പാൽ പ്രത്യേകം കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതായി’ വാർത്ത. ബ്രിട്ടനിലാണ് വിപണനപദ്ധതി. കൊള്ളാം, കുഞ്ഞുങ്ങൾക്ക് യഥേഷ്ടം പാലു കൊടുക്കാത്ത ‘സൊസൈറ്റിത്തരുണി’കൾക്ക് പറ്റിയ പരിഹാരമാർഗ്ഗം!!! അല്ലെങ്കിലും ദുഷ്ടതയിൽനിന്നും ദുരന്തങ്ങളുണ്ടാവുന്നു എന്നത് എത്ര സത്യം.  ദുരന്തങ്ങളോ, ഇത്തരം സ്ത്രീകളിൽനിന്നും ഉണ്ടാകുന്നു എന്നത് മറ്റൊരു സത്യവും. അതിനാലാണ് പല ദുരന്തങ്ങൾക്കും പെണ്ണിന്റെ പേരുതന്നെ കൊടുക്കാൻ കാരണവും.  ‘എറ്റൌ’ എന്ന പേരിൽചെറിയ ഉച്ചാരണവ്യത്യാസത്തിലെ  കൊടുങ്കാറ്റിനുശേഷം ഭീകരമായ ചുഴലിക്കാറ്റിന്  ‘കത്രീന’ യെന്ന പേരല്ലാതെ മറ്റെന്തുചേരും?

 പ്രവാചകനായ സ്നാപകയോഹന്നാന്റെ ശിരസ്സ് ഛേദിപ്പിച്ച ദുരന്തക്കാരിയാണല്ലോ ‘സലോമി’.  എന്നാൽ അവൾക്കൊരു സഹോദരിയാകട്ടെയെന്നു കരുതിയാകാം,  ജലപ്രളയദുരന്തത്തിന്  ‘ സുനാമി’ തന്നെയിരിക്കട്ടെയെന്ന് നിരീക്ഷകർ തീരുമാനിച്ചത്.  ചൈനയിൽ  ‘ക്രോസ’ വന്നു വീശിവിളയാടി. അവളുടെ പിറകെ  ‘റീത്ത’ എന്ന ചുഴലിക്കാറ്റും ആടിത്തകർത്തു.  ഇനിയൊരിക്കലും ത്രേസ്യ, പട്രീഷ്യ, ലിഡിയ, വസന്ത, ലീല മുതലായ അപകടങ്ങൾ വരാതെയിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

 പണ്ടൊക്കെ  നരിസ്വഭാവമുള്ള  ‘ഒറ്റമുലച്ചി’ കളായ നാരികൾ രാത്രികാലങ്ങളിൽ സഞ്ചരിക്കാറുണ്ടെന്ന്, പറഞ്ഞുകേട്ടും വായിച്ചും ഓർമ്മയുണ്ട്.  അവളുമാരൊക്കെ പ്രസവിച്ചോ പാലുകൊടുത്തോ എന്നൊന്നും നമുക്കറിയില്ല.  ഒരുപക്ഷേ, കുരങ്ങിൽനിന്നും മനുഷ്യനിലേയ്ക്ക് വ്യതിയാനം വന്നപോലെ, മാറിലും  കുചയുഗളമായി മാറി, ബസ് സ്റ്റാന്റിലും  സ്റ്റേഷനുകളിലും മറ്റും രാത്രി പതുങ്ങിനിന്ന് ഇരകളെ പിടിക്കുന്ന നാണംകുണുങ്ങിനാരികൾ ‘അവരുടെ’ പിൻ തലമുറയാണോ എന്തോ!!!

ആട്, പശു, എരുമ, ഒട്ടകം എന്നീ നിർദ്ദോഷികളായ മൃഗങ്ങളിൽനിന്ന് നാം പാല് കറന്നെടുക്കാറുണ്ട്. അത് വിശ്വസിച്ച് കുടിക്കാം. അവയുടെ സ്വഭാവമനുസരിച്ച ഗുണഗണങ്ങൾ പാലിനുമുണ്ടാവും.  ആടിന്റെ പാല്  ഉദരരോഗശമനത്തിനുതകും. പശുവിൻപാൽ  ബലം, ഉണ്മേഷം, രക്തവർദ്ധന, മേനിയഴക് എന്നിവ വർദ്ധിപ്പിക്കുന്നു.  എരുമപ്പാലിൽ ധാരാളം വെള്ളം ചേർത്ത് ലാഭം കൂട്ടാമെന്നും  എരുമയെപ്പോലെ സ്വകുടുംബം പോഷിപ്പിക്കാനും  സാധിക്കുമെന്ന് പരിചയമുള്ള ഭക്ഷണശാലക്കാർ പറയുന്നു.  പാവപ്പെട്ട ഒട്ടകത്തിന്റെ  ക്ഷീരബലം അറബികളുടെ തലച്ചോറിലെത്തുന്നില്ലെങ്കിലും,  ഒട്ടകത്തെപ്പോലെ ശരീരപുഷ്ടിയും വർദ്ധിതവീര്യവും നാൾക്കുനാൾ കൂടുന്നുണ്ടത്രെ. എന്നാൽ‌പ്പിന്നെ എന്തുകൊണ്ട് അവകളെക്കാൾ  കൊഴുപ്പും കടുപ്പവുമുള്ള  ആനയുടെ പാൽ ഉപയോഗിക്കാൻ ആരും തയ്യാറാകുന്നില്ല,  ഒരു ഡോക്ടറും നിർദ്ദേശിക്കുന്നില്ല.?  അവിടെ ക്ഷീരബലമല്ല കാരണം, പേടിയാണ്. രാവിലെ ഒരു വലിയ പാത്രവുമെടുത്ത് കറന്നെടുക്കാനായി ആനയുടെ കാലിടകളിൽ പോയി ഒന്നിരുന്നു നോക്കിയേ, വിവരമറിയും.

അപ്പോൾ, പറഞ്ഞുവന്നത്  ‘മുലപ്പാലുകച്ചവട’ത്തിന്റെ സാദ്ധ്യതയെപ്പറ്റിയാണല്ലൊ.  നമ്മുടെ നാട്ടിൽ പാൽ വിതരണകേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ‘ക്ഷീരോല്പാദന സഹകരണ സംഘം’ ആണ് പ്രധാനപ്പെട്ടത്. ആ പേരിൽത്തന്നെ അവരുടെ ഉദ്ദേശത്തിനു നിരക്കാത്ത ഒരു വസ്തുതയുണ്ട്. ‘ഉല്പാദനം’ സത്യത്തിൽ പശുവിനെ വളർത്തി കറന്നെടുക്കുന്നവരാണ്. അപ്പോൾ പുതിയ പാൽ വിപണിക്ക് യോജിച്ച പേരുവേണം കൊടുക്കാൻ.

 നമ്മുടെ ഭരണഘടനയിലെ പല നല്ല നിയമവശങ്ങളും ബ്രിട്ടനുൾപ്പെടെ പല രാജ്യങ്ങളും പകർത്തിയിട്ടുണ്ട്. അതിനാൽ നമ്മുടെ ഇൻഡ്യൻ ശൈലിയിൽ ഒന്നു സംഘടിപ്പിച്ചുനോക്കാം.
 മലയാളികൾക്കുകൂടി ദേഹമനക്കാതെ ശമ്പളം വാങ്ങാവുന്ന ഒരു പ്രസ്ഥാനമാണ് ഉദ്ദേശം,  സർക്കാർജോലിപോലെ. ‘മുലപ്പാൽ സംഭരണ വിതരണ കേന്ദ്രം’ എന്നാവണം പേര്,  അന്വർത്ഥമായിരിക്കുകയും ചെയ്യും. അവിടെ ബിലാത്തിയിലുള്ള  ശ്രീ. മുരളീ മുകുന്ദന്റെ സഹകരണവും സേവനവും ശമ്പളം കൊടുത്ത് നേടുകയും ചെയ്യാം.

തമിഴ്നാട്ടിലും മറ്റും പശുക്കളേയും എരുമകളേയും കടകളുടെ മുന്നിൽ കൊണ്ടുവന്നു കെട്ടി, അവകളുടെ ഉടമസ്ഥർതന്നെ  കടക്കാരൻ കൊടുക്കുന്ന പാത്രത്തിൽ കറന്നെടുത്തു നൽകുകയാണ് പതിവ്.  രാവിലേയും വൈകുന്നേരവും ഇങ്ങനെ അനവരതം ആവർത്തിക്കുന്നു.  അതേ പാലുതന്നെ  പാത്രവുമായി നിൽക്കുന്ന നമുക്ക് ഒട്ടും വെള്ളം ചേർക്കാതെ ഒഴിച്ചുതരും,  അവിടെ വിശ്വാസയോഗ്യം പ്രധാനം. കാരണം, ഒരുകുപ്പി പാലിൽ നാലിരട്ടി കലക്കവെള്ളം വീണ്ടും കലക്കി  അഞ്ചുകുപ്പി പാലിന്റെ വില വാങ്ങുന്ന നമ്മുടെ നാടൻ സമ്പ്രദായം, കുറഞ്ഞ കുറേ പൊടികൂടി ചേർത്ത് പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

മായവും മറിമായവും കാണിക്കാൻ പറ്റിയ ധാരാളം കുരുട്ടുവിദ്യകളും,  അതിനെ പ്രതിരോധിക്കാനുള്ള നല്ല ഉപായങ്ങളും മാറിലെ ‘ക്ഷീരസംഭരണി’യിലെപ്പോലെ മനസ്സിൽ നിറഞ്ഞുവരുന്നു. അതങ്ങോട്ടു കറന്നുവിടാൻ  സ്ഥലകാലബോധം അനുവദിക്കാത്തതിനാൽ,  ബാക്കി ഇനിയൊരവസരത്തിലാകാം....

Sunday, June 19, 2011

വേട്ടപ്പക്ഷികൾ

ഭാഗം ഒന്ന്
ഭാഗം രണ്ട്

 ‘ പെണ്ണൊരുമ്പെട്ടാൽ ’ ഭാഗം മൂന്ന്

“രണ്ടുദിവസം അവളുടെകൂടെ ഞാൻ കഴിഞ്ഞുകൂടി. പിന്നെ എന്റെ കൂട്ടുകാരാണ് അവളെ...”

“ ഉം, അവളെ വീതംവച്ച് നശിപ്പിച്ചിട്ട് ഒരു വേശ്യാലയത്തിൽ കൊണ്ടിട്ടു, ശരിയല്ലേ?”

‘അതെ’യെന്ന മട്ടിൽ അയാൾ തലകുലുക്കി.

“അതുപോര, ഉറക്കെ വ്യക്തമായി പറയണം.”

അന്നു നടന്ന കാര്യങ്ങൾ അയാൾ വെളിപ്പെടുത്തി. “അത് ചെയ്തത് അവന്മാരും ഇവളും കൂടെയാ...പക്ഷേ നിയമത്തിന്റെ മുമ്പിൽ ഞാൻ തെറ്റുകാരനല്ല.”

“ഹ..ഹ... നിയമമോ...നിയമം നിർമ്മിക്കുന്നത് വക്കീലന്മാരല്ലേ, അവർതന്നെയല്ലേ നിന്നെ രക്ഷപ്പെടുത്തുന്നതും.” ആകട്ടെ, ഈ വക്കീലന്മാർക്കും മറ്റും ഇത്രമാത്രം പണം ആരാ, എങ്ങനാ കൊടുക്കുന്നത്.?’

“അതു ഞാൻ പറയില്ല...” ആരെയോ ഒർത്തുള്ള ഭയം അയാളിൽ ഉരുണ്ടുകൂടി. “അതൊക്കെ നീ പരസ്യപ്പെടുത്തും, എന്നെയവർ കൊല്ലും, നിന്നെയും..”

“ അതിന് നമ്മൾ ജീവിച്ചിരുന്നിട്ടുവേണ്ടേ, മരിച്ചവരെ പിന്നെയെങ്ങനാ കൊല്ലുന്നത്.”

ടെസ്സി ഒരു ഫോട്ടോയെടുത്ത് കാണിച്ചു. “ ഈ അധോലോകപ്രവർത്തകരല്ലേ നിന്നെ സഹായിക്കുന്നത്.?”

രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്നുകണ്ട് അയാൾ തലകുലുക്കി സമ്മതിച്ചു.

“ അതുപോരാ, ഇവരുടെ പേരുകൂടിചേർത്ത് ഉറക്കെത്തന്നെ പറയണം.”

വിക്കലും വിങ്ങലും കലർത്തി അയാൾ അവരുടെ പേരുകൾ പറഞ്ഞു. അതൊക്കെ ഒരു ബുക്കിൽ എഴുതിയെടുത്ത സൂസനെ നോക്കി ടെസ്സി ‘എല്ലാം കൃത്യമല്ലേ’ യെന്നും, ‘അതെ’ യെന്ന് സൂസനും പ്രതിവചിച്ചു.


“എന്നെ വിട്ടേയ്ക്കൂ, ഞാനെവിടെയെങ്കിലും പോയി ജീവിച്ചോളാം...”

“ ഭൂമിയിലെവിടെപ്പോയാലും അവിടെയൊക്കെ പെണ്ണുങ്ങളുണ്ടാവും. അവരെക്കാണുമ്പോൾ നിന്നെപ്പോലെയുള്ളവരുടെ ‘ഉത്തേജകയന്ത്രം’ ചലിക്കാൻ തുടങ്ങും. ആ യന്ത്രത്തിനു കേടുപറ്റിയാൽ .....” താഴേയ്ക്കു വരുന്ന കത്തികണ്ട് അയാൾ കൂനിച്ചുരുണ്ടുകൂടി. “ഇതിന് നിങ്ങൾക്ക് ഒരു ഓപ്പറേഷൻ മതിയാവും. നെഞ്ചിൽ ചെറിയ കീറിമുറിക്കൽ..” അതുകേട്ട് നിലവിളിച്ച സ്ത്രീയെ ടെസ്സി നോക്കി,അവർ സ്വയം വായ്പൊത്തി. ഇപ്പോൾ ആ സ്ത്രീക്ക് സഹതാപം തോന്നുന്നുണ്ടാവാമെന്ന് ടെസ്സി വിചാരിച്ചു, ഓർമ്മയിൽ ശക്തിയായ ഓളങ്ങൾ ഓടിയെത്തി.

കായലിന്റെ അങ്ങേക്കരയിൽ ‘ ഡോക്ടർ റാവൂസ് ഹോസ്പിറ്റലി ’ലെ ഫാർമസിസ്റ്റായി ജോലി കിട്ടിയപ്പോൾ, ഉത്സാഹവും സന്തോഷവുമായിരുന്നു വീട്ടിലെല്ലാവരിലും. അനിയനേയും സഹോദരിയേയും പഠിപ്പിക്കാനും സഹിച്ചുപോന്നിരുന്ന കഷ്ടപ്പാടുകൾ ഒഴിവാക്കാനും ഈ ജോലിയെങ്കിലും ഉപകരിച്ചല്ലോയെന്ന പ്രതീക്ഷ അത്യധികമായിരുന്നു.

ഡോക്ടർ റാവുവിന്റെ സുഹൃത്ത് മുത്തുവേൽ ഭാര്യ രാജമ്മയുമൊത്ത് മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയിൽ വരുമ്പോഴൊക്കെ അവരുമായി സഹകരിക്കാനും, സഹോദരസ്നേഹത്തോടെ ഇടപഴകാനും കഴിഞ്ഞു.

ഒരുദിവസം രാവിലെ ബോട്ടിൽ കയറാൻ കാത്തുനിൽക്കെ, ‘ഡോക്ടറും തന്റെ ഭർത്താവ് മുത്തുവേലും ഇപ്പോൾ ഹോസ്പിറ്റലിലേയ്ക്ക് വരുന്നുണ്ടെ’ന്ന് രാജമ്മച്ചേച്ചി വന്നറിയിച്ചു. ഏറെസമയം കഴിഞ്ഞിട്ടും അവർ എത്തിയില്ലെന്നു മാത്രമല്ല, ബോട്ട് പുറപ്പെടുകയും ചെയ്തു.

‘സാരമില്ല, നമുക്ക് അടുത്തതിൽ പോകാമല്ലോ’. ചേച്ചി സമാധാനപ്പെടുത്തി. ഒരു മണിക്കൂറിനകം അടുത്ത ബോട്ട് എത്തി. യാത്രക്കാരായി വേറേ മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറും മുത്തുവേലും ധൃതിപിടിച്ചുവന്ന് അകത്തേയ്ക്ക് കയറിയശേഷം തന്റെ കൈപിടിച്ച് ചേച്ചിയും അവരെ അനുഗമിച്ചു.

സാധാരണയിൽനിന്നും വ്യത്യാസമായിക്കണ്ട ആ ബോട്ടിനുള്ളിൽ അലങ്കരിച്ചതും ചിട്ടപ്പെടുത്തിയ സജ്ജീകരണങ്ങളുള്ളതുമായ ഒരു മുറിയിൽ ഡോക്ടർ റാവു ഇരുന്നതുകണ്ട് രാജമ്മ അദ്ദേഹത്തിന്റെ സമീപം നിന്നു. അഭിമുഖമായി എതിർവശത്ത് തന്റെയൊപ്പം മുത്തുവേൽ ഇരുന്നത് അത്ര പിടിക്കാത്ത മട്ടിൽ നീങ്ങിമാറിയെങ്കിലും അയാൾ തന്നെയവിടെ പിടിച്ചിരുത്തി.

പിറകെ കയറിയവർ കൈവരിയിൽപിടിച്ച് കരയിലെ കാഴ്ചകളിൽ വ്യാപൃതരാണ്. ബോട്ടിന്റെ മുന്നോട്ടുള്ള ചലനവേഗതയിൽ കൂടെയുള്ള മൂന്നുപേരും സംഭാഷണങ്ങളും ചോദ്യങ്ങളുമൊക്കെ തുടരുന്നുണ്ട്. ആ സാഹചര്യത്തിന്റെ അസ്വാഭാവികത ഒരു ആപൽസൂചനയെന്നവിധം അകതലങ്ങളിലേയ്ക്ക് ആഘാതമായി അലയടിച്ചു. ക്രമേണ അശ്ലീലച്ചുവചേർന്ന വാചാലതയിലേയ്ക്ക് വന്നപ്പോൾ ചാടിയെഴുന്നേറ്റ തന്നെ, മുത്തുവേൽ ബലിഷ്ഠമായ കരങ്ങളാൽ വരിഞ്ഞുമുറുക്കി. രാജമ്മ വേഗത്തിൽ ചെന്ന് വാതിലടച്ച് അതിൽ ചാരിനിന്നു.

ബലാൽക്കാരമായ പിടി വിടുവിക്കാൻ വളരെ ശ്രമിച്ചുനോക്കി. മുഖത്തിനുനേരേ വരുന്ന ഡോക്ടറുടെ രൂപം അടുത്തെത്തിയപ്പോഴേയ്ക്ക്, ആരുടെയോ കൈകൾ തന്റെ കഴുത്തിൽപിടിച്ച് മുറുക്കുന്നതായി അറിഞ്ഞു. സകല ശക്തിയുമാർജ്ജിച്ച് മരണവെപ്രാളത്താൽ മുന്നോട്ടുകുതിച്ച്, തടസ്സമായിനിന്ന സ്ത്രീയെ ദൂരേയ്ക്ക് വലിച്ചുമറിച്ചിട്ട് കതകുതുറന്ന് വെളിയിലേയ്ക്കോടി.

മുറിക്കു പുറത്തുനിന്നവർ ശബ്ദംകേട്ട് തിരിഞ്ഞുനോക്കി. ഒരു യുവതി ഓടുന്നതും പിറകെ രണ്ട് അതികായന്മാർ പിന്തുടരുന്നതുമാണ് കണ്ടത്. താഴെ ബോട്ട് കീറിമുറിച്ച ജലഭാഗം രണ്ടു ചാലുകളായി നുരച്ചു കുതിച്ചുതുള്ളി അകലേയ്ക്ക് ഓളങ്ങളായി പരക്കുന്നു.

മുത്തുവേൽ അടുത്തെത്തിയതും ഡോക്ടറുടെ കൈപ്പത്തിക്കുള്ളിൽ തന്റെ ഇടതുകൈ ഞെരിഞ്ഞമർന്നു. ചുറ്റിലും നോക്കി. കയ്യിൽ കിട്ടിയ പരുപരുത്തതും കനംകുറഞ്ഞ് കൂർത്തതുമായ നീളമേറിയ കമ്പിയെടുത്ത് ആഞ്ഞുവീശി ഒരടി.

ക്ഷണനേരംകൊണ്ട് ഡോക്ടറുടെ മുൻഭാഗത്താകെ ചുടുരക്തം ഒഴുകിപ്പടർന്നു. അതുകണ്ട മുത്തുവേലും മറ്റുള്ളവരും ഭയന്നുതരിച്ചുനിൽക്കെ, താൻ വെള്ളത്തിലേയ്ക്ക് ചാടിമറഞ്ഞു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------

ശ്വാസംമുട്ടിയും കായൽവെള്ളം കുടിച്ചും ആയാസപ്പെട്ട് നീന്തി കരയിലെത്തി. ക്ഷീണവും വിശപ്പുംമൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല. രണ്ടാളുകൾ വന്ന് തട്ടിയുണർത്തി എഴുന്നേൽ‌പ്പിച്ചപ്പോഴാണ് പരിസരബോധം വന്നത്. കായൽക്കരയിലെ റോഡുവക്കിൽ നിർത്തിയിട്ട ലോറി കഴുകി വൃത്തിയാക്കുന്നതിന് വെള്ളമെടുക്കാൻ വന്നവരാണവർ. അവരുടെ സാന്ത്വനവാക്കുകൾകേട്ട് ആശ്വാസപൂർവ്വം കൂടെ ലോറിയിൽക്കയറി നീങ്ങവെ,

താൻ പറഞ്ഞ ദിക്കിലേയ്ക്കല്ല, ആൾസഞ്ചാരം കുറഞ്ഞ പാതയിലൂടെയാണ് പോകുന്നതെന്നും, വീണ്ടും ഒരപകടസന്ധിയിൽ പെട്ടിരിക്കുന്നെന്നും മനസ്സിലായി. ബലാൽക്കാരേണ വണ്ടി നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീണുകിട്ടിയ അനർഘനിമിഷം പാഴാക്കാതെ പുറത്തേയ്ക്കെടുത്തുചാടി. കുറേദൂരം അവർ പിന്തുടർന്നെങ്കിലും പ്രാണരക്ഷ പ്രാപിക്കാനുള്ള തന്റെ ഓട്ടം അതിവേഗത്തിലായിരുന്നു.

അകലെ, കൂടിനിൽക്കുന്ന സ്ത്രീകളുടെ മുമ്പിലാണ് എത്തിപ്പെട്ടത്. അവശ്യം വേണ്ടുന്ന തന്റെ വിവരങ്ങൾ കേട്ട അവരിൽ, മലയോരഗ്രാമത്തിൽനിന്നുവന്ന ഒരു ശാലീനയുവതിയുടെകൂടെ അവളുടെ വീട്ടിലെത്തി. നല്ല ധൈര്യവും ചിന്താശേഷിയുമുള്ള ആ കൂട്ടുകാരിയുമായി ആലോചിച്ച് പല തീരുമാനങ്ങളുമെടുത്തു. അവസ്ഥകളറിഞ്ഞ് അയൽവാസികളിൽ പലരും സഹായത്തിനെത്തി. പ്രതികാരവും പ്രതികരണാത്മകവുമായ പദ്ധതികൾ അവിടെനിന്ന് ആരംഭിച്ചു.

ആദ്യമായി തന്റെ ഏകദേശകാര്യങ്ങൾ വീട്ടിലറിയിച്ച് അവരെ സമാധാനപ്പെടുത്തി. ഡോക്ടർ റാവുവിനെ എങ്ങും കാണാനില്ലെന്നും, തന്റെ പേരിൽ അന്വേഷണമോ പരാതിയോ ഉണ്ടായിട്ടില്ലെന്നും അന്വേഷിച്ചറിഞ്ഞു.

ക്രമേണ, പരിചയക്കാരും നാട്ടുകാരുമായ സഹാനുവർത്തികളുമായി ചേർന്ന് സ്ത്രീകളുടെ അഭിമാനരക്ഷയ്ക്കായി എന്തൊക്കെ ചെയ്യാമെന്ന് തീരുമാനിച്ച്, ‘സുരക്ഷ’യെന്ന സംഘടിതനാമത്തിൽ പ്രവർത്തനമാരംഭിച്ചു. എന്തെങ്കിലും സംഭവിച്ചതിനുശേഷം വിലപിക്കുന്നതിനേക്കാൾ, ഒന്നും സംഭവിക്കാതെ സൂക്ഷിക്കാനുള്ള പ്രാരംഭ നടപടിയെന്ന നിലയിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ എന്തൊക്കെ - എങ്ങനെയൊക്കെ ഉണ്ടാവാൻ സാദ്ധ്യത എന്ന് ആദ്യം വ്യക്തപ്പെടുത്തി. പിന്നെ ക്രമമായ കുറ്റങ്ങൾക്കുള്ള പ്രതികരണരീതി തയ്യാറാക്കി. ചിന്തയിലും കാഴ്ചകളിലും പെടാത്ത പല യുക്തികളും കുറഞ്ഞ കാലയളവിൽ കൈവരിക്കാൻ സാധിച്ചു.

സ്ത്രീസംഘടനകൾ ഏറെയുണ്ടെങ്കിലും നിയമത്തിന്റെ ഒറ്റയടിപ്പാതയിലൂടെമാത്രം നീങ്ങുന്നവർക്ക്, മറ്റുള്ളവരുടെ കഷ്ടനഷ്ടങ്ങളിൽ പങ്കെടുത്ത് പ്രതിവിധി കണ്ടെത്താൻ കഴിയുന്നില്ല. അവിടെ അപകർഷതാബോധമോ തന്റേടമില്ലായ്മയോ, പുരുഷമേധാവിത്വത്താൽ അബലകളാണെന്ന ചിന്തയോ അവരുടെ മനസ്സുകളിൽ കടന്നുകൂടുന്നു.

പല സ്ത്രീകളേയും ഈ ‘സുരക്ഷാപദ്ധതി’ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ‘ഇതൊക്കെ ഞങ്ങൾക്കറിഞ്ഞുകൂടാത്തതല്ലല്ലോ.....’യെന്ന മറുപടിയാൽ പുഛിച്ചുതള്ളുകയും അപകടഘട്ടത്തിൽ ‘സുരക്ഷ‘യുടെ ആവശ്യം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

‘ എന്നാൽ, വാചകമോ വീറും വാശിയുമോ പോരാ, ഇതുപോലെ പ്രതികരിച്ച് തെളിയിച്ചു കാണിക്കണം, എങ്കിൽമാത്രമേ ചാരിത്ര്യം സംരക്ഷിക്കാൻ സാധിക്കൂ......’

ടെസ്സിയുടെ അനുഭവചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ടൈംപീസിലെ അലാറം ശബ്ദമുണ്ടാക്കി. സമയം അതിക്രമിച്ചതായി സൂചന കിട്ടിയ സൂസൻ, കട്ടിലിന്റെ മറവിൽ വച്ചിരുന്ന വീഡിയോക്യാമറയും ടേപ്പ്റെക്കോർഡറും എടുത്ത് മേശപ്പുറത്തുവച്ചു. ടെസ്സി അകത്തുപോയി രണ്ടു സിറിഞ്ചുകളിൽ വെവ്വേറെ നിറങ്ങളിലുള്ള മരുന്നുനിറച്ച് അയാളുടെ മുന്നിൽ വന്നു.

“മുത്തുവേലും രാജമ്മയും ഭാര്യയും ഭർത്താവുമല്ലെന്നും വെറും അഭിനയമായിരുന്നെന്നും നിർദ്ദോഷികൾക്കറിയില്ല. പക്ഷേയിനി ഭാര്യാഭർത്താക്കന്മാരാകണം, ഈ നിമിഷം മുതൽ....ഇത് നിങ്ങൾക്ക് ദാമ്പത്യസ്വൈരവിഹാരത്തിനുള്ള ഒരു ഒറ്റമൂലി.”

മുത്തുവേൽ എതിർത്ത് എത്ര ശ്രമിച്ചിട്ടും സൂസന്റെ ബലമായ പിടിച്ചമർത്തലിൽ വളരെ ലാഘവത്തോടെ ടെസ്സി ആ മരുന്ന് കുത്തിവച്ചു. “ഇനി പാവപ്പെട്ട പെണ്ണുങ്ങളെ കാണുമ്പോൾ തന്റെ ‘ശേഷി’ ചലിക്കില്ല...”

സൂസൻ തന്റെ കരവലയത്തിലൊതുക്കിയ രാജമ്മയുടേയും ഭുജത്തിനുതാഴെ അടുത്ത സിറിഞ്ച് അമർത്തുമ്പോൾ ടെസ്സി തുടർന്നു “പേടിക്കാനൊന്നുമില്ല, ഇത് വെറും കീടനാശിനി മാത്രം. രാജമ്മയ്ക്ക് കീടാ‍ണുപ്രസരണം കൂടിയതുകൊണ്ട്, എൻഡോസൾഫാനു പകരം അല്പം ‘പരാമർ’. മുത്തുവേലിന്റെ ധാരാളം പണം നിന്റെ പക്കലുണ്ടല്ലൊ, ഇനി അയാളുടെ ഭാര്യയായി കഴിയണം.....വിയർത്ത് ഒഴുകുന്നുണ്ടല്ലൊ രണ്ടുപേർക്കും, ചൂടുചായ വേണോ, അല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഐസ് ക്രീം ആയാലോ..?”


ഇനിയെന്തു സംഭവിക്കുമെന്ന സംഭ്രമചിന്തയാൽ സ്തബ്ധരായിരിക്കുന്ന മുത്തുവേലിനേയും രാജമ്മയേയും നോക്കി ആജ്ഞാസ്വരത്തിൽ ടെസ്സി മൊഴിഞ്ഞു “ നിങ്ങൾചെയ്ത എല്ലാ കുറ്റങ്ങളും തെളിയിച്ചുകഴിഞ്ഞു. നീയൊക്കെ പുറംലോകം കാണാതിരിക്കാൻ ഈ രേഖകൾ മതി. ഇവിടെ നടന്ന ഒരു കാര്യങ്ങളും മറ്റൊരാളും അറിയാൻ പാടില്ല. ആരോടെങ്കിലും പറഞ്ഞാൽ, രണ്ടിന്റേയും കഥ അന്നു തീരും....കെട്ടുകളഴിക്കാം സൂസൻ, ഇവർ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ.....”

തികച്ചും അവശതയും പരാജയവും ഏറ്റുവാങ്ങി, വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയ മുത്തുവേലും രാജമ്മയും അവരുടെ കൈത്തണ്ടിൽ പതിഞ്ഞ അക്ഷരങ്ങൾ കണ്ട് പരസ്പരം പകച്ചുനോക്കി ഉച്ചരിച്ചു, ‘സുരക്ഷ’.

“ആ വഴിയേ അല്പം നടന്നാൽ മെയിൻറോഡിലെത്തി ടാക്സിയിൽ പോകാം, എത്രയും പെട്ടെന്ന്....”

ഇനിയൊരിക്കലും ‘ഉത്തേജകം’ പ്രവർത്തിക്കാത്ത രണ്ടുപേർ ദൂരേയ്ക്ക് നടന്നു മറയുന്നതുവരെ നോക്കിനിന്നപ്പോൾ, ‘മുമ്പെന്നപോലെ ഇപ്പോഴും കുറച്ചു സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കാൻ സാധിച്ചതി’ലുള്ള ചാരിതാർഥ്യം ടെസ്സിയുടേയും സൂസൻ തോമസ്സിന്റേയും മുഖത്ത് തെളിഞ്ഞുതിളങ്ങി.

കയ്യിൽ സൂക്ഷിക്കേണ്ടുന്ന സാമഗ്രികളെടുത്ത് മറ്റെല്ലാം ഒതുക്കിവച്ച് മുറിപൂട്ടി താഴെവന്ന്, രണ്ടുപേരും കാറിൽക്കയറി. വണ്ടി നീങ്ങിയപ്പോൾ സൂസൻ പറഞ്ഞു “ ഇങ്ങോട്ട് നമ്മളുടെ കാറോടിപ്പിച്ചത് അയാളെക്കൊണ്ടാണ്.”

“അതു നന്നായി, ഇനി നമുക്ക് ഓടിക്കാനുള്ളത് ആ ‘ഷാപ്പുമുതലാളിയെ’യാണ്. ”

“ അത് അടുത്തയാഴ്ച, ഇന്ന് ഇതിനുവേണ്ടി നമ്മൾ ലീവെടുത്തതിനാൽ നാളെ ജോലിക്കു കയറണം..”

കുറേദൂരം പിന്നിട്ടപ്പോൾ, ഒരു ചെറിയ ചായക്കടയ്ക്കുമുമ്പിൽ സൂസൻ കാർ നിർത്തി, അകത്തിരുന്നുതന്നെ ‘രണ്ടു ചായ’യെന്നറിയിച്ചു. മദ്ധ്യവയസ്സുകഴിഞ്ഞ കടക്കാരൻ കൊണ്ടുവന്ന ചായ കുടിക്കുന്നെങ്കിലും അയാളും കടയിലിരിക്കുന്ന മറ്റു രണ്ടാളുകളും, അസമയത്ത് കാറിലിരിക്കുന്ന രണ്ടു സുന്ദരികളെ തുറിച്ചു നോക്കുന്നതാണ് ശ്രദ്ധിച്ചത്. പിന്നെ വയസ്സനായ കടക്കാരൻ മുഖം താഴ്ത്തിചോദിച്ചു “ നിങ്ങൾ മാത്രമേയുള്ളോ ?”

“ അതെ..”

“ ഒരാൾകൂടി വന്നാലോ...ഒരു രസത്തിന്...”

“ ആയിക്കോട്ടെ....” പത്തുരൂപായും ഗ്ലാസ്സുമായി അയാളുടെ നേരേ നീട്ടിയ ടെസ്സി തിരിഞ്ഞ് സൂസനെ നോക്കി ചോദിച്ചു. “ തുരുമ്പെടുത്ത യന്ത്രമാ...എന്നാലും ഒരു ‘ ഇഞ്ചക്ഷൻ’ കൊടുത്താലോ...?”

“ അടുത്ത തവണയാവാം...” മുന്നോട്ട് ഓടിത്തുടങ്ങിയ കാറിനെത്തന്നെ ഉറ്റുനോക്കുന്ന കടക്കാരൻ, തിരിഞ്ഞ് കയ്യിലിരിക്കുന്ന രൂപയും ഗ്ലാസ്സും നോക്കിയപ്പോൾ, ഗ്ലാസ്സിന്റെ അടിവശത്ത് വൃത്തത്തിലുള്ള ഒരു സ്റ്റിക്കർ ഒട്ടിയിരിക്കുന്നു, അതിൽ വലിയ അക്ഷരം മുഴച്ചുകാണാം...‘ സുരക്ഷ ’ ......

***********            *************          *************

Friday, June 10, 2011

പെൺ സിംഹം..

പെണ്ണൊരുമ്പെട്ടാൽ ഭാഗം 2


അടച്ചിട്ട വാതിലിൽ മുട്ടുന്ന ശബ്ദംകേട്ട് സൂസൻ ചെന്ന് ജനലിൽക്കൂടി പുറത്തേയ്ക്ക് നോക്കി. ‘വിജയപ്രദ’മെന്ന ആംഗ്യം കാട്ടി തിരിച്ചു വന്ന് കതകു തുറന്നു.

നേർത്ത പുഞ്ചിരി തൂകി ഒരു യുവതിയും പിറകെ സംഭ്രമചകിതയായ ഒരു മദ്ധ്യവയസ്കയും കയറി വന്നു. പുറത്തെ ഇരുട്ടിൽനിന്നും വന്നതിനാൽ നിമിഷം കഴിഞ്ഞുമാത്രം അവർ പരസ്പരം മുഖം കണ്ടു തിരിച്ചറിഞ്ഞു. യുവതിയെ കണ്ടമാത്രയിൽ അയാൾ ആശ്ചര്യവും അത്ഭുതവും കലർത്തി അവളെ തുറിച്ചുനോക്കി .“ അതേവസ്ത്രം , അതേരൂപം , അവൾ ....  അവൾ.. ആ മരിച്ചവൾ...” എന്നുറക്കെപ്പറഞ്ഞ് എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി. കെട്ടുകളുടെ ബലവും മാനസികമായ ആയാസവുമായി അനങ്ങാൻ കഴിയാതെ വന്നപ്പോൾ അയാളുടെ മുഖം പകയും കോപവും മൂലം ഭീകരമായി ഭവിച്ചു.

കൂടെ, അയാളെക്കണ്ട് മദ്ധ്യവയസ്ക മുഖം പൊത്തി നിലവിളിച്ച് പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചെങ്കിലും മുൻകൂട്ടി ശ്രദ്ധിച്ചുനിന്ന സൂസൻ പെട്ടെന്നുവന്ന് കതക് വലിച്ചടിച്ചു .
അപ്രതീക്ഷിതമായി അയാളെ ആ നിലയിൽ അവിടെക്കണ്ടതും താനൊരു പെൺസംഘത്തിന്റെ പിടിയിലാണെന്ന് ബോദ്ധ്യമാവുകയും ചെയ്ത് അവർ പൊട്ടിക്കരയാൻ തുടങ്ങി. അയാളെ ചൂണ്ടി “എന്നെയൊന്നും ചെയ്യല്ലെ, അയാളാ എന്നെക്കൊണ്ട് അതൊക്കെ ചെയ്യിപ്പിച്ചത്....  ”  ബഹളം വയ്ക്കാൻ തുടങ്ങി.

സൂസൻ അവരെപ്പിടിച്ച് കസേരയിലിരുത്തി മിണ്ടരുതെന്ന് അടയാളം കാണിച്ചു .

അയാൾ അപ്പോഴും ഉൽക്കണ്ഠയോടെ അത്ഭുതഗ്രസ്ഥനായി ആ യുവതിയെത്തന്നെ ശ്രദ്ധിക്കുകയാണ് . തിളങ്ങുന്ന കണ്ണുകളും പക്വതയാർന്ന ഭാവഹാവാദികളുമായി അവൾ അയാളുടെ മുമ്പിൽ വന്നു.
“അന്നു മരിച്ചവളാണ് ഞാൻ, ഇതെന്റെ പുനർജ്ജന്മം......” അയാളെ ഇത്രത്തോളം സുരക്ഷിതസ്ഥലത്ത് കിട്ടിയത് ഓർത്ത് അവൾ ആഹ്ലാദിച്ചു, മെരുക്കിയെടുത്ത് കൈപ്പിടിയിലൊതുക്കിത്തന്ന സൂസൻ തോമസിന്റെ സാമർത്ഥ്യത്തെ ഒരു നോട്ടത്താൽ പ്രശംസ പ്രകടിപ്പിച്ചു.

   അതുകണ്ട് സൂസന് വീണ്ടും ആത്മവിശ്വാസവും ധൈര്യവും വർദ്ധിച്ചു.
   തന്നെക്കാൾ അഞ്ചുവയസ്സ് കുറവുള്ള, സുന്ദരിയായ ഈ കറുത്ത സുന്ദരിക്ക് ഒരു സംഘടനയുണ്ടാക്കാനും അത് തനതായ രീതിയിൽ നയിച്ചുകൊണ്ടുപോകാനുമുള്ള കഴിവിനെ, മറ്റെല്ലാവരേയുംപോലെ താനും പ്രോത്സാഹിപ്പിക്കുന്നുണ്ട്- അതിൽ ചാരിതാർത്ഥ്യവുമുണ്ടെന്ന് മറുപടിമന്ദഹാസത്തിലൂടെ അവൾ പ്രതിഫലിപ്പിച്ചു.

   ഉയർന്ന മാർക്കുവാങ്ങി നിയമപഠനം പൂർത്തിയാക്കിയശേഷം  വയസ്സനായ അഡ്വക്കേറ്റ് അനന്ദശിവം പ്രാക്റ്റീസിനായി ക്ഷണിക്കുമ്പോൾ, ‘സുരക്ഷ’യെന്ന് കേട്ടിട്ടേയുള്ളൂ.  ജോലിയിൽ മുഴുകി ചിന്താഭാരത്തോടെയുള്ള യാത്രകളിൽ, വിരുന്നുസൽക്കാരങ്ങളിൽ, ഉദ്യാനത്തിൽ, പുസ്തകശാലയിൽ മാത്രമല്ല എവിടെവച്ചും എപ്പോഴും ചില ആഭാസന്മാരുടെ ശല്യം സഹിക്കാതെ വന്നപ്പോഴാണ്  കൂടുതലന്വേഷിച്ചറിഞ്ഞത്.   അതിരുകവിഞ്ഞ ആക്രമണമില്ലാതെ - ക്രൂരമായ കൊലപ്പെടുത്തലില്ലാതെ സമചിത്തതയോടെ ബുദ്ധിയുപയോഗിച്ച് പ്രതികരിക്കുന്ന ‘സുരക്ഷ’യിലെ തന്ത്രം.  അതിലേയ്ക്കിറങ്ങിച്ചെന്നപ്പോൾ വളരെ വിനോദോപാധിയായും മുൻകരുതലുകൾക്കുള്ള മനം മാറ്റമായും അനുഭവപ്പെട്ടു.

   വളരെ ശുഷ്ക്കാന്തിയും സാമൂഹികപ്രതിബദ്ധതയും വിദ്യാഭ്യാസവുമുള്ള കുറേ യുവതികൾ മാസത്തിലൊന്നോ രണ്ടോ ദിനങ്ങളിൽ ഒത്തുചേരണം.   ആ കൂട്ടായ്മയിൽ ഡോക്ടർമാർ, വക്കീലന്മാർ, സാമൂഹികസേവകർ, വിവിധയിനം തൊഴിലുകളിലുൾപ്പെട്ടവർ -എല്ലാ വിഭാഗത്തിലേയും ഉന്നതർ- ഉണ്ടായിരിക്കുക. ജഡ്ജിമാർ, മന്ത്രിമാർ, പോലീസ് മേധാവികൾ എന്നിവരുടെ ഉപദേശങ്ങളും സഹകരണസഹായങ്ങളും ഉൾപ്പെടുത്തണം.

   അവർ സശ്രദ്ധം തയ്യാറാക്കുന്ന മാർഗ്ഗരേഖകൾ ചർച്ചകളിലും സന്ദേശങ്ങളിലും പ്രചരിപ്പിക്കണം. പഠിപ്പ് കുറഞ്ഞവരേയും ഒട്ടും ഇല്ലാത്തവരേയുംകൂടി സംഘടിപ്പിച്ച് മനഃശക്തിയും പക്വതയും കൈവരുത്തണം. വനിതാപോലീസുകാരുടെ മൊബൈൽഫോൺ നമ്പർ വാങ്ങി ‘സുരക്ഷാസേന’യെ നിയന്ത്രിക്കുന്നവർ സൂക്ഷിക്കണം. ഓരോ ശല്യത്തിനനുസരിച്ച പലതരം വാക്കുകൾ സന്ദേശമായി അയയ്ക്കുകയോ, അതിന് സമയം കിട്ടിയില്ലെങ്കിൽ ‘മിസ്കോൾ’ കൊടുത്ത് സൂചന നൽകുകയോ ചെയ്യണം. ‘സുരക്ഷാംഗങ്ങ’ളുടേയോ നിയമപാലകരുടേയോ സാമീപ്യസഹായം ഓരോ സ്റ്റോപ്പിലും സ്റ്റേഷനിലും ഉണ്ടാവും, ഉണ്ടാക്കണം.  എത്ര താമസിച്ചാലും ഏകാന്തയാത്ര ഒഴിവാക്കി, വിശ്വസ്ഥരായവരുടെ കൂടെ മാത്രം സഞ്ചരിക്കണം, അതിന് മറ്റുള്ള സ്ത്രീകൾ സഹായിക്കുകയും സഹകരിക്കുകയും വേണം.  പ്രത്യേകിച്ച് ‘ സ്ത്രീകൾ മറ്റു സ്ത്രീകളുടെ രക്ഷിതാവാണെന്ന ബോധത്തോടെ’ അവരുടെ ഭാഗത്തേയ്ക്ക് ശ്രദ്ധിക്കണം.

   ചില പുരുഷന്മാരുടെ വൈകൃത ചാപല്യങ്ങൾ നിരീക്ഷിക്കുകയും ഓരോ വിഷമഘട്ടത്തിലും എങ്ങനെയൊക്കെ പ്രതികരിക്കണമെന്ന് നാടകീയമാംവിധം മനസ്സിലാക്കിക്കണം.   ഉദാഹരണത്തിന്‌‌,  യാത്രാവേളയിൽ ഒരാൾ എതിരേ വന്നിരുന്ന് മറ്റാരും കാണാതെ ‘ശല്യ’പ്പെടുത്തുന്നുവെന്നിരിക്കട്ടെ.  സന്ദർഭം നോക്കുക - മറ്റുള്ളവരെ അറിയിച്ചാൽ ഫലമുണ്ടാകുമോ? ഇല്ലെങ്കിൽ കയ്യിൽ സൂക്ഷിച്ച നീറ്റലുണ്ടാക്കുന്ന പൊടിയോ, ‘സ്പ്രേ’യോ തൂവിക്കൊടുക്കാം, ഒരു ചവിട്ടുകൊടുക്കാം, പരസഹായത്തിനാളില്ലെങ്കിൽ ഓടിച്ചെന്ന് ചങ്ങല വലിക്കുന്നതായി കാണിക്കാം, ബസ്സ് നിർത്തി മറ്റു സ്ത്രീകളെ വിവരമറിയിക്കാം....പലതും, പലതും.

   അങ്ങനെ ഓരോ അനുഭവസ്ഥർ പറയുന്ന ഓരോ സംഭവങ്ങളിലും എന്തൊക്കെ മുൻ കരുതലുകളാവാമെന്ന് പരസ്പരം പറഞ്ഞും പറയിപ്പിച്ചും സ്വാശ്രയത്വം നേടണം.  സ്വയം ‘സുരക്ഷ’ അവിടെ ഒതുങ്ങുന്നില്ല.

   എല്ലാ ജില്ലകളിലും ഒത്തുചേരുന്ന ഈ കൂട്ടായ്മ പഞ്ചായത്തുകളിലും വാർഡുകളിലും  തുടർന്ന് ഓരോ വീടുകളിലും വരെ  ചലനാത്മകമാക്കണം.  കുടുംബചർച്ചകളിലും ബന്ധുഗൃഹങ്ങളിലും സന്ദർഭാനുസരണം ഈ അനുഭവങ്ങൾ തുറന്നുപറയുകയും അത്തരം സന്ദർഭങ്ങളിലേയ്ക്കു വേണ്ടുന്ന നിർദ്ദേശങ്ങളും സാമഗ്രികളും പങ്കുവയ്ക്കുകയും വേണം.  ചെറിയ ചാപല്യങ്ങൾക്ക് നിസ്സാരവും വലിയതെറ്റുകൾക്ക് അല്പംകൂടി കടന്ന ശിക്ഷയുമാകാം.ഈ ഓർമ്മപ്പെടുത്തലിന് ചെറുതും വ്യക്തവുമായ സ്റ്റിക്കറുകൾ എല്ലായിടങ്ങളിലും പതിക്കണം.

   ചുരുക്കത്തിൽ ‘സുരക്ഷ’യെന്നോർക്കുമ്പോൾത്തന്നെ ‘നാം സുരക്ഷിതരാണോ’യെന്ന് പരിശോധിക്കാനും, അതിനുവേണ്ടി ബുദ്ധിപൂർവ്വം ‘കരുതിയിരിക്കാനു’മുള്ള  നിതാന്തജാഗ്രത നമുക്കുണ്ടാവണം.

   “ഏയ് സൂസൻ, എന്താ നോക്കിനിൽക്കുന്നത്? ഇവരും അത്ഭുതമായി എന്നെത്തന്നെയാ നോക്കുന്നത്. ഒരിക്കൽ ഇവരുടെ കയ്യിൽനിന്നും മരണത്തിലേയ്ക്ക് ചാടിയ ഞാൻ എങ്ങനെയിവിടെത്തിയെന്നാ ഇവരുടെ നോട്ടം സൂചിപ്പിക്കുന്നത്.  അന്ന് എന്നെ ചതിക്കാൻ കൂട്ടുനിന്ന സ്ത്രീയാ ഇത്.... ആ കഥ പിന്നെ പറയാം..”
  ‘അയ്യോ ഞാൻ...’ അവർ തുടങ്ങിയപ്പോൾ സൂസൻ അവരെ ‘മിണ്ടരുതെ’ന്ന് വിലക്കി.

 “ചില വിവരങ്ങൾ എനിക്കറിയേണ്ടതുണ്ട്, ആ കത്തിയിങ്ങു തരൂ, ചിലപ്പോൾ തോക്കും ആവശ്യം വരും..” അവൾ കത്തിയും തോക്കും വാങ്ങിയപ്പോൾ സൂസൻ തടഞ്ഞു. “ ഓ പ്രിയ ടെസ്സീ, ഇവൻ ചെയ്ത കുറ്റങ്ങൾക്ക് ഇഞ്ചിഞ്ചായി ഞാൻ കൊന്നുകളയാമെന്നാണ്  എന്റെ അഭിപ്രായം.”
          ‘സുരക്ഷ’യിൽനിന്നും സൂസനു കിട്ടിയ ബുദ്ധിപൂർവ്വവും സന്ദർഭോചിതവുമായ നാട്യവാക്കുകൾകേട്ട് സന്തോഷിച്ചെങ്കിലും, മുഖത്ത് വളരെ കോപവും പ്രതികാരദാഹവും വരുത്തി  ടെസ്സി അയാളുടെ നേരേ തിരിഞ്ഞു.
          “ഒരു ഡോക്ടറും നാലു വക്കീലന്മാരും കുറേ പണവുമുണ്ടെങ്കിൽ ആരേയും നശിപ്പിക്കാമെന്നാണ് നിന്നെപ്പോലെയുള്ളവരുടെ വിശ്വാസം. അതു തകർത്താലേ ഞങ്ങൾ സുരക്ഷിതരാകൂ..” മേശപ്പുറത്തുണ്ടായിരുന്നതിൽ ഒരു ദിനപത്രമെടുത്ത് നിവർത്തി അയാളെ കാണിച്ചു. അത്ഭുതത്താൽ മുഖം വക്രിച്ചും കണ്ണുകൾ ചുവന്നുവികസിച്ചും അയാൾ ഉറ്റുനോക്കി. ഇനി ഒന്നുകൂടി ഞെട്ടാനുള്ള ആർജ്ജവം അയാൽക്കില്ലെന്നോർത്ത്  ടെസ്സിക്ക് ചിരിയും, പെട്ടെന്ന് ഭാവമാറ്റവും വന്നു.

   “എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ഇവൾ. നീ ചതിച്ചും പീഡിപ്പിച്ചും കൊന്നവരിൽ ഒരുവൾ. ഇവൾ ഇപ്പോളെവിടെയാണ്.?”
  “അത്...അത് ഞാനല്ല..”
   “ഇവിടം സർക്കാർ കോടതിയോ, ഞാൻ നിന്റെ മാഫിയാജഡ്ജിയോ അല്ല.  ഈ കത്തി നിന്റെ വായ്ക്കകത്തുകൂടി കുത്തിയിറക്കിയാലുള്ള സുഖം, ഒന്നു സങ്കല്പിച്ചേ....”
  ആ സങ്കല്പരംഗം കണ്ട് പൈശാചികമായ ഒരു ദീനരോദനം അയാളിൽനിന്നുയർന്നു. ആസന്നമായ ഒരു ക്ഷുദ്രമരണം അയാൾ മുന്നിൽക്കണ്ടു.

                                     (അവസാനഭാഗം  അടുത്തലക്കം..)


Friday, June 3, 2011

‘ പെണ്ണൊരുമ്പെട്ടാൽ....’


            വീതികൂടിയ റോഡിൽനിന്നും വലത്തേയ്ക്കുതിരിഞ്ഞ് നിരപ്പല്ലാത്ത-ചെറിയ വഴിയിൽക്കൂടി കാർ മുന്നോട്ടുപോയി. ഓടിക്കുന്നത് അയാളാണെങ്കിലും അവൾ പറയുന്ന മാർഗ്ഗത്തിലൂടെ ഒരു റബ്ബർതോട്ടത്തിന്റെ മുന്നിലെത്തിയപ്പോൾ ആംഗ്യംകാട്ടി നിർത്തിച്ചു, രണ്ടുപേരും പുറത്തിറങ്ങി.

  “അവിടെ, അതാണ് വീട്..” അവൾ ചൂണ്ടിക്കാണിച്ച വീട്ടിലെത്താൻ കുറച്ചു മുകളിലേയ്ക്ക് നടക്കുമ്പോൾ, വളരെ സന്തോഷവാനായിരുന്നു അയാൾ. ‘വളരെ അപ്രതീക്ഷിതമായി കിട്ടിയ ഒരു സന്ദർഭമാണ്. സാധാരണയായി താനാണല്ലൊ പെണ്ണുങ്ങളെയൊക്കെ വശീകരിച്ചും നിർബ്ബന്ധിച്ചുമൊക്കെ സുഖം അനുഭവിക്കുന്നത്. ഇതാ ഇപ്പോൾ, സുന്ദരിയും ജേർണലിസ്റ്റുമായ  ഒരു പെണ്ണ് ഇങ്ങോട്ടു ക്ഷണിച്ചുകൊണ്ടുവന്നിരിക്കുന്നു, അതും പരിസരവാസികളൊന്നുമില്ലാത്ത ഈ സ്ഥലത്ത്. ആ വീട്ടിലാരുമില്ലെങ്കിൽ ഇന്നത്തെ രാത്രി രസകരമാക്കിയെടുക്കാ’മെന്നോർത്ത് അയാൾ മനസ്സാ സന്തോഷിച്ചു.

   പടികൾ കയറിച്ചെന്ന് അവൾ വീടിന്റെ വാതിൽ തുറന്നു. ചുറ്റാകെ റബ്ബർ മരങ്ങളോടുകൂടിയ പുരയിടം. പഴയ ഒരു വീട് പുതുക്കിപ്പണിതതാണെന്ന് പെട്ടെന്ന് മനസ്സിലാകും. “എന്താ താവളം ഇഷ്ടപ്പെട്ടോ, ഇവിടെ മറ്റാരുമില്ല...” അവൾ അയാളെ അകത്തെ മുറിയിലേയ്ക്ക് ക്ഷണിച്ച് കസേരയിലിരുത്തി.

    “കൊള്ളാം നല്ല മുറി, ഇതാണോ സൂസമ്മ പുതിയതായി വാങ്ങിയ വീട്..?”
“ങാ, നല്ല സൌകര്യമല്ലേ..?” ചോദിക്കുമ്പോൾത്തന്നെ ജനൽ തുറന്ന് അകലെ വഴിയിലേയ്ക്ക് നോക്കി, പുഞ്ചിരിയോടെ തിരിച്ചുവന്നു അവൾ.
    ഇനി നടക്കാനുള്ള രസാനുഭൂതികളെയോർത്ത് അയാൾ കൈകൾ കൂട്ടിത്തിരുമ്മി.
   “കാപ്പി വേണോ, തണുത്തതെന്തെങ്കിലും മതിയോ?” അവളുടെ ചോദ്യം ശ്രദ്ധിക്കാതെ അയാൾ-“ഇവിടെ എല്ലാം ഒരുക്കി വച്ചിരിക്കുന്നല്ലോ, ഇങ്ങനെ വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നോ?”
   “ഹ ഹ ഹ..” അവൾ ചിരിച്ചുപോയി. “എത്രയോ ദിവസങ്ങളായി നിങ്ങളെയൊന്നു കിട്ടാൻ കാത്തിരിക്കുന്നു, ഇതാ കണ്ടില്ലേ എല്ലാം ഒരുക്കിയിട്ടുള്ളത്..?”
   ശരിയാണ്. അലമാരയും കസേരകളും കട്ടിലും ഒരു മേശയും, പാചകം ചെയ്യാനുള്ള അടുപ്പുവരെ മുറിയിലുണ്ട്.

   “ചൂടാണല്ലൊ..” ഫാനിന്റെ സ്വിച്ചമർത്തിയിട്ട് അയാളെ കട്ടിലിൽ പിടിച്ചിരുത്തി, മെല്ലെ ഷർട്ടഴിക്കാൻ തുടങ്ങി അവൾ. അപ്പോഴേയ്ക്കും ധൃതിയാൽ അയാൾ ഷർട്ടിനൊപ്പം ഉടുത്തിരുന്ന മുണ്ടും അഴിച്ചുമാറ്റി കാമവികാരാവേശനായി മാറി. തുടർന്ന് അവളുടെ അഴകാർന്ന കൈകളിൽ തഴുകി, സാരിത്തുമ്പിൽ പിടിച്ച് ചേർത്തിരുത്തി കെട്ടിപ്പുണരാനായി ഭാവിച്ചപ്പോൾ അവളെഴുന്നേറ്റു.“ഓ ഞാൻ മറന്നു, നമ്മൾ ഒന്നും കഴിച്ചില്ല വല്ലാത്ത ദാഹവുമുണ്ട്, എന്തെങ്കിലും കഴിച്ചിട്ടാവാം..”
  “വേണ്ട, അതു പിന്നെ...” ക്ഷമയില്ലാതെ അയാൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ അടുത്ത മുറിയിൽ പോയി രണ്ട് ഗ്ലാസ്സുകളിൽ പാലുമായി വന്നു. വികാരവിവശനായ അയാൾ അവളുമായി വിവിധതരം മന്ത്രങ്ങളുരുവിട്ട് കുടിച്ചുരസിച്ചുകൊണ്ടിരിക്കെ...അവളെ കെട്ടിപ്പിടിച്ചണയ്ക്കുവാനാഞ്ഞ തന്റെ കൈകൾക്ക് ശക്തി കുറയുന്നതായി അയാൾക്ക് തോന്നി. ‘മയക്കമാണോ, ഉറക്കമോ....’ പതുക്കെ കൈവഴുതി അയാൾ കട്ടിലിലേയ്ക്ക് വീണു.
            *******                                      ***************                                ************                    
     ബോധം വന്നുതുടങ്ങിയപ്പോൾ വളരെ ആയാസപ്പെട്ട് അയാളൊന്നു നിവരാൻ ശ്രമിച്ചു, സാധിക്കുന്നില്ല. ‘മയങ്ങിപ്പോയതിന്റെ ക്ഷീണമാണോ-അല്ലല്ലോ, അനങ്ങാൻ പോലും  കഴിയാത്തത് ശ്രദ്ധിച്ചപ്പോൾ താൻ ബന്ധനസ്ഥനാണെന്നറിഞ്ഞ് ,സ്ഥലകാലബോധം വീണ്ടെടുത്ത് ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല.  കൈകൾ കൂട്ടി പിണച്ചുവച്ച് കട്ടിലിന്റെ മുകൾവരിയിലും, കാലുകൾ ചേർത്ത് കട്ടിൽക്കാലിലും ബന്ധിച്ചിരിക്കുന്നു. തനിക്കെന്ത് സംഭവിച്ചു ? അവളെവിടെ ? ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല, അവൾ തന്നെ ചതിക്കുകയായിരുന്നോ ?’

   സംഭ്രമത്തോടെയാണെങ്കിലും ഓർത്തുനോക്കി. അവൾ, ആ പത്രപ്രവർത്തക തന്നെയിവിടെ ക്ഷണിച്ചുവരുത്തിയതാണ്. ഒരു സൌഹൃദം പങ്കിടാനും, ഇന്ന് ഒരു ദിവസത്തെ മധുവിധു ആഘോഷിക്കാനും എന്നാണ് അവൾ പറഞ്ഞത്. അതായിരുന്നു തന്റേയും ആഗ്രഹവും ഉദ്ദേശവും.
   വളരെ സന്തോഷവതിയായി സ്വീകരിച്ചിരുത്തി തൊട്ടുരുമ്മി സല്ലപിച്ചതും, അവളെ കെട്ടിപ്പിടിച്ച് കാമാവേശം വന്നപ്പോൾ പാലുകൊണ്ടുവന്ന് തന്നതും കുടിച്ചതും ഒക്കെ ഓർത്തു. പിന്നെ...പിന്നെ...മയക്കം വന്ന് ചരിഞ്ഞുവീണതും ഓർമ്മയിലെത്തി.
   
      പെട്ടെന്നയാൾക്ക് ദ്വേഷ്യം ഇരച്ചുകയറി ഒച്ചയുണ്ടാക്കാൻ തുനിഞ്ഞു. അപ്പോൾ അലമാരയുടെ മറവിൽനിന്ന അവൾ നേർത്ത പുഞ്ചിരിയോടെ അയാളുടെ മുന്നിലേയ്ക്കുവന്നു.
 
    “ എന്താ പേടി തോന്നുന്നോ ? ഒരു പുരുഷനെ ഇങ്ങനെ കെട്ടിയിട്ട് രസിക്കുന്നതാ എനിക്കിഷ്ടം.അതായത് പുരുഷപീഡനം, ഹ ഹ.. ഇവിടെ ഞാൻ മാത്രമേയുള്ളൂ, ഇനിയാളുകളുണ്ടെങ്കിൽത്തന്നെ പേടിക്കാത്ത ആളല്ലേ?” അതു പറയുമ്പോഴുള്ള ചിരിയിൽ പരിഹാസം കലർന്നിരുന്നു.
         അയാൾ ക്രൂരഭാവം പൂണ്ടു “എന്താ നിന്റെ ഉദ്ദേശം..?”
         “ഉദ്ദേശസാദ്ധ്യത്തിനല്ലേ വളരെ ശ്രമപ്പെട്ട് നിങ്ങളെയിവിടെ കൊണ്ടുവന്നത്.”
         “നീയെന്നെ കളിയാക്കുകയാണോ, ഈ കെട്ടുകളഴിക്കെടീ...”
          “ശ്ശൊ ധൃതി കാണിക്കാതെ” വന്യമായ ഒരു ചിരിയാൽ അവൾ തുടർന്നു.“എടീയെന്നുവിളിച്ച തനിക്ക് അല്പം മുമ്പു വരെ ഞാൻ സൂസമ്മയായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും യഥാർത്ഥസ്ത്രീയായ ജേർണലിസ്റ്റ് സൂസൻ തോമസ് ആയി. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.?”
          അവൾ മേശപ്പുറത്തിരുന്ന ഒരു ആപ്പിളും കത്തിയുമെടുത്ത് പുറത്തേയ്ക്കെത്തിനോക്കി. പിന്നെ തിരിഞ്ഞ് “നോക്ക് എന്ത് സുന്ദരമായ ആപ്പിൾ, ഇത് കഷണങ്ങളാക്കിയാൽ പിന്നെന്ത് സൌന്ദര്യം? അതു തന്നെയല്ലേ മനുഷ്യരുടേയും സ്ഥിതി?”
  അതു കേട്ട് അനങ്ങാൻ കഴിയാത്ത അയാൾ ഉച്ചത്തിൽ അലറി “ നീയെന്നെ ചതിക്കുകയായിരുന്നു..ഈ കെട്ടഴിക്കാൻ...നിന്നെ ഞാൻ...”
   “ഒന്നും ചെയ്യാൻ സാധിക്കില്ല” അവൾ വളരെ പാകത വരുത്തി, ദിനപത്രങ്ങളുടെ അടിയിൽ വച്ചിരുന്ന കൈത്തോക്കെടുത്ത് അയാളുടെ നേരേ ചൂണ്ടി.“ഇതുപയോഗിച്ച് ആറുപേരെക്കൂടി കൊല്ലാനാണ് ഞങ്ങളുടെ തീരുമാനം. ഇനി ബഹളം വച്ചാൽ ഒരെണ്ണം ഇപ്പോൾ കുറയും. പിന്നെ ഈ കത്തി പ്രയോഗിക്കാനും കഴിയില്ല. ഇനി ഒരാൾകൂടി വരാനുണ്ട്, രണ്ടുപേർക്കും ഇതു രണ്ടും ആവശ്യമാണ്.”
    ഇടതുകയ്യിൽ തോക്കുപിടിച്ച് വലതുകയ്യിലെ കത്തിനീട്ടി, കല്പ്രതിമപോലെ തുറിച്ചുനോക്കിയിരിക്കുന്ന അയാളുടെ നെറ്റിയിൽ തൊട്ട് പതുക്കെ താഴേയ്ക്ക് നീക്കുന്നതിനൊപ്പം സൂസൻ തുടർന്നു...“ ഇപ്പോൾ എനിക്കാണ് സ്വാതന്ത്യം, സ്വതന്ത്രയായ സ്ത്രീ. ഈ കണ്ണുകൾ ചൂഴ്ന്നെടുക്കാം, ഈ നാക്ക് മുറിച്ചുകളയാം, അല്ലെങ്കിൽ ഒരു കൈ മുറിച്ചുമാറ്റാം. പക്ഷേ ഒരു കൈ ഇല്ലെങ്കിലും, എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ പിച്ചിച്ചീന്താൻ ബാക്കി അവയവങ്ങൾ മതി നിനക്ക്. അത് ഇനി ഉണ്ടായിക്കൂടാ...”

  “എന്നെ കൊല്ലാനാണോ നിന്റെ ഉദ്ദേശം, എന്റെയാളുകൾ നിന്നെ........”
   “നിന്റെയാളുകൾ ഒന്നും അറിയാതിരിക്കാനുള്ള മുൻ കരുതലുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്...നിന്നെപ്പോലെയുള്ളവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി , പല അഭ്യാസങ്ങളും പഠിച്ച് ഞങ്ങളുണ്ടാക്കിയ ‘സ്ത്രീ സംരക്ഷണ സേന’യെ അറിയുമോ നിനക്ക്, അതായത് ‘സുരക്ഷ’യെന്ന സംഘടന.....”

   ‘സുരക്ഷ’യെന്ന വാക്ക് കേട്ടപ്പോൾത്തന്നെ അയാൾ ഭയന്ന് തേങ്ങിവിറയ്ക്കാൻ തുടങ്ങി.
                                                                                                   
(തുടരും)
 

Saturday, November 6, 2010

രഹസ്യങ്ങളുടെ കാവൽക്കാർ...

യക്ഷിയും പാലപ്പൂക്കളും (അവസാന ഭാഗം)


ഭാഗം ഒന്ന് 
ഭാഗം രണ്ട് 
ഭാഗം മൂന്ന്

കഥാപാത്രങ്ങൾ......
ഡാനിയേലച്ചൻ (പള്ളിവികാരി)
ലാസർ (അച്ചന്റെ സഹായി)
അലക്സ് (ഒമിയായുടെ കാമുകൻ)
ഗബ്രിയേൽ നെറ്റോ (ശ്രീമന്ദിരം ഉൾപ്പെടുന്ന സ്വത്തുക്കളുടെ അവകാശി)
ജോൺസ് നെറ്റോ (ഗബ്രിയേലിന്റെ സഹോദരൻ)
ലവീന  (ജോൺസിന്റെ  മകൾ)
ചെല്ലയ്യ (ശ്രീമന്ദിരത്തിന്റെ സൂക്ഷിപ്പുകാരൻ)
ഇൻസ്പെക്ടർ  റെക്സ്
ബാലു ഉൾപ്പെടെ നാലു പോലീസുകാർ
രണ്ടു  ജോലിക്കാർ
അന്തേവാസികളായ കുടുംബാംഗങ്ങൾ

*****************************************

രുണ്ട് ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്ത് ചുറ്റാകെ ടോർച്ച് തെളിച്ചുനോക്കിയ  റെക്സ്, മുമ്പിലുള്ള ഓരോ ഇടങ്ങളിലും തട്ടിനോക്കി. എതിർവശത്ത് ശൂന്യമാണെന്നുതോന്നിയ, ഒരു വിള്ളൽ കണ്ട ഭാഗത്ത് തള്ളിയപ്പോൾ  മുകളിലേയ്ക്കുള്ള ഒരു വാതിൽ തുറന്ന് വെളിച്ചവും വായുവും ഉള്ളിലേയ്ക്ക് കയറി. പുറത്തേയ്ക്ക് കയറിവന്നപ്പോൾ,  ലാസർ അടിയേറ്റു കിടന്ന സ്ഥലം.

മരക്കൂട്ടങ്ങൾക്കിടയിൽ നേരത്തേ വന്നുനിന്നിടത്ത് കുറേ പച്ചമുൾച്ചെടികളുണ്ടായിരുന്നത് മാറിക്കിടക്കുന്നു, അവിടെ താഴേയ്ക്കിറങ്ങാനുള്ള വാതിലാണ്.  അതടച്ചുനോക്കി. വാതിലിന്റെ പുറമുൾപ്പെടെ നിരന്ന് പച്ചപ്പുല്ലുകൾ. മുൾച്ചെടികൾനീക്കി മുകളിലേയ്ക്കിട്ടാൽ ആരും അവിടെ വന്നുനിൽക്കില്ല. അതിസമർത്ഥമായ നിർമ്മാണപദ്ധതി.  അരുവിയുടെ തീരത്തുവന്നുനോക്കി.  വെള്ളത്തിനപ്പുറത്തേയ്ക്ക് ജീപ്പോ കാറോ ഓടിക്കാനാവില്ല. അവിടെ അല്പം ആഴം കുറഞ്ഞ ഭാഗമായതിനാൽ, പുഴ കടന്ന് ആ രൂപം രക്ഷപ്പെട്ടിരിക്കണം.

അച്ചനും ബാലുവും അവിടെ വന്നെങ്കിലും, എല്ലാവരുംകൂടി താഴെ വന്ന് അലക്സിനെ പൊക്കിത്താങ്ങിപ്പിടിച്ച് പൂമുഖത്തു കൊണ്ടുവന്ന് ചരിച്ചുകിടത്തി. കൂടെ നിന്നവർ മുറിവുകളിലെ രക്തം തുടച്ചു വൃത്തിയാക്കി, മുഖത്ത് വെള്ളം തളിച്ചു. സംസാരിക്കാനുള്ള വ്യക്തത വന്നിട്ടില്ല, ചുരുക്കം ചില വാക്കുകൾമാത്രം പുറത്തുവന്നു-“ ലവീനയാണവൾ, അവളെ പിടിച്ചാലേ വിവരങ്ങളറിയൂ. അവളുടെ രണ്ടു ജോലിക്കാരാണ് എന്നെ പിടിച്ചുകെട്ടിയിട്ടത്. പിന്നെ..പിന്നെ.....”അലക്സ് മെല്ലെ മയക്കത്തിലേയ്ക്ക് മാറി.

അച്ചൻ ധൃതികൂട്ടി “അവളിപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാവും, പെട്ടെന്ന് ചെന്നാൽ ആ ജോലിക്കാരേയും പിടിക്കാം..”
റെക്സ് ഒരുമിനിറ്റ് ആലോചിച്ചു,‘ കാര്യങ്ങൾ താനുദ്ദേശിച്ച രീതിയിൽത്തന്നെ നടന്നിരിക്കണം.ഇനി വേഗത്തിൽ നീങ്ങിയില്ലെങ്കിൽ ഒരു മരണം സംഭവിച്ചേക്കാം...’ ചാടിയെഴുന്നേറ്റ് അച്ചനോട് എന്തൊക്കെയോ രഹസ്യമായി പറഞ്ഞു.  അലക്സിനെ പള്ളിയിൽ കൊണ്ടുപോയി ശുശ്രൂഷിക്കാൻ അച്ചനേയും, കൂടെ ഒരു കോൺസ്റ്റബിളിനേയും ഏല്പിച്ച് മറ്റു മൂന്നു പോലീസുകാരേയുംകൂട്ടി, ലവീനാ നെറ്റോയുടെ വീട്ടിലേയ്ക്ക് പോയി.

പട്ടേൽ റോഡിലെ വീടിന്റെ ഗേറ്റിനോടുചേർന്ന് വണ്ടിനിർത്തി നാലുപേരും ചാടിയിറങ്ങി. ഗേറ്റുതുറന്ന് ഉള്ളിൽക്കയറി, മുറ്റത്ത് രണ്ടുപേർ നിൽക്കുന്നു. അല്പം ബലാൽക്കാരത്തോടെ അവരെ പിടിച്ചുനിർത്തി ചോദ്യം ചെയ്തു. നെറ്റോസാർ മുകളിലുണ്ടെന്നും ലവീന അവിടെയില്ലെന്നും അറിയിച്ചുവെങ്കിലും, രാത്രി നടന്ന സംഭവങ്ങളിൽ അവർ പങ്കാളികളാണെന്ന് റെക്സിന് മനസ്സിലായി.

താഴെ സംഭാഷണം കേട്ട്  ജോൺസ് നെറ്റോ ഇറങ്ങിവന്ന്, രാവിലേമുതൽ മകളെ കാണാനില്ലെന്നും മറ്റൊന്നും തനിക്കറിഞ്ഞുകൂടെന്നും വളരെ ലാഘവത്തിൽ പറഞ്ഞു.

ബാലു അവിടെയുള്ള മുറികളൊക്കെ പരിശോധിച്ചു. അടച്ചിട്ടിരിക്കുന്ന ഒരു മുറി ബലമായി തള്ളിത്തുറന്ന്, പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷവുമായി ചിന്തിച്ചുകിടക്കുന്ന ഒരു വയസ്സനെക്കണ്ട്, കൂട്ടിക്കൊണ്ടുവന്നു.  മുഖസാദൃശ്യത്താൽ അത് ‘ ഗബ്രിയേൽ നെറ്റോ’ ആണെന്ന് മനസ്സിലാക്കി, തന്റെ നിഗമനം ശരിയായിവരുന്നുവെന്ന തൃപ്തിയോടെ എല്ലാവരേയും കൂട്ടി പള്ളിയിലേയ്ക്ക് വന്നു.

ഇത്രയും നേരത്തിനകം - അരുവിക്കരയിലൂടെ ഒരു സ്ത്രീ ഓടുന്നതുകണ്ട്, കുതിരലായം വൃത്തിയാക്കിക്കൊണ്ടുനിന്ന ചിലർ  അവളെ പിടികൂടി, ലവീനയാണെന്നറിഞ്ഞ്  പള്ളിയിൽ എത്തിച്ചു. അപ്പോഴും അവളുടെ കയ്യിൽ അലക്സിന്റെ മുറിവിൽ നിന്നുപറ്റിയ രക്തക്കറയുടെ നിറം മാറിയിട്ടില്ല.   മൃതദേഹം കൊണ്ടുവന്ന് വൃത്തിയാക്കി ചടങ്ങുകൾനടത്തി, കല്ലറയിൽ അടക്കം ചെയ്തുകഴിഞ്ഞു.

അലക്സൊഴികെ എല്ലാവരും ഒന്നിച്ചുകൂടി. മരണത്തിൽ നിന്നും രക്ഷപ്പെട്ട പ്രതീതി മുഖത്തു സ്ഫുരിക്കുന്ന  ഗബ്രിയേൽ നെറ്റോയെ കണ്ടതും അച്ചൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.  ആ രംഗം കണ്ട് അന്തേവാസികൾ ‘യഹോവ’യെ വിളിച്ച് പ്രാർഥിച്ച്, ഉപചാരപൂർവ്വം അദ്ദേഹത്തെ മുഖ്യമായ സ്ഥാനത്ത് ഉപവിഷ്ടനാക്കി.   അല്പം മാറി ഒരു കസേരയിൽ മുഖം പൊത്തി കുനിഞ്ഞിരുന്നു കരയുന്ന ലവീനയെ കണ്ടപ്പോൾ, ജോൺസ് നെറ്റോ അത്ഭുതപ്പെട്ടു.

ഒന്നുമറിയാതെ ആളുകൾ നോക്കിയും പറഞ്ഞും അരോചകമായിമാറിയ സമയം, റെക്സ് കയ്യുയർത്തി രംഗം ശാന്തമാക്കി.  “ ഇത്രയും വ്യക്തികൾ പരസ്പരം കാണുമ്പോഴുള്ള ഭാവപ്രകടനം എന്താണെന്നറിയാനാണ് , ഇങ്ങനെയൊരു സന്ദർഭമുണ്ടാക്കിയത്.  ലവീനയിൽ നിന്ന് തുടങ്ങാം, രാത്രി തീ പിടിപ്പിച്ച്  അലക്സിനെ കൊന്നത്  ലവീന...”  അവൾ ചാടിയെഴുന്നേറ്റു. ഒതുക്കമില്ലാത്ത തലമുടി, കരഞ്ഞുചുവന്നുകലങ്ങിയ കണ്ണുകൾ, മുട്ടിനൊപ്പം നനഞ്ഞ് കാലിലൊട്ടിപ്പിടിച്ച വസ്ത്രം.“ അല്ല അല്ല, ഒന്നും ഞാനല്ല ചെയ്തത്.....”

‘ഹാ എന്റെ അലക്സ്...’വിലപിക്കാൻ തുടങ്ങിയ ഗബ്രിയേലിനെ അച്ചൻ സാന്ത്വനിപ്പിച്ചു.  ജോലിക്കാരിൽ ഒരുവൻ ശബ്ദമുണ്ടാക്കി “ അല്ല സാർ, മാഡം ഒന്നും ചെയ്തിട്ടില്ല, അലക്സിനെ കൊന്നതുമില്ല. രാത്രി അതെല്ലാം ഞങ്ങളാ ചെയ്തത്.”  ഇതുകേട്ട്  ജോൺസ് ദ്വേഷ്യത്തോടെ അവനെ നോക്കി.
“ അതെ അതുതന്നെ, നിങ്ങളെക്കൊണ്ടു പറയിക്കാനാണ് ഇങ്ങനെ തുടങ്ങിയത്. ആരാണിതൊക്കെ ചെയ്യിപ്പിച്ചത്?”
“എല്ലാം ഈ ജോൺസ് സാറാ..”
“ജോൺസ്, എന്തൊക്കെയാണെന്ന് വിശദമായി പറഞ്ഞേ തീരൂ, എല്ലാവരുമറിയട്ടെ കാര്യങ്ങൾ...” പറയിപ്പിക്കാനുള്ള ദൃഢനിശ്ചയമാണെന്ന മട്ടിൽ റെക്സ് സൂക്ഷിച്ചുനോക്കി. എല്ലാം താറുമാറായി പരാജയപ്പെട്ട ജോൺസ്, പ്രതികാരഭാവം പൂണ്ട് ചാരിയിരുന്ന് പറഞ്ഞത്.

‘ താരാനാഥ് എന്ന വ്യവസായി  ഭാര്യ ശ്രീനന്ദിനിയുമൊത്ത് താമസിച്ചിരുന്ന വീടായിരുന്നു അത്. ക്രമേണ കടബാദ്ധ്യതകളേറിയപ്പോൾ, മുന്നൂറേക്കറോളം വരുന്ന ഈ വസ്തുവകകൾ വിറ്റ് അയാളുടെ ജന്മസ്ഥലത്തേയ്ക്ക് പോകാൻ നിർബന്ധിതനായി.പെട്ടെന്നുള്ള ജീവിതവ്യതിയാനത്തിൽ മനം നൊന്ത ശ്രീനന്ദിനി രോഗിയായി മരണപ്പെട്ടു. ശേഷം, ശ്രീമന്ദിരം എന്ന വീടും സമതലവും അരുവിയുടെ തീരം വരേയുമുള്ള സ്ഥലവും, ഗബ്രിയേലും ജോൺസും ചേർന്ന് വാങ്ങാൻ തീരുമാനിച്ചു.  എല്ലാ സ്വത്തുക്കളും ഗബ്രിയേലിന്റെ പേരിലാണ് എഴുതിയതെന്ന് പിന്നീടാണറിഞ്ഞത്.
അവർ ഒരു വീട്ടിലായിരുന്നപ്പോഴും ഈ സ്വത്തിന്റെ പേരിലുള്ള തർക്കം നിലനിൽക്കെ, അവിടെ   പ്രവാസിയായിവന്ന ഡാനിയേലച്ചന് അമ്പതേക്കർ സ്ഥലം ജോൺസിനോടു ചോദിക്കാതെ എഴുതിക്കൊടുത്തു. അതുമൂലം അച്ചനോടും വിരോധമുണ്ടായി.  

ഇത്രയുമായപ്പോൾ  ഗബ്രിയേലിന് ആ രഹസ്യം പറയേണ്ടിവന്നു. “ ഈ സ്വത്തുവകകളെല്ലാം വാങ്ങിയത്, തൊണ്ണൂറുശതമാനവും എന്റെ പണമാണ്. എങ്കിലും ഇതൊക്കെ വാങ്ങിയതിന്റെ പകുതി തുക  ജോൺസിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ആ വിവരം എനിക്കും അച്ചനും ഒമിയായ്ക്കും മാത്രമേ അറിയാമായിരുന്നുള്ളൂ...”
“എന്തുകൊണ്ട് എന്നെയത് അറിയിച്ചില്ല?” ജോൺസ് അത്ഭുതപ്പെട്ടു.
“വെറും സുഖിമാനായും ധാരാളിയായും ജീവിക്കുന്ന ജോൺസ് അതൊക്കെ നശിപ്പിച്ചാൽ ലവീനയുടെ ഗതി എന്താകും? അവൾക്കുവേണ്ടിയാണ് അത്രയും വലിയ തുക കരുതിയിട്ടുള്ളത്” അച്ചനത് ചൂണ്ടിപ്പറഞ്ഞപ്പോൾ,ബഹുമാനപൂർവ്വം ജോൺസ് സഹോദരനെ നോക്കി,തുടർന്നു.

പാലപ്പൂക്കളും അതിന്റെ ഗന്ധവും അമിതമായി ഇഷ്ടപ്പെട്ടിരുന്ന ഒമിയായ്ക്കുവേണ്ടി അത് ശേഖരിച്ച് കൊണ്ടുക്കൊടുക്കാൻ ജോലിക്കാരെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അലക്സുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ അവളെ ഉപദേശിച്ചു, അതിന് തയ്യാറായില്ല.
അടുത്ത പട്ടണത്തിലുള്ള ധനികനായ ഒരാളുടെ മകനാണെങ്കിലും, കുതിരപ്പന്തയത്തിൽ ഭ്രമം മൂത്തുനടക്കുന്ന അലക്സിന്, സ്വത്തിന്റെ ഒരു ഭാഗവും കൊടുക്കുകയില്ലെന്നും, വിവാഹം കഴിച്ച് നല്ല ജീവിതത്തിലാകാതെ അവന്റെ ജീവിതകാര്യങ്ങളിൽ  അവർ ഇടപെടുകയില്ലെന്നും അറിഞ്ഞു.

സകല വകകളും ഒമിയായുടെ പേരിലാവുകയും അലക്സുമായി ജീവിക്കുകയും ചെയ്താൽ തനിക്ക് പ്രയോജനമില്ലെന്നുകണ്ട്, ഒരു ക്രിസ്തുമസ് തലേന്നു രാത്രി അതിഥികളുമൊത്ത് ചടങ്ങുകൾ നടക്കുമ്പോൾ, അവൾ മരിച്ചു.
“മരിച്ചതല്ലല്ലൊ, കൊന്നതല്ലേ?”
“ശരിയാ സാറേ” ജോലിക്കാരൻ ധൈര്യമായി മുന്നോട്ടുവന്നു “ഭക്ഷണത്തിൽ വിഷംചേർത്ത് കഴിച്ചാ ഒമിയാമാഡം മരിച്ചത്, അതിന്റെ കേസ് ഇല്ലാതാക്കിയത് ഈ സാറാ. അന്ന് ഒരുപാട് പാലപ്പൂക്കള് ഞങ്ങള് കൊണ്ടുവന്ന് ആ വീട് നിറച്ച് വിതറിയിരുന്നു.”

റെക്സിന്റെ വിളിയും അച്ചന്റെ ആംഗ്യവുമായപ്പോൾ ക്ഷീണം മാറിത്തുടങ്ങിയ  അലക്സ് നടന്ന്, വയസ്സനായ ഗബ്രിയേലിന്റെ മുമ്പിൽ വന്ന് വന്ദിക്കുകയും അലക്സിന്റെ തലയിൽ കൈവച്ച് അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്തു.  അതുകണ്ട് ജോൺസ് അത്ഭുതവും മറ്റെല്ലാവരും സന്തോഷവും പ്രകടിപ്പിച്ചു.

അതിനുശേഷം ഗബ്രിയേൽ ഒറ്റയ്ക്കായിരുന്നപ്പോൾ പലപ്പോഴും അവർ രാത്രി വീട്ടിനുള്ളിൽ വരുമായിരുന്നു. ആ രൂപം കണ്ട പലരും അവിടെ  യക്ഷിയോ പ്രേതമോ ഉണ്ടെന്ന വിശ്വാസം ഉറപ്പിക്കാൻ, വരുമ്പോൾ പൂക്കളും വിതറുമായിരുന്നു.  ഒരിക്കൽ അതിൽ സംശയം തോന്നിയ ഗബ്രിയേലിനെ തന്റെ വീട്ടിൽ തടങ്കലിലാക്കി, ജോൺസ് നെറ്റോ.

അലക്സിനെ ആത്മാർത്ഥമായി  ലവീന സ്നേഹിക്കുന്നത് അറിയാവുന്ന ജോലിക്കാർ,അയാളെക്കണ്ട് അവിടം വിട്ടുപോകാൻ ഉപദേശിക്കാനാണ് വരാറുള്ളത്. ഒരിക്കൽ അലക്സാണെന്നു വിചാരിച്ച് മറ്റൊരാളിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ അയാൾ വിരണ്ടോടി, വീടിന്റെ പിന്നിലായി മുകളിൽ നിന്ന് താഴേയ്ക്ക് തെന്നിവീണു മരിച്ചു. ലാസറിന്റെ കൂട്ടുകാരനായ അയാളെ ഒമിയായെന്ന  യക്ഷി കൊന്നതാണെന്ന് പലരും വിശ്വസിച്ചു. പക്ഷേ ഇന്നലെ രാത്രി തീർത്തും കൊല്ലാനായി ഏല്പിച്ചുവിട്ടു,  രക്ഷിക്കാനായി ഏല്പിച്ചത്  ലവീനയും.

ലവീന കരച്ചിൽ നിർത്താതെ അലക്സിനെ നോക്കി. “ഞാനും രണ്ടു പ്രാവശ്യം അലക്സിനെ കാണാൻ വന്നിരുന്നു. ഒരിക്കൽ എന്റെ മുഖം ലാസർ കണ്ടതിനാൽ, പിന്നെ ഇന്നാണ് അലക്സിനെ കൊണ്ടുപോകാനായി വന്നത്...”
“ആകട്ടെ, രാത്രി കൃത്യമായി എന്തൊക്കെയാണ് ചെയ്തത്?” ജോലിക്കാരനോടായി  റെക്സ്.

“രാത്രി പത്തു മണിക്കുള്ള മണിയടി കേട്ടശേഷം ഞങ്ങൾ ശ്മശാനത്തിലെ കല്ലറ തുറന്ന് ആ ശവശരീരമെടുത്ത് കുതിരലായത്തിൽ കിടത്തി. പിന്നെ കൊണ്ടുവന്ന പാലപ്പൂക്കൾ മുറിനിറയെ വിതറി. മുഖം ആരും കാണാതിരിക്കാൻ കറുത്ത തുണികൊണ്ട് തല മൂടിയതുകാരണം, ജനലിന്റെ അടുത്തെത്താൻ ഒരു നിമിഷം ടോർച്ച് തെളിച്ചു.  ആ സമയത്ത് ഒരാൾ ലായത്തിലെ കച്ചിയിൽ തീ കൊളുത്തി. ഞാൻ ജനൽ വഴി നോക്കിയപ്പൊ  അലക്സും ചെല്ലയ്യായും സംസാരിക്കുന്നതും അലക്സ് ലായത്തിലേയ്ക്കോടുന്നതും കണ്ടു.  തീ പിടിച്ച് കുറേ എരിഞ്ഞപ്പൊ ഒരു കരിമ്പടമിട്ട് അലക്സിനെ പിടിച്ച്, മുറിക്കകത്ത് കൊണ്ടുവരുന്നവഴി വലിയ പിടിവലി നടത്തേണ്ടിവന്നു. പ്രതിമയുടെ ചുവട്ടിൽ വന്ന് ബോധം കെടാനുള്ള മരുന്ന് മൂക്കത്തു വച്ചപ്പൊ, അലക്സ് കുതറി ഞങ്ങളെ ആക്രമിച്ചു. ഞങ്ങളും കുറച്ചുപദ്രവിച്ചു. ഈ മുറിവുകളൊക്കെ അങ്ങനാ പറ്റിയത്. ബോധം പോയപ്പൊ പടികളിൽ ചാരിക്കിടത്തി കെട്ടുകളൊക്കെ കഴിഞ്ഞ് ഞങ്ങൾ പോയി.”

പിന്നെ ചോദ്യങ്ങൾ ലവീനയോടായി.അവൾ വിശദീകരിച്ചു ‘ അലക്സിനെ രക്ഷിച്ച് സ്വന്തമാക്കണമെന്ന തീരുമാനം ജോലിക്കാർക്കറിയാവുന്നതിനാൽ, ജോൺസ് നെറ്റോ ഏല്പിച്ച കൊലപാതകശ്രമം അവളെ അറിയിച്ചു.അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ്, ഇന്നലെ ഒരു ശവസംസ്കാരം നടക്കുന്ന വിവരം ജോലിക്കാരൻ പറഞ്ഞതും,ഇങ്ങനെയൊരാശയം നടപ്പിലാക്കാമെന്നേറ്റതും.  അതിനുവേണ്ടി ഒരു വലിയ തുക വാഗ്ദാനം ചെയ്തിരുന്നു. ഇത്രയുമായാൽ  അലക്സ് മരിച്ചെന്ന്  ജോൺസിനെ വിശ്വസിപ്പിച്ച്, ഇന്നു രാത്രി അലക്സിനേയും കൊണ്ട് അകലെ ഏതെങ്കിലും സ്ഥലത്തുപോയി രക്ഷപ്പെടാമെന്നും കരുതി.’

അതായത്  ഇന്നു രാത്രി കഴിഞ്ഞിരുന്നെങ്കിൽ, ആർക്കും പിടികൊടുക്കാതെ രണ്ടുപേർ പലായനം ചെയ്യുമായിരുന്നു.
ജോലിക്കാർ തിരിച്ചു വീട്ടിലെത്തുന്നതുവരെ അവൾക്ക് ക്ഷമിച്ചിരിക്കാനുള്ള മനസ്സുവന്നില്ല. രാത്രി രണ്ടുമണിക്ക്ശേഷം നദികടന്ന് തീരത്തുകൂടി മരക്കൂട്ടത്തിന്റെ ഭാഗത്ത് വന്നപ്പോൾ, അകലെ തീപിടിച്ച ലായത്തിലാകെ ബഹളം. മുഖം മാത്രം കാണത്തക്കവിധം കറുത്ത വസ്ത്രത്താൽ മൂടിപ്പുതച്ച് മുൾച്ചെടിയുടെ സമീപം വന്നതും, ഒരാൾ സൂക്ഷിച്ചുനോക്കി നടക്കുന്നു. അയാൾ തന്റെ മുഖം കണ്ടെന്നുമനസ്സിലായപ്പോൾ  കയ്യിൽകിട്ടിയ ഒരു തടിയെടുത്ത് അടിച്ചുവീഴ്ത്തിയിട്ട്, മുൾച്ചെടിമാറ്റി തറയിലെ വാതിൽ തുറന്ന് അകത്തുകയറി. അടിയേറ്റുകിടന്ന  ലാസറായിരുന്നു അത്.

ചിരപരിചിതമായ വഴിയായതിനാൽ, ബോധമില്ലാതെ ചാരിക്കിടന്ന അലക്സിന്റെ ചാരത്തെത്തി മുറിവുകളൊക്കെ തുടച്ചു വൃത്തിയാക്കി. അപ്പോൾ കൈനിറയെ രക്തം പുരണ്ടിരുന്നു. രാവിലെ ജനലിൽക്കൂടി നോക്കിയപ്പോൾ ഇൻസ്പെക്ടർ റെക്സ് അവിടെയിരുന്ന് ഇങ്ങോട്ടു ശ്രദ്ധിക്കുന്നതും, അച്ചൻ വന്നു വിളിക്കുന്നതും കണ്ടു.
“ അതെ, അപ്പോളാ മുഖമാണ് ഞാൻ കണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് ഞങ്ങൾ താഴെവന്ന് നിങ്ങളെ കണ്ടത്. അതുവരെ എന്തുകൊണ്ട് അലക്സിന്റെ കെട്ടുകളഴിച്ചില്ല?”
“ഞാൻ എന്റെ ജീവനെക്കാളുപരി അലക്സിനെയാണ് സ്നേഹിക്കുന്നത്, തിരിച്ച് എന്നോട് ആ സ്നേഹം ഉണ്ടായിട്ടില്ല. എല്ലാ വിവരങ്ങളും പറയാൻ ശ്രമിച്ചപ്പോൾ ബോധം കിട്ടുന്നുമില്ല. പിന്നെ, കെട്ടുകളഴിച്ചാൽ ബോധംതെളിയുമ്പോൾ പുറത്തുകടക്കും, എന്റെ എല്ലാ പദ്ധതികളും ഇല്ലാതാകും...ഞാൻ മരിച്ചാലും അലക്സിനെ ഡാഡിയുടെ പക്കൽ കിട്ടരുതെന്നായിരുന്നു എന്റെ തീരുമാനം............”

കൂടിനിന്നിരുന്ന അന്തേവാസികളായ സ്ത്രീകളുടെ വിദ്വേഷഭാവം പെട്ടെന്നുമാറി, കരുണാപൂർവ്വം  അനവരതം കരയുന്ന  ലവീനയുടെ കണ്ണുനീരൊപ്പി അവളെ ആശ്വസിപ്പിച്ചുതുടങ്ങി.

തുടർന്ന്  ജോൺസ് നെറ്റോ വന്ന്  ഗബ്രിയേലിന്റെ കൈകളിൽ പിടിച്ച് ക്ഷമ ചോദിക്കുകയും, മകൾ  ലവീനയുടെ ആത്മാർത്ഥമായ സ്നേഹത്തെ തനിക്ക് മനസ്സിലാക്കാൻ സാധിക്കാഞ്ഞതിൽ പശ്ചാത്തപിക്കുകയും, അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.

അലക്സ് ഇതെല്ലാം കണ്ട് ഒന്നും മിണ്ടാതെ കൈകൾതിരുമ്മി  അസ്വസ്ഥനായി ഇരുന്നു. അച്ചൻ  അവളുടെ ഗാഢമായ സ്നേഹത്തെപ്പറ്റിയും, ഇനി  കൂട്ടിനായി ആരുമില്ലാത്തതിനാൽ  ലവീനയെ അലക്സ് സ്വീകരിക്കണമെന്നും, അങ്ങനെ പുതിയൊരു ജീവിതത്തിന്  ‘കർത്താവായ യഹോവ’ അവസരമൊരുക്കിയതാണെന്നും, അതിനായി  ഗബ്രിയേൽ നെറ്റോ ആശീർവ്വദിക്കണമെന്നും ഒരു നിസ്വാർത്ഥപ്രസ്താവന നടത്തി. കൂടിനിന്നവരെല്ലാം അതംഗീകരിക്കുന്നവിധം പലതും പറയാൻ തുടങ്ങിയപ്പോൾ, ചെല്ലയ്യ വന്ന് ഭക്ഷണം ഒരുക്കിവച്ചതായി അച്ചനെ അറിയിച്ചു.

അച്ചൻ എല്ലാവരും കേൾക്കാനായി ഉച്ചത്തിൽ “ പ്രിയപ്പെട്ടവരും സ്നേഹസമ്പന്നരുമായ സഹോദരരേ, ഇവിടെയിപ്പോൾ നമ്മളെല്ലാം ഒന്നായിക്കഴിഞ്ഞിരിക്കുന്നു. സാഹചര്യങ്ങളും തെറ്റിദ്ധാരണകളുമാണ് മനുഷ്യനെ കുറ്റത്തിലേയ്ക്ക് നയിക്കുന്നത്.  കുറ്റം ചെയ്യുന്നവനും നന്മയുള്ളവനും ഒരേ ജീവനും രക്തവും തന്നെയാണുള്ളത്. തെറ്റിന്റെ ശിക്ഷ അല്പമെങ്കിലും അനുഭവിക്കേണ്ടിവരുന്നത് ദൈവത്തിന്റെ വിധി.  ഇപ്പോൾ വിശപ്പുമൂലം എല്ലാവരും ക്ഷീണിതരാണ്,  നമുക്ക് കൂട്ടുചേർന്ന് ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാം. എല്ലാം നിരത്തിവച്ചുകഴിഞ്ഞു.  ഇവിടെ വീടും പള്ളിയും നമ്മളും ചേരുന്ന ഈ കൊച്ചുരാജ്യത്തിന്റെ  ‘കൊച്ചു മാർപ്പാപ്പ’യായി, ആദരണീയനായ  ഗബ്രിയേൽ നെറ്റോയെ നമുക്ക് ആനയിച്ച് അവരോധിക്കാം....”

എല്ലാവരും ദൈവത്തിനെ സ്തുതിച്ച്  ഗബ്രിയേലിനെ വണങ്ങിയശേഷം, ഭക്ഷണത്തിനായി നിരന്നിരുന്നു. പ്രഥമസ്ഥാനത്ത്  ഗബ്രിയേലിനെ ഇരുത്തി. കുസൃതിക്കാരായ ചിലർ അച്ചന്റെ മൌനാനുവാദത്താൽ,  ലവീനയെ പിടിച്ച്  അലക്സിനൊപ്പമിരുത്തി. അടുത്ത്  ജോൺസ് നെറ്റോയും അച്ചനും റെക്സും ക്രമമായി ഇരുന്നു. പേടിയോടെ അകന്നുമാറിനിന്ന ജോലിക്കാരെ അച്ചൻ നിർബന്ധിച്ചു വിളിച്ച് അടുത്തിരുത്തി. ഇടയ്ക്ക്  റെക്സ്  അലക്സിനോട് ചില ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

അഹാരമൊക്കെ കഴിഞ്ഞ്  പരസ്പരം ഉപചാരങ്ങൾ നടത്തി.  റെക്സ് മറ്റുള്ളവരോടായി.. “ഞങ്ങൾ ഇന്നലെ രാത്രി ഇവിടെ വന്നതാണ്, ഇപ്പോൾ രാത്രി പതിനൊന്നുമണി കഴിഞ്ഞു.  ഈയൊരു ദിവസം നമുക്കുവേണ്ടി സൃഷ്ടിച്ചതാവാം.  എന്റെ ഉദ്യോഗജീവിതത്തിൽ, ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇത്രയും കാര്യങ്ങൾ സാധിക്കുന്നത് ആദ്യമാണ്.  ഈ ജോലിക്കാരേയും ജോൺസ് നെറ്റോയേയും ഞാൻ കൊണ്ടുപോകുകയാണ്,  ബാക്കി വിവരങ്ങൾ നാളെ ഞാനറിയിപ്പിക്കാം...”  പോലീസുകാർക്കൊപ്പം അവരേയുംകൂട്ടി  റെക്സ്  ജീപ്പിൽക്കയറി പുറപ്പെട്ടു.
അച്ചൻ അന്തേവാസികളെ പറഞ്ഞുവിട്ടു. തന്റെ കാലിൽതൊട്ടു കരയുന്ന  ലവീനയെ  ഗബ്രിയേൽ നെറ്റോയും അടുത്തുനിന്ന അച്ചനും സാന്ത്വനിപ്പിച്ചു.  

അപ്പോഴും ഒന്നും മിണ്ടിയിട്ടില്ലാത്ത  അലക്സ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ, സമതലത്തിനപ്പുറമുള്ള പാറയുടെ സമീപത്തേയ്ക്ക് നടന്നു.
.................മൌനനിമിഷങ്ങൾ  വഴുതിവീണു.............
ഇപ്പോൾ, അരുവിയിലെ വെള്ളത്തിൽ വലതു കാല്പാദം മുക്കി, പാഴ്ത്തടിയുടെ മുകളിൽ ചിന്താവിഷ്ടനായി  ഇരിക്കുകയാണ്  അലക്സ്.  തോളിൽ ഒരു നനുത്ത കൈ തൊട്ടു എന്നറിഞ്ഞപ്പോൾ  അവൻ തിരിഞ്ഞുനോക്കി.  തിളങ്ങുന്ന കണ്ണുകളും പ്രസരിപ്പുള്ള മുഖകാന്തിയും  അഴകാർന്ന മേനിയുമായി, ഒരു ‘യക്ഷി’യെപ്പോലെ നിന്ന്, ധാരധാരയായി കണ്ണുനീർ വീഴ്ത്തി  ലവീന  നോക്കുന്നു. അത്  ഒമിയ യാണോയെന്ന് ഒരുനിമിഷം സംശയിച്ചു.
അവൾ പതുക്കെ പറഞ്ഞു “ ഞാൻ പോകുകയാണ്  അലക്സ്, ഇനിയെനിക്ക് സമാധാനമായി.  എന്റെ അലക്സിനെ ഇനിയാരും ഉപദ്രവിക്കില്ല.....ഞാൻ തനിയെ ജീവിക്കാൻ തീരുമാനിച്ചു....അലക്സ്  മറ്റൊരു വിവാഹം കഴിച്ച്......” അതു തീർക്കാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനടന്നു.

പെട്ടെന്ന്  അലക്സ് അവളുടെ കയ്യിൽ പിടിച്ചുനിർത്തി.  വിഷാദത്താൽ അവന്റെ കണ്ണുകളും നിറഞ്ഞു ചുവന്നു വിങ്ങിയിരിക്കുന്നു.  അവനെഴുന്നേറ്റ്  അവളെ കെട്ടിപ്പിടിച്ചു,  തലയിൽ കൈവച്ച് മുടിയിലും നെറ്റിയിലും തടവി. അവളുടെ കവിളിലും ചുണ്ടുകളിലും തെരുതെരെ ചുംബിച്ചു.  രണ്ടുപേരുടേയും കണ്ണീർക്കണങ്ങൾ ഒന്നായി ലയിച്ചു.

കുളിരുമായിവന്ന ഇളംകാറ്റേറ്റ്, ചുടുചുംബനങ്ങളാൽ  അവർ ഉൾപ്പുളകം പൂണ്ടു.

അതു കണ്ടിട്ടാകാം, രാത്രി പന്ത്രണ്ടുമണിക്കുള്ള പള്ളിമണിയുടെ ശബ്ദം പോലും  കോരിത്തരിച്ചുപോയി..................................

ശുഭം.