Saturday, November 6, 2010

രഹസ്യങ്ങളുടെ കാവൽക്കാർ...

യക്ഷിയും പാലപ്പൂക്കളും (അവസാന ഭാഗം)


ഭാഗം ഒന്ന് 
ഭാഗം രണ്ട് 
ഭാഗം മൂന്ന്

കഥാപാത്രങ്ങൾ......
ഡാനിയേലച്ചൻ (പള്ളിവികാരി)
ലാസർ (അച്ചന്റെ സഹായി)
അലക്സ് (ഒമിയായുടെ കാമുകൻ)
ഗബ്രിയേൽ നെറ്റോ (ശ്രീമന്ദിരം ഉൾപ്പെടുന്ന സ്വത്തുക്കളുടെ അവകാശി)
ജോൺസ് നെറ്റോ (ഗബ്രിയേലിന്റെ സഹോദരൻ)
ലവീന  (ജോൺസിന്റെ  മകൾ)
ചെല്ലയ്യ (ശ്രീമന്ദിരത്തിന്റെ സൂക്ഷിപ്പുകാരൻ)
ഇൻസ്പെക്ടർ  റെക്സ്
ബാലു ഉൾപ്പെടെ നാലു പോലീസുകാർ
രണ്ടു  ജോലിക്കാർ
അന്തേവാസികളായ കുടുംബാംഗങ്ങൾ

*****************************************

രുണ്ട് ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്ത് ചുറ്റാകെ ടോർച്ച് തെളിച്ചുനോക്കിയ  റെക്സ്, മുമ്പിലുള്ള ഓരോ ഇടങ്ങളിലും തട്ടിനോക്കി. എതിർവശത്ത് ശൂന്യമാണെന്നുതോന്നിയ, ഒരു വിള്ളൽ കണ്ട ഭാഗത്ത് തള്ളിയപ്പോൾ  മുകളിലേയ്ക്കുള്ള ഒരു വാതിൽ തുറന്ന് വെളിച്ചവും വായുവും ഉള്ളിലേയ്ക്ക് കയറി. പുറത്തേയ്ക്ക് കയറിവന്നപ്പോൾ,  ലാസർ അടിയേറ്റു കിടന്ന സ്ഥലം.

മരക്കൂട്ടങ്ങൾക്കിടയിൽ നേരത്തേ വന്നുനിന്നിടത്ത് കുറേ പച്ചമുൾച്ചെടികളുണ്ടായിരുന്നത് മാറിക്കിടക്കുന്നു, അവിടെ താഴേയ്ക്കിറങ്ങാനുള്ള വാതിലാണ്.  അതടച്ചുനോക്കി. വാതിലിന്റെ പുറമുൾപ്പെടെ നിരന്ന് പച്ചപ്പുല്ലുകൾ. മുൾച്ചെടികൾനീക്കി മുകളിലേയ്ക്കിട്ടാൽ ആരും അവിടെ വന്നുനിൽക്കില്ല. അതിസമർത്ഥമായ നിർമ്മാണപദ്ധതി.  അരുവിയുടെ തീരത്തുവന്നുനോക്കി.  വെള്ളത്തിനപ്പുറത്തേയ്ക്ക് ജീപ്പോ കാറോ ഓടിക്കാനാവില്ല. അവിടെ അല്പം ആഴം കുറഞ്ഞ ഭാഗമായതിനാൽ, പുഴ കടന്ന് ആ രൂപം രക്ഷപ്പെട്ടിരിക്കണം.

അച്ചനും ബാലുവും അവിടെ വന്നെങ്കിലും, എല്ലാവരുംകൂടി താഴെ വന്ന് അലക്സിനെ പൊക്കിത്താങ്ങിപ്പിടിച്ച് പൂമുഖത്തു കൊണ്ടുവന്ന് ചരിച്ചുകിടത്തി. കൂടെ നിന്നവർ മുറിവുകളിലെ രക്തം തുടച്ചു വൃത്തിയാക്കി, മുഖത്ത് വെള്ളം തളിച്ചു. സംസാരിക്കാനുള്ള വ്യക്തത വന്നിട്ടില്ല, ചുരുക്കം ചില വാക്കുകൾമാത്രം പുറത്തുവന്നു-“ ലവീനയാണവൾ, അവളെ പിടിച്ചാലേ വിവരങ്ങളറിയൂ. അവളുടെ രണ്ടു ജോലിക്കാരാണ് എന്നെ പിടിച്ചുകെട്ടിയിട്ടത്. പിന്നെ..പിന്നെ.....”അലക്സ് മെല്ലെ മയക്കത്തിലേയ്ക്ക് മാറി.

അച്ചൻ ധൃതികൂട്ടി “അവളിപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാവും, പെട്ടെന്ന് ചെന്നാൽ ആ ജോലിക്കാരേയും പിടിക്കാം..”
റെക്സ് ഒരുമിനിറ്റ് ആലോചിച്ചു,‘ കാര്യങ്ങൾ താനുദ്ദേശിച്ച രീതിയിൽത്തന്നെ നടന്നിരിക്കണം.ഇനി വേഗത്തിൽ നീങ്ങിയില്ലെങ്കിൽ ഒരു മരണം സംഭവിച്ചേക്കാം...’ ചാടിയെഴുന്നേറ്റ് അച്ചനോട് എന്തൊക്കെയോ രഹസ്യമായി പറഞ്ഞു.  അലക്സിനെ പള്ളിയിൽ കൊണ്ടുപോയി ശുശ്രൂഷിക്കാൻ അച്ചനേയും, കൂടെ ഒരു കോൺസ്റ്റബിളിനേയും ഏല്പിച്ച് മറ്റു മൂന്നു പോലീസുകാരേയുംകൂട്ടി, ലവീനാ നെറ്റോയുടെ വീട്ടിലേയ്ക്ക് പോയി.

പട്ടേൽ റോഡിലെ വീടിന്റെ ഗേറ്റിനോടുചേർന്ന് വണ്ടിനിർത്തി നാലുപേരും ചാടിയിറങ്ങി. ഗേറ്റുതുറന്ന് ഉള്ളിൽക്കയറി, മുറ്റത്ത് രണ്ടുപേർ നിൽക്കുന്നു. അല്പം ബലാൽക്കാരത്തോടെ അവരെ പിടിച്ചുനിർത്തി ചോദ്യം ചെയ്തു. നെറ്റോസാർ മുകളിലുണ്ടെന്നും ലവീന അവിടെയില്ലെന്നും അറിയിച്ചുവെങ്കിലും, രാത്രി നടന്ന സംഭവങ്ങളിൽ അവർ പങ്കാളികളാണെന്ന് റെക്സിന് മനസ്സിലായി.

താഴെ സംഭാഷണം കേട്ട്  ജോൺസ് നെറ്റോ ഇറങ്ങിവന്ന്, രാവിലേമുതൽ മകളെ കാണാനില്ലെന്നും മറ്റൊന്നും തനിക്കറിഞ്ഞുകൂടെന്നും വളരെ ലാഘവത്തിൽ പറഞ്ഞു.

ബാലു അവിടെയുള്ള മുറികളൊക്കെ പരിശോധിച്ചു. അടച്ചിട്ടിരിക്കുന്ന ഒരു മുറി ബലമായി തള്ളിത്തുറന്ന്, പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷവുമായി ചിന്തിച്ചുകിടക്കുന്ന ഒരു വയസ്സനെക്കണ്ട്, കൂട്ടിക്കൊണ്ടുവന്നു.  മുഖസാദൃശ്യത്താൽ അത് ‘ ഗബ്രിയേൽ നെറ്റോ’ ആണെന്ന് മനസ്സിലാക്കി, തന്റെ നിഗമനം ശരിയായിവരുന്നുവെന്ന തൃപ്തിയോടെ എല്ലാവരേയും കൂട്ടി പള്ളിയിലേയ്ക്ക് വന്നു.

ഇത്രയും നേരത്തിനകം - അരുവിക്കരയിലൂടെ ഒരു സ്ത്രീ ഓടുന്നതുകണ്ട്, കുതിരലായം വൃത്തിയാക്കിക്കൊണ്ടുനിന്ന ചിലർ  അവളെ പിടികൂടി, ലവീനയാണെന്നറിഞ്ഞ്  പള്ളിയിൽ എത്തിച്ചു. അപ്പോഴും അവളുടെ കയ്യിൽ അലക്സിന്റെ മുറിവിൽ നിന്നുപറ്റിയ രക്തക്കറയുടെ നിറം മാറിയിട്ടില്ല.   മൃതദേഹം കൊണ്ടുവന്ന് വൃത്തിയാക്കി ചടങ്ങുകൾനടത്തി, കല്ലറയിൽ അടക്കം ചെയ്തുകഴിഞ്ഞു.

അലക്സൊഴികെ എല്ലാവരും ഒന്നിച്ചുകൂടി. മരണത്തിൽ നിന്നും രക്ഷപ്പെട്ട പ്രതീതി മുഖത്തു സ്ഫുരിക്കുന്ന  ഗബ്രിയേൽ നെറ്റോയെ കണ്ടതും അച്ചൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.  ആ രംഗം കണ്ട് അന്തേവാസികൾ ‘യഹോവ’യെ വിളിച്ച് പ്രാർഥിച്ച്, ഉപചാരപൂർവ്വം അദ്ദേഹത്തെ മുഖ്യമായ സ്ഥാനത്ത് ഉപവിഷ്ടനാക്കി.   അല്പം മാറി ഒരു കസേരയിൽ മുഖം പൊത്തി കുനിഞ്ഞിരുന്നു കരയുന്ന ലവീനയെ കണ്ടപ്പോൾ, ജോൺസ് നെറ്റോ അത്ഭുതപ്പെട്ടു.

ഒന്നുമറിയാതെ ആളുകൾ നോക്കിയും പറഞ്ഞും അരോചകമായിമാറിയ സമയം, റെക്സ് കയ്യുയർത്തി രംഗം ശാന്തമാക്കി.  “ ഇത്രയും വ്യക്തികൾ പരസ്പരം കാണുമ്പോഴുള്ള ഭാവപ്രകടനം എന്താണെന്നറിയാനാണ് , ഇങ്ങനെയൊരു സന്ദർഭമുണ്ടാക്കിയത്.  ലവീനയിൽ നിന്ന് തുടങ്ങാം, രാത്രി തീ പിടിപ്പിച്ച്  അലക്സിനെ കൊന്നത്  ലവീന...”  അവൾ ചാടിയെഴുന്നേറ്റു. ഒതുക്കമില്ലാത്ത തലമുടി, കരഞ്ഞുചുവന്നുകലങ്ങിയ കണ്ണുകൾ, മുട്ടിനൊപ്പം നനഞ്ഞ് കാലിലൊട്ടിപ്പിടിച്ച വസ്ത്രം.“ അല്ല അല്ല, ഒന്നും ഞാനല്ല ചെയ്തത്.....”

‘ഹാ എന്റെ അലക്സ്...’വിലപിക്കാൻ തുടങ്ങിയ ഗബ്രിയേലിനെ അച്ചൻ സാന്ത്വനിപ്പിച്ചു.  ജോലിക്കാരിൽ ഒരുവൻ ശബ്ദമുണ്ടാക്കി “ അല്ല സാർ, മാഡം ഒന്നും ചെയ്തിട്ടില്ല, അലക്സിനെ കൊന്നതുമില്ല. രാത്രി അതെല്ലാം ഞങ്ങളാ ചെയ്തത്.”  ഇതുകേട്ട്  ജോൺസ് ദ്വേഷ്യത്തോടെ അവനെ നോക്കി.
“ അതെ അതുതന്നെ, നിങ്ങളെക്കൊണ്ടു പറയിക്കാനാണ് ഇങ്ങനെ തുടങ്ങിയത്. ആരാണിതൊക്കെ ചെയ്യിപ്പിച്ചത്?”
“എല്ലാം ഈ ജോൺസ് സാറാ..”
“ജോൺസ്, എന്തൊക്കെയാണെന്ന് വിശദമായി പറഞ്ഞേ തീരൂ, എല്ലാവരുമറിയട്ടെ കാര്യങ്ങൾ...” പറയിപ്പിക്കാനുള്ള ദൃഢനിശ്ചയമാണെന്ന മട്ടിൽ റെക്സ് സൂക്ഷിച്ചുനോക്കി. എല്ലാം താറുമാറായി പരാജയപ്പെട്ട ജോൺസ്, പ്രതികാരഭാവം പൂണ്ട് ചാരിയിരുന്ന് പറഞ്ഞത്.

‘ താരാനാഥ് എന്ന വ്യവസായി  ഭാര്യ ശ്രീനന്ദിനിയുമൊത്ത് താമസിച്ചിരുന്ന വീടായിരുന്നു അത്. ക്രമേണ കടബാദ്ധ്യതകളേറിയപ്പോൾ, മുന്നൂറേക്കറോളം വരുന്ന ഈ വസ്തുവകകൾ വിറ്റ് അയാളുടെ ജന്മസ്ഥലത്തേയ്ക്ക് പോകാൻ നിർബന്ധിതനായി.പെട്ടെന്നുള്ള ജീവിതവ്യതിയാനത്തിൽ മനം നൊന്ത ശ്രീനന്ദിനി രോഗിയായി മരണപ്പെട്ടു. ശേഷം, ശ്രീമന്ദിരം എന്ന വീടും സമതലവും അരുവിയുടെ തീരം വരേയുമുള്ള സ്ഥലവും, ഗബ്രിയേലും ജോൺസും ചേർന്ന് വാങ്ങാൻ തീരുമാനിച്ചു.  എല്ലാ സ്വത്തുക്കളും ഗബ്രിയേലിന്റെ പേരിലാണ് എഴുതിയതെന്ന് പിന്നീടാണറിഞ്ഞത്.
അവർ ഒരു വീട്ടിലായിരുന്നപ്പോഴും ഈ സ്വത്തിന്റെ പേരിലുള്ള തർക്കം നിലനിൽക്കെ, അവിടെ   പ്രവാസിയായിവന്ന ഡാനിയേലച്ചന് അമ്പതേക്കർ സ്ഥലം ജോൺസിനോടു ചോദിക്കാതെ എഴുതിക്കൊടുത്തു. അതുമൂലം അച്ചനോടും വിരോധമുണ്ടായി.  

ഇത്രയുമായപ്പോൾ  ഗബ്രിയേലിന് ആ രഹസ്യം പറയേണ്ടിവന്നു. “ ഈ സ്വത്തുവകകളെല്ലാം വാങ്ങിയത്, തൊണ്ണൂറുശതമാനവും എന്റെ പണമാണ്. എങ്കിലും ഇതൊക്കെ വാങ്ങിയതിന്റെ പകുതി തുക  ജോൺസിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ആ വിവരം എനിക്കും അച്ചനും ഒമിയായ്ക്കും മാത്രമേ അറിയാമായിരുന്നുള്ളൂ...”
“എന്തുകൊണ്ട് എന്നെയത് അറിയിച്ചില്ല?” ജോൺസ് അത്ഭുതപ്പെട്ടു.
“വെറും സുഖിമാനായും ധാരാളിയായും ജീവിക്കുന്ന ജോൺസ് അതൊക്കെ നശിപ്പിച്ചാൽ ലവീനയുടെ ഗതി എന്താകും? അവൾക്കുവേണ്ടിയാണ് അത്രയും വലിയ തുക കരുതിയിട്ടുള്ളത്” അച്ചനത് ചൂണ്ടിപ്പറഞ്ഞപ്പോൾ,ബഹുമാനപൂർവ്വം ജോൺസ് സഹോദരനെ നോക്കി,തുടർന്നു.

പാലപ്പൂക്കളും അതിന്റെ ഗന്ധവും അമിതമായി ഇഷ്ടപ്പെട്ടിരുന്ന ഒമിയായ്ക്കുവേണ്ടി അത് ശേഖരിച്ച് കൊണ്ടുക്കൊടുക്കാൻ ജോലിക്കാരെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അലക്സുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ അവളെ ഉപദേശിച്ചു, അതിന് തയ്യാറായില്ല.
അടുത്ത പട്ടണത്തിലുള്ള ധനികനായ ഒരാളുടെ മകനാണെങ്കിലും, കുതിരപ്പന്തയത്തിൽ ഭ്രമം മൂത്തുനടക്കുന്ന അലക്സിന്, സ്വത്തിന്റെ ഒരു ഭാഗവും കൊടുക്കുകയില്ലെന്നും, വിവാഹം കഴിച്ച് നല്ല ജീവിതത്തിലാകാതെ അവന്റെ ജീവിതകാര്യങ്ങളിൽ  അവർ ഇടപെടുകയില്ലെന്നും അറിഞ്ഞു.

സകല വകകളും ഒമിയായുടെ പേരിലാവുകയും അലക്സുമായി ജീവിക്കുകയും ചെയ്താൽ തനിക്ക് പ്രയോജനമില്ലെന്നുകണ്ട്, ഒരു ക്രിസ്തുമസ് തലേന്നു രാത്രി അതിഥികളുമൊത്ത് ചടങ്ങുകൾ നടക്കുമ്പോൾ, അവൾ മരിച്ചു.
“മരിച്ചതല്ലല്ലൊ, കൊന്നതല്ലേ?”
“ശരിയാ സാറേ” ജോലിക്കാരൻ ധൈര്യമായി മുന്നോട്ടുവന്നു “ഭക്ഷണത്തിൽ വിഷംചേർത്ത് കഴിച്ചാ ഒമിയാമാഡം മരിച്ചത്, അതിന്റെ കേസ് ഇല്ലാതാക്കിയത് ഈ സാറാ. അന്ന് ഒരുപാട് പാലപ്പൂക്കള് ഞങ്ങള് കൊണ്ടുവന്ന് ആ വീട് നിറച്ച് വിതറിയിരുന്നു.”

റെക്സിന്റെ വിളിയും അച്ചന്റെ ആംഗ്യവുമായപ്പോൾ ക്ഷീണം മാറിത്തുടങ്ങിയ  അലക്സ് നടന്ന്, വയസ്സനായ ഗബ്രിയേലിന്റെ മുമ്പിൽ വന്ന് വന്ദിക്കുകയും അലക്സിന്റെ തലയിൽ കൈവച്ച് അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്തു.  അതുകണ്ട് ജോൺസ് അത്ഭുതവും മറ്റെല്ലാവരും സന്തോഷവും പ്രകടിപ്പിച്ചു.

അതിനുശേഷം ഗബ്രിയേൽ ഒറ്റയ്ക്കായിരുന്നപ്പോൾ പലപ്പോഴും അവർ രാത്രി വീട്ടിനുള്ളിൽ വരുമായിരുന്നു. ആ രൂപം കണ്ട പലരും അവിടെ  യക്ഷിയോ പ്രേതമോ ഉണ്ടെന്ന വിശ്വാസം ഉറപ്പിക്കാൻ, വരുമ്പോൾ പൂക്കളും വിതറുമായിരുന്നു.  ഒരിക്കൽ അതിൽ സംശയം തോന്നിയ ഗബ്രിയേലിനെ തന്റെ വീട്ടിൽ തടങ്കലിലാക്കി, ജോൺസ് നെറ്റോ.

അലക്സിനെ ആത്മാർത്ഥമായി  ലവീന സ്നേഹിക്കുന്നത് അറിയാവുന്ന ജോലിക്കാർ,അയാളെക്കണ്ട് അവിടം വിട്ടുപോകാൻ ഉപദേശിക്കാനാണ് വരാറുള്ളത്. ഒരിക്കൽ അലക്സാണെന്നു വിചാരിച്ച് മറ്റൊരാളിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ അയാൾ വിരണ്ടോടി, വീടിന്റെ പിന്നിലായി മുകളിൽ നിന്ന് താഴേയ്ക്ക് തെന്നിവീണു മരിച്ചു. ലാസറിന്റെ കൂട്ടുകാരനായ അയാളെ ഒമിയായെന്ന  യക്ഷി കൊന്നതാണെന്ന് പലരും വിശ്വസിച്ചു. പക്ഷേ ഇന്നലെ രാത്രി തീർത്തും കൊല്ലാനായി ഏല്പിച്ചുവിട്ടു,  രക്ഷിക്കാനായി ഏല്പിച്ചത്  ലവീനയും.

ലവീന കരച്ചിൽ നിർത്താതെ അലക്സിനെ നോക്കി. “ഞാനും രണ്ടു പ്രാവശ്യം അലക്സിനെ കാണാൻ വന്നിരുന്നു. ഒരിക്കൽ എന്റെ മുഖം ലാസർ കണ്ടതിനാൽ, പിന്നെ ഇന്നാണ് അലക്സിനെ കൊണ്ടുപോകാനായി വന്നത്...”
“ആകട്ടെ, രാത്രി കൃത്യമായി എന്തൊക്കെയാണ് ചെയ്തത്?” ജോലിക്കാരനോടായി  റെക്സ്.

“രാത്രി പത്തു മണിക്കുള്ള മണിയടി കേട്ടശേഷം ഞങ്ങൾ ശ്മശാനത്തിലെ കല്ലറ തുറന്ന് ആ ശവശരീരമെടുത്ത് കുതിരലായത്തിൽ കിടത്തി. പിന്നെ കൊണ്ടുവന്ന പാലപ്പൂക്കൾ മുറിനിറയെ വിതറി. മുഖം ആരും കാണാതിരിക്കാൻ കറുത്ത തുണികൊണ്ട് തല മൂടിയതുകാരണം, ജനലിന്റെ അടുത്തെത്താൻ ഒരു നിമിഷം ടോർച്ച് തെളിച്ചു.  ആ സമയത്ത് ഒരാൾ ലായത്തിലെ കച്ചിയിൽ തീ കൊളുത്തി. ഞാൻ ജനൽ വഴി നോക്കിയപ്പൊ  അലക്സും ചെല്ലയ്യായും സംസാരിക്കുന്നതും അലക്സ് ലായത്തിലേയ്ക്കോടുന്നതും കണ്ടു.  തീ പിടിച്ച് കുറേ എരിഞ്ഞപ്പൊ ഒരു കരിമ്പടമിട്ട് അലക്സിനെ പിടിച്ച്, മുറിക്കകത്ത് കൊണ്ടുവരുന്നവഴി വലിയ പിടിവലി നടത്തേണ്ടിവന്നു. പ്രതിമയുടെ ചുവട്ടിൽ വന്ന് ബോധം കെടാനുള്ള മരുന്ന് മൂക്കത്തു വച്ചപ്പൊ, അലക്സ് കുതറി ഞങ്ങളെ ആക്രമിച്ചു. ഞങ്ങളും കുറച്ചുപദ്രവിച്ചു. ഈ മുറിവുകളൊക്കെ അങ്ങനാ പറ്റിയത്. ബോധം പോയപ്പൊ പടികളിൽ ചാരിക്കിടത്തി കെട്ടുകളൊക്കെ കഴിഞ്ഞ് ഞങ്ങൾ പോയി.”

പിന്നെ ചോദ്യങ്ങൾ ലവീനയോടായി.അവൾ വിശദീകരിച്ചു ‘ അലക്സിനെ രക്ഷിച്ച് സ്വന്തമാക്കണമെന്ന തീരുമാനം ജോലിക്കാർക്കറിയാവുന്നതിനാൽ, ജോൺസ് നെറ്റോ ഏല്പിച്ച കൊലപാതകശ്രമം അവളെ അറിയിച്ചു.അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ്, ഇന്നലെ ഒരു ശവസംസ്കാരം നടക്കുന്ന വിവരം ജോലിക്കാരൻ പറഞ്ഞതും,ഇങ്ങനെയൊരാശയം നടപ്പിലാക്കാമെന്നേറ്റതും.  അതിനുവേണ്ടി ഒരു വലിയ തുക വാഗ്ദാനം ചെയ്തിരുന്നു. ഇത്രയുമായാൽ  അലക്സ് മരിച്ചെന്ന്  ജോൺസിനെ വിശ്വസിപ്പിച്ച്, ഇന്നു രാത്രി അലക്സിനേയും കൊണ്ട് അകലെ ഏതെങ്കിലും സ്ഥലത്തുപോയി രക്ഷപ്പെടാമെന്നും കരുതി.’

അതായത്  ഇന്നു രാത്രി കഴിഞ്ഞിരുന്നെങ്കിൽ, ആർക്കും പിടികൊടുക്കാതെ രണ്ടുപേർ പലായനം ചെയ്യുമായിരുന്നു.
ജോലിക്കാർ തിരിച്ചു വീട്ടിലെത്തുന്നതുവരെ അവൾക്ക് ക്ഷമിച്ചിരിക്കാനുള്ള മനസ്സുവന്നില്ല. രാത്രി രണ്ടുമണിക്ക്ശേഷം നദികടന്ന് തീരത്തുകൂടി മരക്കൂട്ടത്തിന്റെ ഭാഗത്ത് വന്നപ്പോൾ, അകലെ തീപിടിച്ച ലായത്തിലാകെ ബഹളം. മുഖം മാത്രം കാണത്തക്കവിധം കറുത്ത വസ്ത്രത്താൽ മൂടിപ്പുതച്ച് മുൾച്ചെടിയുടെ സമീപം വന്നതും, ഒരാൾ സൂക്ഷിച്ചുനോക്കി നടക്കുന്നു. അയാൾ തന്റെ മുഖം കണ്ടെന്നുമനസ്സിലായപ്പോൾ  കയ്യിൽകിട്ടിയ ഒരു തടിയെടുത്ത് അടിച്ചുവീഴ്ത്തിയിട്ട്, മുൾച്ചെടിമാറ്റി തറയിലെ വാതിൽ തുറന്ന് അകത്തുകയറി. അടിയേറ്റുകിടന്ന  ലാസറായിരുന്നു അത്.

ചിരപരിചിതമായ വഴിയായതിനാൽ, ബോധമില്ലാതെ ചാരിക്കിടന്ന അലക്സിന്റെ ചാരത്തെത്തി മുറിവുകളൊക്കെ തുടച്ചു വൃത്തിയാക്കി. അപ്പോൾ കൈനിറയെ രക്തം പുരണ്ടിരുന്നു. രാവിലെ ജനലിൽക്കൂടി നോക്കിയപ്പോൾ ഇൻസ്പെക്ടർ റെക്സ് അവിടെയിരുന്ന് ഇങ്ങോട്ടു ശ്രദ്ധിക്കുന്നതും, അച്ചൻ വന്നു വിളിക്കുന്നതും കണ്ടു.
“ അതെ, അപ്പോളാ മുഖമാണ് ഞാൻ കണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് ഞങ്ങൾ താഴെവന്ന് നിങ്ങളെ കണ്ടത്. അതുവരെ എന്തുകൊണ്ട് അലക്സിന്റെ കെട്ടുകളഴിച്ചില്ല?”
“ഞാൻ എന്റെ ജീവനെക്കാളുപരി അലക്സിനെയാണ് സ്നേഹിക്കുന്നത്, തിരിച്ച് എന്നോട് ആ സ്നേഹം ഉണ്ടായിട്ടില്ല. എല്ലാ വിവരങ്ങളും പറയാൻ ശ്രമിച്ചപ്പോൾ ബോധം കിട്ടുന്നുമില്ല. പിന്നെ, കെട്ടുകളഴിച്ചാൽ ബോധംതെളിയുമ്പോൾ പുറത്തുകടക്കും, എന്റെ എല്ലാ പദ്ധതികളും ഇല്ലാതാകും...ഞാൻ മരിച്ചാലും അലക്സിനെ ഡാഡിയുടെ പക്കൽ കിട്ടരുതെന്നായിരുന്നു എന്റെ തീരുമാനം............”

കൂടിനിന്നിരുന്ന അന്തേവാസികളായ സ്ത്രീകളുടെ വിദ്വേഷഭാവം പെട്ടെന്നുമാറി, കരുണാപൂർവ്വം  അനവരതം കരയുന്ന  ലവീനയുടെ കണ്ണുനീരൊപ്പി അവളെ ആശ്വസിപ്പിച്ചുതുടങ്ങി.

തുടർന്ന്  ജോൺസ് നെറ്റോ വന്ന്  ഗബ്രിയേലിന്റെ കൈകളിൽ പിടിച്ച് ക്ഷമ ചോദിക്കുകയും, മകൾ  ലവീനയുടെ ആത്മാർത്ഥമായ സ്നേഹത്തെ തനിക്ക് മനസ്സിലാക്കാൻ സാധിക്കാഞ്ഞതിൽ പശ്ചാത്തപിക്കുകയും, അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.

അലക്സ് ഇതെല്ലാം കണ്ട് ഒന്നും മിണ്ടാതെ കൈകൾതിരുമ്മി  അസ്വസ്ഥനായി ഇരുന്നു. അച്ചൻ  അവളുടെ ഗാഢമായ സ്നേഹത്തെപ്പറ്റിയും, ഇനി  കൂട്ടിനായി ആരുമില്ലാത്തതിനാൽ  ലവീനയെ അലക്സ് സ്വീകരിക്കണമെന്നും, അങ്ങനെ പുതിയൊരു ജീവിതത്തിന്  ‘കർത്താവായ യഹോവ’ അവസരമൊരുക്കിയതാണെന്നും, അതിനായി  ഗബ്രിയേൽ നെറ്റോ ആശീർവ്വദിക്കണമെന്നും ഒരു നിസ്വാർത്ഥപ്രസ്താവന നടത്തി. കൂടിനിന്നവരെല്ലാം അതംഗീകരിക്കുന്നവിധം പലതും പറയാൻ തുടങ്ങിയപ്പോൾ, ചെല്ലയ്യ വന്ന് ഭക്ഷണം ഒരുക്കിവച്ചതായി അച്ചനെ അറിയിച്ചു.

അച്ചൻ എല്ലാവരും കേൾക്കാനായി ഉച്ചത്തിൽ “ പ്രിയപ്പെട്ടവരും സ്നേഹസമ്പന്നരുമായ സഹോദരരേ, ഇവിടെയിപ്പോൾ നമ്മളെല്ലാം ഒന്നായിക്കഴിഞ്ഞിരിക്കുന്നു. സാഹചര്യങ്ങളും തെറ്റിദ്ധാരണകളുമാണ് മനുഷ്യനെ കുറ്റത്തിലേയ്ക്ക് നയിക്കുന്നത്.  കുറ്റം ചെയ്യുന്നവനും നന്മയുള്ളവനും ഒരേ ജീവനും രക്തവും തന്നെയാണുള്ളത്. തെറ്റിന്റെ ശിക്ഷ അല്പമെങ്കിലും അനുഭവിക്കേണ്ടിവരുന്നത് ദൈവത്തിന്റെ വിധി.  ഇപ്പോൾ വിശപ്പുമൂലം എല്ലാവരും ക്ഷീണിതരാണ്,  നമുക്ക് കൂട്ടുചേർന്ന് ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാം. എല്ലാം നിരത്തിവച്ചുകഴിഞ്ഞു.  ഇവിടെ വീടും പള്ളിയും നമ്മളും ചേരുന്ന ഈ കൊച്ചുരാജ്യത്തിന്റെ  ‘കൊച്ചു മാർപ്പാപ്പ’യായി, ആദരണീയനായ  ഗബ്രിയേൽ നെറ്റോയെ നമുക്ക് ആനയിച്ച് അവരോധിക്കാം....”

എല്ലാവരും ദൈവത്തിനെ സ്തുതിച്ച്  ഗബ്രിയേലിനെ വണങ്ങിയശേഷം, ഭക്ഷണത്തിനായി നിരന്നിരുന്നു. പ്രഥമസ്ഥാനത്ത്  ഗബ്രിയേലിനെ ഇരുത്തി. കുസൃതിക്കാരായ ചിലർ അച്ചന്റെ മൌനാനുവാദത്താൽ,  ലവീനയെ പിടിച്ച്  അലക്സിനൊപ്പമിരുത്തി. അടുത്ത്  ജോൺസ് നെറ്റോയും അച്ചനും റെക്സും ക്രമമായി ഇരുന്നു. പേടിയോടെ അകന്നുമാറിനിന്ന ജോലിക്കാരെ അച്ചൻ നിർബന്ധിച്ചു വിളിച്ച് അടുത്തിരുത്തി. ഇടയ്ക്ക്  റെക്സ്  അലക്സിനോട് ചില ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

അഹാരമൊക്കെ കഴിഞ്ഞ്  പരസ്പരം ഉപചാരങ്ങൾ നടത്തി.  റെക്സ് മറ്റുള്ളവരോടായി.. “ഞങ്ങൾ ഇന്നലെ രാത്രി ഇവിടെ വന്നതാണ്, ഇപ്പോൾ രാത്രി പതിനൊന്നുമണി കഴിഞ്ഞു.  ഈയൊരു ദിവസം നമുക്കുവേണ്ടി സൃഷ്ടിച്ചതാവാം.  എന്റെ ഉദ്യോഗജീവിതത്തിൽ, ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇത്രയും കാര്യങ്ങൾ സാധിക്കുന്നത് ആദ്യമാണ്.  ഈ ജോലിക്കാരേയും ജോൺസ് നെറ്റോയേയും ഞാൻ കൊണ്ടുപോകുകയാണ്,  ബാക്കി വിവരങ്ങൾ നാളെ ഞാനറിയിപ്പിക്കാം...”  പോലീസുകാർക്കൊപ്പം അവരേയുംകൂട്ടി  റെക്സ്  ജീപ്പിൽക്കയറി പുറപ്പെട്ടു.
അച്ചൻ അന്തേവാസികളെ പറഞ്ഞുവിട്ടു. തന്റെ കാലിൽതൊട്ടു കരയുന്ന  ലവീനയെ  ഗബ്രിയേൽ നെറ്റോയും അടുത്തുനിന്ന അച്ചനും സാന്ത്വനിപ്പിച്ചു.  

അപ്പോഴും ഒന്നും മിണ്ടിയിട്ടില്ലാത്ത  അലക്സ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ, സമതലത്തിനപ്പുറമുള്ള പാറയുടെ സമീപത്തേയ്ക്ക് നടന്നു.
.................മൌനനിമിഷങ്ങൾ  വഴുതിവീണു.............
ഇപ്പോൾ, അരുവിയിലെ വെള്ളത്തിൽ വലതു കാല്പാദം മുക്കി, പാഴ്ത്തടിയുടെ മുകളിൽ ചിന്താവിഷ്ടനായി  ഇരിക്കുകയാണ്  അലക്സ്.  തോളിൽ ഒരു നനുത്ത കൈ തൊട്ടു എന്നറിഞ്ഞപ്പോൾ  അവൻ തിരിഞ്ഞുനോക്കി.  തിളങ്ങുന്ന കണ്ണുകളും പ്രസരിപ്പുള്ള മുഖകാന്തിയും  അഴകാർന്ന മേനിയുമായി, ഒരു ‘യക്ഷി’യെപ്പോലെ നിന്ന്, ധാരധാരയായി കണ്ണുനീർ വീഴ്ത്തി  ലവീന  നോക്കുന്നു. അത്  ഒമിയ യാണോയെന്ന് ഒരുനിമിഷം സംശയിച്ചു.
അവൾ പതുക്കെ പറഞ്ഞു “ ഞാൻ പോകുകയാണ്  അലക്സ്, ഇനിയെനിക്ക് സമാധാനമായി.  എന്റെ അലക്സിനെ ഇനിയാരും ഉപദ്രവിക്കില്ല.....ഞാൻ തനിയെ ജീവിക്കാൻ തീരുമാനിച്ചു....അലക്സ്  മറ്റൊരു വിവാഹം കഴിച്ച്......” അതു തീർക്കാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനടന്നു.

പെട്ടെന്ന്  അലക്സ് അവളുടെ കയ്യിൽ പിടിച്ചുനിർത്തി.  വിഷാദത്താൽ അവന്റെ കണ്ണുകളും നിറഞ്ഞു ചുവന്നു വിങ്ങിയിരിക്കുന്നു.  അവനെഴുന്നേറ്റ്  അവളെ കെട്ടിപ്പിടിച്ചു,  തലയിൽ കൈവച്ച് മുടിയിലും നെറ്റിയിലും തടവി. അവളുടെ കവിളിലും ചുണ്ടുകളിലും തെരുതെരെ ചുംബിച്ചു.  രണ്ടുപേരുടേയും കണ്ണീർക്കണങ്ങൾ ഒന്നായി ലയിച്ചു.

കുളിരുമായിവന്ന ഇളംകാറ്റേറ്റ്, ചുടുചുംബനങ്ങളാൽ  അവർ ഉൾപ്പുളകം പൂണ്ടു.

അതു കണ്ടിട്ടാകാം, രാത്രി പന്ത്രണ്ടുമണിക്കുള്ള പള്ളിമണിയുടെ ശബ്ദം പോലും  കോരിത്തരിച്ചുപോയി..................................

ശുഭം.


  

Monday, October 25, 2010

ഡാനിയേലച്ചന്റെ കുടുംബം

 യക്ഷിയും പാലപ്പൂക്കളും ( ഭാഗം മൂന്ന് )

 ' ഡാനിയേലച്ചന്റെ  കുടുംബം’
                                      
പെട്ടെന്ന് കണ്ടുമറഞ്ഞ ഒരു മുഖം ആരുടേതെന്നു നോക്കാൻ കെട്ടിടത്തിലേയ്ക്ക് പോകാനാണ് റെക്സ് വിചാരിച്ചത്. ഡാനിയേലച്ചന്റെ സംഭ്രമവും ഭയവും കണ്ട് പള്ളിയിലേയ്ക്ക് കൂടെപോകാനായി, കോൺസ്റ്റബിളായ ബാലുവിനേയും കൂട്ടി ജീപ്പിൽക്കയറി പുറപ്പെട്ടു.

അച്ചനോടു ചോദിച്ച പല ചോദ്യങ്ങൾക്കും മറുപടിയായി, കുറച്ചു കാര്യങ്ങൾ വ്യക്തമായി.

കുന്നിന്മുകളിലുള്ള ശ്രീമന്ദിരത്തിന്റെ തെക്കുഭാഗത്ത്, താഴ്വാരത്തുകൂടി നടന്നുപോകാവുന്ന ദൂരമേയുള്ളൂ  പള്ളിയിലെത്താൻ. പാതയുടെ ഇടതുവശത്ത് ഇടതിങ്ങി പടർന്നു വളരുന്ന പൈൻ മരങ്ങളാണധികവും. വലത്ത്, പച്ചക്കറിത്തോട്ടം അവസാനിക്കുന്നതുമുതൽ കുറേ വീടുകൾ. എല്ലാം ഇരുമ്പുഷീറ്റുകൾ മേഞ്ഞ ഇരട്ട മുറികളുള്ള ചെറിയവീടുകൾ. സമതലമായ അവിടെ വീതിയുള്ള റോഡിനോടുചേർന്ന് ചെറിയ പള്ളി.

പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുള്ള അച്ചന്, തിരുസഭയ്ക്കനുകൂലമല്ലാത്ത വിശ്വാസമാണുള്ളത്.  അതിനാൽ, സഭയുമായി വേർപെട്ട്  അനുയായികളായ ചില കുടുംബങ്ങളുമൊത്ത് ഇവിടെവന്ന് താമസിക്കുകയാണ്.  ‘ഏകദൈവമാണ് എല്ലാറ്റിനും കാരണവും നിയന്താതാവും, ഏകദൈവമായ കർത്താവിനെയാണ് കരുണാപൂർവ്വം ആരാധിക്കേണ്ടത്...’ എന്നുള്ള വിശ്വാസപ്രസംഗം ഇടവകയിലെ ജനങ്ങളെ കേൾപ്പിച്ച്, അവരെ മറ്റു ചിന്താഗതിയിലേയ്ക്ക് മാറ്റിയെടുക്കുന്നു എന്നതാണ് അച്ചന്റെ പേരിലുള്ള കുറ്റം. അതിനാൽ പ്രധാനപുരോഹിതനായി അവരോധിക്കുന്നതിനു മുമ്പ് സഭയിൽനിന്ന് പുറത്താക്കിയപ്പോൾ, കുറച്ച് അനുയായികളുമായി ഈ സ്ഥലത്ത് വന്നു.

അന്ന് ശ്രീമന്ദിരത്തിൽ, ഉടമസ്ഥനായിരുന്ന  ഗബ്രിയേൽ നെറ്റോ,  ഭാര്യയും, ഏകമകളായ ഒമിയായുമൊത്ത് താമസിച്ചിരുന്നു. അച്ചന്റെ വിശ്വാസപ്രമാണങ്ങളിൽ തല്പരനായ അദ്ദേഹം, വിസ്തൃതവും തരിശുമായിക്കിടന്ന സമതലഭാഗം പള്ളിക്കായി എഴുതിക്കൊടുത്തു. അവിടെ ഇരുമ്പുതകിടുകൾ പാകിയ ഒരു ഷെഡ്ഡും, അതിനോടുചേർന്ന് ഒരു മുറിയുമുണ്ടാക്കി ‘പ്രാർഥനാലയം’ സ്ഥാപിച്ചു.
 സദാസമയവും എരിയുന്ന ഒരു വലിയ വിളക്കുമാത്രമാണ്  അവിടെയുള്ളത്.

അദ്ധ്വാനശീലരും ശാന്തസ്വഭാവക്കാരുമായ, ഭാര്യമാരും മക്കളും ചേർന്നുള്ള  പതിനെട്ടു കുടുംബങ്ങൾ ഇപ്പോളവിടെ താമസിക്കുന്നുണ്ട്.  കുടുംബക്കാരിൽ പലരുടെ കൈവശമുള്ള തുകയും, അച്ചൻ വഴി ബാങ്കുമായുള്ള ഇടപെടലിൽ കിട്ടിയ സഹായവും മൂലം, പൊതുവകയായി ഒരു ജീപ്പും പള്ളിമണിയും വാങ്ങാൻ സാധിച്ചു.

അവിടെ ജാതി-മത ചിന്തകളില്ലാത്തതിനാൽ,  ഈ ഏകദൈവവിശ്വാസത്തിലും സുഖ-സമ്പത്സമൃദ്ധമായ ജീവിതത്തിലും ആകൃഷ്ടരായി പല കുടുംബങ്ങളും വന്നുചേർന്നുകൊണ്ടിരിക്കുന്നു.  നാനാജാതിമതസ്ഥരുമായവർ അവിടെ വന്നുകഴിഞ്ഞാൽ, ആ ചിന്തയെല്ലാം മറക്കുന്നു.

ഓരോ ആൾക്കാർക്കും അറിയാവുന്ന ജോലികൾചെയ്യാം.  പച്ചക്കറികൃഷിയാണ്  ഭൂരിപക്ഷത്തിന്റേയും തൊഴിൽ.എങ്കിലും സ്ത്രീകളുൾപ്പെടെ തുന്നൽ, ചിത്രപ്പണി, ആട്-കോഴി വളർത്തൽ എന്നിവ നല്ലരീതിയിൽ നടക്കുന്നു.  അതൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പുറത്ത് പട്ടണത്തിൽ കൊണ്ടുപോയി കൈമാറ്റം ചെയ്ത്, എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സാധനസാമഗ്രികൾ വാങ്ങും.

കുടുംബങ്ങളെല്ലാം പ്രത്യേകമായാണ് താമസമെങ്കിലും, ഒരു വിവാഹസദ്യയുടെ സംതൃപ്തിയോടെ  അച്ചനുൾപ്പെടെ എല്ലാവരും ഒന്നിച്ചിരുന്നാണ് ആഹാരം കഴിക്കുന്നത്. അവരവരുടെ ഭക്ഷ്യവിഭവങ്ങൾ മറ്റുള്ളവർക്കു കൊടുത്തും തിരിച്ചു പകർന്നും ഒത്തൊരുമയോടെ, ഒരു കുടുംബം പോലെയുള്ള ജീവിതം. അവർക്ക് രഹസ്യങ്ങളില്ല, സ്വാർത്ഥതയില്ല, വ്യാമോഹമില്ല- അതിനാൽ ആർക്കും പരസ്പരം അസൂയയുമില്ല.
ചുരുക്കത്തിൽ, വിദേശങ്ങളിലെ ജോലിക്കാർ കൂട്ടായ്മയായി എങ്ങനെ കഴിയുന്നുവോ,  അതിനെക്കാൾ മെച്ചമായ ഒരു ‘സ്വർഗ്ഗജീവിതം’.  പ്രവാസജീവിതം എന്തെന്നറിയാവുന്ന ഡാനിയേലച്ചന്, നിയന്ത്രണത്തോടെ അത് കൈകാര്യം ചെയ്യാൻ സാധിക്കുന്നുമുണ്ട്.

കുറേ കുടുംബങ്ങൾ ചേർന്ന് ഇതുപോലെ കൂട്ടായ്മയായുള്ള ഒരു ജീവിതം ഏതെങ്കിലും നഗരത്തിലോ, ഗ്രാമത്തിലോ, ഒരു വാർഡിലോ എങ്കിലും ഉണ്ടായാ‍ൽ, ഈ രാജ്യംതന്നെ ‘സ്വർഗ്ഗ’മായിത്തീരുമെന്ന് അച്ചന് പ്രത്യാശയുണ്ട്. അതിനുവേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു, പരിശ്രമിക്കുന്നു.
മുടക്കമില്ലാതെ എല്ലാദിവസവും വൈകുന്നേരം ആറുമണിക്ക്, കുട്ടികളുൾപ്പെടെ എല്ലാവരും പള്ളിയിൽ വന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നു, ഒന്നിച്ച് ‘ദൈവ’ത്തിനെ വിളിച്ച് നിറഞ്ഞ ഭക്തിയോടെ പ്രാർത്ഥിക്കുന്നു. പക്ഷേ, ഇന്നലെ കുതിരലായത്തിന് തീപിടിച്ച കാരണത്താൽ അതിന് തടസ്സം വന്നു.

“അപ്പൊ, ഒമിയാ മരിച്ചശേഷം അവിടെ താമസക്കാരില്ലെന്നും ഒരു ബന്ധുവാണ് ഇപ്പോൾ നോക്കുന്നതെന്നും പറഞ്ഞല്ലൊ?”
“ അതെ. ഗബ്രിയേൽ നെറ്റോയുടെ ഭാര്യ മരിച്ച് ഒരു വർഷം കഴിഞ്ഞാണ്  ഒമിയായുടെ അപ്രതീക്ഷിതമായ വേർപാടുണ്ടായത്. യഥാർത്ഥത്തിൽ മരണകാരണമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യയാണെന്ന് പോലീസ് വകുപ്പ് ആദ്യം പറഞ്ഞെങ്കിലും,  ബ്ലഡ് കാൻസറാണെന്ന ഡോക്ടർമാരുടെ തീരുമാനം പിന്നീട് ബന്ധുക്കളും ശരിവച്ചു.”
“ അതൊക്കെ നേരത്തേ പറഞ്ഞറിയാം, ബന്ധുക്കൾ..?”
“ ഗബ്രിയേൽ നെറ്റോയുടെ അനുജൻ  ജോൺസ് നെറ്റോയും മകൾ ലവീനാ നെറ്റോയും. നഗരത്തിലെ പട്ടേൽ റോഡിലെ ...”
“ അറിയാം.”
“  മകളുടെ മരണത്തിൽ അസ്വസ്ഥനും ചിത്തഭ്രമക്കാരനുമായ  ഗബ്രിയേൽ ഒരു മുറിക്കുള്ളിൽത്തന്നെ കഴിഞ്ഞുകൂടി.  പഴയ ജോലിക്കാരനും ഞാനും മാത്രമേ സമ്പർക്കപ്പെടാറുള്ളൂ.  ഒരു ദിവസം അദ്ദേഹത്തെ കാണാതായി. പലപ്രകാരത്തിലും അന്വേഷണം നടത്തിയെങ്കിലും, ഒന്നും കണ്ടുപിടിക്കാനായില്ല.  അതിനുശേഷമാണ് പഴയ ജോലിക്കാരനെ പറഞ്ഞയച്ച്,  ചെല്ലയ്യായെ അവിടംനോക്കാനേല്പിച്ചത്.”

അവർ പള്ളിയിലെത്തി. പുറത്ത്, സൈക്കിളിൽ ചുറ്റിക്കളിക്കുകയായിരുന്ന രണ്ടു കുട്ടികൾ, കുതിരലായത്തിനുപിറകിൽനിന്നുള്ള നിലവിളികേട്ട് ചെന്നുനോക്കിയപ്പോൾ, മുഖത്തും കയ്യിലും രക്തമൊലിപ്പിച്ച് അവശനിലയിലായ  ലാസറിനെക്കണ്ടു. ഭ്രാന്തമായി എന്തൊക്കെയോ പുലമ്പുന്ന അയാളെ വേച്ചുവേച്ചു നടത്തി അവർ പള്ളിയിൽ കൊണ്ടുവന്നു. അപ്പോഴേയ്ക്കും സംശയം തോന്നി, ജീപ്പിനെ പിന്തുടർന്ന് ഓടിവന്ന ചിലരും അവിടെക്കൂടി.

അച്ചൻ റെക്സിനേയും പിടിച്ച് ധൃതിയിൽ ശ്മശാനത്തിൽ വന്ന്, ഒരു കല്ലറ കാണിച്ച് ആകാംക്ഷയോടെ “ ഇതൊന്ന് തുറന്നു നോക്കണം, പെട്ടെന്ന്...”
റെക്സ് ശ്രദ്ധിച്ചു. കല്ലറ മൂടിവച്ചിട്ടുള്ള പാളിയുടെ വശങ്ങളിൽ നിന്ന്, തേച്ചുപിടിപ്പിച്ച സിമന്റുപശ  ഇളകിക്കിടക്കുന്നു. ബാലുവിന്റേയും മറ്റും സഹായത്താൽ ഭാരമുള്ള പാളി കുറേ തുറന്നുവച്ചു.  ശവശരീരം അവിടെയില്ല.
“ അതെ, അതുതന്നെ.”  മറ്റുള്ളവരെപ്പോലെ സംഭ്രമപ്പെട്ടു അച്ചനും. “ ഇന്നലെ മൂന്നുമണിക്ക് ചടങ്ങുകളൊക്കെ ഞാൻ നടത്തിയതാണ്, ആറുമണിക്ക് മൂടിവച്ചുറപ്പിച്ചു. ഈ ശരീരമാണ് അവിടെ കിടക്കുന്നത്.”

റെക്സ് അവിടെക്കൂടിയവരെ ശ്രദ്ധിച്ചുനോക്കി. സ്ത്രീകളുൾപ്പെടെ അവിടെ താമസക്കാരായ എല്ലാവരും ചുറ്റിലുമുണ്ട്. ചോദ്യംചെയ്യലിൽ ലാസറല്ലാതെ മറ്റാരും ഇന്നലെരാത്രി പുറത്തുപോയിട്ടില്ല. ലാസർ ഒരു സ്വപ്നാടകനെപ്പോലെ പറഞ്ഞു. “ സാർ, അവിടെ ആ വീട്ടിൽ മരിച്ചുപോയ ഒമിയാ ഒണ്ട്, ഇന്നലെ രാത്രി തീപിടിച്ച സമയത്ത് ഞാൻ കണ്ടത് അതേ മുഖം തന്നെയാ. ദേ നോക്ക്, ഞാനടുത്തേയ്ക്ക് ചെന്നപ്പൊ എന്തോ സാധനം വച്ച് എന്നെ അടിച്ചിട്ടതാ.  ബോധം വന്നപ്പൊ...പിന്നെ കണ്ടില്ല.  അവളാ വീട്ടിൽ കാണും...”
“ താനെന്തിനാ രാത്രി അവിടെ പോയത്?”
“ അതു കണ്ടുപിടിക്കാനാ ഞാൻ ചുറ്റിക്കറങ്ങി നടക്കുന്നെ. മുമ്പ് എന്റെ കൂട്ടുകാരൻ മരിച്ച ദിവസവും കറുത്ത പ്രേതത്തെ ഞാൻ കണ്ടതാ,  അതു പറഞ്ഞപ്പൊ ഞാൻ പ്രാന്തനാന്നാ എല്ലാരും......”

“ എന്തായാലും ഓഫീസറെ ഈ വിവരങ്ങളറിയിപ്പിക്കണം.....” റെക്സ് പറഞ്ഞുതീർന്നില്ല, അച്ചൻ അയാളെ തടഞ്ഞു.
“ റെക്സ്, താങ്കൾ എന്റെ സുഹൃത്തും ഇവിടത്തെ എല്ലാ സ്ഥിതിവിവരങ്ങൾ അറിയാവുന്ന ആളുമാണല്ലൊ. പുറത്തുനിന്നും മറ്റുള്ള ഉദ്യോഗസ്ഥർ വന്നാൽ എന്നെയും ഈ കൂട്ടുകുടുംബത്തെയും ഇല്ലാതാക്കും. അതിൽ സന്തോഷിക്കുന്ന ഒരു മുകൾഘടകം തന്നെ പുറത്തുണ്ട്. ഇവിടെയിപ്പോൾ പുതിയ മരണമൊന്നും ഉണ്ടായില്ല, ആ ശവശരീരം ഇവിടെത്തന്നെ മറവുചെയ്യാം. എന്നിട്ട്, ഇതൊക്കെ എങ്ങനെ നടന്നുവെന്ന് നമുക്കെല്ലാവർക്കുംകൂടി പരിശ്രമിച്ച് കണ്ടുപിടിക്കാം. നേതൃത്വത്തിനായി താങ്കൾക്ക് ആ  കഴിവുണ്ടെന്ന് എനിക്കറിയാം,  അതല്ലേ നല്ലത്.?”
“ തൽക്കാലം, ഇന്നത്തേയ്ക്കു മാത്രം.ഇവിടത്തെ കാര്യങ്ങൾ അച്ചൻ നോക്കിക്കൊള്ളൂ, എനിക്കിപ്പോൾ ആ വീട് ഒന്നു പരിശോധിക്കണം.  ആരാ തുറക്കുന്നത്, ചെല്ലയ്യാ...?
 ശരി, എന്തായാലും ഞാനൊന്നു ശ്രമിക്കട്ടെ...”  ലാസറിനെവിളിച്ച് അയാൾ അടിയേറ്റുകിടന്ന സ്ഥലത്തു വന്നു.
“ ഇവിടെവച്ചാണോ ആളെ കണ്ടത്?”
“ ങ്ങാ തന്നെ, അടികൊണ്ട് ഞാൻ വീണു. ബോധം വന്നപ്പൊ നേരം വെളുക്കാറായി, പിന്നെ ആരേയും കണ്ടില്ല.”

ചുറ്റാകെ മരക്കൂട്ടങ്ങളാണ്, ഒരാൾ മറഞ്ഞുനിന്നാൽ നടന്നുനോക്കുമ്പോൾ കാണാം. എങ്ങും ആരുമില്ല.
അവിടെ പച്ചപ്പുല്ലുകൾക്കുമീതെ ലാസറിന്റെ മുറിവിൽ നിന്നും വീണ ചോരപ്പാടുകളുണ്ട്. ലാസർ പറഞ്ഞപ്രകാരം രണ്ടു വഴികളാണ് കെട്ടിടത്തിലേയ്ക്കു പോകാൻ. അരുവിയിലിറങ്ങി അരയ്ക്കൊപ്പമെത്തുന്ന വെള്ളത്തിലൂടെ തെന്നിനടന്ന്, താഴെ കുതിരലായം കഴിഞ്ഞ് പാറകളുടെ ഭാഗത്ത് എത്തണം.അവിടെയാണ് ചെല്ലയ്യ  അലക്സിനെ കണ്ടതെന്ന് പറഞ്ഞത്.   അല്ലെങ്കിൽ, പള്ളിയുടെ ഭാഗത്തുകൂടി കെട്ടിടത്തിന്റെ പൂമുഖം ചേർന്നുള്ള വഴി.

ഇത്രയും നേരത്തിനകം ഇടയ്ക്കിടെ പാലപ്പൂക്കളുടെ മണം വരുന്നത് റെക്സ് പ്രത്യേകം ശ്രദ്ധിച്ചു. ശ്രീമന്ദിരവുമായി ബന്ധമുള്ള എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി. വാച്ചിൽ നോക്കി, മണി പതിനൊന്നു കഴിഞ്ഞു.

ലാസറിനെ പള്ളിയിൽ വിട്ട്  ബാലുവുമായി ലായത്തിലെത്തി, ചെല്ലയ്യായെ കൂട്ടി പൂമുഖത്തു വന്നു. റെക്സ് ചുറ്റുപാടും ശ്രദ്ധിച്ച് പടികൾ കയറി വാതിലിനു മുന്നിൽ നിന്ന്, തിരിഞ്ഞ് ചെല്ലയ്യായെ നോക്കി “തുറക്ക്, ഇവിടെ ആരും താമസിക്കുന്നില്ലല്ലൊ, പിന്നെന്തിനീ ജനലുകളൊക്കെ തുറന്നിട്ടിരിക്കുന്നു?”
“ അത്..നെറ്റോസാറ് എന്നോടെ പറഞ്ഞിട്ടൊണ്ട്, കാറ്റ് ഉള്ളിലെ വരണം-അടച്ചിടുമ്പൊ സ്മെല്ല് വന്നാ പ്രശ്നയാകുംന്ന്...”
വാതിൽ തുറന്നു. റെക്സ് ജനലിൽക്കൂടി എത്തിനോക്കി. അകത്ത് നിലത്താകെ പാലമരപ്പൂക്കൾ നിറയെ ചിതറിക്കിടക്കുന്നു.അതിന്റെ രൂക്ഷഗന്ധത്താൽ പിന്തിരിഞ്ഞ് മുറിക്കകത്തേയ്ക്ക് കയറി. മതിലിൽ ചില്ലിട്ടുതൂക്കിയ മൂന്നു പഴയ ചിത്രങ്ങൾ. അലമാര, ഒരു മേശയും രണ്ടു കസേരകളും, ഒരു കോണിലായി ഒരാൾപൊക്കത്തിലുള്ള ഒരു പ്രതിമയും,  ഇത്രമാത്രം.
“ ബാലൂ, കെട്ടിടത്തിന്റെ ചുവരുകളും ചുറ്റുപാടും നല്ലതുപോലെ പരിശോധിക്കണം, ഈ പൂക്കൾ ഇവിടെ ആരോ കൊണ്ടുവന്നിട്ടതാണ്.  ചെല്ലയ്യയിങ്ങു വരൂ...”

കതക് തുറന്നപ്പോൾ മുറിനിറയെ പൂക്കൾകണ്ട്, ഗന്ധത്താൽ പേടിച്ചുവിറച്ച് പാതിമയക്കത്തോടെ, ചെല്ലയ്യ ഓടി അരുവിയുടെ തീരത്ത് എത്തിക്കഴിഞ്ഞിരുന്നു.

മുറിക്കുള്ളിലെ പൂക്കളിൽ ചവിട്ടിവേണം നടക്കാൻ. പൂക്കൾ വാരി നോക്കി.  എല്ലാം ഒരുപോലെ വാടിത്തുടങ്ങുന്നു, ഇന്നലെ വൈകുന്നേരം നുള്ളിയെടുത്തതാണെല്ലാം. ഈ ഗന്ധം പുറത്തു പരക്കാൻ വേണ്ടി ഇത്രയധികം പൂക്കൾ ആരോ വിതറിയിരിക്കുന്നു.

പൂട്ടിയിട്ടില്ലാത്ത അകത്തേയ്ക്കുള്ള വാതിൽ തുറന്നുനോക്കി, കുറേ മരസാധനങ്ങളല്ലാതെ മറ്റൊന്നുമില്ല. അടച്ചിട്ട അലമാര വലിച്ചുതുറന്നു, പഴയ കടലാസ്സുകളും കപ്പ്, കണ്ണാടി, ഗ്ലാസ് എന്നിവ. പക്ഷേ, ഉള്ളിൽ കാണുന്നതിനേക്കാൾ പുറത്തുനിന്നു നോക്കിയാൽ അലമാരയ്ക്കു വീതി കൂടുതലാണ്, എന്താവാം അങ്ങനെ?  അതാ, പ്രതിമ ഒന്നു ചലിച്ചു? അതിന്റെ കണ്ണിന് അപാരമായ തിളക്കം. പ്രതിമയുടെ അടുത്തുചെന്ന് ആ കണ്ണുകളിൽ ഉറ്റുനോക്കി.
നല്ല വിലകൂടിയ മുത്തുകളാണ് അവിടെ പതിച്ചിട്ടുള്ളത്, പുറത്തെ വെളിച്ചം തട്ടി അത് തിളങ്ങുന്നു. താഴെ - പ്രതിമയുടെ കാലുകളിൽ രക്തത്തുള്ളികൾ, ചില പൂക്കളിലും തറയിലുമൊക്കെ പറ്റിയിട്ടുണ്ട്. കുറേ പൂക്കൾ ചവിട്ടേറ്റ് ചതഞ്ഞുകിടക്കുന്നു, ചോരത്തുള്ളികൾ ഉണങ്ങിത്തുടങ്ങുന്നതേയുള്ളൂ.

അതായത്...മണിക്കൂറുകൾക്കുമുമ്പ് ആരൊക്കെയോ ഇവിടെയുണ്ടായിരുന്നു, എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.

“ സർ, സർ...ഒരു വാച്ച് അവിടെ കിടക്കുന്നുണ്ട്...”ബാലുവിന്റെ ശബ്ദം കേട്ട്, റെക്സ് താഴെ വരുമ്പോൾ, തുറിച്ചുനോക്കിനിൽക്കുന്ന ചെല്ലയ്യായെ വിളിച്ചു, ശേഷം വാച്ചെടുത്തു.
“ ഇതാരുടേതെന്നറിയാമോ?”
ചോദ്യം കേട്ട് ചെല്ലയ്യ പെട്ടെന്ന് പറഞ്ഞു “ഇത്..ഇത് അലക്സുകുഞ്ഞിന്റെയാ..”
“ തീർച്ചയാണോ?”
“ തീർച്ചയാ, അതേതന്നെ.”

മൂവരും കൂടി അകത്തുകയറി, റെക്സ് പ്രതിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  അതിനെയാകെ ഒന്നു കുലുക്കിനോക്കി, ചലിക്കുന്നുണ്ട്. അടിഭാഗത്ത് ചില തറയോടുകൾ ചേർന്നാണ് ഇളകിയിരിക്കുന്നത്.  രണ്ടുകയ്യും കൂട്ടി, ചെല്ലയ്യായുടെ സഹായത്താൽ അതിനെ ഒന്നു ചരിക്കാൻ ശ്രമിച്ചപ്പോൾ- പ്രതിമ ഒരു ഭാഗത്തേയ്ക്ക് കറങ്ങിത്തിരിഞ്ഞു.
രണ്ടാളുകളുമായി  ഡാനിയേലച്ചനും വന്നു.

ടോർച്ചിന്റെ വെളിച്ചത്തിൽ, താഴേയ്ക്ക് പടികളുള്ളതായി കണ്ടു, അതിന്റെ താഴെ രണ്ടു രൂപങ്ങളിരിക്കുന്നു. അതിലൊരു രൂപം ഭയാനകമായ ശബ്ദത്തോടെ മുകളിലേയ്ക്കു നോക്കി, മുഖം കാണാതിരിക്കാൻ കൈപ്പത്തികൊണ്ട് വെളിച്ചത്തെ തടഞ്ഞു. കൈകളിൽ  രക്തം പറ്റിയിരിക്കുന്നത് മുകളിൽ നിന്നവർക്ക് കാണാം.

അതുകണ്ട്, ‘ആ ...പ്രേതം..പ്രേതം...അതേതന്നെ...’യെന്ന് ചെല്ലയ്യ പറഞ്ഞുതീർന്നതും, ബോധം മറഞ്ഞ് മറിഞ്ഞുവീണതും ഒന്നിച്ചുകഴിഞ്ഞു.
പരിഭ്രമത്താൽ  അടുത്ത രൂപത്തിനെ ശ്രദ്ധിച്ച അച്ചനും ഓർക്കാപ്പുറത്ത്  ‘കർത്താവി’നെ വിളിച്ചുകൊണ്ട് റെക്സിനോടായി പറഞ്ഞു...“ അലക്സാണത്....അലക്സ്..”
“  ബാലു, പെട്ടെന്ന് താഴേയ്ക്ക്...” പറഞ്ഞുകൊണ്ട് റെക്സ് താഴേയ്ക്ക് ചാടിയിറങ്ങി, കൂടെ ബാലുവും. ആ വരവുകണ്ട് മുഖം മറച്ച രൂപം ഗുഹാമാർഗ്ഗത്തിൽക്കൂടി പെട്ടെന്ന് അകലേയ്ക്ക് നീങ്ങി, പിറകെ റെക്സും.

ഇപ്പോൾ, അച്ചനും ബാലുവും അലക്സിന്റെ അരികിലെത്തി.  അയാളുടെ കയ്യും കാലും കൂട്ടിക്കെട്ടിയിരിക്കുന്നു. ശബ്ദിക്കാനാകാത്തവിധം വായയും ചുറ്റിക്കെട്ടിയവിധത്തിലാണ്. കെട്ടുകളൊക്കെ അഴിച്ചപ്പോൾ, റെക്സ് ഓടിയ ഭാഗത്തേയ്ക്ക് അലക്സ് വിരൾചൂണ്ടി.

രൂപത്തെ പിടിക്കാൻ റെക്സ് പരമാവധി ശ്രമിച്ചു. എങ്കിലും, മുകളിൽ നിന്ന് നല്ല വെളിച്ചം പെട്ടെന്ന് വന്നതും, ആ രൂപം അപ്രത്യക്ഷമാകുന്നതും അയാൾ കണ്ടു.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായെന്നുള്ള പള്ളിമണിയുടെ ശബ്ദം, ശ്രീമന്ദിരത്തിനു പുറത്തുണ്ടായിരുന്നവർ മാത്രം കേട്ടു.

                           --------------------------------------------------------
അവസാനഭാഗം  അടുത്തതിൽ.................
                           ---------------------------------------------------------

Friday, October 15, 2010

‘അലക്സിന്റെ തിരോധാനം’


‘അലക്സിന്റെ തിരോധാനം’

ചെല്ലയ്യ  ഓടിയും നടന്നും ശ്രമപ്പെട്ട്, ഡാനിയേലച്ചന്റെയടുത്തെത്തി.
പ്രായാധിക്യത്താൽ കിതച്ചും, നേരത്തേകണ്ട കാഴ്ചകളിൽ പരിഭ്രമിച്ചും വിവരങ്ങൾ ഒരുവിധം അച്ചനോട് പറഞ്ഞൊപ്പിച്ചു. എങ്കിലും ആ വീട്ടിൽക്കണ്ട രൂപത്തെപ്പറ്റിപറഞ്ഞത്, അച്ചനത്ര കാര്യമാക്കിയില്ല.

 ഫോണിൽക്കൂടി ആരോടോ സംസാരിച്ചശേഷം, പെട്ടെന്ന് ഡ്രൈവറെ വിളിച്ചുണർത്തി, പള്ളിയോടുചേർന്ന വീടുകളിലെ ചിലരേയും ചെല്ലയ്യായേയും കൂട്ടി, പള്ളിവക ജീപ്പിൽക്കയറി തീപിടിച്ച സ്ഥലത്തെത്തി.
ആളുകളുടെ പക്കലുള്ള മണ്ണെണ്ണവിളക്കിന്റേയും ടോർച്ചിന്റേയും വെളിച്ചത്താൽ മാത്രമേ പലതും കാണാൻ കഴിയൂ.  ഫാദറിന്റെ നേതൃത്വത്തിൽ വന്നവരൊക്കെ അവിടെ ശ്രമദാനം നടത്തിത്തുടങ്ങി. കുറേപ്പേർ പുഴയിൽനിന്നും വെള്ളം കോരിയെടുത്ത് കട്ടിപിടിച്ചുകിടക്കുന്ന തീക്കൂനകളിൽ ഒഴിക്കുകയും, മറ്റുള്ളവർ പകുതിയെരിഞ്ഞ മരത്തൂണുകളും തടിക്കട്ടകളും ഒതുക്കിമാറ്റുകയുംചെയ്യുന്നു.

വിട്ടുമാറാത്ത വിറയലോടെ ചെല്ലയ്യ ഓടിനടന്ന് അലക്സിനെ തെരയുന്നെങ്കിലും, ഇടയ്ക്കിടെ ആ വീടിന്റെ ജനാലയിലേയ്ക്ക് നോക്കുന്നുമുണ്ട്.

ഉണങ്ങിത്തുടങ്ങിയ പുൽക്കെട്ടുകൾ അപ്പാടെ കത്തിയെരിഞ്ഞു, ഇപ്പോഴും അതിൽ തീ ജ്വലിക്കുന്നു.  അതിനടുത്ത്, രോമങ്ങളെരിഞ്ഞ് പുറംതോലുരുകിക്കരിഞ്ഞ ഒരു കുതിരയെക്കണ്ട് അച്ചനും കൂട്ടരും വിഷമിച്ച്, ദൈവനാമം ഉറക്കെ ഉരുവിട്ടു. പിന്നെ, അലക്സിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി ശ്രദ്ധ.

അപ്പോഴേയ്ക്കും  ഇൻസ്പെക്റ്റർ റെക്സും നാലു പോലീസുകാരും എത്തിക്കഴിഞ്ഞു.അച്ചനുമായുള്ള സ്നേഹബന്ധവും സമ്പർക്കവും നേരത്തേയുണ്ടായിരുന്നതിനാലും, അലക്സിനേയും മറ്റുള്ളവരേയും അറിയാമായിരുന്നതിനാലും വളരെ സ്വാതന്ത്ര്യം കാട്ടി, അവിടെ വളരെ കരുതലോടെ എല്ലാ നിയന്ത്രണവും റെക്സ് ഏറ്റെടുത്തു.

ഭാരിച്ച ദുഃഖത്തോടെ അച്ചൻ റെക്സിനെനോക്കി അറിയിച്ചു “ ഒരു കുതിരയെ മരിച്ച നിലയിൽ കിട്ടിയിട്ടുണ്ട്, അലക്സിനെ ഇതുവരെ കണ്ടില്ല...”
റെക്സ് ചോദ്യഭാവത്തിൽ ഒന്നുനോക്കി “ തീപിടിച്ച സമയത്ത്  അലക്സ് ഇവിടെയുണ്ടായിരുന്നുവെന്നത് തീർച്ചയാണോ?”
ചെല്ലയ്യ ഇടയ്ക്കുകയറിവീണു “ തീർച്ചസാറേ, സത്തിയം. അച്ചനെ കൂപ്പിടാൻ ഞാൻ പോവുമ്പം അലക്സുകുഞ്ഞ് ഇങ്ങോട്ടാ ഓടിയത്.”
“ തീ പിടിച്ചത് കണ്ടിട്ടാണോ ഓടിയത്?
“ കണ്ടു  കണ്ടു, ഞങ്ങള് രണ്ടുപേരും കണ്ടു. അച്ചനെ കൂപ്പിടാൻ എന്നെ ഓടിച്ചുവിട്ടതാ...പിന്നെ...”

കൂട്ടത്തിലൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞു “ ചെല്ലയ്യാടെ കയ്യിലൊരു മണ്ണെണ്ണവെളക്കൊണ്ടാരുന്നു...”
അതുകൂടി കേട്ടപ്പോൾ ചെല്ലയ്യ പറയാൻ വന്ന ബാക്കി വാക്കുകൾ വിഴുങ്ങിക്കളഞ്ഞു.
റെക്സ് ലായത്തിലുള്ളവരോടായി ‘ ഓരോ ഭാഗവും അരിച്ചുപെറുക്കി പരിശോധിക്കൂ..’എന്നു നിർദ്ദേശിച്ച്, ചെല്ലയായെ സംശയത്താൽ സൂക്ഷിച്ചുനോക്കി.

ചുവന്ന കണ്ണുകളും പതിഞ്ഞ മൂക്കും കുറ്റിമുടികളോടുകൂടിയ വലിയ തലയുമുള്ള, കറുത്തു തടിച്ച ഉയരം കുറഞ്ഞ രൂപം. ‘ വല്ലപ്പോഴും അച്ചനെക്കാണാൻ വരുമ്പോഴൊക്കെ ഇയാളാണ് ചായയും മറ്റും ഉണ്ടാക്കിത്തരുന്നത്, കൂടെ- വളരെ ശാന്തനും സുന്ദരനുമായ അലക്സുമുണ്ടാകും. നല്ലവനായ അലക്സിനെ തീയിലേയ്ക്കു വിട്ടിട്ട് ഇയാൾ ഒഴിഞ്ഞു മാറിയതാണോ? ഇയാൾതന്നെ തീ കൊളുത്തിയശേഷം അലക്സിനെ കണ്ടതാണോ?’

അച്ചൻ പറഞ്ഞിട്ടുള്ളത് ഓർത്തു. ‘ ഇരുപതു വർഷം മുമ്പ് ചെല്ലയ്യ അമ്മയേയും കൂട്ടി ഇവിടെവന്ന്, പള്ളിയിലെ അന്തേവാസികളായി. കുറച്ചുകാലം കഴിഞ്ഞ് അമ്മ മരിച്ചു.  ഇവിടെ ഇടവകയിൽ താമസിച്ച്, ഇപ്പോൾ പള്ളിയും അച്ചനും മതിയെന്ന തീരുമാനത്തിലാണ്. മലയാളം നല്ലതുപോലെ അറിയാമെങ്കിലും, വീട്ടിൽ അമ്മയുമായി തമിഴിലേ സംസാരിച്ചിട്ടുള്ളൂ. അതിനാൽ, സംഭാഷണത്തിൽ തമിഴിന്റെ ശൈലി അല്പം കലർന്നുവരും. ആളു പാവമാണ്, നിർദ്ദോഷിയാണ്’.
ഇപ്പോൾ സംശയിക്കേണ്ടുന്ന സാഹചര്യം വന്നിരിക്കുന്നു.

റെക്സിന്റെ ചോദ്യങ്ങൾ കേട്ട് വിളറിവെളുത്തുപോയ ചെല്ലയ്യ, കെട്ടിടത്തിൽ കണ്ട വെളിച്ചവും രൂപവും ഓർത്തെങ്കിലും മിണ്ടിയില്ല. ‘ എന്നാലും ഞാനതു കണ്ടതാണല്ലോ, ഇതിപ്പൊ ആരോടു പറഞ്ഞാ വിശ്വസിപ്പിക്കുന്നത്? അച്ചന്റെ പരിചാരകനായ ലാസറും അങ്ങനെ കണ്ടിട്ടുണ്ടെന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചിട്ടില്ല, അവനു ഭ്രാന്തുപിടിച്ചതോ സ്വപ്നത്തിൽ കണ്ടതോ ആയിരിക്കാമെന്നാണ് പൊതുസംസാരം. പിന്നെ, ആഴ്ചതോറും ആ വീടും പരിസരവും വൃത്തിയാക്കുന്ന ഞാനും അങ്ങനെ കണ്ടെന്നു പറഞ്ഞാൽ, എല്ലാവരും കൂടി മേക്കിട്ടുകയറുമോയെന്ന പേടിയുണ്ട്.  അച്ചനോടു പറഞ്ഞപ്പോൾ അതു കേട്ടഭാവം പോലും കാട്ടിയതുമില്ല.’

കെട്ടിടത്തിന്റെ ഭാഗത്തുനിന്നും തണുത്ത കാറ്റ് പൂമണവുമായി വീശിവന്നപ്പോൾ, ചെല്ലയ്യായുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി.

നേരം വെളുത്തുതുടങ്ങിയെന്നറിയിക്കാൻ  ആദിത്യൻ തന്റെ ആദ്യകിരണങ്ങൾ അവിടേയ്ക്കെല്ലാം പായിച്ചുവിട്ടപ്പോൾ, മഞ്ഞുവീണ് കുളിരുപൂശി ചലിക്കുന്ന ചെടികളുടേയും മരങ്ങളുടേയും ഇലകളിൽ മുത്തുകൾ പതിഞ്ഞ് തെളിഞ്ഞുതിളങ്ങി.

‘ സർ ഇവിടെയുണ്ട്, ഒരു ജഡം കാണുന്നുണ്ട്..’  ശബ്ദം കേട്ട ഭാഗത്തേയ്ക്ക് വിളക്കുകളുമായി എല്ലാവരും ഓടിയെത്തി.
എരിഞ്ഞുതീർന്ന പുൽച്ചാമ്പലിന്റെ പിറകിലായി, ആളുകൾ വീശിയെറിഞ്ഞ വെള്ളം വീണ് കലങ്ങിപ്പടർന്ന തറയിൽ, കത്തിക്കരുവാളിച്ച ഒരു മൃതശരീരം മുഖം തിരിഞ്ഞ് കിടക്കുന്നു.

റെക്സ്  ടോർച്ച്തെളിച്ച് ആകമാനം ഒന്നോടിച്ചുനോക്കി. കറുത്ത രൂപമായതിനാൽ വ്യക്തമായി കാണാൻ കഴിയില്ല.
‘ ഹാ  എന്റെ പ്രിയങ്കരനായ സുഹൃത്ത്...അലക്സ്...ഈ രൂപത്തിൽ.......’ വിങ്ങിയ നെടുവീർപ്പോടെ  അച്ചൻ  മുഖം പൊത്തി.   അടുത്തുനിന്ന് ആ രൂപം കണ്ട ചെല്ലയ്യ  ഒരാർത്തനാദത്താൽ ബോധരഹിതനായി കുഴഞ്ഞുവീണതുകണ്ട്, രണ്ടുപേർ അയാളെ താങ്ങിപ്പിടിച്ചു കിടത്തി.

അലക്സിന്റെ മരണത്തിൽ പരിതപിച്ച് വിഷാദമഗ്നരായി നിൽക്കുകയാണ് എല്ലാവരും.

റെക്സ്  പറഞ്ഞതനുസരിച്ച് പോലീസുകാർ മറ്റുള്ളവരുടെ സഹായത്തോടെ ആ മൃതദേഹം പൊക്കിയെടുത്ത് വൃത്തിയുള്ള പുൽത്തകിടിയിലേയ്ക്ക് കിടത്തി, അതിൽ  കരിഞ്ഞുവീണു പറ്റിപ്പിടിച്ച ചില്ലത്തുണ്ടുകളും ചാമ്പൽ‌പ്പൊടികളും നീക്കി കുറച്ചു വൃത്തിയാക്കി.
“ എല്ലാവരും ഒന്നൊഴിഞ്ഞ് ദൂരേയ്ക്ക് മാറിനിൽക്കൂ...” ഒന്നുകൂടി പരിചിതമായ ആ ശരീരത്തെനോക്കി ദീർഘനിശ്വാസത്തോടെ തിരിഞ്ഞുനടക്കാൻ ഭാവിച്ച  റെക്സ്, ശ്രീമന്ദിരത്തിൽനിന്നും വിങ്ങിപ്പൊട്ടിയുള്ള ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട്, അനങ്ങാൻ സാധിക്കാതെ അവിടേയ്ക്ക് നോക്കി. പൂമുഖത്തിനു വെളിയിലുള്ള വെളിച്ചമല്ലാതെ മറ്റൊന്നും കാണുന്നില്ല.

പെട്ടെന്ന് ആ മൃതശരീരം ചലിച്ചതായി അയാൾക്ക് തോന്നി. ‘ആരോ അതിനെ ചലിപ്പിച്ചതാണോ?’  ടോർച്ച് തെളിച്ച് ഓരോ അവയവങ്ങളും ശ്രദ്ധിച്ച് നിരീക്ഷിച്ചു. അച്ചനും മറ്റു രണ്ടുപേരും അതിൽത്തന്നെ സൂക്ഷിച്ചു നോക്കുകയാണ്.

വർദ്ധിച്ച സംഭ്രാന്തിയും സംശയവും പൂണ്ട അച്ചനും,  അത്ഭുതാവേശനായ  റെക്സും പരസ്പരം ഉറ്റുനോക്കി. അച്ചനാണ്  ആദ്യം അത് പറഞ്ഞത് “ ഇത് അലക്സല്ല, അവന്റെ ശരീരം  ഇതല്ല..!”
“ എനിക്കും സംശയമുണ്ട്....അലക്സിന്റെ ശരീരത്തിന് ഇതിനെക്കാൾ നീളമുണ്ട്...”
“ അവന്റെ ദേഹം ഇത്ര കനത്തതുമല്ല...!!”
“ അതെ  ശരീരംതന്നെ മാറ്റം..!!”  റെക്സ് പോക്കറ്റിൽനിന്ന് കർച്ചീഫെടുത്ത് ആ ശരീരത്തിന്റെ മുഖം മാത്രം തുടച്ചുനോക്കി.

ആ മുഖം വ്യക്തമായിക്കണ്ട ഫാദർ ഡാനിയേൽ ‘..ഹോ...എന്റെ  കർത്താവേ...’ യെന്ന് ഓർക്കാപ്പുറത്ത് വിളിച്ചുപോയി.
മറ്റുചിലർ ഉച്ചത്തിലും പതുക്കെയും അതിശയകരമായി സംസാരിക്കാൻ തുടങ്ങി. അപ്പോഴും പരക്കുന്ന ആ പാലപ്പൂമണമേറ്റ്, ഭയവും അത്ഭുതവും പേറിനിൽക്കുന്ന അവരെനോക്കി  അച്ചൻ പറഞ്ഞു “ ഇത് അലക്സിന്റെ ശരീരമല്ല....അലക്സല്ലായിത്....ഇത്...ഇത്.....”ബാക്കി പറയാനാകാതെ വീണ്ടും ആ  ശരീരത്തെനോക്കി  മിഴിച്ചുനിന്നു.

ഒരാൾ കുറേ വെള്ളം കൊണ്ടുവന്ന് ചെല്ലയ്യായുടെ മുഖത്തു തളിച്ചപ്പോഴേയ്ക്കും അയാൾക്ക് ബോധം വന്നുതുടങ്ങി, ഭയം വിട്ടുമാറാതെ ‘ ആ പ്രേതം....അത് ശരിതാനേ...കടവുളേ.....’എന്ന് വിഭ്രാന്തിയാൽ വിളിച്ചുകൂവി.

റെക്സ്  ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ചോദ്യങ്ങളിൽ പെട്ട് അസ്വസ്ഥനായി “ ഈ ചെല്ലയ്യായെ പ്രത്യേകം ഗൌനിക്കണം, എങ്ങോട്ടും പോകാനനുവദിക്കരുത്...” എന്ന് പോലീസുകാർക്ക് ആജ്ഞ കൊടുത്തു.

അയാൾ സംഭവങ്ങളുടെ കണ്ണികൾ നിരത്തിനോക്കി - ‘ തീ വച്ചത് ചെല്ലയ്യയാണെന്ന് കരുതാം. പക്ഷെ, അലക്സെവിടെ? അവൻ സ്നേഹിച്ചിരുന്ന യുവതി ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചു. പിന്നെ അവനിങ്ങനെചെയ്ത് മറയേണ്ടുന്ന കാര്യമില്ല.  ഈ മൃതദേഹം ആരുടെ?  അതുകണ്ട് അച്ചനെന്തിന് ഭയക്കുന്നു?..’
എല്ലാം നേരിട്ട് അന്വേഷിക്കുന്നതാണ് നല്ലത്,  അതെവിടെത്തുടങ്ങണമെന്ന് ഗാഢമായി ചിന്തിച്ചു. ആ   സമയം....

ഒരു യുവതിയുടെ ദുഃഖത്താലുള്ള  യക്ഷഗാനം കേൽക്കുന്നുവോ?
അതു കേട്ടഭാഗത്തേയ്ക്ക് നോക്കിയപ്പോൾ -  വിഷാദഛായയാർന്ന് വിങ്ങിക്കരഞ്ഞുകൊണ്ട്, തിളങ്ങുന്ന കണ്ണുകളോടെ ഒരു വെളുത്തമുഖം ജനലിൽക്കൂടി  ഉറ്റുനോക്കുന്നു.

അയാൾ അവിടേയ്ക്ക് പോകാനായി എഴുന്നേൽക്കുമ്പോൾ,  ഡാനിയേലച്ചൻ അത്ഭുതപരതന്ത്രനായി ഓടിവന്ന് റെക്സിന്റെ കയ്യിൽ പിടിച്ചുപറഞ്ഞു “ റെക്സ്,  എത്രയും വേഗം പള്ളിയിലെത്തണം, ഒരു സംശയം തീർക്കാനുണ്ട്.....”

അവിടെ  ആകെയൊരു ബഹളം.

രാവിലെ ആറു മണിക്കുള്ള  പള്ളിമണിയുടെ മുഴക്കത്തിൽ,  തീപിടിച്ച കുതിരലായത്തിന്റെ  പിൻഭാഗത്തുനിന്നും  ഉയർന്ന നിലവിളി  ആരും കേട്ടില്ല........

                                                                              ..............തുടരും...............

Friday, October 8, 2010

യക്ഷിയും പാലപ്പൂക്കളും


'ശ്രീ മന്ദിര’ത്തിലെ പൂമുഖത്തു നിന്നും വരുന്ന വെളിച്ചം, നേർത്ത മഞ്ഞിലൂടെ അരിച്ചെത്തുന്നത് ഇങ്ങു താഴ്വാരത്തു നിന്നാൽ കാണാം.  ഇളം കാറ്റേറ്റ് ഇടതൂർന്ന് ഇളകിയാടുന്ന മരച്ചില്ലകളുടെ മർമ്മരശബ്ദം അന്തരീക്ഷത്തിലലിഞ്ഞു ചേരുന്നു.

ഇടതുഭാഗത്ത് മുന്തിരിത്തോട്ടത്തിന്റെ അരികിലൂടെ, ദൂരെനിന്നും ഒഴുകിവരുന്ന ചെറിയ അരുവി. അവിടവിടെ പൊന്തിനിൽക്കുന്ന മരവേരുകളിൽ തട്ടി കിലുകിലാരവത്തോടെ ചിരിച്ചെത്തുന്ന വെള്ളത്തിൽ, വലതുകാല്പാദം മുക്കി, ഒരു പാഴ്ത്തടിയുടെ മുകളിൽ ചിന്താവിഷ്ടനായി ഇരിക്കുകയാണ്  ‘അലക്സ്.’

പരിസരമാകെ പാലപ്പൂക്കളുടെ ഗന്ധവുമായി മന്ദമാരുതൻ വീശിത്തഴുകിയപ്പോൾ, സാവധാനം സല്ലാപചലനങ്ങളിലൂടെ അവൻ സഞ്ചരിച്ചു.

മടിയിൽ തലചായ്ച്ച് പച്ചപ്പുല്ലുകളിൽ കാലുകൾ നീട്ടിവച്ച്,  അവന്റെ മുഖത്തേയ്ക്കുനോക്കി അവൾ കിടക്കുന്നുണ്ട്. അവളുടെ നനുത്ത നെറ്റിയിലൂടെ കവിൽത്തടങ്ങളിൽ തലോടി, ഓറഞ്ചുനിറമാർന്ന മുഖമുയർത്തി അവൻ മന്ത്രിച്ചു.
 ‘ എന്റെ പ്രിയപ്പെട്ട  ഒമിയാ, പ്രിയേ....’

അവൾ വികാരവതിയായി, ചോദ്യഭാവത്തിൽ ആ മുഖത്തേയ്ക്ക് നോക്കി. ഇടതു കൈ നീട്ടി അവന്റെ തലയിൽ വച്ച് തന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു-
 ‘ അലക്സ്...പ്രിയനേ...ഇനിയെന്നാ നമ്മൾ കാണുന്നത്....?’

കുറച്ചു നാളത്തേയ്ക്കുള്ള അകൽച്ചയുടെ വിഷാദഛായ രണ്ടു മുഖങ്ങളിലും കലർന്നു. അവളുടെ കഴുത്തിലും മാറിടത്തിലും വിരലുകളോടിച്ചുകൊണ്ടിരുന്ന അലക്സ്, ആ ചോദ്യത്തിനുത്തരം പറയാതെ, അവളെ കെട്ടിപ്പുണർന്ന് ചുംബനങ്ങൾ നൽകി. അവളും അവന്റെ തോളത്തു കൈവച്ച്  അതനുകരിച്ചു.

തോളിൽ ഒരു കൈപിടിച്ച് തന്നെ കുലുക്കിയെന്ന് ബോധ്യമായപ്പോൾ, അവൻ തിരിഞ്ഞുനോക്കി. പേടിച്ചിട്ടാണെങ്കിലും കൃത്രിമമായ പുഞ്ചിരിയോടെ  ചെല്ലയ്യ  നിൽക്കുന്നു. കരിയിലകളിൽ ചവിട്ടിവന്നതിന്റെ ശബ്ദമോ, അയാളുടെ കയ്യിലിരുന്ന ശരറാന്തലിന്റെ വെളിച്ചമോ അവൻ ശ്രദ്ധിച്ചില്ല.

“ കുഞ്ഞേ, എപ്പവും മാതിരി കനവിലേയാ..?”
“കനവിലോ.. ഞാനോ....?” അവൻ നോക്കിയപ്പോൾ അവളെ കാണുന്നില്ല, അടുത്തെങ്ങും അവളില്ല.

“ അല്ല ചെല്ലയ്യാ...ഒമിയാ എന്റെകൂടെയുണ്ടായിരുന്നല്ലോ.., ഇതായിപ്പൊ ഞങ്ങൾ ചേർന്നിരുന്നതല്ലേ..?”
“ ഇതുതാനേ എപ്പവും ചൊല്ലുന്നത്..? ആ പാലപ്പൂവുക്കെ മണം അതേമാതിരി വീശിയേവരുന്നു. ആ പ്രേതം കുഞ്ഞിന്റെ പക്കത്തു വന്നു.  കുഞ്ഞ് ഒറ്റയാ ഈ പാതിരാത്തിറി ഇവിടെ ഇരിക്കണ്ട,  ഏതോ ആപത്തു വന്നാ പ്രശ്നമാ ഇരുക്കും.  റൂമിലെ പോയിട്.....”

‘ എന്തായീ പറയുന്നത്...സ്വപ്നമല്ലായിരുന്നല്ലോ...?’ അവൻ സ്വയം മുഖത്തും കയ്യിലും കാലിലുമൊക്കെ നുള്ളിനോക്കി, വേദനയുണ്ട്. ‘ തന്റെ തോന്നലായിരുന്നില്ല, പിന്നെയവളെവിടെ..?’
‘ അതെ, ആ മണം ചുറ്റിലുമുണ്ട്. യക്ഷിപ്പാലകൾ പൂക്കുമ്പോഴുള്ള മാദകമായ മണം. അവൾ വരുമ്പോഴൊക്കെ ഇതേ സുഗന്ധമാണുണ്ടാവുക...’ അത് ആവാഹിക്കാനെന്നവിധം തുടരെ ഉള്ളിലേയ്ക്ക് ശ്വാസമെടുത്തു, അവൻ.
ആ കെട്ടിടത്തിലേയ്ക്ക് ചൂണ്ടിക്കാട്ടി, പേടിയോടെ ചെല്ലയ്യ അവനോടു ചേർന്നുനിന്നു.
“ നോക്ക് നോക്ക്, വേഗം പോ, ഇന്നും ആ വീട്ടീന്നുതാൻ മണം വരുന്നത്.....”

‘ ശരിയാണല്ലോ,  ഇതിനു മുമ്പും- ആ മരണം നടന്ന ദിവസവും ഇതേ ഗന്ധം വരുമായിരുന്നു. വീടിന്റെ ഇടതുഭാഗത്ത് കുതിരലായം വരെ കാടുപിടിച്ചു കിടക്കുകയാണെങ്കിലും, അവിടെയെങ്ങും ഒരു പാലമരം കാണാനില്ല, പലപ്രാവശ്യവും പരിശോധിച്ചതാണ്. പിന്നെ, ആരും താമസമില്ലാത്ത  ശ്രീമന്ദിരത്തിൽ ഇത്രയും പാലപ്പൂക്കൾ ആരാണ് കൊണ്ടിടുന്നത്? ആ വീടും പരിസരവും വൃത്തിയാക്കാൻ ചെല്ലയ്യ മാത്രമേ അവിടെ പോകാറുള്ളൂ....’

“ കുഞ്ഞേ  നോക്ക് നോക്ക്...” അലക്സിന്റെ കയ്യിൽ ഇറുകെപ്പിടിച്ച്, ഭയാശങ്കയാൽ വീണ്ടും ആ കെട്ടിടത്തിലേയ്ക്ക് വിരൽചൂണ്ടി  ചെല്ലയ്യ.   പൂമുഖത്തേയ്ക്കിറങ്ങി വരുന്ന മുറിയുടെ ജനലിൽക്കൂടി അകത്ത്, പ്രകാശം മിന്നിമറയുന്നതും ഒരു കറുത്ത രൂപം നീങ്ങിമാറിയതും അവർ കണ്ടു.    
അത്രമാത്രം - നിമിഷനേരം.
“ കുഞ്ഞേ  ആ  ലാസർ പറഞ്ഞത് ശരിയേതന്നെ. പ്രേതം ഇരുക്കുതെന്ന് ഇപ്പ കണ്ടില്ലെ? ഞാൻ ഈവഴിയാ പോയി അച്ചനെ വിളിക്കട്ടാ?”
“ നിൽക്ക് നിൽക്ക്,   നോക്കട്ടെ..”

അലക്സ് അവിടെത്തന്നെ സൂക്ഷിച്ചുനോക്കി, പിന്നെയൊന്നും കാണുന്നില്ല. കെട്ടിടത്തിനകത്ത് കൂരിരുട്ടാണ്. പൂമുഖത്തിന്റെ വെളിയിലായി ഒരു ബൾബ് എരിയുന്നത് ചെല്ലയ്യ ഇടുന്നതാണ്, വേറെയാരും അവിടെ വരാൻ നിവൃത്തിയില്ല.
താഴ്വാരം ചുറ്റിനടന്നുവേണം കുന്നിഞ്ചരുവിലെ പള്ളിയിൽചെന്ന്  ഡാനിയേലച്ചനെ വിളിക്കാൻ. “ അതിന് താമസിക്കും ചെല്ലയ്യാ, നമുക്ക് വേഗം ആ വീട്ടിൽ പോയിനോക്കാം.. ആരെങ്കിലും ഉള്ളിൽക്കടന്നതാണെങ്കിലോ?”

“ അയ്യോ കടവുളേ  ഞാനില്ലേയ്, വേണ്ട കുഞ്ഞേ വാ, നമ്മക്കച്ചനേം ആൾക്കാരേം കൂട്ടിവരാം...” കയ്യിലിരുന്ന വിളക്കിന്റെ തിരി കുറേക്കൂടി നീട്ടിവച്ച് ചെല്ലയ്യ അവന്റെ കൈപിടിച്ചു വലിച്ചു. കാരണം, ആ പൂക്കളുടെ ഗന്ധം അപ്പോഴും അയാളറിയുന്നുണ്ട്.

അപ്പോഴതാ അവർക്കുമുകളിൽ, മരശിഖരങ്ങളിൽ തൊട്ട് പുക പരക്കുന്നു. രണ്ടുപേരും അതിശയത്തോടെ പരസ്പരം നോക്കി. കാരണം, അവിടെ അടുത്തൊന്നും വീടുകളില്ല, പുകയുണ്ടാകാനുള്ള മറ്റു സാഹചര്യങ്ങളുമില്ല. കുറേ വീടുകളുള്ളത് അകലെ പള്ളിയുടെ പരിസരത്തുമാത്രം.

ക്രമേണ, പുക ഘനീഭവിച്ച് കറുത്ത ചുരുളുകളായി കാണപ്പെട്ടതിനാൽ, അതു വരുന്ന ഭാഗത്തേയ്ക്ക് അവർ നോക്കി.
കുറച്ചകലെ, മുന്തിരിത്തോട്ടത്തിന്റേയും മരക്കാടിന്റേയും മദ്ധ്യത്തായി, അരുവിയുടെ മുകൾതീരത്തുള്ള  കുതിരലായം തീപിടിച്ച് എരിയുന്നു.

തീപിടിച്ച ഭാഗത്തേയ്ക്കോ, രൂപം കണ്ട കെട്ടിടത്തിലേയ്ക്കോ  അതല്ല, ആളുകളെക്കൂട്ടാൻ  അച്ചന്റെയടുത്തേയ്ക്കോ പോകേണ്ടതെന്നറിയാതെ ഒരു നിമിഷം അവർ പകച്ചുനിന്നു.  ലായത്തിനകത്ത് മൂന്നു കുതിരകളെ കെട്ടിയിട്ടുള്ളത് പെട്ടെന്നവനോർത്തു.
അലക്സ് ചെല്ലയ്യായെ തള്ളിവിട്ടു-“ വേഗം പോയി  അച്ചനേയും ആൾക്കാരേയും വിളിക്ക്....ഞാൻ പോയി കുതിരകളെ അഴിച്ചു വിടട്ടെ...” അവൻ കത്തിയെരിയുന്ന ലായത്തിലേയ്ക്ക് പാഞ്ഞു.
അതിന് എതിർഭാഗത്തേയ്ക്ക് താഴ്വാരത്തിലൂടെ ചെല്ലയ്യായും ആയാസപ്പെട്ട് നീങ്ങി.

അലക്സ് എത്തിയപ്പോഴേയ്ക്കും കുതിരലായം പകുതിയിലേറെ വെന്തുകഴിഞ്ഞിരുന്നു. തീയുടെ ചൂടും കറുത്ത പുകയും നിറഞ്ഞ് ഒന്നും വ്യക്തമാകുന്നില്ല. അതിനിടയിൽക്കൂടി ബദ്ധപ്പെട്ട് അവൻ കുതിരകളുടെ അടുത്തെത്തി. തോലിന്റെ കെട്ടുകൾക്ക് തീപിടിച്ച്, രണ്ടു കുതിരകൾ പുറത്തേയ്ക്കോടി. ‘ഇനിയൊന്നുണ്ടല്ലൊ, അതെവിടെയെന്ന്’അറിയാൻ ചുറ്റിലും തെരഞ്ഞു.

കട്ട പിടിച്ച ഇരുൾ വീഴുന്നതുപോലെ, ഭാരമുള്ള എന്തോ ഒന്ന്  അലക്സിന്റെ പുറത്തേയ്ക്ക് വന്നുവീണു.....

സമയം അറിയിക്കുന്ന പള്ളിയിലെ മണിയൊച്ച, പൂമണവുമായി ചേർന്ന്  നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ട്, പന്ത്രണ്ടു തവണ!!


                                                                                ..............തുടരും.

Sunday, September 26, 2010

മാലിനി

   ‘ അങ്ങെത്തും മുമ്പേ...’ (തുടർച്ച)
                                           

ആ പാലത്തിന്റെ അടുത്തേയ്ക്ക് ഞാൻ വേഗത്തിൽ നടന്നു. ഇപ്പോൾ പതിനൊന്നു മണിയായി, കഠിനമായ ചൂടുണ്ട് വെയിലിന്. നേരത്തേ പറഞ്ഞ സംഭവം കഴിഞ്ഞിട്ട് ഒരു മണിക്കൂർ തികഞ്ഞില്ല.

താഴെ കായൽത്തീരത്തേയ്ക്ക് പോകാനുള്ള വീതികൂടിയ ഒരു വഴിയുണ്ട്. അതിനെക്കാൾ എളുപ്പത്തിലെത്താവുന്നതിനാൽ, റെയില്പാളത്തിന്റെ വശത്തുകൂടിയുള്ള ഒറ്റയടിപ്പാതയിലൂടെയാണ് ഞാൻ നടന്നത്.സൂക്ഷിച്ചില്ലെങ്കിൽ കാലുതെന്നി മുൾച്ചെടികളുടെ ഇടയിൽക്കൂടി താഴെവീഴും.പാളത്തിൽക്കൂടി നടന്നാൽ, ട്രെയിൻ മുമ്പിലെത്തിയാലേ അറിയൂ- അതുവന്ന് ഇടിച്ചുതെറിപ്പിച്ചങ്ങു പോകും. എതിരേ വരുന്നത് ജീവനുള്ള ഒരു മനുഷ്യനാണെന്നും, ഇടിക്കാൻ പാടില്ലെന്നും വണ്ടിയുടെ യന്ത്രത്തിന് അറിഞ്ഞുകൂടല്ലൊ.

ഇപ്പോൾ വ്യക്തമായിക്കാണാം.പാലത്തിന്റെ ഇപ്പുറത്ത് കുറേയാളുകൾ കൂടിനിൽക്കുന്നു, പെണ്ണുങ്ങളുമുണ്ട്.ചിലർ താഴേയ്ക്കുനോക്കി അവിടമൊക്കെ പരിശോധിക്കുന്നു. കുറച്ചുകൂടി മുന്നോട്ടുപോയി അവരെപ്പോലെ ഞാനും പാളത്തിൽനോക്കി.

പാളങ്ങളിലും കല്ലുകളിലുമൊക്കെ രക്തം ചിതറി ഉണങ്ങിയ അടയാളങ്ങൾ. ഉദ്ദേശം നൂറു മീറ്റർ ദൂരത്തായി അയാളുടെ ശരീരം ഒരു കാൽ അറ്റുപോയ നിലയിൽ തെറിച്ചു കിടക്കുന്നു. ആകപ്പാടെ ചതഞ്ഞമർന്ന് വികൃതമായെങ്കിലും, മുഖം ഒരുവിധം വ്യക്തമാകും.തലയുടെ പിൻ വശം പൊട്ടിത്തകർന്നു. വലതുവശത്ത് ഇടതിങ്ങി വളർന്നുപടർന്നു കിടക്കുന്ന പാഴ്ച്ചെടികളുടെ മുകളിൽ കുരുങ്ങി, അയാളുടുത്തിരുന്ന വെളുത്ത മുണ്ട് കാറ്റടിച്ചു പറക്കുന്നു.

ഇതൊക്കെ നോക്കുന്നവർ പലതും വിശദമായി പറയുന്നതിൽ നിന്നും, മരിച്ചത് എനിക്കറിയാവുന്ന ആളാണെന്നറിഞ്ഞു. ആ ഉടലിന്റെ അടുത്തുചെന്ന് മുഖം ശ്രദ്ധിച്ചുനോക്കി. അതെ അയാൾതന്നെ, മുകുന്ദൻ. ആറ്റുപുറത്തു നാലുകെട്ടിലെ ശേഖരൻ മേനോന്റെ മകൻ, മുകുന്ദൻ മേനോൻ.

ഞാനോർത്തു- ബസ്സിൽ കയറിയാൽ ചില്ലറയുടെ പേരിൽ കണ്ടക്റ്ററെ അടിക്കും, മാർക്കറ്റിൽ പോയാൽ വില പറഞ്ഞ് വഴക്കുണ്ടാക്കും, ഷാപ്പുകളിൽ ചെന്നാലും അതുതന്നെ സ്ഥിതി. എവിടെയും സ്ത്രീകൾക്കുവേണ്ടിയേ വാദിക്കുകയുള്ളൂ‍ .അതിനാൽ സ്ത്രീകൾക്ക് സ്നേഹമില്ലെങ്കിലും- വിരോധമില്ല, പുരുഷന്മാർക്ക് ഒട്ടും കണ്ടുകൂടാതാനും.

ധാരാളം സ്വത്തുക്കളുള്ള മേനോന് ഈയൊരു മകനേയുള്ളൂ. കൂടുതൽ ലാളിച്ചു വളർത്തിയതിനാൽ നല്ലതുപോലെ പഠിച്ചില്ല, നല്ല സ്വഭാവമില്ല. അഛനുമമ്മയും നല്ലതുപോലെ സൂക്ഷിച്ചു വളർത്തിയാലേ മക്കൾ നന്നാവൂ, പ്രത്യേകിച്ച് ആൺ മക്കളെ. മുകുന്ദന് ആ നിയന്ത്രണം ഉണ്ടായില്ല, ക്രമേണ അതുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഫലിച്ചതുമില്ല.  

ജീവിതത്തിൽ നല്ലവനായി നടക്കാതെ വെറും തെമ്മാടിയാവുന്നവന്, ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള ദുർമരണം മാത്രമേ ‘വിധി’ കൊടുക്കുകയുള്ളൂ.

അപ്പോൾ ഈ മുകുന്ദൻ തന്നെയാണ്, സിദ്ധനർകാരിയായ ‘മാലിനി’യെ പ്രശ്നങ്ങളുണ്ടാക്കി വിവാഹം കഴിച്ചത്. ഓ-അവളുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ആദ്യം അവിടെയല്ലേ എത്തേണ്ടത്? പെട്ടെന്ന് ഞാൻ കായൽതീരത്തെത്തി.

അവിടെ ആരേയും കാണാനില്ല. താഴെ അല്പമകലെയായി ഒരു വീട്ടിന്റെ മുമ്പിൽ നാലഞ്ചുപേർ നിൽക്കുന്നു, ഞാൻ അവിടെയെത്തി.  

ഓടു മേഞ്ഞ ഒരു വീടിന്റെ അരമതിൽ കെട്ടിയ ഉമ്മറക്കോലായ്ക്കകത്ത്, ഒരു യുവതി അവശതയോടെ ചാരിക്കിടക്കുന്നു. അടുത്തിരിയ്ക്കുന്ന മറ്റൊരു സ്ത്രീ അവളുടെ വയറ്റത്തും നെഞ്ചത്തും കൈപ്പത്തിയിലും കാല്പാദങ്ങളിലും തിരുമ്മുകയും തടവുകയും ചെയ്യുന്നു. രണ്ടുമൂന്നു സ്ത്രീകൾ ചുറ്റിലും നിന്ന് പിറുപിറുക്കുന്നു.

അടുത്തു ചെന്ന് ആ സ്ത്രീയോട് വളരെ പതുക്കെ ചോദിച്ചു “ ഇവരാണോ അവിടെ വെള്ളത്തിൽ വീണത്?’ അവർ എന്നെ ആപാദചൂഡം ഒന്നു നോക്കി. എന്റെ പരിതാപഭാവം കണ്ടിട്ടാവാം, അവർ ‘ അതെ ആങ്ങളെ...’ എന്നു പറഞ്ഞതുകേട്ട് , ആശ്വാസത്തോടെ ആ യുവതിയെ നോക്കി.

നല്ല പ്രസന്നതയും ശാലീനത്വവുമുള്ള കറുത്തു മെലിഞ്ഞ ഒരു സുന്ദരി, ‘ മാലിനി’. നൂലു പോലത്തെ ഒരു മാലയിൽ താലി കൊരുത്തിട്ടിരിക്കുന്നു. വലതു കയ്യിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്, സാരിയും ബ്ലൌസും അപ്പോഴും നനഞ്ഞതുതന്നെ. മറ്റുള്ളവർ അവളെ ചുറ്റിക്കൂടിയിരുന്ന് എന്തൊക്കെയോ ചോദിക്കുന്നെങ്കിലും, ഒന്നിനും അവൾ ഉത്തരം പറയാതെ തലയാട്ടുകമാത്രം ചെയ്തു.

ഒരു ചേച്ചിയെപ്പോലുള്ള ആ സ്ത്രീയെ പുറത്തേയ്ക്കു വിളിച്ച്, ഒഴിച്ചു നിർത്തി ഞാൻ..“ അവർ ഇവിടെ എങ്ങനെയെത്തി, എന്താ നടന്നത്, ആ നനഞ്ഞ സാരിയൊന്നു മാറ്റിക്കൂടെ...?’ എന്നൊക്കെ ചോദ്യമായി.

“ അതിന് അത് സമ്മതിക്കണ്ടെ? ഞാൻ കഴുകിയ തുണികൾ വിരിച്ചോണ്ടു നിൽക്കുവാരുന്നു. ഈ കൊച്ച് ഓടിവരുന്നതും ഞാനവിടെയെത്തും മുമ്പ് കമ്പിയിൽ പിടിച്ച് തൂങ്ങിവീഴുന്നതുമാ കണ്ടത്. കുറേ വിളിച്ചുകൂവി. ദൂരെ വള്ളത്തിൽ മണ്ണുംകേറ്റി തൊഴഞ്ഞു പോയ രണ്ടുപേര് നോക്കിയപ്പൊ, ഒറക്കെ കര്യം പറഞ്ഞു. അവര് അവിടെപ്പോയി ഇതിനെ തൂക്കിയെടുത്ത് എന്നെയേല്പിച്ച്, തൊഴഞ്ഞു പൊക്കളഞ്ഞു. ഞാനും ദേ അവളും കൂടാ പൊക്കിയെടുത്ത് ഇവിടെ കൊണ്ടുവന്ന് കെടത്തിയത്. ബോധം വന്നപ്പൊ മൊതല്, ‘ആളെക്കൂട്ടി ഒന്നും പറയരുതെ’ന്ന് പറഞ്ഞോണ്ടിരിക്കുവാ...” ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

“ ട്രെയിൻ തട്ടി ഒരാൾ ദേ അവിടെ മരിച്ച കാര്യം, ആരോ പറഞ്ഞുകേട്ടപ്പഴാ ഇത്രേം ബഹളം. ഡോക്ടറെ വിളിക്കല്ലെ, ആശുപത്രീ കൊണ്ടുപോവല്ലെ, അവരൊക്കെ അറിഞ്ഞാ പോലീസു വരും ആത്മഹത്യയ്ക്ക് കേസെടുക്കും എന്നൊക്കെയാ പേടിച്ചു പറേന്നെ. ഇപ്പൊ അതിന്റെ വീട്ടീ പോണംന്നാ പറഞ്ഞോണ്ടിരിക്കുന്നെ....”അവർ തുടർന്നു.

അപ്പോഴുണ്ട്, രണ്ടുപേർ ഓടിവന്ന് ആ ചേച്ചിയോട് ‘ എന്തായി, എന്തായി...’യെന്ന് അന്വേഷിക്കുന്നു.
“ ങ്ങാ, ദേയിവരാ അതിനെ കരയിലെത്തിച്ചത്”
“ ആ സമയത്ത് ആരെയെങ്കിലും ഏല്പിച്ചിട്ട് നിങ്ങൾക്ക് പോകാമായിരുന്നില്ലേ?” ഞാൻ.
നിസ്സഹായ ഭാവത്തിൽ അവർ എന്നെനോക്കി. “ പൊന്നുചേട്ടാ, സർക്കാരിന്റെ അനുവാദം വാങ്ങാതെ വള്ളത്തിൽ ദൂരെപ്പോയി മണലും വാരി വന്നതാ. അന്നേരം ഇവിടെ ആളു കൂടിയാ ആപ്പീസറന്മാര് കാണും, ഞങ്ങളകത്താവും. മൊതലാളിക്ക് മണ്ണു പോയാലും ഒന്നുമില്ല, ഞങ്ങൾക്ക് കൂലി മാത്രമാ കിട്ടുന്നത്, ഞങ്ങടെ വീട് പട്ടിണിയാവൂലേ? പിന്നെ വേഗം തുഴഞ്ഞ് മൊതലാളീടെ രഹസ്യ ബോട്ടുകൂടത്തില് മണലുവള്ളവും തള്ളിവച്ചിട്ടാ, വേറേ വള്ളത്തില് വന്നത്. ഞങ്ങളിങ്ങെത്തുന്നേനുമുമ്പ് ആ കൊച്ചിന് ഒന്നും സംഭവിക്കല്ലേന്ന് പ്രാർഥിച്ചോണ്ട് ഓടുവാരുന്നു ഞങ്ങള്....”

ശരിയാണ്. അവർക്ക് അവരേയും സൂക്ഷിക്കണമല്ലൊ. ‘ കുളിക്കാനിറങ്ങിയതാണെന്നും കാൽ വഴുതി വീണുപോയതാണെന്നും മറ്റുള്ളവരോട് പറഞ്ഞാൽ മതി’ യെന്ന് ഞാൻ അവരേയും ചേച്ചിയേയും ബോദ്ധ്യപ്പെടുത്തി.

അവൾ പറയുന്നതും ശരിയാണ്. മുകളിൽ മരണം നടന്ന സ്ഥലത്ത് പോലീസുകാർ വരും,  അന്വേഷിച്ച് ബന്ധപ്പെട്ട് ഇവിടെയുമെത്തും. പിന്നെ കേസ്, വഴക്ക്, ആകെ പൊല്ലാപ്പാകും. അതിനുമുമ്പ് അവളുടെ വീട്ടിലെത്തിച്ച്, ആശുപത്രിയിലുമാക്കാം. പെട്ടെന്ന് ഒരു കാറു വിളിച്ചുകൊണ്ടുവരാൻ വള്ളക്കാരനെ വിട്ടു. വണ്ടിയുമായി വരുന്നതിനു മുമ്പ് മുകളിൽ പോയി ഒന്നു നോക്കി.

ആരോ ചെന്ന് അറിയിച്ചപ്പോൾത്തന്നെ ശേഖരമേനോൻ അവിടെയെത്തി. മകൻ നഷ്ടപ്പെട്ട ദുഃഖത്താൽ അയാൾ എന്തൊക്കെയോ പറയുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്നുണ്ട്. കുറേക്കഴിഞ്ഞ് അടുത്ത സ്റ്റേഷനിൽ നിന്നും ട്രെയിൻ ഡ്രൈവർ അറിയിച്ചപ്രകാരം,  ഒരു പോലീസുകാരൻ  മറ്റു  മൂന്നുപേരുമായെത്തി. ഭാഗ്യത്തിന് താഴെ നടന്ന സംഭവമൊന്നും ആരും അറിഞ്ഞിട്ടില്ല. ഇനി അവിടത്തെ കാര്യം അവർ നോക്കിക്കൊള്ളും, ജഡമൊക്കെ വാരിയെടുത്ത് ആ തന്ത കൊണ്ടുപൊയ്ക്കോളും.

വണ്ടിയെത്തി.  ചേച്ചിയേയും വള്ളക്കാരനേയും കൂട്ടി മാലിനിയെ താങ്ങിപ്പിടിച്ച്, അവൾ ചൂണ്ടിക്കാണിച്ച വഴിയേ നീങ്ങി അവളുടെ വീട്ടിലെത്തി. ഇഷ്ടികകൊണ്ട് കെട്ടിയ ഒരിടത്തരം വീട്. നാലു വയസ്സുകാരിയായ ഒരു കുട്ടിയെ മടിയിലിരുത്തി, വാതിൽ‌പ്പടിയിൽ ഒരമ്മ ഇരിക്കുന്നു. വണ്ടി നിർത്തിയപ്പോൾ, അവ്യക്തമായി മാലിനിപറയുകയാണ്.“ എനിക്കിറങ്ങണ്ടാ...എനിക്കിനി ജീവിക്കണം...ആശുപത്രിയിൽ പോ.... അമ്മേ...മോളേ...” 

മകളെക്കണ്ടപാടെ അമ്മ നിലവിളി തുടങ്ങി. ഒന്നുമറിയാതെ കൊച്ചുമകൾ കൂടെച്ചേർന്ന് കൂട്ടക്കരച്ചിലായി.മകളെ പിടിക്കാൻ കൈ നീട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു, മാലിനി. കഴിയുന്നില്ല.അവളുടെ പിൻ വശത്ത് സാരിയുടെ ഭാഗമാകെ രക്തം പടർന്നിരിക്കുന്നു. വളരെ മോശമായ നിലയിലാണിപ്പോൾ. 

എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായി  അമ്മ, കൊച്ചുമകൾ, ചേച്ചി, മാലിനി എന്നിവരെ പിൻസീറ്റിലും ഞാനും വള്ളക്കാരനും മുന്നിലും കയറി ആശുപത്രിയിലേയ്ക്കു പോയി. “എനിക്ക് ജീവിക്കണം.. എനിക്ക് മോളെ വളർത്തണം... ജീവിക്കണം....”ഇങ്ങനെ തീരെ താഴ്ന്ന സ്വരത്തിൽ പറയുന്നുണ്ട്, അവൾ.‘ അവിടെയെത്തും മുമ്പ് ഒന്നും സംഭവിക്കരുതേ..’യെന്ന് എന്റെ മനസ്സ് വിങ്ങിമന്ത്രിച്ചു.

അവിടെയെത്തിയപാടെ ഞാനോടിച്ചെന്ന് ഡോക്ടറെക്കണ്ട്, ‘കുളിക്കുമ്പോൾ ആഴത്തിൽ വീണുപോയതാണെ’ന്ന് വിവരം പറഞ്ഞു. അദ്ദേഹം ജോലിക്കാരെവിട്ട് മാലിനിയെ കാഷ്വാലിറ്റിയിലേയ്ക്കു കയറ്റാൻ ഇരുമ്പു കിടക്കയിൽ കിടത്തി.  ഇപ്പോൾ ശരീരത്തിന്റെ പകുതിഭാഗവും ചുവന്ന പട്ടുവിരിപ്പുപോലെ നനഞ്ഞുകഴിഞ്ഞു.

അവൾ ഞങ്ങളെ ദയനീയമായി മാറിമാറി നോക്കി “ എന്റെ മോൾ... അമ്മാ...എനിക്ക്..എനിക്കിനിയും ജീവിക്കണം...എനിക്ക്...എനിക്ക്...”  അവ്യക്തമായി ഉച്ചരിക്കുന്നുണ്ടെങ്കിലും, ആ കണ്ണുകൾ പാതി അടയുന്നുവോ.? ‘ഇനി എന്താവും’ എന്ന ആകാംക്ഷ എന്നെ അസ്വസ്ഥനാക്കി.

‘കഷ്ടമേ..!! മരിക്കണം എന്ന് ചിന്തിക്കുന്നത് ഒരു നിമിഷനേരത്തുണ്ടാകുന്ന ആവേശം. മരിച്ചാൽ എല്ലാം തീർന്നുപോവില്ലേ, പിന്നെ ആരെയാണ് ജീവിച്ചുകാണിക്കുക? മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കാൻ ശ്രമിച്ചാലും, ഇതുപോലെ നരകയാതനയാവും ഭവിക്കുക.  ആർക്കും ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാകരുതേയെന്ന് പ്രാർഥിക്കുമ്പോൾ, അകത്തുനിന്നും- അവിടേയ്ക്കുപോയവരുടെ നിലവിളി ഉച്ചത്തിൽ മുഴങ്ങി, ‘അവൾ മരണത്തിന്റെ ശൂന്യതയിലേയ്ക്ക് പറന്നുപോയി..’ എന്നറിയിച്ചുകൊണ്ട്......
             --------------------------------------------------------------------------------------                       “   എന്താ ഒരു മണിക്കൂറായല്ലോ, വിഷമിച്ച് ചിന്തിക്കുന്നത്?”  ശബ്ദം കേട്ട് നിവർന്നു നോക്കിയപ്പോൾ, ചായ മേശപ്പുറത്തുവച്ച് ഭാര്യ ജയാമ്മ നിൽക്കുന്നു.                                                                                               “എന്തു പറ്റി, ഉം.....?” പിന്നെയും അവൾ ചോദ്യത്തിലാണ്.    കഥയിൽ നിന്നും പുറത്തുകടന്ന ഞാൻ, അവളുടെ മുഖത്തേയ്ക്കു നോക്കി ചോദിച്ചു “ തനിക്ക്  ആത്മഹത്യ ചെയ്യണോ..?”                                 പെട്ടെന്നുള്ള അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടിപ്പോയി.                             സ്തബ്ധയായി ശിലപോലെ നിൽക്കുന്ന ഭാര്യയെ , ഒളികണ്ണിട്ട്  ഒന്നു നോക്കിയശേഷം ഞാൻ ചായയെടുത്തു,കുടിക്കാൻ..........                    
                                                **********************ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം

Sunday, September 19, 2010

‘അങ്ങെത്തും മുമ്പേ....’

അവൾ ഓടി.

നീണ്ടുനിവർന്നു കിടക്കുന്ന റെയിൽ പാളത്തിന്റെ മദ്ധ്യത്തിലൂടെ, കൂർത്തു മൂർത്ത ചെറുപാറക്കല്ലുകളിൽ ചവിട്ടി വേഗത്തിൽ ഓടി. പാദങ്ങളിലെ മാംസവും എല്ലും ചതഞ്ഞ്, അതിന്റെ വേദന ശിരസ്സു വരെ ആക്രമിക്കുന്നതും, രക്തം വാർന്ന് കല്ലുകളിൽ ചുവന്ന പൊട്ടുകൾ വീഴ്ത്തുന്നതും, അവൾ ശ്രദ്ധിക്കുന്നതേയില്ല.

ഒരേയൊരു ലക്ഷ്യം മാത്രം, ഈ ജീവിതം ഇനി വേണ്ട, രക്ഷപ്പെടണം- എല്ലാം അവസാനിപ്പിക്കണം.


‘‘..മാലിനീ....മാലിനീ......”

‘ അയാളുടെ വിളിയാണ്, അകലെനിന്നും ഉറക്കെ വിളിച്ചുകൊണ്ട് തന്നെ പിന്തുടരുന്ന ഭർത്താവ്. സ്വന്തം ഹൃദയത്തെക്കാളേറെ സ്നേഹിച്ച്, ജീവിതം തന്നെ അയാൾക്കു വേണ്ടി അർപ്പിച്ചിട്ടും തന്നെ വഞ്ചിച്ച ഭർത്താവ്. വേണ്ട, ഇനി അയാളുമായുള്ള ജീവിതം വേണ്ട..’

അവൾ ഓട്ടത്തിന് വേഗം കൂട്ടി.

പിറകിൽ നിന്നും അവൾക്കൊപ്പം വീശിവരുന്ന കാറ്റ്, പാറിക്കിടന്ന മുടിച്ചുരുളുകളെ വിയർത്ത് നനവാർന്ന മുഖത്തേയ്ക്ക് പറത്തി, കണ്ണുകളെ മറച്ചു. ഈ ദൃഢനിശ്ചയം മാറ്റാനാവാം, കാറ്റിന്റെ ശ്രമം. നെറ്റിയിൽ നിന്നൂർന്നുവരുന്ന വിയർപ്പ്, കണ്ണുനീരുമായി ചേർന്ന് കവിളിലൂടെ ഒഴുകി. പരിസരം പോലും ശ്രദ്ധിക്കാതെ ഓട്ടം തുടർന്നു....

“ മാലിനീ.. നിൽക്കൂ...എന്നോടു ക്ഷമിക്കൂ....ഇനി ഓടരുതേ....”

‘ അയാൾ അലറിവിളിച്ചുകൊണ്ട് പിന്നിലായി ഓടിവരുകയാണ്. വളരെയകലെയായി കൈവരിയോടുകൂടിയ പാലം കാണാം. ഇങ്ങ് അടുത്തെത്തും മുമ്പ് ഓടി അവിടെയെത്തണം. കണ്ണിലേയ്ക്കു വീണ മുടി നീക്കിമാറ്റി, പറക്കുന്ന സാരിത്തുമ്പ് ഒതുക്കിപ്പിടിച്ച് മുന്നിൽ ദൂരേയ്ക്കു നോക്കി. പാലത്തിലെത്തണമെങ്കിൽ ഇനിയും കുറേ ദൂരമുണ്ട്. ഇതിലും വേഗത്തിൽ ഓടാനും വയ്യ, യാന്ത്രികമായെങ്കിലും ഓടിയേ പറ്റൂ..’

നിമിഷ നേരം അവളൊന്നു തിരിഞ്ഞു നോക്കി.‘ കുറേ സമയം കഴിഞ്ഞാലേ അയാൾക്ക് തന്റെയടുത്തെത്താൻ സാധിക്കൂ, അത്ര ദൂരത്തിലാണ്. അയാളിങ്ങെത്തും മുമ്പ് പാലത്തിലെത്തണം. താനും പാലവുമായുള്ള ദൂരം തന്നെയുണ്ട് അയാളിങ്ങെത്താൻ. ഒരു കാരണവശാലും പിടികൊടുക്കരുത്, അതിനുമുമ്പ് പാലത്തിൽ കയറണം.


ഇനിയും ക്ഷമിക്കാൻ വയ്യ, സ്നേഹിച്ച് വിവാഹം കഴിക്കുന്നതുവരെ കാണിച്ച സ്വഭാവമല്ല, ഇന്ന് അയാൾക്ക്. താൻ താഴ്ന്ന ജാതിക്കാരിയാണെന്നറിഞ്ഞു തന്നെയാണ്, അയാളുടെ വീട്ടുകാർ സ്വീകരിച്ചു താമസിപ്പിച്ചത്. ജാതിയെപ്പറഞ്ഞുള്ള വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ടു മടുത്ത്, ഒരു വേലക്കാരിയായിമാത്രം അവിടെ ജീവിച്ചു. എന്നിട്ടും അയാൾ കാണിച്ച കപടസ്നേഹത്തിൽ അലിഞ്ഞുചേർന്ന്, ഒന്നായിക്കഴിഞ്ഞു.

ഗർഭിണിയായിരിക്കുമ്പോഴും അമ്മയുടെ ശുശ്രൂഷയിൽ പ്രസവം തന്റെ കുടിലിൽ നടക്കുമ്പോഴും, അയാളോ വീട്ടുകാരോ തിരിഞ്ഞു നോക്കിയില്ല. മോൾക്ക് മൂന്നു വയസ്സായപ്പോഴാണ്, വിവാഹത്തിനു ശേഷമുള്ള മറ്റൊരു ബന്ധം അറിഞ്ഞത്. വീട്ടിൽ അമ്മ മാത്രമല്ലേയുള്ളൂ, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.തന്റെ കൂടെ പഠിച്ചവളും അയാളെപ്പോലെ ഉയർന്ന ജാതിക്കാരിയുമായതിനാൽ എല്ലാം സഹിച്ചു.

പക്ഷേ, ഇന്നു കണ്ടത് ആരും സഹിക്കാത്തതല്ലേ? അയാൾ സ്നേഹിച്ചിട്ടേയില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അത് വ്യക്തമായി..........’


അകലെനിന്നും ട്രെയിൻ വരുന്നതിന്റെ ചൂളംവിളി കേൾക്കുന്നു. അത് ഇങ്ങെത്തുന്നതിനു മുമ്പ് പാലത്തിലെത്തണം, അവൾ സർവ്വശക്തിയുമെടുത്ത് ഓടി.


“...മാലിനീ....വണ്ടി വരുന്നു..ഓടരുതേ....മാറിക്കോ......” നിരാശ കലർന്ന് കരയുന്ന വിളിയോടെ അയാൾ പിന്തുടരുകയാണ്. ‘ അവൾ പാലത്തിലെത്തും മുമ്പ് അവിടെയെത്തണം, അല്ലെങ്കിൽ എന്തും സംഭവിക്കാം. താൻ കുറ്റക്കാരൻ തന്നെ, അവളെ രക്ഷിച്ചേ പറ്റൂ. യഥാർത്ഥത്തിൽ താനാണ് മരിക്കേണ്ടത്. മറ്റൊരു ഭാര്യയുണ്ടെന്നറിഞ്ഞിട്ടും മാലിനി തന്നോടു ക്ഷമിച്ചു, സഹിച്ചു. ഇപ്പോൾ മറ്റൊരുത്തി, പണത്തിനുവേണ്ടി തന്നെ വശീകരിച്ചതാണെന്ന് ഇപ്പോഴാണല്ലോ അറിഞ്ഞത്. പേരുദോഷമുള്ളവളാണെന്നറിഞ്ഞിരുന്നിട്ടും അവളുമായി കൂടിയത്, അതും ഇപ്പോൾ- മാലിനി നേരിൽ കാണേണ്ടിവന്നത്...അത് അവളെന്നല്ല, ആരും സഹിക്കില്ല. താൻ മരിക്കുന്നതു തന്നെ നല്ലത്, മാലിനിയെ രക്ഷിക്കണം. അവൾ അങ്ങെത്തും മുമ്പ് പിടിച്ചുനിർത്തണം.....’

അയാളും വളരെവേഗത്തിൽ ഓടി.

താഴെ- കായലിന്റെ തീരത്തുള്ള ഒരു വീടിന്റെ മുറ്റത്ത്, വസ്ത്രങ്ങൾ അയയിൽ വിരിച്ചുകൊണ്ടുനിന്ന ഒരു സ്ത്രീ അവളെ കണ്ടു. അത്ഭുതത്തോടെ, ആകാംക്ഷയോടെ തുണികൾ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് മാലിനിയുടെ ഒപ്പമെത്താനായി അവരും ഓടി.

ഇപ്പോൾ ട്രെയിൻ വ്യക്തമായി കാണാം. പാലം അടുത്തെത്തി. വണ്ടി പാലത്തിൽ കയറുന്നതിനു മുമ്പ് അങ്ങെത്തണം. വയറ്റിൽ കിടക്കുന്ന ഒരു ജീവനെക്കൂടി അനാഥമാക്കരുതെന്നുള്ള ചിന്ത വന്നപ്പോൾ, മാലിനിക്ക് ധൈര്യം ഇരട്ടിച്ചു. പെട്ടെന്നോടി പാലത്തിന്റെ അടുത്തെത്തി.

പെട്ടെന്നാണ്, പാളത്തിൽക്കൂടി ഒരു സ്ത്രീ ഓടിവരുന്നത് ഡ്രൈവർ കണ്ടത്. അയാൾ കൈവീശി ‘മാറിക്കോ..മാറിക്കോ...’യെന്ന് ആംഗ്യം കാട്ടി വിളിച്ചുകൂവി.

‘പാലം അടുക്കാറായി, വണ്ടി അങ്ങെത്തും മുമ്പ് നിർത്താൻ സാധിക്കില്ല.ബ്രേക്ക് പിടിച്ചാൽത്തന്നെ ഒരു കിലോമേറ്റർ പോകും. മാത്രമല്ല, ഇനിയും രണ്ടു സ്റ്റേഷൻ കഴിഞ്ഞേ നിർത്താൻ നിയമമുള്ളൂ. ഒരു മണിക്കൂർ താമസിച്ചു, ഇപ്പോൾത്തന്നെ-മണിപത്തുകഴിഞ്ഞു. വെയിലിന്റെ ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു..’

ഡ്രൈവർ ഇപ്പോൾ മറ്റൊന്നുകൂടി കണ്ടു, ആ സ്ത്രീയുടെ പിന്നാലെ മറ്റൊരാൾ ഓടിവരുന്നു. അവർ ഒഴിഞ്ഞു മാറിയില്ലെങ്കിൽ രണ്ടുപേരേയും ഇടിച്ചു തെറിപ്പിക്കും. അയാൾ എഞ്ജിനകത്തുണ്ടായിരുന്ന ഒരു കമ്പിയെടുത്ത്, മുന്നിലേയ്ക്ക് അവളുടെ നേരേ എറിയാൻ ഓങ്ങി. കൂട്ടുകാരനായ ഡ്രൈവറും അതു കണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല.

അവൾ പാലത്തിന്റെ തുടക്കത്തിലെത്തി.

‘ അവിടെയെത്തും മുമ്പ് അവളെ വണ്ടിയിടിക്കുമോ?’ “ മാലിനീ...”യെന്ന അലർച്ചയോടെ ഭർത്താവായ അയാൾ ഭ്രാന്തനെപ്പോലെ പാലത്തിന്റെ അടുത്തെത്തി.

വണ്ടി പാലത്തിന്റെ തുടക്കത്തിലെത്തി. ഇപ്പോൾ പാലത്തിന്റെ നടുക്കെത്തിയ അവൾ, പെട്ടെന്ന് തിരിഞ്ഞ് കൈവരികളിൽ പിടിച്ചു. കാലുകൾക്ക് തടസ്സമായി നിന്ന സാരി കുറേ ചുരുട്ടിപ്പൊക്കി, കൈവരിക്കമ്പികളിലേയ്ക്ക് കയറാൻ നോക്കി. ചവിട്ടിനിൽക്കാൻ കഴിയുന്നില്ല.

ട്രെയിൻ പാലത്തിൽ കയറി.

അവൾ കൈവരികളുടെ ഇടയിലുള്ള തുറന്ന ഭാഗത്തുകൂടി നൂർന്നിറങ്ങി, പുറത്തെ വശത്തേയ്ക്ക് കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടന്നു.

വണ്ടി അതിവേഗത്തിൽ നീങ്ങി.

മാലിനി താഴേയ്ക്കു നോക്കി. ‘ഹാ...’ സ്വഛമായ കായൽ പരപ്പ് ‘ വരൂ മോളേ...’യെന്ന് വിളിക്കുന്നതായി അവൾക്ക് തോന്നി. പതുക്കെ പിടി വിട്ടു...

വണ്ടി പാലം കടന്നു. ഡ്രൈവർ കമ്പിയിൽ തൂങ്ങിക്കിടന്ന് പിന്നോട്ടെത്തിനോക്കി. അവൾ, താഴെ ജലാശയത്തിൽ തൊട്ടതേയുള്ളൂ , കായലിന്റെ ഹൃദയം അവിടെയാണെന്ന് തോന്നുംവിധം, വെള്ളത്തിന്റെ കുറേ കൈകൾ നീണ്ടുവന്ന് താലോലിച്ച് അവളെ ആലിംഗനം ചെയ്തു.

ഇതിത്രയും നോക്കിക്കൊണ്ട്, ഒരു സ്ത്രീ സ്തബ്ധയായി താഴെ നിൽക്കുന്നു.

ഡ്രൈവർ മുന്നിലേക്ക് നോക്കി, പാളത്തിൽ ആരേയും കാണാനില്ല. ആ മനുഷ്യൻ വണ്ടിയിടിച്ചു ചിതറിയിട്ടുണ്ടാവുമെന്ന് മനസ്സിലായി. വണ്ടി അല്പം ദൂരെയെത്തിയപ്പോൾ പിന്നിലേയ്ക്ക് നോക്കിയ അയാൾ കണ്ടു.....പാലത്തിനു മുമ്പ്, രണ്ടുവശത്തും ഇടതൂർന്ന് പടർന്നുകിടക്കുന്ന മുൾച്ചെടികളുടെ മുകളിൽ, ഒരു വെളുത്ത തുണി ദേശീയപതാക പോലെ പറന്നുകളിക്കുന്നു.

എന്തുചെയ്യണമെന്നറിയാതെ - സ്വബോധമില്ലാതെ, തലയിൽ കൈവച്ചുകൊണ്ട് അയാൾ കൂട്ടുകാരനെ നോക്കി, ഒരു നിമിഷം വശത്തേയ്ക്ക് ചാരിനിന്നു.

പെട്ടെന്നയാൾക്കു തോന്നി, അടുത്ത സ്റ്റേഷനിലെത്താൻ ഉദ്ദേശം അഞ്ചു കിലോമീറ്റർ ദൂരമുണ്ട്. അവിടെയെത്തും മുമ്പ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കണം.

അയാൾ ഫോൺ കയ്യിലെടുത്തു........................

                                                          (എത്തിയ ശേഷം  അടുത്തതിൽ......)

*********************************

Thursday, September 9, 2010

‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’

                        ‘ എന്നും എല്ലാവർക്കും ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടെ’ യെന്ന് പ്രാർത്ഥിച്ചുകൊണ്ട്, എന്റെ ഹൃദയംഗമമായ “ ഈദ് മുബാറക്”.

                                        ‘ പ്രാന്തിച്ചി ’ v/s  ‘ പൊട്ടിച്ചി ’  
                                           ----------------------------------

                         ഇത്തവണ പെരുന്നാൾ സദ്യയായി ഒരുക്കിയ എല്ലാ വിഭവങ്ങളും നല്ലതുതന്നെയായിരുന്നു. ഓരോരുത്തർക്കും പ്രത്യേകമായി അഭിപ്രായമെഴുതാൻ സമയക്കുറവ് അനുവദിച്ചില്ലായെന്നത് സത്യം, എല്ലാവരും ക്ഷമിയ്ക്കുമല്ലോ.  വായിച്ച എല്ലാ നല്ലതുകളിൽ നിന്ന്, പ്രത്യേകമായി തോന്നിയ രണ്ടു പെൺ കഥാപാത്രങ്ങളെ, മറ്റുള്ള ചില രൂപങ്ങളുമായി സാദൃശ്യമല്ലാത്ത സ്വഭാവവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടാൻ ഈ ലക്കം ഉപയോഗിക്കുന്നു.

                        ‘പട്ടേപ്പാടം റാംജി’യുടെ ‘പൊട്ടിച്ചി’യും ‘എച്ച്മുക്കുട്ടിയുടെ’ ‘പ്രാന്തിച്ചി’യും രാവും പകലും പോലെയുള്ള വ്യത്യാസം. യഥാർത്ഥത്തിൽ ഒന്ന്-അഴുക്കു ചാലിൽ കഴിയുന്ന  രാവിന്റെ സന്തതിയും, മറ്റൊന്ന്-സ്ത്രീക്ക് പ്രചോദനമായി പകർത്താവുന്ന  പകലിന്റെ പ്രകാശവും. നമ്മൾ കണ്ടിട്ടുള്ള വ്യക്തികൾതന്നെ എങ്കിലും, അതെഴുതിക്കാണിച്ച നാടകാവിഷ്ക്കാരമാണ് ഞാൻ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ നാടകങ്ങളെപ്പറ്റിയാകാം.

                         ആണുങ്ങളുടെ ആധിപത്യവും ദൌർബ്ബല്യവും നിലനിൽക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാൽ എന്താണ് നടക്കാത്തത്? ബുദ്ധിയുള്ളവളാണെങ്കിൽ രാജാക്കന്മാർ വരെ അവളുടെ നിയന്ത്രണത്തിൽ ഒതുങ്ങും, ഇല്ലെങ്കിൽ ഒതുക്കും. (രണ്ടു ചക്രവർത്തിമാരെ ഒതുക്കി ഭരിച്ച ‘ക്ലിയോപാട്ര’യെ ഓർക്കുക. ഈ വിഷയം അടുത്ത ലക്കങ്ങളിൽ വരും.) ഇനി ബുദ്ധിയില്ലാത്തവളാണെങ്കിലോ, സ്വയം നശിക്കും, അല്ലെങ്കിൽ നശിപ്പിക്കും.

                         സ്വന്തം വീടിന്റെ ചാരുത കൂട്ടിയും, വീട്ടുകാരുടെ മനോഭാവം മാറ്റിയും, സ്വയം വ്യക്തിത്വം അറിഞ്ഞും ജീവിക്കുന്ന ഒരു സ്ത്രീയാണ് ‘പ്രാന്തിച്ചി’യായി രംഗത്തു വരുന്നത്. ഒരു ഭാര്യയായാൽ ഇങ്ങനെയുള്ളവളാവണമെന്ന് നമുക്ക് തോന്നും, ഏറെയും അത് നടക്കാത്തതാണെങ്കിലും. ലളിതമായ ജീവിതചിന്തയുള്ള ഭാര്യയുടെ മനസ്സ് മനസ്സിലാക്കി, അതനുസരിച്ച് പുഞ്ചിരിയോടെമാത്രം എന്തിനേയും നേരിട്ടുനീങ്ങുന്ന ഒരു നല്ല ഭർത്താവിനേയും കൂടെക്കാണാം. എപ്പോഴും ഒരു സംഭവം ചുരുക്കിപ്പറയുന്ന കഥാകാരി, ഇതിൽ വിവരണം കുറേ കൂടുതലാക്കി എന്നേയുള്ളൂ .

                         ഇതിന്റെ അഭിപ്രായങ്ങളിൽ ‘ നനവ്’ കുറിച്ചിട്ടുള്ള നല്ല വരികൾ അനുബന്ധമായി കൊടുക്കാൻ പ്രാധാന്യമുള്ളവയാണ്.

                          മറ്റൊരു വിപരീതസ്വഭാവമുള്ള സ്ത്രീയെ നോക്കുക- സ്വന്തം അനുജനായ പീലിപ്പോസിന്റെ ഭാര്യ ‘ഹെറോദിയാ’യെ ‘ഹേറോദേസ്’ രാജാവ് തന്റെ പത്നിയാക്കി താമസിപ്പിച്ചു. ഈ പ്രവൃത്തി വഞ്ചനാപരവും നീചത്വവുമാണെന്നും, അവളെ സഹോദരനുതന്നെ തിരിച്ചേല്പിക്കണമെന്നും പലപ്പോഴായി  ‘സ്നാപകയോഹന്നാൻ’ ഉപദേശിച്ചു. രാജാവ് അതു പാലിച്ചില്ല. എങ്ങനേയും യോഹന്നാനെ വധിക്കാനുള്ള ഉപായം ആലോചിച്ചുകൊണ്ട് കഴിയുകയാണ്, റാണീസിംഹാസനത്തിൽ വിരാജിക്കുന്ന ഹെറോദിയാ.

                           രാജാവിന്റെ ജന്മദിനം വളരെ ആർഭാടമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഗലീലിയിലെ പ്രമാണികളേയും രാജപ്രമുഖന്മാരേയും പ്രഭുക്കന്മാരേയുമൊക്കെ വിരുന്നിന് ക്ഷണിച്ചു വരുത്തി. രാജാവിന്റേയും അതിഥികളുടേയും പ്രീതി നേടാനും ഉദ്ദേശകാര്യം സാധിക്കാനുമായി, മകൾ ‘ സലോമി’ യെക്കൊണ്ട് അവരുടെ മുമ്പിൽ ഒരു മാദകനൃത്തം ചെയ്യിപ്പിച്ചു.

                            ആ നൃത്തത്തിന്റെ വികാരതീവ്രതയും ലാസ്യഭാവവും നിമിത്തം, സലോമി ചോദിക്കുന്നതെന്തും - രാജ്യത്തിന്റെ പകുതിയായാലും - കൊടുക്കാമെന്ന് രാജാവ് ശപഥം ചെയ്തു. ‘സ്നാപകയോഹന്നാ’ന്റെ ശിരസ്സ് ഒരു തളികയിൽ വച്ചുതരണമെന്ന്, അമ്മയോടാലോചിച്ചശേഷം  സലോമി വന്നാവശ്യപ്പെട്ടു. ഇത് തന്റെ ഭാര്യയുടെ ഗൂഢതന്ത്രമാണെന്നറിയാമായിരുന്നിട്ടും, മനസ്സില്ലായ്മയോടും ദുഃഖത്തോടും കൂടി രാജാവ് സേവകനെവിട്ട് കാരാഗൃഹത്തിൽ കഴിയുന്ന വിശുദ്ധയോഹന്നാന്റെ തല വെട്ടിയെടുത്ത് താലത്തിൽ വച്ച് സലോമിക്ക് കൊടുത്തു, അവളത് അമ്മയെ ഏല്പിച്ചു...............

                             ഇതിലെ ഓരോ ചലനങ്ങളും പല നാടകങ്ങളിലും സിനിമയിലുമായി നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ. (‘കടൽ വിളക്ക് ’-നാടകം-കെ.ശിവദാസൻ.എം.എ;ബി.എഡ്.)
                                 (സിനിമ- ‘ സ്നാപകയോഹന്നാൻ ’ )
                             ഈ അമ്മയും മകളും പെണ്ണുതന്നെയാണ്.അവതരണരീതി ശ്രദ്ധിക്കുക. ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ പലരേയും ദുഷ്ടരാക്കാം, നല്ലവരുമാക്കാം. അതിനാൽ, സ്ത്രീകൾക്ക് അത്യാവശ്യം അനുകരിക്കാനാവശ്യമായ ഒരു ‘പ്രാന്തിച്ചി’യെ, നാടകീയതയോടെ രംഗത്തു കൊണ്ടുവന്നതാണ് നല്ല ആശയത്തിന്റെ വിജയം.
                    ............    http://echmuvoduulakam.blogspot.com    ..............
                                       *****************************************

                          മദ്ധ്യവയസ്കനായ ‘പീറ്റർ’ രണ്ടാം ഭാര്യയായി അയാളെക്കാൾ പ്രായം കുറഞ്ഞ ‘അനീസിയ’യെ വിവാഹം കഴിച്ചു. ഭർത്താവിന്റെ സമ്പത്താകെയും അവളുടെ പേരിലായിരുന്നു. വിരസമായ അവളുടെ ജീവിതത്തിലേയ്ക്ക് ജോലിക്കാരനായ ഒരു യുവാവ് -‘നികിത’- കാമുകനായെത്തി. അവർ പരസ്പരം ഗാഢമായും ആത്മാർത്ഥമായും സ്നേഹിച്ചു.

                         ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണം കഴിഞ്ഞ് അവർ വിവാഹിതരായി. ഇരുമെയ്യാണെങ്കിലും ഒരു ഹൃദയം പോലെ, ആഹ്ലാദത്തോടും പരമാനന്ദത്തോടും മതിമറന്ന് ജീവിച്ചുവന്നു. അതിരുകവിഞ്ഞ സ്നേഹത്തിന്റെ നിറവേളയിൽ അവളുടെ എല്ലാ സ്വത്തുക്കളും നികിതയുടെ പേരിൽ എഴുതിവയ്ക്കുകയും ചെയ്തു.

                         ഒരു ദിവസം, ആനന്ദലഹരിയുടെ ഉത്തുംഗാവസ്ഥയിൽ നിൽക്കുന്ന പ്രത്യേക മുഹൂർത്തത്തിൽ, അവൾ ഒരു സത്യം അയാളോടു തുറന്നു പറഞ്ഞു-‘നിങ്ങളെ എനിക്ക് സ്വന്തമാക്കുന്നതിനുവേണ്ടി, എന്റെ ഭർത്താവിന് ഞാൻ വിഷം കൊടുത്തു കൊന്നതാണ്’ എന്ന്. ആത്മാർത്ഥതയുള്ള ഭർത്താവ് സഹിക്കുമോ ഇത്? അയാൾ ചോദിക്കുന്നു-‘ ...നാളെ മറ്റൊരുത്തനു വേണ്ടി നീ എന്നെയും ഇതുതന്നെ ചെയ്യില്ലേ?’

                           നികിത പ്രതികാരാവേശത്താൽ നിരന്തരം കോപാകുലനും മദ്യപനുമായി മാറി. ക്രമേണ- കോടീശ്വരനായ അവൻ, അവളെ വീട്ടിൽനിന്നും ആട്ടിപ്പുറത്താക്കുകയും, അനാവശ്യച്ചെലവുകൾ ചെയ്ത് എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു.

                            ഏകാകിനിയും ഗർഭിണിയുമായ അവൾ തെരുവിലൂടെ അലഞ്ഞു നടക്കുകയും, ഒരു വിജനമായ സ്ഥലത്തുവച്ച് പ്രസവിക്കുകയും ചെയ്യുന്നു.‘ ഇപ്പോൾ’ സ്വന്തം കുഞ്ഞുമായുള്ള പൊക്കിൽക്കൊടിബന്ധം അവൾ കടിച്ചുമുറിക്കുന്നു..........(തുടർന്നു വായിക്കുക.)

                          ടോൾസ്റ്റോയിയുടെ ‘ The Power of Darkness '  എന്ന നാടകത്തിലെ ചില രംഗങ്ങളാണിത്. ആദ്യാവസാനം ഓരോ ചലനങ്ങളും ഹൃദയത്തിൽ പോറലേല്പിച്ചുകൊണ്ട് നമ്മളെ വിഷാദത്തിന്റെ ചുഴിയിലാഴ്ത്തും.

                          അതുപോലെയല്ലെങ്കിലും, ഒരു പ്രസവരംഗം നാടകത്വത്തോടെ നല്ല വരികളിൽ പട്ടേപ്പാടം റാംജി എഴുതിയത്, കഥയല്ല കാര്യം- അതവതരിപ്പിക്കുന്ന രീതിയാണ് ഉത്തമമെന്ന് ‘ പൊട്ടിച്ചി’യിലൂടെ കാണിച്ചുതരുന്നു.
                       ........  http://pattepadamramji.blogspot.com      ..............
                          ജുവൈരിയാ സലാം ‘നൊമ്പരം’ എന്ന അനുഭവക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ‘......ഒരു ജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം....’   ഇതുതന്നെയാണ് , ഡൽഹിയിലും ഗുജറാത്തിലും ഈയിടെ നടന്നതും, ഇതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതും, ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...

                         ഇതിന്റെ അഭിപ്രായങ്ങളിൽ, ഒരു സംഭവം അനിൽ പനച്ചൂരാൻ എഴുതി, ബാലചന്ദ്രൻ ചുള്ളിക്കാട് ആലപിച്ച ഒരു കവിത ‘ഹാപ്പി ബാച്ചിലേഴ്സ്’ സന്മനസ്സോടെ ചേർത്തിരിക്കുന്നത് നാം കേട്ടിരിക്കേണ്ടതാണ്.

                         എസ്.എൽ.പുരത്തിന്റെ ‘നല്ലവരുടെ രാത്രി’ ,  കാലടി ഗോപി എഴുതിയ   ‘ഏഴു രാത്രികൾ’ എന്നീ രണ്ടു നാടകങ്ങൾകൂടി വായിച്ചുനോക്കൂ,  വ്യത്യസ്ഥസ്വഭാവമുള്ള അഞ്ചു പെണ്ണുങ്ങളെ നിങ്ങൾക്കു നേരിൽ കാണാം...............


                                    
                                                                                                ‌‌‌
                                   ‌

Sunday, August 29, 2010

മലയാള സുന്ദരി

വാരഫലം ( അഞ്ച്.)


‘ ആ കനി ഭക്ഷിക്കരുതെ’ ന്ന് ദൈവം വിലക്കി. എന്നിട്ടോ, അതു കഴിച്ചിട്ട് ഭർത്താവിനേയും കൂട്ടുപ്രതിയാക്കി. അപ്പോൾ പലതിന്റേയും കൂടെ,‘ലജ്ജ’ എന്ന വികാരവും കൂടി സ്ത്രീയിലുണ്ടായി. ‘.......അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാ’യിരിക്കും. ശേഷം‘ ഏദൻ തോട്ടത്തിൽനിന്നും പുറത്താക്കിയപ്പോൾ ദൈവമായ കർത്താവ്, തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തേയും ഭാര്യയേയും ധരിപ്പിച്ചു......’

എന്തിനാണത്? ശരീരത്തിലെ ചില ഭാഗങ്ങൾ തന്റെ ഭർത്താവോ ഭാര്യയോ അല്ലാതെ മറ്റുള്ളവർ കാണാൻ പാടില്ല എന്ന ലിഖിതമായ നിയമം അന്നു മുതൽതന്നെ തുടങ്ങി, മറ്റു നിയമങ്ങൾ കൂടാതെ. അങ്ങനെ മറയ്ക്കേണ്ടുന്ന ഭാഗങ്ങളെപ്പറ്റി അനവരതം ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും അല്പം ഉടയാട ചുറ്റി വേണമെന്ന് സാരം.

‘മുല’ എന്ന വാക്ക് എവിടെനിന്നു കേട്ടാലും ആ ഭാഗത്തേയ്ക്ക് നമ്മളൊന്നു തിരിഞ്ഞുനോക്കും. കാരണം,അപ്പോൾ അതിന്റെ രൂപഭംഗി വയസ്സിന്റെ ക്രമമനുസരിച്ച് നമ്മുടെ മനസ്സിലും മുഴച്ചുവരും. ആ പദത്തിന്റെ പ്രതികരണം അത്ര രൂക്ഷമാണ്, കാഠിന്യമാണ്. അതിനാലാണ് ജ്ഞാനികളായ മഹാന്മാർ അവരുടെ കൃതികളിൽ ആ സാധനത്തിന്റെ മുകളിൽ ഒരു തുണിവച്ചുകെട്ടി മാത്രം കാണിച്ചിട്ടുള്ളത്. അവരൊക്കെ അതിനെപ്പറ്റി ഒളിച്ചും തെളിച്ചും എങ്ങനെയൊക്കെ അവതരിപ്പിച്ചുവെന്ന് നമുക്ക് ഒന്നോടിച്ചുനോക്കാം. അതിനുമുമ്പ്...

ഇനി സന്ദർഭത്തിനനുസരിച്ച് കഥയിലോ കവിതയിലോ അത് കാണിച്ചേപറ്റൂ എന്നുണ്ടെങ്കിൽ, അതിനുപകരം സമാനമായ എത്രയോ പദങ്ങൾ-പര്യായങ്ങൾ-ലളിതമായത് ഉണ്ട്.കൂടാതെ, അറിവും പഠിപ്പുമുള്ള ഇന്നത്തെ എഴുത്തുകാർക്ക് പുതിയ ധാരാളം പര്യായപദങ്ങൾ ഉണ്ടാക്കിയെടുക്കാം. അപ്പോൾ വേണമെന്നു വിചാരിച്ചുതന്നെ അതെടുത്ത് അങ്ങു പ്രയോഗിക്കുകയാണ്.

യാത്രാവേളകളിൽ ചില സ്ത്രീകളുടെ വസ്ത്രധാരണരീതി കണ്ടാൽ ഒന്നു ശ്രദ്ധിച്ചുപോകും. മുൻ കരുതലായി സൂക്ഷിക്കുന്ന ഈ സാധനങ്ങൾ തുണിമറയ്ക്കു വെളിയിൽ വന്ന് ‘എന്നെയൊന്നു പിടിച്ചിട്ടു പോണേ..’യെന്ന അഭ്യർത്ഥനയോടെ, കണ്ണുതുറന്നും അല്ലാതെയും നോക്കുന്നതു കാണാം. ( ചില വിരുതന്മാർ ആ അഭ്യർത്ഥന നടപ്പിലാക്കുന്നുമുണ്ട്.) ഇന്നത്തെ സംസ്കാരത്തിന്റെ ഗുണനിലവാരമാണത്.ചിലർ എഴുത്തിൽക്കൂടി അത് തുടരുന്നു എന്നുമാത്രം.

ഒരു കഥയിലോ കവിതയിലോ തന്നെ രണ്ടും മൂന്നും ഭാഗത്ത് ഈ പദം കയറി വന്നാലോ? ആവർത്തനവിരസതയാവും ഫലം.പലതിലും ഇതങ്ങനെ പൊങ്ങിനിൽക്കുന്നുണ്ടെങ്കിലും, സാദൃശ്യമായ മറ്റു വാക്കുകൾ പ്രയോഗിച്ചാൽ അതിന് ലാളിത്യമുണ്ടാകും, ലോലമായ രൂപമുണ്ടാകും.

രവികുമാർ വിവർത്തനം ചെയ്യുന്ന, പ്രണയകവിയായ പാബ്ലോ നെരൂദയുടെ എല്ലാ പ്രണയഗീതകങ്ങളിലും ഈ ലോലവാക്കുകൾ തന്നെ ഉപയോഗിക്കുന്നുണ്ട്.
‘....ഹാ, നിന്റെ മാറത്തെ പാനപാത്രങ്ങൾ....നോട്ടമിങ്ങല്ലാത്ത കണ്ണുകൾ...’ അങ്ങനെ വായിക്കുമ്പോൾ അതിൽ കാഠിന്യമില്ലാത്ത ഭംഗി നേരിൽക്കാണുന്നു. നല്ല പരിഭാഷ.
............ http://paribhaasha.blogspot.com/ ..........................

ഇരുപത്തിരണ്ടാം വയസ്സിൽ അന്തരിച്ച ബിയാട്രീസിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഡാന്റേ എഴുതിയ ‘ഡിവൈൻ കോമഡി’, ഒമർ ഖയ്യാമിന്റെ ‘റൂബായിയാത്ത് ’ ഈ രണ്ടു കൃതികളും പുതിയ എഴുത്തുകാർ വായിച്ചാലും...(പരിഭാഷകരുടെ പേര് ഓർമയിലില്ല, ക്ഷമിക്കണം.)
****************************
‘..അതുവരെ പരിശ്രമിച്ചിട്ടും കണക്ഷൻ ‘ഓ ക്കെ’ യാവാത്ത ദിവ്യവസ്ത്രം അഴിച്ചു ചുരുട്ടി വച്ചിട്ടുണ്ട് കയ്യിൽ.....’ ഈവിധം ‘ സെൻസ്സസ് ഡ്യൂട്ടി’യിൽ മിനി എഴുതിയിരിക്കുന്നു, മാന്യതയോടെ. അതു വായിക്കുമ്പോൾ മറ്റു വാക്കുകളൊന്നുമില്ലാതെതന്നെ ആ രൂപം ആകമാനം നമ്മൾ കാണുന്നു.
..........mininarmam.blogspot.com .............................

നാടൻപാട്ടുകൾ എക്കാലവും എല്ലാവരും പാടിനടക്കാൻ ഇഷ്ടപ്പെടുന്നത് അതിന്റെ ലളിതമായ ശൈലിയും താളസാദൃശ്യവും കൊണ്ടുതന്നെ. ‘...പൊന്നും മണ്ണും നോക്കി എന്നെക്കെട്ടാൻ വന്നില്ലേലും, ആണൊരുത്തൻ ആശതോന്നി എന്നെക്കാണാൻ വരുമൊരിക്കൽ....’ സ്ത്രീധന വ്യവസ്ഥിതിയോടുള്ള വെറുപ്പിനെ ഗൌരവത്തോടെ കണ്ടെഴുതി പാടിപ്പതിഞ്ഞ, ‘കുഞ്ഞിപ്പെണ്ണ്’ എന്ന പേരിലുള്ള പാട്ട് , വിശദമായ വിവരണസഹിതം ഗന്ധർവൻ വീണ്ടും എടുത്തു കാട്ടിയിരിക്കുന്നു. ഗാനപരിപാടികളുടെ ഈസമയത്ത് ഇത് ഉചിതമായി.
....http://gandharvavicharangal.blogspot.com/2009/10/blog-post.html .............................................
നാടൻപാട്ടുകൾ ഇഷ്ടപ്പെടുന്നവർക്കുവേണ്ടി വായിച്ചും പാടിയും രസിക്കാൻ, പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകം വായിക്കുക....
കിളിമാന്നൂർ വിശ്വംഭരന്റെ ‘ഒരുനൂറു നാടൻ പാട്ടുകൾ’.
****************************

റഷീദ് കോട്ടപ്പാടം എഴുതിയ ‘ വ്യഥ ’ എന്ന ചെറിയ കവിത നോക്കൂ. ആഗ്രഹങ്ങളുടെ വേലിയേറ്റത്തിൽ ജീവിച്ചുനീങ്ങുന്ന പ്രവാസവ്യക്തികൾ അവരവരുടെ താടിരോമങ്ങളിലും തലയിലുമൊക്കെ എത്ര നര വന്നുതുടങ്ങിയെന്ന് മറ്റാരുമറിയാതെ ഒന്നു നോക്കിപ്പോകും. ഇതിന്റെ കമന്റുകളിൽ കണ്ണൂരാൻ എഴുതിയ ജീവിതവഴിയായ വരികൾ, ഈ കവിതയുടെ ബാക്കിയെന്നതുപോലെ തുടർന്നു വായിച്ചാൽ കവിത പൂർണ്ണമാകും. രണ്ടുപേരും നല്ല തലത്തിൽ നിന്നു ചിന്തിക്കുന്നു. സുന്ദരം ജീവിതഭാവം, ആശയസമ്പുഷ്ടം...
.......malayalakavitha.blogspot.com .................................
മരണത്തിന്റെ വരവും കാത്ത്, ജീവിതത്തിന്റെ നൂലാമാലകളിൽ കുരുങ്ങി, ചിന്താഗ്രസ്ഥനായിക്കഴിയുന്ന ഒരു മനുഷ്യനെ നിങ്ങളടുത്തറിഞ്ഞു നോക്കൂ...പ്രവാസലോകം എന്തെന്നറിയില്ലാത്ത കാലത്ത് രചിക്കപ്പെട്ട ഒരു കൃതിയാണ് ഇത്. എങ്കിലും എല്ലാ എഴുത്തുകാരും വായിച്ചറിയേണ്ടുന്ന ഒന്ന്. ‘ ആസന്നമരണ ചിന്താശതകം ’.സൃഷ്ടിച്ചത്, കവി കെ.സി.കേശവപിള്ള. കൂട്ടത്തിൽ സമയമുണ്ടാക്കി, നമ്മുടെ ദേശീയകവിയായിരുന്ന 'ഇഖ്ബാലിന്റെ കവിതകൾ' അതിനു ശേഷം വായിക്കുക. കവിതയെഴുത്തിലെ ദൃഢതരവും ലാളിത്യവും എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
****************************************

ചരിത്ര-പുരാണ ഗ്രന്ഥങ്ങളിൽ നിന്നും എടുത്ത് സൂചിപ്പിക്കുന്ന സ്ഥലത്തിന്റെയോ വ്യക്തികളുടെയോ പേരുകളിൽ തെറ്റുകൾ വരാൻ പാടില്ല, ഒരു കാരണവശാലും. പേരുകളിൽ ചെറിയ തെറ്റ് വന്നാൽ പോലും അർഥംതന്നെ മാറിപ്പോകും. അങ്ങനെവന്നാൽ,‘ പാണ്ഡു’വിന്റെ മാതാപിതാക്കൾ വ്യാസമുനി-അംബാലികമാരും, അശ്വത്ഥാമാവിന്റെ അഛനമ്മമാരായ ദ്രോണാചാര്യർ-കൃപിമാരും ഒട്ടും സഹിക്കുകയില്ല. മാത്രമല്ല, ഏഴു ചിരംജീവികളിൽ രണ്ടുപേരാണ് വ്യാസനും അശ്വത്ഥാമാവും. ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കുന്ന രണ്ടുപേരും കൂടി വന്ന് നമ്മളെ വകവരുത്തും, സൂക്ഷിക്കുക.
( പാണ്ഡവർ=പാണ്ഡുവിന്റെ മക്കൾ. പാണ്ടവർ=ചേര-ചോള ദേശങ്ങളെ ഭരിച്ചിരുന്നവർ.)

അപ്പോൾ പറഞ്ഞുവന്നത് ; കഥ-കവിതകൾ ആദ്യം എഴുതിവച്ചശേഷം ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ ചില തിരുത്തലുകളോ പദവ്യത്യാസങ്ങളോ വരുത്താം. അങ്ങനെ ചെത്തിമിനുക്കി നല്ല രൂപമാക്കി, കമ്പോസ് ചെയ്ത്, വീണ്ടും വായിച്ചുവേണം പ്രസിദ്ധീകരിക്കാൻ.എങ്കിലേ,നമ്മുടെ ‘മലയാളസുന്ദരിയെ’ ചുംബിക്കാൻ നാളത്തെ വായനക്കാരും വരുകയുള്ളൂ. അല്ലെങ്കിൽ...............

കോടീശ്വരനായ ഒരാളിന്റെ മകന് ഒരു പെണ്ണിനെ വേണം. അഴക് ഒരു പ്രശ്നമല്ല, കോടീശ്വരിയായിരിക്കണം. പലയിടത്തും പോയിനോക്കി. സമ്പത്ത് പോരാ‍യെന്ന കാരണത്താൽ എല്ലാം മുടങ്ങി. ബ്രോക്കറായ മൂന്നാമന് സ്വൈരം കെട്ടു.

മടുപ്പും വിദ്വേഷവും മൂത്ത അയാൾ അവസാനം ഒരു ബന്ധവുമായി വന്ന് അച്ഛനോടും മകനോടുമായി പറഞ്ഞു “...നല്ല സൌന്ദര്യം, പെണ്ണിന്റെ വകയായി കൊട്ടാരം പോലത്തെ രണ്ടു വീടുണ്ട്, നാലു കാറുണ്ട്, കിലോക്കണക്കിന് സ്വർണ്ണവുമുണ്ട്. ചെറിയ ഒരു പ്രോബ്ലം, അവളുടെ ഇടതു കൈയ്ക്ക് ലേശം തളർച്ച- അതു സാരമില്ല. വലതുകാലിന് ചെറിയ ഒരു മുടന്ത്- അത് ഡോക്ടർ മാറ്റിയെടുത്തോളും. പിന്നെ, നെഞ്ചിന്റെ ഭാഗത്ത് ഇപ്പോൾ മുഴപ്പൊന്നുമില്ല- അത് കല്ല്യാണം കഴിയുമ്പൊ അങ്ങു വരും. പിന്നേ.,താഴോട്ട് നോക്കുകയേ വേണ്ട- അവിടം രണ്ടു പ്രസവം കഴിയുമ്പൊ അങ്ങു കനത്ത് ശരിയായി വന്നോളും......”

കഥയിലോ കവിതയിലോ ഇങ്ങനെയൊരു പെണ്ണിനെ മതിയോ? ശരിയാക്കൽ പിന്നത്തേയ്ക്ക് മാറ്റിവക്കരുത്. നമ്മുടെ ‘മലയാള സുന്ദരി’ യെ അംഗഭംഗം വരുത്താതെ നല്ലതു പോലെ ഒരുക്കിവേണം മോണിട്ടറുകളിൽ എത്തിക്കാൻ. എങ്കിൽ മാത്രമേ വായനക്കാരായ സഹൃദയർ നോക്കിസുഖിക്കുകയുള്ളൂ, പ്രേമിക്കുകയുള്ളൂ, കെട്ടിപ്പിടിക്കുകയുള്ളൂ ,.....................

നീണ്ടുപോയതിനാൽ ബാക്കി അടുത്തലക്കം.

Thursday, August 19, 2010

വാരഫലം (നാല്).

ഒരു ഓർമ്മയ്ക്ക്
------------------

ബ്ലോഗ് ലോകത്തിലെ സഹൃദയരായ എല്ലാ എഴുത്തുകാർക്കും വായനക്കാർക്കുമായി എന്റെ ഹൃദയംഗമമായ ‘ഓണാശംസകൾ’ സ്വീകരിച്ചാലും....

പരിശുദ്ധ ‘റംസാൻ’ മാസത്തിൽ വിടരുന്ന ‘ഓണ’നാളുകൾ ഐശ്വര്യ-സമ്പൽ-സമൃദ്ധിയാൽ ആഘോഷിക്കുകയാണെല്ലാവരും. ഓണത്തുമ്പിയും പുടവയും പൂക്കളും കൊട്ടും കുരവയുമൊക്കെയായി ആഹ്ലാദിച്ച്, ഓണസദ്യയുണ്ട് ആനന്ദലഹരിയിലാറാടുന്ന നാളുകൾ...എല്ലാരും എന്നാളും ഒന്നായിക്കഴിയാൻ വിരുന്നുവരുന്ന വിശേഷനാളുകൾ....

നമ്മൾ നമ്മുടെ മനസ്സ് എത്രമാത്രം ശുദ്ധിയും ശാന്തിയും സമാധാനവുമാക്കി വയ്ക്കുന്നുവോ, അതുപോലെതന്നെ നമ്മുടെ നാടും നഗരവും ഒരുക്കി വയ്ക്കണം. എങ്കിൽമാത്രമേ ,സ്വതന്ത്രമായും പൂർണ്ണമായും മനഃസ്വസ്ഥത കിട്ടി എന്ന് നമുക്ക് അഭിമാനിക്കാൻ സാധിക്കൂ.

ഇന്നത്തെ അവസ്ഥയിൽ എല്ലാ നല്ല മനസ്സിന്റെ ഉടമകളും സംതൃപ്തരാണോ? വേദനയാൽ വിങ്ങുന്ന ഹൃദയങ്ങളെ എല്ലാ ജില്ലകളിലും അവിടവിടെ കാണാം; സ്ഥിതിഗതി അങ്ങനെയാക്കുകയാണ്. അത് മാറ്റിയെടുക്കണം. ഛിദ്രവാസനകൾ-അതുള്ളവരുടെ മനസ്സിൽനിന്നും തുടച്ചുനീക്കി, നല്ല ഒത്തൊരുമയോടെയുള്ള ഒരു ജീവിതരീതി കൊണ്ടുവരാൻ നമ്മൾ പ്രതിജ്ഞയെടുത്ത്, അതിനായി ശ്രമിക്കണം. അങ്ങനെയായാൽ എന്നും നമുക്കൊന്നുചേർന്ന് ആഘോഷിക്കാം, ആഹ്ലാദിക്കാം.

കരയുന്ന ഹൃദയങ്ങൾ ധാരാളമുണ്ട്. ഇനി വരുന്ന നല്ല നാളുകളിൽ അവർക്കായി ഒരഞ്ചു മിനിറ്റുനേരം ഓർക്കുക, നമ്മൾ നമ്മളെത്തന്നെ ഉയർത്തുക. പലതും എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുമ്പോൾ ചില രംഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ.

അതിൽനിന്നും ഒരു രംഗം ഗദ്യരൂപത്തിൽ പദ്യമായിത്തന്നെ ഇവിടെ കൊടുക്കുന്നു. സ്നേഹംനിറഞ്ഞ വിശാലമനസ്കരേ, വായിച്ചശേഷം മലരോ മുള്ളോ ആയി ഒരു വരി അയയ്ക്കുമെന്ന് ഞാനാശിക്കുന്നു. എല്ലാവർക്കും എന്നെന്നും ആയുരാരോഗ്യ സമ്പത്സമൃദ്ധി നേർന്നുകൊണ്ട്...............................................വി. എ.

‘ ഉണരുക ഇനിയെങ്കിലും’
*************************
കേൾക്കുന്നീലേ നിങ്ങളീ ‘ ദൈവത്തിൻ സ്വന്തം നാട്ടി-
ലൊക്കെയുമാക്രോശങ്ങ,ളട്ടഹാസവും...’കഷ്ടം !!
കാണുന്നീലേ ധീരരേ ചുറ്റിലും നോക്കൂ ചുടു-
നിണം വീണൊഴുകിയ നിലങ്ങൾ, നിലയങ്ങൾ... (1)

മരിച്ചുപോയോ മനം, മതവും രാഷ്ട്രീയവൽ-
ക്കരണവുമാം കൊടുംവിഷത്താൽ നിപതിച്ചോ.?
ഉദയം കഴിഞ്ഞെത്ര നേരമായ് , കനിവാർന്ന-
ഹൃദയമുള്ളോരെല്ലാമീ രംഗം പകർത്തുമോ..? (2)

വിതറുമാദിത്യപ്പൊങ്കതിരാൽ വരണ്ടുള്ളോ-
രിത്തെരുവീഥി ശൂന്യം; ചുടലപ്പറമ്പിപ്പോൾ
ചിതറിക്കിടക്കുന്നുണ്ടങ്ങിങ്ങായ് കുറേ വീര-
മർത്ത്യർ തൻ കരചരണങ്ങളും ശരീരവും. (3)

പൈതലൊന്നിനെ യൊക്കത്തിരുത്തിയും, വിളറി
വിതുമ്പിക്കരഞ്ഞുമോരോമലാൾ വരുന്നതാ
പതറിക്കിതച്ചുമൊട്ടോടിയും പാതിവീണും
പാതയിൽക്കിടക്കുന്ന പ്രാണനാഥനെക്കാണാൻ. (4)

ശ്രദ്ധയോടഞ്ചു മൃതദേഹങ്ങളേയും നോക്കി
ക്രുദ്ധയായലറിപ്പോ,യലച്ചൂ മാറിടത്തിൽ
മുഖത്തു പാറിവീണ മുടിയിഴകൾ നീക്കി
ദുഃഖത്താലൊരു മാത്ര നോക്കിനാളാവേശത്താൽ (5)

കുഞ്ഞിനെ നിലത്തിരുത്തിക്കൊണ്ടു കാൽമുട്ടൂന്നി
ചാഞ്ഞങ്ങിരുന്നൂ പ്രിയനാം ദേഹത്തിൻ ചാരെ
ചൂടാർന്ന മണൽതട്ടിപ്പൊള്ളുന്ന പൈതൽ ഭയ-
പ്പാടോടെ നോക്കിത്തന്നമ്മയെ,യാവലോടെ. (6)

‘പതി തന്നെ..’യെന്നൊട്ടു പതിഞ്ഞ സ്വരത്തിലാ-
യതിവിവശയാളിടറിപ്പറഞ്ഞു വീണ്ടും
“നല്ലവൻ കാന്തൻ പോയീ, പ്രാണനായുള്ള നാഥൻ
ഇല്ലെനിക്കിനി ജീവിക്കാനൊരു മോഹം പോലും..” (7)

മാറിൽച്ചുളിഞ്ഞ വേർപ്പുടയാട നീർത്തി, മണ്ണിൽ
മറിഞ്ഞുവീണൂ ബോധമറ്റുപോയ് തപ്തരൂപം
ചേർന്നിരുന്നാപ്പൈതലിൻ രോദനം കേട്ടിട്ടഹോ
നിർന്നിമേഷരായ് നോക്കി നിൽക്കുന്നൂ ദൂരെച്ചിലർ. (8)

വാടിക്കിടക്കുന്നയായമ്മയെ, ചുറ്റിക്കൂടി-
യോടിവന്നവർ മെല്ലെ താങ്ങിത്തൻ കരങ്ങളാൽ
വെള്ളവും കൊണ്ടുവന്നോർ തളിച്ചാ മുഖത്തല്പം
ഉള്ളമികഴ്ന്നുകേഴും കുഞ്ഞിനെ തൊട്ടില്ലാരും. (9)

തുള്ളികിട്ടുവാൻ കുഞ്ഞങ്ങാർത്തിയാൽ നോക്കീ,യൊട്ടു-
മുള്ളത്തിൽ കനിവില്ലാത്തോർ കൊടുത്തില്ലാ തെല്ലും
‘തള്ളയൊന്ന’ടുത്തുവ,ന്നെടുത്താ പൂമേനിയെ
പൊള്ളയല്ലല്ലോ മാതൃസ്നേഹം യുഗങ്ങളിലും. (10)

ഒരുവന്നപരന്റെ ചെവിയിലാമന്ത്രിപ്പൂ
“കരുതിയതല്ലിവനെ, യാളു മാറിപ്പോയി...”
മറ്റൊരു ജഡംചൂണ്ടി മറ്റവൻ മുരളുന്നൂ
“തെറ്റാവാം പക്ഷേ, യവൻ മറ്റു മതസ്ഥനല്ലോ...”
(11)
കുരുന്നു മക്കൾക്കില്ലാ ബന്ധുക്കൾ; സ്വന്തം മണ്ണി-
ലിരന്നു ജീവിക്കുന്നൂ വിധവകൾ, വൃദ്ധരും...
തിരുത്താനാവുമെല്ലാ,മിനിയും യുവാക്കളൊ-
ന്നിരുന്നു ചിന്തിക്കുകി‘ ലാത്മനിശ്ചയത്തോടെ.’ (12)

‘നമ്മളീച്ചെയ്യും കൊടും പാപത്തിൻ ശിക്ഷ നാളെ
നമ്മളെ‘ത്തീർത്തു’തന്നെ മറ്റുള്ളോർ ചെയ്യും ദൃഢം..’
ഉണ്മയാമൊരുശ്ശക്തിയുറ്റുനോക്കുന്നുണ്ടോ,ർക്കൂ
‘ചിണ്മയാം ജഗന്നിയന്താതാവായ തമ്പുരാൻ’ (13)
-----------------------------------

Friday, August 13, 2010

വാരഫലം മൂന്ന്

രണ്ടുവാക്ക്
------------
ബൂലോകത്തിന്റെ വാതിൽ തുറന്ന് ആദ്യമായി ഒന്നെത്തിനോക്കിയതേയുള്ളൂ ഞാൻ. കാണുന്നതിൽ കുറച്ച് കഥയും കവിതയുമൊക്കെ വായിച്ച്‘ കമന്റ്സ്’ അയയ്ക്കാൻ തുടങ്ങിയപ്പോഴാണ്, മൂന്നുനാലു വരികൂടി ചേർത്ത് ഒരഭിപ്രായം എഴുതാമെന്നു തോന്നിയത്.
പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ വായിച്ചപ്പോൾ, മറ്റുള്ളവർ എഴുതിയ നല്ല രചനകൾ അവർക്കു പരിചയപ്പെടുത്തണമെന്നും മുൻ ഗാമികളുടെ കൃതികളിലേയ്ക്ക് വിരൽ ചൂണ്ടി അവരെക്കൊണ്ട് അതൊക്കെ പരിചയപ്പെടുത്തണമെന്നും ഒരാശയമുണ്ടായി.

ശ്രമം തുടങ്ങിയശേഷം ബൂലോകസ്വർഗ്ഗത്തിലേയ്ക്കിറങ്ങിയപ്പോഴാണ്, സാഹിത്യവിശാരദരും വിദ്യാസമ്പന്നരും സർവ്വോപരി വിശാലഹൃദയരുമായ മഹദ് വ്യക്തികൾ നിറയെ നിരന്നിരിക്കുന്നത് കണ്ടത്. ബൂലോകവും നിങ്ങളുമായുള്ളതുതന്നെ വൃക്ഷവും വായുവും പോലെ അപാര വിജ്ഞാനപ്രദമായ ബന്ധവും. വളരെ കുറഞ്ഞ നാളുകളിലെ എന്റെ കുറിയോളം പോന്ന അറിവ് നിങ്ങളുടെ മുമ്പിൽ ഒന്നുമല്ല.ഇതിനെക്കാൾ സൂക്ഷ്മമായി നിരൂപണദൃഷ്ട്യാ പല വിദഗ്ധരും എഴുതുന്നുണ്ട് എന്നതിനാൽ എന്റെയീ ശ്രമം തന്നെ വൃഥാവിലാണോയെന്ന ഒരു തോന്നലുമുണ്ട്.

വായിക്കുന്നതിൽ നല്ലതെന്ന് കണ്ടതെടുത്താണ് പരിചയപ്പെടുത്തുന്നത്. വായനയ്ക്ക് വിരസതയുണ്ടാവാതെയിരിക്കാൻ അല്പം പൊടിക്കൈകളും പൊലിമകളും വർണ്ണങ്ങളുമൊക്കെ ചേർക്കുന്നുമുണ്ട്. ‘ഒരു റോസാ‍പ്പൂ’വിന്റെ കഥ നല്ലരീതിയിൽ എഴുതിയിരിക്കുന്നു. പക്ഷേ, ആശയം അതുപോരായെന്ന് തുറന്നെഴുതിയതിനാൽ, ഇനിയുള്ള കഥകളിൽ നല്ല സന്ദേശം ഉൾക്കൊള്ളിക്കുമെന്ന് ആഗ്രഹിക്കുന്നു. മുപ്പതും നാല്പതും വർഷം പഴക്കം പറയുമ്പോൾ പഴയ കൃതികൾ വായിക്കാനുള്ള താല്പര്യം കൂടുമെന്നും ധരിക്കുന്നു.

ചിലതൊക്കെ വായിച്ചിട്ട് ‘ഇതുപോലെ ഞങ്ങൾക്കും അനുഭവം ഉണ്ടായി’ യെന്ന് കാണിക്കാറുള്ളതിനാൽ ‘ഒറുക്കി’നെപ്പറ്റി എഴുതിയതിൽ , അതുപോലെ മറ്റൊരു ഡോക്ടർക്കും ഉണ്ടായ അനുഭവക്കുറിപ്പ് എടുത്തുകാട്ടിയതാണ്-ഞാനല്ലല്ലോ എഴുതിയത്.....

അത് റിലീസ് ചെയ്യുമ്പോൾ ഈദുൽ ഫിതറിന് നാല്പതും ഓണത്തിന് ഇരുപത്തിയഞ്ച് ദിവസങ്ങളുമുണ്ടായിരുന്നു.അതിനാലാണ് കല്ലുബോംബെന്ന ‘ഒറുക്ക്’ ആദ്യവും, അതിൽത്തന്നെ കാണിച്ചിട്ടുള്ള മറ്റൊരു നല്ല ആശയം അതിനെക്കാൾ ശക്തിയോടെ എഴുതി ഈദുൽ ഫിതറിനും അയയ്ക്കട്ടെയെന്ന അർഥത്തിൽ ‘തൽക്കാലം’ എന്ന വാക്കിലൊതുക്കിയത്.

അങ്ങനെ കഥാകാരി ചെയ്യുമെന്ന്, അവരുടെ ഇതിനുമുമ്പുള്ള നർമ്മകഥകൾ വായിച്ചപ്പോൾ എനിക്ക് ഉറപ്പുതോന്നി -അത് പ്രതീക്ഷിക്കുന്നു........
****************************

മഴമൊഴികൾ
-----------------

‘മഴ’ യെന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിന് ഒരു ശീതളമയം ഉണ്ടാവുന്നു. അത് കാണുമ്പോൾ തണുപ്പ് നമ്മെ തഴുകും. നല്ല മഴയത്ത് ഇറങ്ങിനിന്നാൽ ജലബിന്ദുക്കൾ ചേർന്ന് ശരീരത്തെ ആവരണം ചെയ്ത് കുളിരും ഉത്സാഹവും വർദ്ധിപ്പിക്കും-കൂടെ,കുറിഞ്ചിമലരിന്റെ സുഗന്ധവും പേറി ഒരു കാറ്റുകൂടി ഉണ്ടെങ്കിൽ ഉല്ലാസഭരിതമാകും.തുടർന്ന് അത് പേമാരിയായാലോ, നമ്മൾ മാറിനിന്ന് മഴയുടെ ശക്തിയെ ഉറ്റുനോക്കും...

ഈ വിധത്തിലുള്ള ഒരു നല്ല മഴ കോരിച്ചൊരിഞ്ഞിരിക്കുന്നു‌ ‌‌-‘കൌസ്തുഭ’ത്തിൽ ‘മഴമൊഴികളി’ലൂടെ.

പനിനീർമഴയായി തുടങ്ങി, മഞ്ജുഷമായും മരന്ദകത്തടാകമായും പൊഴിഞ്ഞും പൊഴിച്ചും, മനവും മണ്ണുമിളക്കി സർവ്വസംഹാരിയായി മരണമാരണങ്ങൾ വിതയ്ക്കുന്ന കൊടും മഴയിലേയ്ക്ക് നമ്മെ ഇറക്കി നിർത്തുന്നു രചയിതാവ് -പതിനൊന്ന് യുഗ്മവരികളിലായി-.

‘ വെള്ളിവെളിച്ച’ത്തിലൂടെ ചിന്തോദ്ദീപകങ്ങളായ മഹദ്വചനങ്ങൾ കാട്ടിത്തന്ന്, ധ്യാനത്തിന്റേയും ശാന്തിയുടേയും മാർഗ്ഗത്തിലേയ്ക്ക് നമ്മളെ ആനയിക്കുകയും ചെയ്യുന്നു,അദ്ദേഹം.
----------------http://akkotungallur.blogspot.com - കൌസ്തുഭം
....................................................................................
‘ നൈദാഘം’ പുതുകവിത
ഭൂമിയിൽ ആരും കുട ചൂടുന്നില്ല, അതിനാൽ എല്ലാവരേയും നനച്ച് ശുദ്ധീകരിക്കാനായി ഒരു തീർഥമഴ പെയ്യിക്കുന്നു, ‘നൈദാഘ’ ത്തിന്റെ പുതുകവിതയിൽ യറഫാത്ത്. മൌനത്തിന്റെ പുറം തോടു പൊളിച്ച് നിറഞ്ഞെത്തുന്ന മഴയെ ശക്തമായി ഒഴുക്കിവിടുന്നു, ഇതിൽക്കൂടി.

ഇവിടെ എഴുത്തുകാരൻ മാത്രമല്ല,നമ്മളെല്ലാവരും നനയുന്നതിനാൽ എപ്പോഴും ഒരു കുട കരുതാൻ പ്രേരിപ്പിക്കുന്നു.
.............http://naidaagham.blogspot.com -പുതുകവിത-
.............................................................................
മഴയും രാഗങ്ങളുമായി ലയിച്ചുചേരുന്ന സാമ്യമേറെയുണ്ട്. ഇടത്തരം മഴയ്ക്ക് ശ്രീരാഗമായിരിക്കുമെന്ന് അറിവുള്ളവർ പറയുന്നു. പ്രഭാതത്തിൽ ‘ഭൂപാള’ത്തിലുള്ള ഒരു കീർത്തനമോ ഗാനമോ കേട്ടാൽ ഉത്സാഹമുണ്ടാകും.ഉച്ചനേരത്ത് ‘മദ്ധ്യമാവതി’യിലും വൈകുന്നേരം‘തോടി’ രാഗത്തിലുമുള്ള സംഗീതം കേൾക്കുമ്പോൾ മനസ്സിന് സന്തോഷവും ശരീരത്തിന് പ്രസരിപ്പുമായിമാറും.

‘നീലാംബരി’ രാഗത്തിലെ പാട്ടോ കവിതയോ കേട്ട് ഉറങ്ങാൻ കിടന്നുനോക്കൂ, അറിയാതെ വരുന്ന ഉറക്കത്തിൽ പോലും നമ്മൾ രാഗസാഗരത്തിൽ നീന്തിത്തുടിക്കും.( യാത്ര ചെയ്യുമ്പോൾ ‘പല്ലാരി’ യിലും വിനോദവേളകളിൽ ‘ തില്ലാന’ യിലുമുള്ള പാട്ടുകൾ ആനന്ദദായകം.) പല കവിതകളും വായിക്കുമ്പോൾ ആ നീന്തലിന്റെ രസാനുഭൂതി നമുക്ക് കിട്ടുന്നു.

‘മഴയും നീയും’ എന്ന നാലുവരി ഗദ്യകവിതയിൽ ശോകത്തിന്റെ ഈണത്തിൽ ‘ബുഹാരി’ രാഗം ചേരും. പ്രണയത്തിൽ വിരഹം, മൌനമൊഴിയിൽ വിഷാദം.ചുരുക്കം വാക്കുകളിൽ, മനസ്സിന്റെ ഒഴുക്കിൽനിന്നും ഒരു കുമ്പിൾ ആശയജലം....
......................http://suryagayatri.blogspot.com -മഴയും നീയും-
.---------------------------------------------------------------.

ഒരു മരം നിറയെ കവിതയാണ്
.....................................
മഴയെ കാത്തിരുന്ന് കനിവായ് കിട്ടിയിട്ടും ജീവിതം തന്നെ കവിതയാകാമെന്ന് ആശ്വസിപ്പിക്കുന്നു,ഇതിൽക്കൂടി. ജീവിതത്തിന്റെ നാലു ഘട്ടങ്ങളിൽ ക്കൂടി സഞ്ചരിച്ച് മരമാകുന്ന ജീവന്റെ വാർദ്ധക്യസഹജമായ ദൈന്യത സൂക്ഷ്മമായി എഴുതിയിരിക്കുന്നു.

‘ഒരു മരം നിറയെ കവിതയാണ്’ എന്ന വരി ആദ്യവും അവസാനവും മതി, എല്ലാ ഖണ്ഡങ്ങളിലും ആവശ്യമില്ലായിരുന്നു. ഒഴുക്കിനൊപ്പം നീങ്ങുമ്പോൾ കാലുകൾ കല്ലിൽ തട്ടുന്ന പ്രതീതിയുണ്ടാവും. നല്ല രചന, തുടരട്ടെ....ആ‍ശംസകൾ........
...........................www.boolokamonline.com
*****************************************

*തുടരും...




Wednesday, August 4, 2010

ബ്ലോഗ്‌ വാരഫലം (രണ്ട്)

ഒറുക്ക്.........രൂപാ മാത്രം.

ഓരോ മനുഷ്യരിലും ഏതിനോടെങ്കിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങളുണ്ട്.മനുഷ്യരുടെ ഒരു പ്രത്യേക വികാരമാണത്.ജീവികൾക്കും അങ്ങനെയുള്ള വിശ്വാസവും അത് പ്രകടിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നും,മദ്ധ്യമകാലജീവിയായ കുരങ്ങിൽനിന്നും ക്രമേണ രൂപം മാറി വന്നതാണ് ഇന്നത്തെ മനുഷ്യനെന്നും ചാൾസ് ഡാർവിൻ തെളിയിച്ചിട്ടുണ്ട് (പരിണാമസിദ്ധാന്തം). ചിലർക്ക് ചില സാധനങ്ങളോടും മറ്റുചിലർക്ക് ജീവികളോടും-വ്യക്തികളോടുമൊക്കെ അന്ധമോ സത്യമോ ആയ ഒരു വിശ്വാസം രൂഢമൂലമായുണ്ടാകും.

‘ആ പെണ്ണ് വന്നുകയറിയതിനു ശേഷമാണ് ഇത്രയും സമ്പത്തൊക്കെ ഉണ്ടായതെ’ന്ന് പറയുന്ന വീട്ടുകാരുണ്ട്-അശ്രീകരമെന്നു പറയുന്നവരുമുണ്ട്.പൂച്ചയോ പശുവോ വന്നുകയറിയാൽ ഐശ്വര്യം‘പറഞ്ഞുകൂട്ടുന്ന’ കുടുംബക്കാരുമുണ്ട്.

ചിലർ മന്ത്രത്തേയും തന്ത്രത്തേയുമൊക്കെ ആശ്രയിക്കും,അതിൽ മന്ത്രിയോ തന്ത്രിയോ ആയവരും ധാരാളമുണ്ട്.
നമ്മുടെ ഇൻഡ്യയുടെ അഭിമാനപാത്രമായ ലോകപ്രശസ്തമനഃശാസ്ത്രജ്ഞനും യുക്തിവാദിസംഘത്തിന്റെ പ്രസിഡന്റുമായിരുന്ന ഡോ:എ.റ്റി.കോവൂരിന്റെ വീട്ടിൽ, ഒരിക്കൽ ധനാഢ്യനായ ഒരാൾ വന്ന് തന്റെ പാർപ്പിടത്തിലേയ്ക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. നല്ല പുതുമയോടുകൂടിയ വലിയ കെട്ടിടം.ഒരു മുറിയിൽ നാല്പതുവയസ്സുള്ള (കണ്ടാൽ മുപ്പതു വയസ്സ്-മിനിഭാഷ്യം എ+ബി ) സുന്ദരിയായ ഒരു സ്ത്രീ കട്ടിലിൽ അവശയായി കിടക്കുന്നു. കാരണം ചോദിച്ചപ്പോൾ ഭർത്താവായ അയാൾ പറഞ്ഞു “ചപലവിചാരങ്ങളാൽ ഉറക്കമില്ലായ്മയും ദേഹമാസകലം ചൊറിച്ചിലും. വർഷങ്ങളായി പല ഡോക്ടർമാരുടേയും കണ്ണും കൈയും സ്റ്റെതസ്കോപ്പും മരുന്നുകളും തൈലങ്ങളുമൊക്കെ ആപാദചൂഡം തൊട്ടും തഴുകിയും പരീക്ഷിച്ചു.അവസാനമായി കണ്ടെത്തിയതാണ് ഡോക്ടറെ...”
മാങ്ങയല്ലെങ്കിലും മാങ്ങായണ്ടിപോലുള്ള താടി തടവിക്കൊണ്ട് ഡോക്ടർ “ഇതിന് ഒറ്റ മരുന്നേയുള്ളു, ഗംഗാനദിയിലെ പവിത്രമായ ജലം നിത്യേന രാവിലെ ഒരു ഗ്ലാസ്സു വീതം കുടിക്കണം. ഒരു മാസത്തിനുള്ളിൽ എല്ലാ അസുഖങ്ങളും മാറി പൂർവ്വസ്ഥിതി പ്രാപിക്കും.ഞാൻ തന്നെ അത് എത്തിച്ചുതരാം...”
ഡോക്ടർ തന്റെ സഹവർത്തിയുമായി ഗംഗാതീരത്തു ചെന്നപ്പോൾ അവിടമാകെ മലിനപ്പെട്ടുകിടക്കുന്നു.ചൂടുകാലമായതിനാൽ ഒഴുക്ക് തീരെയില്ല.അല്പമായിവരുന്ന ജലംതന്നെ കലങ്ങിയത്. അദ്ദേഹം കയ്യിലിരുന്ന ധവളമായ കുപ്പിയിൽ മുനിസിപ്പാലിറ്റിയിലെ പൈപ്പിൽനിന്നും വെള്ളം നിറച്ചു വീട്ടിലെത്തി. നല്ലതുപോലെ പൊതിഞ്ഞ് ഒരു ലേബലുമൊട്ടിച്ച് നമ്മുടെ ലലനാമണിക്ക് കൊണ്ടുക്കൊടുത്തിട്ട് വിവരങ്ങൾ ഒന്നുകൂടി സൂചിപ്പിച്ച് യാത്രയായി.
രണ്ടാഴ്ചയായപ്പോൾ ‘അയാൾ’ ഡോക്ടറെ കാണാൻ വന്നു.ആളിന്റെ ക്ഷീണം കണ്ടാലറിയാം,ഭാര്യയ്ക്ക് നല്ല സുഖമായെന്ന്. സന്തോഷാധിക്യത്താലും വികാരവിവശനായും പറയുന്നു “അവളുടെ എല്ലാ അസുഖവും മാറി ഇപ്പോൾ നല്ല ചുറുചുറുക്കും ഉത്സാഹവുമൊക്കെയുണ്ട്. നന്ദി ഡോക്ടർ,ഒരായിരം നന്ദി...” ഡോക്ടർ ഒന്നു പുഞ്ചിരിക്കുന്നതിനുമുൻപ് അയാൾ സ്ഥലംവിട്ടിരുന്നു.( കൂടെ പൊതിയായി കിട്ടിയതിൽ എത്ര ഉണ്ടായിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടില്ല ).

( ‌‌‌ഡോ: എ.റ്റി.കോവൂരിന്റെ ഡയറിക്കുറിപ്പുകൾ )
മിടുക്കരായ മനഃപരിശോധകർ തന്നെ സമീപിക്കുന്നവരുടെ വിശ്വാസമാണ് ചികിത്സയ്ക്കുവേണ്ടിയുള്ള മരുന്നായി ഉപയോഗിക്കുന്നത്. ചിലർ വിശ്വാസത്തെ വഞ്ചിച്ച് ധനം സമ്പാദിക്കുന്നു.
ഇവിടെ, ഇതേ വിശ്വാസത്തെ കരുവാക്കി ‘ഒരു ഹിപ്നോട്ടൈസ് ബോംബ്’ കൊടുത്ത് ഒരമ്മയുടെ ഉറക്കമില്ലായ്മ മാറ്റിക്കൊടുക്കുന്ന ഡോക്ടറെ അവതരിപ്പിക്കുന്നു കഥാകാരി.
തെക്കൻ കേരളത്തിൽ ‘ഉറുക്കെ’ന്നും കൊച്ചി കഴിഞ്ഞ് വടക്കോട്ടു നീങ്ങിയാൽ ‘സാധാരണ’ക്കാരുടെ ശൈലിയിൽ ഉറക്കം ഒറക്കവും ഉണക്കമീൻ ഒണക്കമീനും ആയിമാറുന്ന രീതിവച്ച് ‘ഒറുക്കെ’ന്നും പറയും, രണ്ടും ശരിയാണ്.
നർമ്മരസം പൂശി വായനക്കാർക്കു സമ്മാനിച്ച ഇതിന്റെ കഥയെക്കാളുപരി-നമ്മളെ ചിന്തിപ്പിക്കാൻ പര്യാപ്തമായ ഒരു നല്ല പ്രമേയം മറ്റൊരു പൊതിയാക്കി മാറ്റിവച്ചുകളഞ്ഞു.
ചില കമ്പനികളിറക്കുന്ന വിവിധയിനം മിഠായികൾപോലെ വളരെ ലാഘവത്തോടെ നാടുനീളെ ‘ബോംബുകളുണ്ടാക്കി നമ്മൾ നമ്മളെത്തന്നെ നശിപ്പിക്കുന്ന ക്രൂരത’ ഇതിൽ പൊന്തിനിൽക്കുന്നു.
കൂടെവന്ന മകനെ സമമാക്കി, ഇതിനെപ്പറ്റി നാലഞ്ചു വരികൂടി ചേർത്തിരുന്നെങ്കിൽ അത് രണ്ട് ഒറുക്കുകളായി ഓണത്തിനും ഈദുൽ ഫിത്തറിനും പൊട്ടിക്കാമായിരുന്നു. തൽക്കാലം ഒന്നു പൊട്ടിച്ചു ചിരിക്കാം...
******************************************************

ഒരു വെളുത്ത റോസാപ്പൂ

പ്രിയപ്പെട്ട പീറ്ററച്ചന്,
താങ്കളുടെ വിഷമാവസ്ഥ അറിയിച്ചുകൊണ്ടുള്ള കത്ത് എനിക്കു കിട്ടി.ഒരു താൽക്കാലികമായ ദുഃഖം എനിക്കു തോന്നിയെങ്കിലും ചില സംശയങ്ങൾ ബാക്കിയാകുന്നു. മെർലിൻ മേരി തോമസ് എന്ന നല്ല പേരുകാരിയും സുന്ദരിയുമായ യുവതിയെ താങ്കൾ പ്രേമിച്ചിരുന്നതും, ഒരു ചുംബനം നൽകാത്തതിനാൽ ബലാൽക്കാരമായി അവളെ കെട്ടിപ്പിടിച്ചുമ്മ വച്ചതും, അതോടെ അവൾ വെറുത്തുമറഞ്ഞതും അറിഞ്ഞു. പിന്നീട് താങ്കൾ‘ പീറ്ററച്ചനാ’യി ഞങ്ങളുടെ ഇടവകയിൽ വന്നതും, അവൾ- ഭർത്താവും നേഹയെന്ന മകളുമായി ഇവിടെ താമസമായിരുന്നെന്നും ഇന്നലെ അവളുടെ ശവസംസ്കാരം താങ്കളുടെ കാർമ്മികത്വത്തിൽ നടത്തിയതും വായിച്ചപ്പോൾ അല്പം വേദനയുണ്ടായി.
പലപ്പോഴും പള്ളിയിൽ പോയി കുമ്പസരിച്ച്, ചെയ്ത കൊടും പാപം കർത്താവിനോടേറ്റുപറഞ്ഞ് കരഞ്ഞു മാപ്പിരന്നു എന്നതും ഇന്ന് അവളുടെ കല്ലറയിൽ ഒരു വെളുത്ത റോസാപ്പൂവ് സമർപ്പിച്ചു എന്നതും ‘മാത്രമാണ്’ സംഭവങ്ങളിലെ നല്ല ഭാഗമായി എനിക്കു തോന്നിയത്.
അവളെ ഭർത്താവ് സംശയത്തിന്റെ പേരിൽ ക്രൂരമായി ഇടിച്ചുകൊന്നതാണെന്ന് അറിഞ്ഞപ്പോൾ മരിച്ചതിലല്ല, താങ്കളവളെ കൊന്നതിലാണ് ദുഃഖമുണ്ടായത്.
വിവാഹത്തിനു മുൻപ്‘ നല്ല’ കന്യകമാർ ഉമ്മവയ്ക്കാനോ കെട്ടിപ്പിടിക്കാനോ സമ്മതിക്കുമോ അച്ചോ ? ഇന്നത്തെക്കാലത്ത് അതൊക്കെ നടക്കാറുണ്ടെന്നത് ശരി, നല്ല കാമുകിയുടെ ലക്ഷണം കാണിച്ചതുകൊണ്ട് അവൾക്ക് നല്ല സുഖസമ്പന്നമായ ജീവിതമല്ലേ ഉണ്ടാകേണ്ടിയിരുന്നതെന്ന് അച്ചനെപ്പോലെ എനിക്കും തോന്നി.
അപ്പോൾ യഥാർഥത്തിൽ വിവാഹത്തിനു മുൻപ് ഒന്നിനും സമ്മതിക്കാത്ത യുവതികൾക്ക് ജീവിതം ഭാസുരമല്ല എന്നാണോ കത്തിലെ ആശയം ?
എന്റെ ഒരു മകൾ കോളേജിലും മകൻ ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. അച്ചന്റെ കത്ത് മകൾ വായിച്ചാ‍ൽ ഒരുകൂടനിറയെ ചുംബനപ്പൂക്കളുമായി യുവാക്കളെത്തേടി നടക്കില്ലെ?
അതിനാൽ അടുത്ത എഴുത്തിൽ, ഇത്തരം നല്ല യുവതികൾക്ക് ദുരിതം കൊടുക്കാതെ
ശോഭനമായ ഒരു നല്ല ജീവിതം കിട്ടുന്നതായി എഴുതണം. അത് എന്റെ മക്കൾ വായിച്ച് സന്തോഷിക്കണം.
പിന്നെ,പലപ്പോഴും ഞാൻ കാണാറുള്ള വിവാഹം,ജ്ഞാനസ്നാനം,മരണം മുതലായ അച്ചൻ ചെയ്യാറുള്ള ചടങ്ങുകൾക്ക് ചിലമാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.അതിനെപ്പറ്റി ഞാൻ ഇനിയൊരു കത്തിൽ എഴുതുന്നതായിരിക്കും. അച്ചനെഴുതിയ തൊണ്ണൂറ്റിയെട്ട് വരികളിലെ കാര്യങ്ങൾ നാല്പതു വരികളിൽ ഒതുക്കാമായിരുന്നു. നല്ലതുപോലെ വാചകങ്ങൾ സൃഷ്ടിക്കാൻ അച്ചനറിയാമല്ലൊ, പിന്നെന്തേ ഇങ്ങനെ........?

നല്ല ആശയമുള്ളത് പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹിതൻ,ഒപ്പ്.
------------------------------


കുട നന്നാക്കാനുണ്ടോ ?

അയാൾ കുടയും കയ്യിൽ‌പ്പിടിച്ച് തിരക്കുള്ള റോഡിലൂടെ നടന്നുപോകുന്നു. പെട്ടെന്ന് റോഡരികിൽക്കണ്ട കുട നന്നാക്കുന്നയാളിന്റെ പക്കൽ അതേല്പിച്ചു ....“ഒരു പുതിയ കമ്പി കെട്ടിത്തരണം, എത്രയാകും?”
കുടക്കാരൻ അത് തിരിച്ചും മറിച്ചും നോക്കിയിട്ട് അയാളെയും നോക്കിയശേഷം- “എട്ടണയാകും”. അയാൾ-“അതു കൂടുതലാ, ഒന്നുകൂടി കുറച്ചു പറയൂ” അതു കേട്ട് കുടക്കാരൻ-“എന്താ സാറേ, എല്ലാ സാധനത്തിനും തീപിടിച്ച വിലയല്ല്യോ ,നന്നാക്കാനുള്ള സാധനങ്ങൾ വാങ്ങണം,വീട്ടുചെലവു നോക്കണം, പിന്നേ.....പിന്നേ...സാറായോണ്ട് ഒരാറണ തന്നാ മതി...” ഇത്രയും പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ കുടക്കാരൻ കെട്ടാനുള്ള കമ്പി അഴിച്ചുകഴിഞ്ഞു.
അങ്ങനെ ധൃതിപിടിച്ച് ചെയ്യുന്നതിനിടെ മറ്റൊരാൾ വന്ന് തന്റെ കുടകാട്ടി “ഇതിന്റെ പിടിക്ക് ഒരാണി വച്ചുപിടിപ്പിച്ചേ...”യെന്ന് പറയുന്നു. കുടക്കാരൻ ആദ്യത്തെയാളെനോക്കി ‘ഒരു മിനിട്ട് സാറേ..’യെന്നൊരാംഗ്യത്തോടുകൂടി മൊഴിഞ്ഞിട്ട്, മറ്റേയാളുടെ കുടപ്പിടിയിൽ ഒരാണിവച്ചു തറച്ച് നിവർത്തും മടക്കിയും നോക്കി-“ഇതു കൊറേ പഴേതാ, കമ്പിയൊക്കെ മാറ്റണം..” എന്നു പറഞ്ഞ് കുട മടക്കി തിരിച്ചുകൊടുത്തു.
“എത്ര” യെന്ന ചോദ്യത്തിന് “ഒരണ” യെന്ന ഉത്തരവും കേട്ട്,മനസ്സില്ലാമനസ്സോടെ ഒരണ കൊടുത്ത് മറ്റെയാൾ പോയി. അപ്പോഴേയ്ക്കും അയാളുടെ കുടയെടുത്ത് പാകത്തിലുള്ള മറ്റൊരു കമ്പി തിരഞ്ഞെടുത്തു.
കുട നന്നാക്കുന്നയാളിന്റെ കൈവിരുതും ഉത്സാഹവും ജോലിയോടുള്ള ആത്മാർത്ഥതയും കണ്ട് അയാൾ പല കാര്യങ്ങളും ചോദിക്കുകയും കമ്പി കെട്ടിത്തീരുമ്പോഴേയ്ക്കും കുടക്കാരൻ തന്റെ കുടുംബപശ്ചാത്തലം വിവരിച്ചുതീർക്കുകയും ചെയ്തു.
പല ജോലികളും മാറിമാറി ചെയ്തിട്ടും ഒന്നിലും താല്പര്യമില്ലാതെനടക്കുന്ന അയാൾക്ക്
കുടക്കാരൻ ഒരു പ്രചോദനമായി. ആറണകൊടുത്ത് കുടയുംവാങ്ങി കുറേ നടന്ന ശേഷം അയാൾ ചുറ്റിലും നോക്കിയിട്ട്, ഒരു വീടിന്റെ തുറന്നുകിടക്കുന്ന വാതിലിൽക്കൂടി അകത്തേയ്ക്കു നോക്കി അല്പം ഉച്ചത്തിൽ ചോദിച്ചു “ കുട നന്നാക്കാനുണ്ടോ...?

‘ഇതാണ് കഥ, ചെറുകഥ.മുപ്പതു വർഷങ്ങൾക്കു മുൻപ് വായിച്ചതിന്റെ ഓർമ്മയിൽ നിന്നാണ് ഇത്രയും പകർത്തിയത്. രണ്ടു കഥാപാത്രങ്ങൾ,ഒരു കുടുംബചരിത്രം,ഒരു കുടയും നന്നാക്കി. ഇതിൽ ഒരു സുന്ദരി കയറിവരുന്നില്ല,അതിനാൽ അവളുടെ ചിരിയില്ല,പ്രേമമില്ല,ചുംബനമോ ഇല്ലേയില്ല.


' നല്ല പടം വേണോ ?’
‘ പഴയ ബോംബെ’യിലെ പ്രശസ്ത പുസ്തകശാലയായ ‘നവലഖി ബുക്ക് സ്റ്റാളി’ന്റെ വാർഷികദിനാഘോഷം നടത്തുന്നത് കാണാൻ എനിക്കും ക്ഷണം കിട്ടി. ചിത്രകലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വാങ്ങുകയും ചെയ്യാമെന്നു കരുതി അവിടെയെത്തി. അവിടെ പുസ്തകങ്ങളുടെ പാരാവാരം കണ്ടപ്പോൾ ഞാനതിശയിച്ചുപോയി. ലോകരാജ്യങ്ങളിൽ കിട്ടാവുന്ന എല്ലാ ചിത്രകലാവിഭവങ്ങളും (Books & Materials) അവിടെയുണ്ട്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേന്ന് പുസ്തകങ്ങളുടെകൂടെ അഞ്ചു വിശ്വോത്തര ചിത്രങ്ങൾകൂടി ഞാൻ വാങ്ങി. അടുത്ത ദിവസം രാത്രി മധുര സിറ്റിയോടുചേർന്ന, എന്റെ സുഹൃത്തായ ഹൈദർ അലിയുടെ വീട്ടിലാണ് തങ്ങിയത്. രാവിലെ ഉണർന്നുവന്ന് താഴേയ്ക്ക് നോക്കുമ്പോൾ ,ഒരു പൈപ്പിന്റെ ചുവട്ടിൽ ധാരാളം സ്ത്രീകൾ കുടങ്ങളുമായി നിരന്നുനില്ക്കുന്നതും,ഓരോരുത്തരായി ധൃതിയിൽ വെള്ളം നിറച്ചെടുത്തു പോകുന്നതും കണ്ടു. ആറുമണിമുതൽ എട്ടുമണിവരെ മാത്രമേ വെള്ളം കിട്ടുകയുള്ളു,അതിനുള്ളിൽ ആ തെരുവിലെ എല്ലാ വീട്ടുകാരും വെള്ളമെടുത്തുവയ്ക്കണം.എട്ടുമണി കഴിഞ്ഞ് കിട്ടാത്തവർ കിട്ടിയവരുമായി അടികലശലുണ്ടാക്കാറുമുണ്ട്.
അതാ ,ഒരാൾ സൈക്കിളിന്റെ പിറകിൽ ഒരു ചാക്കുനിറയെ എന്തോ വച്ചുകെട്ടി ഉരുട്ടിക്കൊണ്ടു നടക്കുന്നു.ഇടയ്ക്കിടെ ‘ഊപ്പേ...യ്....’യെന്ന് ചവിട്ടുനാടകത്തിലെ സൂത്രധാരന്റെ ശൈലിയിൽ നീട്ടിവിളിക്കുന്നുണ്ട്. എനിയ്ക്കൊന്നും മനസ്സിലാകാത്തതിനാൽ വീട്ടുകാരോട് ചോദിച്ചു. ഉപ്പ് വിൽക്കുന്ന ആളാണെന്നും ഈ സമയത്ത് പലരും പലതും കൊണ്ടുനടക്കുമെന്നും അവർ പറഞ്ഞു.
കുറേക്കഴിഞ്ഞ് ‘പൂവേ...യ്....’യെന്നു വിളിച്ചുകൊണ്ട് ,നേരത്തേ കേട്ട ഈണത്തിൽ കൂട നിറയെ പൂക്കളുമായി ഒരു യുവതി പോകുന്നു. വീണ്ടും മറ്റൊരു മദ്ധ്യവയസ്കൻ ഭാരമുള്ള വലിയ അലൂമിനിയം പാത്രം തലയിൽ വച്ച് ‘ഇടിയപ്പോ...യ്....’യെന്ന വിളിയും....
തെരുവിൽ പലരും ഇവരുടെ കയ്യിൽനിന്നും അവരവർ വിളിച്ചുപറയുന്നത് വാങ്ങുന്നുമുണ്ട്.
പെട്ടെന്ന് ഞാൻ കാരൂരിനേയും കുട നന്നാക്കുകാരനേയും ഓർത്തു, ഇവരും അതേ ഉത്സാഹത്തോടും സന്തോഷത്തോടുംകൂടിയാണല്ലോ വിൽക്കാൻ നടക്കുന്നത്. അപ്പോൾ ഒരു ബുദ്ധി എനിക്കും തോന്നി.
പ്രഭാതഭക്ഷണം കഴിഞ്ഞ് വേഗത്തിൽ ഉടുത്തൊരുങ്ങി, അഞ്ചു ചിത്രങ്ങളുമെടുത്ത് ഒന്നൊന്നായി ചുരുട്ടി വെള്ളിക്കടലാസ്സിൽ പൊതിഞ്ഞുവച്ചു. വിശ്വചിത്രകാരന്മാരായ ലിയണാർഡൊ ഡാവിഞ്ചി,മൈക്കലാഞ്ചലോ,പാബ്ലോ പിക്കാസൊ,രാജാ രവിവർമ്മ,വാൻ ഗോഗ് എന്നിവരുടെ മികച്ച അഞ്ചു ചിത്രങ്ങൾ. അമ്പതുരൂപാ വിലയുള്ള ഓരോന്നിനും വിലക്കിഴിവു പ്രകാരം ഇരുപത്തിയഞ്ചു രൂപാവീതം-മൊത്തം നൂറ്റിയിരുപത്തിയഞ്ച്.
അതുമായി ഞാൻ മെയിൻ റോഡിൽക്കൂടി നടന്നു. ഏറ്റവും ആർഭാടത്തോടുകൂടിയ
ഒരു ഹോട്ടലിൽക്കയറി മാനേജരെ വിളിപ്പിച്ച്, ചിത്രങ്ങൾ കാണിച്ച് അതിനെപ്പറ്റി ഒരു വിവരണം നടത്തി. അയാൾ അത്ഭുതത്തോടെ മൂന്നെണ്ണമെടുത്ത് മാറ്റിവച്ചിട്ട് ‘എന്തു വില വേണ’മെന്ന് ചോദിച്ചതിന്, ഒന്നാലോചിച്ചശേഷം ‘ഒന്നിന് ഇരുനൂറുരൂപാവേണ’മെന്ന് ഞാൻ പറഞ്ഞു.
വളരെ വേഗത്തിൽ അയാൾ അഞ്ചെണ്ണവും ചേർത്തെടുത്തുകൊണ്ട് അകത്തേയ്ക്കോടി, അതേ വേഗത്തിൽ ആഹ്ലാദത്തോടെ വന്ന് ആയിരം രൂപതന്നു.
അയാൾ മുറിയിലേയ്ക്കു പോയതിനെക്കാൾ വേഗത്തിൽ ഞാൻ റെയിൽവേ സ്റ്റേഷനിലേയ്ക്കോടിച്ചെന്ന് അടുത്ത ദിവസത്തേയ്ക്ക് ബോംബേയ്ക്കുള്ള ഒരു ടിക്കറ്റ് ബുക്കു ചെയ്തു. തിരിച്ച് സുഹൃത്തിന്റെ വീട്ടിൽ വന്ന്, മുകളിൽ‌പ്പറഞ്ഞ അഞ്ചുപേരുടേയും പത്തു ചിത്രങ്ങൾ വീതം ‘അൻപതെണ്ണം പായ്ക്കു് ചെയ്തു വയ്ക്കാ’ൻ പുസ്തകശാലയിലേയ്ക്ക് ഫോണിൽക്കൂടി വിളിച്ചുപറഞ്ഞു.
പിന്നീട് പലപ്പോഴും മധുരയിൽ പോകുമെങ്കിലും, പടത്തിന്റെ ശരിയായ വില മാനേജർ അറിഞ്ഞെങ്കിലോ എന്ന പേടിയാൽ ഒരു വർഷത്തോളം ആ ഹോട്ടലിലേയ്ക്ക് കയറിയില്ലെന്നു മാത്രമല്ല,നോക്കിയതേയില്ല.
ഒരു ദിവസം ധൈര്യപൂർവ്വം ഞാനവിടെ കയറി.അന്നു കൊടുത്ത അഞ്ചു ചിത്രങ്ങളും വിലകൂടിയ സ്വർണ്ണഫ്രെയിമിലാക്കി ചുവരിൽ പല സ്ഥലത്തായി സ്ഥാപിച്ചിരിക്കുന്നു. റിസപ്ഷനിസ്റ്റായ പുതിയ ആളിനോട് ആ പടങ്ങളെപ്പറ്റി ചോദിച്ചപ്പോൾ അയാളുടെ മറുപടി “അതോ,വലിയ മഹാന്മാര് വരച്ച പടങ്ങളാ സാറേ-ഒരു വർഷം മുമ്പ് ഏതോ ഒരു കോന്തത്താൻ വന്ന് ഒന്നിന് ഇരുനൂറു രൂപാവച്ച് വിറ്റതാ. ഈ ഹോട്ടലിന്റെ മൊതലാളീം മാന്യേരും ഒരാളാ.മാന്യേരുസാറു വിചാരിച്ചതേ, ആ പുങ്കൻ ഒന്നിന് മൂവായിരം രൂപാവീതം ചോദിക്കുമെന്നാ...ഈമാന്യേരുടെ ഒരു ബാഗ്യമേ...”
ഒരു നിമിഷം!! “എന്താ സാറേ ചോദിച്ചെ....?” എന്ന ചോദ്യം കേട്ടെങ്കിലും പരിസരം നോക്കാതെ ഞാൻ റോഡിലെത്തിക്കഴിഞ്ഞിരുന്നു.

( എന്റെ അനുഭവം- ഓർമ്മ )
കാരൂരിന്റെ ഒരു ചെറിയ കഥമൂലം, ശതമാനക്കണക്കിൽ നോക്കിയാൽ പുസ്തകശാലക്കാർക്കോ എനിക്കോ ഹോട്ടൽ മാനേജർക്കോ കൂടുതൽ ലാഭം കിട്ടിയത്...?
നോക്കിയോ..? ആ ലാഭം നിങ്ങൾക്കും കിട്ടണമെങ്കിൽ എത്രയും പെട്ടെന്ന് അത് വാങ്ങണം. ആ കഥ വായിച്ചശേഷം ഒരു ‘രൂപരേഖ’യുമായി എന്റെ ബ്ലോഗിലേയ്ക്ക് വരൂ. നമുക്ക് ഒന്നുചേർന്ന് ഒരു‘ ചെറുകിട വ്യവസായം’ ആരംഭിക്കാം.....
( തുടരും.....)