Friday, July 30, 2010

ബ്ലോഗ്‌ വാരഫലം (ഒന്ന്‍ )

നിരന്തരം പോസ്റ്റുകളെക്കൊണ്ടുനിറയുന്ന ബൂലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ചിലതൊക്കെ മനസ്സിൽ ഉടക്കിനിൽക്കുന്നു . അതിൽ ചിലതു നിങ്ങൽക്കുമുൻപിൽ എടുത്തുകാണിക്കാനൊരു ശ്രമം. ഇനിയും ഞാൻ എത്തിപ്പെടാത്ത ധാരാളം ബ്ലോഗുകളുണ്ടെന്നറിയാം, വഴിയെ വന്നുകൊള്ളാം...
**************

എ ന്യൂമിസ്മാറ്റിക് ലവ് (കുമാര സംഭവങ്ങൾ)

പ്രേമത്തിന് ആയിരം കണ്ണുണ്ടെന്നാണ് സങ്കല്പം.നമ്മൾ പ്രേമിക്കുന്ന വ്യക്തിയുടെ മുഖത്തു നോക്കുമ്പോൾ ആയിരം രൂപങ്ങളുടെ കാന്തി നമ്മിൽ പ്രവേശിക്കുന്നു.പിന്നെ അതിനെ സ്വന്തമാക്കണമെന്നാഗ്രഹിക്കും.അങ്ങനെവന്നാൽ ഒന്നു സ്പർശിക്കണമെന്നും തുടർന്ന്,ഒന്നു കെട്ടിപ്പിടിക്കണമെന്നും പിന്നെ കടന്നു കാടുകയറാനുമുള്ള ഭിനിവേശവും...ഇത് എല്ലാ മനുഷ്യരിലുമുള്ള പ്രകൃതിവിലാസമാണല്ലോ. അതിനുവേണ്ടി എന്തു ധീരകൃത്യങ്ങളും ചെയ്യാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു.അതുമൂലമുണ്ടാകുന്ന അപകടങ്ങൾ വളരെ സകരമായി അവതരിപ്പിക്കുകയാണ് ‘കുമാരസംഭവങ്ങളി’ൽക്കൂടി ‘ന്യൂ മിസ്മാറ്റിക് ലവ്’ എന്ന നർമ്മവേദിയിൽ. ഒരു എവർമാറ്റിക് കഥ.

കട്ടുതിന്നുന്നതിന്റെ രുചി കെട്ടിയശേഷം തിന്നുന്നതിനുണ്ടാവില്ലെന്ന ചാപല്യസത്യം അനന്തരസംഭവങ്ങളിലൂടെ വിവരിച്ചുകാട്ടുകയും ‘പ്രേമിക്കുന്നവരേ,ഇതിലേ വരൂ..യെന്ന് മാടിവിളിക്കുകയും ചെയ്യുന്നു ഈ നർമ്മത്തിലൂടെ...
ചുംബനങ്ങൾ കൈമാറുന്നവർക്ക് പത്തുരൂപാനാണയമല്ല,പകരം എന്തുമാവാമെന്ന് വളരെ രസകരമായ ശൈലിയിൽ വായിക്കാം.

പതനം (ജുവൈരിയ സലാം)
‘ ഭയം മൂലമാണ് സ്തീ ഭർത്താവിന്റെ മുമ്പിൾ സാഷ്ടാംഗം വീണുകിടക്കുന്നത്’ ഇത് ലോകസാമാന്യഭാഷ്യം.‘പഞ്ചചൂഡാ’ എന്ന അപ്സരസ്സിനോട് സ്ത്രീയുടെ മനസ്സി
നെപ്പറ്റി നാരദമുനി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-“ഭർത്താവ്,ബന്ധുക്കൾ,
ദേശക്കാർ എന്നിവരെ പേടിച്ചാണ് ഏതു ഭാര്യമാരും പതിഭക്തിയായിരിക്കുന്നത്.
പണം,അഴക്,ആരോഗ്യം ഇവ മൂന്നിലുമാണ് സ്ത്രീകൾക്ക് താല്പര്യം........”
പാതിയുടെ ഹൃദയത്തിലെ ഒളിയമ്പ് ഒറ്റവരിയിൽത്തന്നെ തൊടുത്തുവിട്ട്
വായനക്കാരോട് ചില സത്യങ്ങൾ ബോധിപ്പിച്ച കൊച്ചുകഥ -ജുവൈരിയായുടെ
‘പതനം’. ചുരുക്കിയെഴുത്തിലെ വിജയം. പക്ഷേ,‘പതി’യെപ്പോലെ നാലുവയസ്സു-
കാരി മകളേയും വായനക്കാരിൽ പ്രതിഷ്ഠിക്കണമായിരുന്നു.
നല്ല ശൈലി.


'ഗ്രാമങ്ങൾ ഇനിയും ഉറങ്ങരുത്’ (പട്ടേപ്പാടം റാംജി)

അതായത് ‘ ജനങ്ങൾ ഇനിയെങ്കിലും ഉണരണം ’എന്ന സന്ദേശത്തോ-
ടുകൂടി പട്ടേപ്പാടം റാംജി യുടെ രസകരമായ എഴുത്ത്. ഇനിയും ഉണർന്നുപ്രവർത്തി-
ക്കേണ്ടിയിരിക്കുന്നു നമ്മുടെ ദേശവാസികൾ-പ്രത്യേകിച്ച് യുവാക്കൾ.
‘ മോണ്ടിക്രിസ്റ്റോ’യിലെ നായകനെപ്പോലെ ഭാഗ്യംകൊണ്ടോ,
‘പാവങ്ങളി’ലെ ..വാൾജീനിനെപ്പോലെ കപടസാമർഥ്യംകൊണ്ടോ എങ്ങനേയും
പണം വാരിക്കൂട്ടണം എന്നാണ് എല്ലാവരുടേയും ചിന്ത.
നല്ലത് ചെയ്യുന്നവർക്ക് ഒരു ശുഭഗുണവും തിന്മയിലൂടെ നീങ്ങിയാൽ ഒരു
ശിക്ഷയും കിട്ടുന്നതുകൂടി കാണിച്ചാൽ ഒരു സന്ദേശവുംകൂടി വായനക്കാർക്ക്
ലഭിക്കും.ഒരു കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചിക്കൊണ്ടു പറക്കുന്നു.അതിനെ
എവിടെക്കൊണ്ടിട്ടാലും ആരും ഒരു ചേതവും പ്രകടിപ്പിക്കില്ല.അത് ഒരു പാമ്പിനെയാണ്
കൊണ്ടുപോകുന്നതെങ്കിലോ, ഈ കഥ വായിക്കുന്നവർ അതിന്റെകൂടെ ഓടും,
ഓടണം എന്നാവാം കഥാകാരൻ വിചാരിക്കുന്നത്.
കഥയിലെ നായകൻ പണമാകുന്ന പാമ്പുമായി പായുന്നു.കൂടെ ഉദ്വേഗത്തോടെ,
നല്ല രചനയായതിനാൽ വായിച്ചുകൊണ്ട് നമുക്കും ഓടാം....മറക്കില്ലൊരിക്കലും (ലീല എം ചന്ദ്രന്‍..)
‘ ഉഷ’ ഓർക്കുന്നതാരെ ?
‘ബാണാസുര’നെപ്പറ്റി അറിയാമല്ലൊ, നമ്മുടെ മനസ്സുകളിൽ ഓണം പോലെ
വിരുന്നുവരുന്ന ‘മഹാബലി’യുടെ പുത്രൻ. ബാണന്റെ മകൾ ലോകൈകസുന്ദരിയായ
‘ഉഷ’ ഒരു സുന്ദരരൂപത്തെ സ്വപ്നം കണ്ടു. അതാരാണെന്ന് കണ്ടുപിടിക്കാനും കഴിയു-
ന്നില്ല. മന്ത്രിയുടെ മകൾ ചിത്രകാരിയായ ‘ചിത്രലേഖ’ പല മുഖങ്ങളും വരച്ചുകാണിച്ചെ-
ങ്കിലും അതൊന്നുമല്ലെന്ന് ഉഷ പറയുന്നു.അവസാനം ശ്രീകൃഷ്ണന്റെ മുഖം കണ്ട് ഇതുപോ
ലെതന്നെയെന്ന് പറയുമ്പോൾ, അദ്ദേഹത്തിന്റെ പുത്രൻ പ്രദ്യുമ്നനേയും പൌത്രൻ
‘അനിരുദ്ധ’നേയും വരച്ചു. ആ മുഖം കണ്ട് ആവലാതി പൂണ്ട് അന്വേഷിച്ചലയുകയായി.
ഒരു മാത്രയെങ്കിലും പ്രതിസ്ഫുരണമുണ്ടാക്കുന്ന ഒരു മുഖം നമ്മെ
നവരസങ്ങൾക്കടിമയാക്കുന്നു.അത് നമ്മിൽ വരുത്തിവയ്ക്കുന്ന ആകാംക്ഷയും
വിരസതയും പ്രതീക്ഷയും എങ്ങനെയെന്ന് അറിയണമെങ്കിൽ ലീല എം ചന്ദ്രൻ
നിനവുകളിൽ എഴുതിയ ‘മറക്കില്ലൊരിക്കലും’ എന്ന നല്ല കവിത വായിക്കുക.
ഉഷ നമ്മുടെയൊക്കെ മുഖം തേടിയലയുന്നത് കാണാം.
ഗദ്യകവിതകൾ ധാരാളം വരുന്ന കൂട്ടത്തിൽനിന്ന് ഒരു ലളിതമധുരമായ പദ്യം...

കർക്കടക നോവ് (എച്ചുമുവോട് ഉലകം)

എട്ടേട്ടു മഠത്തിലെ തിരുമേനിയുടെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന മൂപ്പൻ’
കോത,കുരിപ്പോൾമാരെ പഴയ ആദിവാസി ശൈലിയിൽത്തന്നെ ബൈനോക്കുലറി-
ലൂടെ കാട്ടിത്തരുന്നു.
‘രമണ’കർത്താവ് എഴുതിയ ‘വാഴക്കുല’യിൽ മലയപ്പുലയൻ വളരെ ആഗ്രഹത്തോ
ടെ നട്ട വാഴ വളർന്നു-കായ്‌വന്നു-പഴുത്തുതുടങ്ങി. തിരുമേനി വന്ന് ആ കുല വെട്ടിച്ച്
തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അടിയാന്റെ ഭാര്യയ്ക്കും മകനും മാത്ര-
മല്ല,നമുക്കും ദു:ഖം വരും.
വിഷാദത്തിൽ മുക്കി കാട്ടുഭാഷയുടെ ഈണത്തിൽ ഒഴുകിവരുമ്പോൾ, കാൽ-
വഴുതി ദേ കിടക്കുന്നു ചക്കപോലെ വട്ടുമൂപ്പനും പരിവാരവും.ഒരു നർമ്മത്തിനുവേണ്ടി
പാവത്താനെ മറിച്ചിടണമായിരുന്നോ സാറെ?പിന്നെ ചക്കയല്ലേ,അതെടുത്തെറിഞ്ഞ
പ്പോൾ അറിഞ്ഞ നോവ് എനിയ്ക്കും കിട്ടി.
നല്ല യുക്തി,നല്ല ശൈലി-ചില വാക്കുകൾ ഒന്നുകൂടി ഉരച്ച് മിനുസം വരുത്തി
സ്ക്രീനിൽ കൊടുത്താൽ ശോഭ വർദ്ധിക്കും...ഭാവുകങ്ങൾ....

***********

എന്റെ ഈ ഉദ്യമത്തേക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു...
(തുടരും)

Friday, July 23, 2010

ഒരു വയൽ‌പ്പാട്ട്

കൊയ്ത്തുകാലം വന്നേ...
കൊയ്തെടുക്കാൻ വന്നേ...
പുതിയ നെല്ലിൻ കൂമ്പാരങ്ങൾ
കുന്നുകൂടി വന്നേ...നമ്മ-
ളൊന്നുചേർന്നു വന്നേ...ഹൊയ്..നമ്മ-
ളൊന്നു ചേർന്നു വന്നേ....
കോറസ്:- നമ്മളൊന്നുചേർന്നു വന്നേ.....
കൊയ്ത്തുകാലം വന്നേ..........
ആൺ:- പച്ചിളംകിളി പൊങ്കതിരുകൾ നുള്ളിപ്പാറും നേരം
കൊച്ചരുവിയിലുടലുലർത്തുന്ന നല്ലിണപ്പെണ്ണാളേ
നെന്മണിക്കെട്ടെടുത്തുവാ-
നിന്മടിത്തട്ടൊരുക്കിത്താ---
(കൊയ്ത്തുകാലം...

പെൺ:- അരുണൻ കുങ്കുമകിരണങ്ങൾ വാരി വിതറിപ്പോകും മുൻപേ
അരിയ കറ്റകൾ മെതിച്ചുകൂട്ടി തീർത്തിടാമാണാളേ
നെല്ലറ നിറെ നിറച്ചുവാ-
നെഞ്ചകം ശയ്യയൊരുക്കിത്താ---
(കൊയ്ത്തുകാലം...

രണ്ടുപേരും:- മഴമുകിലുകൾ വിശറിയാൽ കുളിരഴകു പെയ്യുന്ന പാടം
കൊഴിഞ്ഞ മഞ്ഞണിത്തുകിലുമായ് കടമിഴികളാൽ വരവേല്പൂ
പൂമണവുമായ് കാറ്റേ വാ--
ഉന്മാദക്കുളിർ പൂശിത്താ---

കോറസ്:- പൂമണവുമായ് കാറ്റേ വാ--
ഉന്മാദക്കുളിർ പൂശിത്താ--- ഹൊയ്...
(കൊയ്ത്തുകാലം...

Tuesday, July 20, 2010

കാമസൂത്രം ഒന്നാം ദിവസം

നമ്മുടെയിടയിൽ നിന്നൊരു കാമൻ
നേതാവായി,-ട്ടെമ്മെല്ലേയായ്
എങ്ങോപോയിട്ടൊരുനാൾ വന്നൂ
എഴുനിലമാളിക ഓപ്പൺ ചെയ്യാൻ
തന്റേതായൊരു സൌധത്തിൽച്ചില
തന്റേടികളും വന്നു നിരങ്ങി....
പിന്നെയിലക്ഷൻ വന്നൊരു നേരം
മിന്നലുപോലവൻ എം പീ യായി
മുന്നണിപൊക്കിപ്പയ്യനെ ഡൽഹീൽ
മന്നവനാക്കീ കൊടിയതു തൂക്കീ.
പോളിറ്റിക്സവനറിയില്ലെങ്കിലും
പീ ഏ യൻപതുഡിഗ്രിക്കാരും....
------------------------------------------------
ഒരുനാളന്തിമയങ്ങുന്ന നേരത്തു പീയൂൺ
ഇരുകാതിലുമോതി “വന്നിട്ടുണ്ടൊരു കിളി
കൂട്ടിഞാൻ വരാം പക്ഷേ, കൂട്ടണം ചെലവേറെ
കിട്ടണമവൾക്കൊരു ഫ്ലാറ്റിന്റെയോണർഷിപ്പും
കൂട്ടണം ജോലിക്കായിട്ടവളേം ഭർത്താവിനേം
വീട്ടിലെനിക്കുപോകാൻ സ്കൂട്ടറൊന്നിന്നു വേണം....”
“നോ പ്രോബ്ല“മെന്നു ചൊല്ലീ ക്ഷണിച്ചാ പെൺകിളിയെ
വെപ്രാളമില്ലാതവൾ വന്നങ്ങു കിടപ്പായി...
പീയൂണങ്ങിറങ്ങിപ്പോയ് കതകടയ്ക്കും മുൻപേ
പാന്റഴിക്കുമ്പോൾ,അവളർദ്ധനഗ്നയായ്ത്തീർന്നു....
തിടുക്കം കാട്ടീവണ്ടി നാലഞ്ചു സ്റ്റേഷൻ കഴി-
ഞ്ഞുടനേ പീയൂൺ തലകാട്ടിപ്പറഞ്ഞു മെല്ലെ
“പണ്ടത്തെയൊരു സ്ഥിരം കസ്റ്റമർ പുറത്തിരി-
പ്പുണ്ട,തിക്രോധമിരിപ്പുള്ളിൽ സൂക്ഷിക്കണം...”
ആരെന്നു നോക്കീ യെം പി തന്മുഖം കണ്ടക്ഷണം
പോരിന്നു പോരുമ്പോലെ ചാടിവീണംബുജാക്ഷി
“പണ്ടു താൻ ചെയ്തോരെഗ്രിമെന്റിന്റെ കോപ്പിയിതാ
ഉണ്ടായതില്ലായെനിക്കൊന്നുമേയിന്നുവരെ
ഇന്നു ഞാൻ വാങ്ങിയിട്ടേ പോകൂ...”യെന്നുര ചെയ്തി-
ട്ടുന്നമായകത്തേയ്ക്കു നോക്കിയാൾ മദിരാക്ഷി.
അന്നം പോലഴകോടെ നിൽക്കുന്ന മേനികണ്ടി-
“ട്ടയ്യയ്യോ പൊന്നുമോളേ,നീയെന്നെ ചതിച്ചുവോ...”
വിലപിച്ചാളന്നേരം; സാരിയെടുത്തുചുറ്റി
എലിയെപ്പോലെ ചാടിയോടിനാൻ പയ്യനപ്പോൾ...
ബോധമേയില്ലാചഞ്ചലാക്ഷി വീണി,ക്ഷിതിയിൽ
ബാധപോൽ ക്യാമറകൾ മിന്നുന്നുണ്ടൊളിപാറി...
അപ്പോഴും കേൾക്കാം പുറത്തേഴെട്ടു ചെന്നായകൾ
‘ എം പീ സ്സാർ കീജേ...,യെന്ന ഓരിയി,ട്ടാടിയാടി...
...........................................

Friday, July 9, 2010

പ്രണയഗാനം...

മാനസപ്പൊയ്കയിലിന്ന്‌ -ഒരു
താമരത്തോണിയിലേറി
ഒഴുകിവരൂ സുരകന്യകേ രതിഭാവനടനമാടാൻ
രതിഭാവനടനമാടാൻ
മാനസ.
ഹൃദയാന്തരംഗത്തിൽ ഒരുവർണ്ണചിത്രമായ്
ഒരിക്കലും മായാതെയിരുന്നെങ്കിൽ
എന്നനുരാഗമാം സൗഗന്ധികപ്പൂക്കൾ
കോർത്തുഞ്ഞാനോമലേ നിനക്കു ചാർത്തും
മാനസ...
സൗവർണ്ണവീണയിൽ സ്വരരാഗഗംഗയായ്
ഒഴുകിയെന്നകതാരിലുതിർന്നെങ്കിൽ
ശ്രുതിമീട്ടി ലയതാളസ്പന്ദനമായ് നിന്നിൽ
പെയ്തുഞ്ഞാനോമലേ ലയിച്ചുചേരും
മാനസ..............