Friday, September 2, 2011

ആദ്യരാത്രി - ഹൃദയനിവാസിൽ


ആണായാൽ ഇണയായി ഒരു പെണ്ണുവേണമെന്ന് തീരുമാനിച്ചത് ദൈവമാണ്. അതിനുശേഷം ഇന്നുവരേയും ആപ്പിളോ ഓറഞ്ചോ കൊടുത്ത് പ്രലോഭിപ്പിക്കുന്ന പെണ്ണില്ലാതെ ജീവിക്കാൻ സാധിക്കില്ലെന്നായി ആണുങ്ങൾക്ക്.  അത് ഇങ്ങനെയൊരവസ്ഥയിലെത്തണമെന്ന് ആരും ആഗ്രഹിക്കാത്തതാണ്.

മാറും മടിയും തഴച്ചുതുളുമ്പിനിൽക്കുന്ന, സുന്ദരിയും പരിഷ്കാരിയുമായ ഒരു  മാദകാംഗിയെക്കണ്ടാൽ ആരാ ഒന്നു നോക്കാത്തത് ?  പലവട്ടം നോക്കുമ്പോൾ ഒന്നു തൊടണമെന്ന ആഗ്രഹം ആണുങ്ങളുടെ സഹജാഭിലാഷമല്ലേ ? തൊട്ടാലോ- അവളെയൊന്നു കെട്ടിപ്പിടിച്ചുനിൽക്കണം.  പിന്നെ-  പലതും പറഞ്ഞ്  കൂടെ ഇരിക്കണം.  അതുവഴി പല പെരുവഴികളിൽക്കൂടി കൈകോർത്തുപിടിച്ച് നടക്കണം.  തീരുമോ ആഗ്രഹം ? പിന്നെ ആരോരും കാണാതെ കിട്ടുന്ന ഇടത്ത്, പറ്റുന്ന സമയത്ത് അവളുമൊത്ത് ഒന്നു കിടക്കണം. കിടന്നാൽത്തന്നെ വെറുതേയങ്ങനെ ആകാശത്തുനോക്കി ചിന്തിക്കാനും നക്ഷത്രമെണ്ണാനും നേരമെവിടെ ?  തഥൈവ......

ചിലരൊക്കെ സമയവും സന്ദർഭവും സംഘടിപ്പിച്ച് ഇപ്പറഞ്ഞ സംഗതികളൊപ്പിച്ച് സംതൃപ്തരാകും. ചിലർക്ക് നോക്കാനുള്ള ധൈര്യമേ ഉണ്ടാവൂ. ഒന്നൊപ്പിച്ചു കൂട്ടിനടക്കാനോ ഇരിക്കാനോ ചിലർക്ക് സാധിക്കും.  ഇതൊന്നിനും സാധിക്കാനാകാതെ സ്വാഭിമാനം കളയരുതെന്നുകരുതി, ഇത്യാദി ആഗ്രഹങ്ങൾ മനസ്സിലിട്ട് താലോലിച്ച് താരാട്ടുപാടിക്കഴിയുന്നു മറ്റുചിലർ.

ഇതിൽ അവസാനംപറഞ്ഞ ഗണത്തിൽ‌പ്പെടുന്ന നിർദ്ദോഷിയും, നിഷ്കളങ്കനും, നിരപരാധിയും സർവ്വോപരി നിസ്സഹായനുമായിരുന്നു നമ്മുടെ നായകൻ.  പ്രത്യേകിച്ച്, വൈകുന്നേരം മൂന്നുമണിക്ക് രജിസ്റ്റർ കച്ചേരിയിൽ വച്ച് ഭാര്യയായി ഒപ്പുവച്ച നായികയുടെ വലതുകൈക്കുമ്പിളിൽ‌പ്പിടിച്ച് സ്വന്തം വീട്ടിൽ കയറുന്നതുവരെ.

മ്ലാനവദനനും വിഷാദവിവശനുമായ നായകനേയും,  ലജ്ജാവതിയും സുസ്മേരസുമുഖിയുമായ നായികയേയും വീട്ടുകാരും നാട്ടുകാരിൽ കുറച്ചുപേരും ചേർന്ന് സ്വീകരിച്ചാനയിച്ചു. അനന്തരം അച്ചനും അമ്മയും അവരെ അകത്തെ മുറിയിൽ കൊണ്ടുവന്ന് ഇരുത്തി.  ‘ ഇരുത്തി ’  എന്ന് ഒന്നെടുത്തു പറയണം. കാരണം, വെറുതേയങ്ങിരുത്തിയതല്ല.  ഏറെ അമർഷവും കുറേ പരിഹാസവും കലർന്ന മുഖഭാ‍വത്തോടെ, കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്ന ദ്വേഷ്യത്തോടെ മനഃപൂർവ്വം പിടിച്ച്  ‘ഇരുത്തി’യതുതന്നെയാണ്.  അങ്ങനെയാവുമെന്ന് ഒരവിവേകം കാണിച്ച് മുഖംതാഴ്ത്തിയിരിക്കുന്ന നായകനും അറിയാം.

എന്നാൽ, ഒരു വലിയ ആഗ്രഹം സഫലീകരിച്ച സംതൃപ്തിയോടെ ഉല്ലാസഭരിതയാണ് നായിക.
പെണ്ണല്ലേ? ആഗ്രഹിച്ചത് നേടിയാലുള്ള ആത്മനിർവൃതി പ്രകടിപ്പിച്ചേ അടങ്ങൂ.  അനവസരത്തിലുള്ള ഒരു ചിരി മതി, ആണിന്റെ ആത്മാഭിമാനം തകർക്കാനും, അവരെക്കൊണ്ട് ഒരു യുദ്ധംതന്നെ നടത്തിക്കാനും.

പെണ്ണിന്റെ ഒരു ‘മൂളലി’ന്  പത്തും, ‘നോട്ടത്തി’ന് നൂറും അർത്ഥമുണ്ടെന്നാണ് പഴഞ്ചൊല്ലും പരിചിതവും.  (അതിൽ ഏറെയും അനർത്ഥങ്ങളുണ്ടാക്കുമെന്നത് വേറേ കാര്യം.)  വായും കണ്ണുംകൊണ്ട് ഇത്രയുമാകാമെങ്കിൽ മറ്റ് അവയവങ്ങളുടെ സ്ഥിതിവിശേഷം വിവരിക്കാനുണ്ടോ ? അങ്ങനെയുള്ള ഒരു സർവ്വാംഗലക്ഷണയുക്തപേവലാംഗി പുരനിറഞ്ഞു നിൽക്കുന്നതുകണ്ടാൽ വയസ്സന്മാർക്കുപോലും സഹിക്കാവതല്ല,  പിന്നെ പരുവംവന്ന ആൺപിള്ളേരുണ്ടോ അനങ്ങാതിരിപ്പൂ ?  അതു സഹിക്കാം, പുരയും പൊളിച്ച് ആൽമരംപോലെ വളർന്നാൽ  പുരതകരും. അതു പാടില്ല.  തെങ്ങോളം വളരാമോ തേയിലച്ചെടി ?  അതിനെന്താ പോംവഴി? അവളെ നിയന്ത്രിക്കാൻ ഒരാണുവേണം.  പ്രത്യേകിച്ച്, ആലിന്റെമുക്കിലെ ‘അധികാരിയഴികം വീട്ടി’ൽ  ഒറ്റത്തടിയായി താമസിക്കുന്ന ദൃഢഗാത്രിയായ  ‘ഗായത്രിക്കുഞ്ഞി’ന്.

വിളിക്കുന്നത് അങ്ങനെയാണെങ്കിലും ഗായത്രിക്കും കുഞ്ഞിനുമായി ബന്ധമൊന്നുമില്ല.  ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ കൂറ്റൻ പിടിയാനയായ ‘ ലക്ഷ്മിക്കുഞ്ഞി’നേയോ, പള്ളിപ്പരിസരത്തെ മലക്കറിക്കച്ചവടക്കാരി ‘മറിയംകുഞ്ഞി’നേയോ, ചെമ്മീനിലെ ‘ ചെമ്പൻകുഞ്ഞി’നേയോപോലെ  കുഞ്ഞായിരുന്നപ്പോൾ കുറിച്ചതല്ല, പ്രസ്തുത ‘കുഞ്ഞ്’.  തടിക്ക് പരുവമെത്തിയ ഗായത്രിയെ‘ ബലാൽക്കാര’മായി കൌമാരം കയറിപ്പിടിച്ചു. ഒരു ഉത്തമാംഗനയുടെ ലക്ഷണം അവളിൽ കണ്ടതും, ഒരു പ്രൈവറ്റ് കോളേജിലെ ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപികയായി മാറിയതും അടുത്തകാലത്തായിരുന്നു.  അവിവാഹിതയായ അദ്ധ്യാപികയെ എങ്ങനെ പേരിട്ടു വിളിക്കും ?  ‘റ്റീച്ചറേ’യെന്ന് വിളിക്കാനുള്ള വിവരമൊന്നും പലർക്കുമില്ല. എന്നാൽ‌പ്പിന്നെ ഇരിക്കട്ടെ ഒരു ‘കുഞ്ഞ്’, അത്രമാത്രം.

മാത്രമല്ല, ‘കുഞ്ഞേ’യെന്ന് പേരിന്റെ കൂടെച്ചേർത്ത് ആരേയും വിളിക്കാം. അമരവിള പഞ്ചായത്താഫീസിലെ അൻപതു വയസ്സുള്ള അരുന്ധതിസാറിനെ ‘അരുന്ധതിക്കുഞ്ഞേ’യെന്നും,  എന്നും രാവിലെ മീൻ വിൽക്കാൻ വരുന്ന  കറുത്തുകുറുകിയ കുടവയറുള്ള അറുപതുകാരിയെ ‘എലിസബത്ത്കുഞ്ഞേ’യെന്നും,  നാൽ‌പ്പത്തിയെട്ടുകാരിയായ  വക്കീൽ  സുബൈദസാറിനെ ‘സുബൈദക്കുഞ്ഞേ’യെന്നും വിളിച്ചുനോക്കൂ.  അവർക്കൊക്കെ നല്ല സന്തോഷവും ഉത്സാഹവും കൂടുന്നതുകാണാം.

ബാഹ്യലക്ഷണത്തിൽ കടത്തനാട്ടു മാക്കം പോലെയുണ്ടെങ്കിലും ഗായത്രിക്കുഞ്ഞിന് പ്രായം ഇരുപത്തിനാലേയുള്ളൂ. ഇന്നത്തെ അവസ്ഥയിൽ പ്രായത്തെയല്ല, ശരീരത്തെയാണ് സൂക്ഷിക്കേണ്ടതെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് അതറിയാവുന്ന ഗായത്രിക്കുഞ്ഞ് തനിക്കിഷ്ടപ്പെട്ട ഒരാളിനെ ആഗ്രഹിച്ചത്.

എന്നും ജോലിക്കുപോകുന്ന, നല്ല ഒതുക്കമുള്ള നായകനെക്കാണുമ്പോൾ ‘ഇദ്ദേഹത്തിനെ ഭർത്താവായി കിട്ടിയെങ്കിലെ’ന്ന് ആഗ്രഹിക്കാറുണ്ട്.  പലയിടങ്ങളിൽ വച്ചും തമ്മിൽക്കാണുമ്പോൾ ഒന്നു മിണ്ടാനും ഒന്നു തൊടാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ഒന്നു നിന്നിട്ടുവേണ്ടേ മിണ്ടാൻ ?  ഒരിക്കൽമാത്രം ഒരുനേരം കിട്ടിയപ്പോൾ ചോദിച്ചു ....
“എവിടാ ജോലി ?”.  പെട്ടെന്ന് മറുപടി, “ വാളത്തുങ്ങൽ സ്കൂളിലെ റ്റീച്ചർ..”.
“എന്താ പേര് ?”  അയാൾ തറപ്പിച്ചൊന്നു നോക്കി, “ നായകൻ ” എന്നുരുവിട്ടുകൊണ്ട് പാഞ്ഞുകഴിഞ്ഞു...

വല്ലപ്പോഴുമുള്ള ഒരാണിന്റെ സാമീപ്യം പെണ്ണിന് ധൈര്യമേകും. അതറിഞ്ഞുതന്നെയാണ്, ബാ‌ൻഗ്ലൂരിൽ ജോലിയുള്ള  സുന്ദരനും സുദൃഢഗാത്രനുമായ, ഇരുപത്തിയെട്ടു വയസ്സുള്ള ഒരു സഹോദരൻ ഇടയ്ക്കിടെ വരുന്നത്. ലീവിന് വരുമ്പോഴൊക്കെ രണ്ടും മൂന്നും ദിവസം ഗായത്രിക്കുഞ്ഞിന്റെ കൂടെ താമസിക്കാറുണ്ട്.

നാട്ടുകാർ എന്നാൽ എല്ലാവരും നല്ലവരാകണമെന്നില്ല.  കുബുദ്ധികളും കുതന്ത്രക്കാരും കൂടെയുണ്ടാവും.  അതിനാൽ കുത്സിതമായ ചിന്താഗതികളും അവർക്കുണ്ടാവും. ‘ വല്ലപ്പോഴും വന്ന് കൂടെ താമസിക്കുന്ന  യുവാവ്  അവളുടെ സഹോദരനല്ലെ’ന്ന് ചില അസൂയപെരുത്ത ആളുകളും, ‘ ആരായാൽ നമുക്കെന്താ’ യെന്ന് ചില നിസ്വാർത്ഥകക്ഷികളും പരസ്പരം പറയാൻ തുടങ്ങി. അത്തരക്കാരിൽ ചിലർ  അവളെ നേരിൽക്കണ്ട് ചോദ്യമെറിഞ്ഞു.  വിവരമുള്ള ഗായത്രിക്കുഞ്ഞ് കാര്യം വിവരിച്ചു..“ ആണിന് ഒരു പെണ്ണ്, പെണ്ണിന് ഒരു ആണും എന്നാണ് തത്ത്വം.  പക്ഷേ നടക്കുന്നതോ,  പഴയ രാജാക്കന്മാർ മുതൽ  ഇന്നത്തെ നേതാക്കന്മാർ വരെ സഹപൈലറ്റുകളായി പെണ്ണുങ്ങളെ കെട്ടിക്കൂട്ടുന്നു,  ഒരു ഭാര്യയെന്ന് പേരിനുവേണ്ടിയും. ഞങ്ങൾ പെണ്ണുങ്ങളെന്താ  പെരുച്ചാഴിയോ, മാളത്തിൽ കഴിയാൻ?  ഞാനൊറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ എന്റെ സഹോദരൻ വന്നു താമസിച്ചെന്നുകരുതി എനിക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്കെന്താ പ്രോബ്ലം...?”.   ആനയെപ്പോലെ വന്നവർ  ആമകണക്കെ മുങ്ങി.

ഇത്തരുണത്തിൽ രണ്ടുപേരെ നായകന്റെ വീട്ടിൽ പറഞ്ഞയച്ച് തന്റെ വിവരം ധരിപ്പിച്ചു.  ‘ അഛനും അമ്മയും ജീവിച്ചിരിപ്പില്ല.  ഒരു ചേച്ചിയുള്ളത്, അഛനുണ്ടായിരുന്നപ്പോൾ സ്വത്തെല്ലാം സ്വന്തമായി എഴുതിവാങ്ങി. ഭർത്താവും മക്കളുമായി ദൂരെ താമസിക്കുന്നു.  ബന്ധത്തിൽ ഒരു ആങ്ങളയാണ് കൂട്ടിനുള്ളത്.  എനിക്കെന്നുപറയാൻ മൂന്നു സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടും.  ജോലിസൌകര്യത്തിനുവേണ്ടി ഇവിടെവന്നു താമസിക്കുന്നു.  അതിനാൽ നായകനായ റ്റീച്ചറെ എനിക്ക് വിവാഹം നടത്തിത്തരണം.....’

നായകന്റെ അഛൻ വഴങ്ങുന്നില്ല.  ഉപദേശിച്ചും ആജ്ഞാപിച്ചും നോക്കി സുഹൃത്തുക്കൾ. രക്ഷയില്ല.  എങ്കിൽ, നായകനെ കിട്ടിയിട്ടുതന്നെ മറ്റുകാര്യം.  ഗായത്രിക്കുഞ്ഞ് പുതിയ ഒരു തത്ത്വം പ്രഖ്യാപിച്ചു.  ‘ ഹൃദയമെന്നാൽ നല്ല വൃത്തിയും വിശാലവുമായ ഒരു വാടകവീടാണ്.  കുറേ അഡ്വാൻസും തരത്തിനൊത്ത വാടകയും തന്നാൽ, ആർക്കും കയറി താമസിക്കാവുന്ന വീട്.  ഇവിടെ ജാതിയോ മതമോ പ്രശ്നമല്ല. കാലാവധി കഴിഞ്ഞാൽ ഒഴിഞ്ഞുപോകുന്നവർക്കും ഉടമയ്ക്ക് ഇഷ്ടമുള്ളവർക്കും മാത്രമേ താമസത്തിനു കൊടുക്കൂ......’

സംഗതിയുടെ സാരാംശം സംശയാലുക്കൾക്ക് ബോദ്ധ്യമായി.  പറഞ്ഞത് അന്യായമാണെങ്കിലും കുറേ ന്യായവുമുണ്ടെന്ന്  ‘നോട്ടപ്പുള്ളി’കൾക്ക് തോന്നി.  ദ്രൌപതിമുതൽ ക്ലിയോപാട്ര വഴി എലിസബത്ത് ടെയിലർ വഴി ഇങ്ങ് പ്രശസ്തനടിമാർ വരെ ബഹുഭർത്താക്കന്മാരുള്ള മഹതികളുടെ ബഹളമാണല്ലോ...

ക്രമേണ  ഗായത്രിക്കുഞ്ഞിന്റെ  ‘ഹൃദയ നിവാസ് ’  വാടകയ്ക്കെടുക്കാൻ നല്ല തുകയുമായി ചില സൂത്രശാലികൾ ഒരുക്കം തുടങ്ങി.  പ്രൈവറ്റ് കോളേജിലെ സഹാദ്ധ്യാപകനായ യുവാവ്  ഹൃദയ നിവാസ് കാണാൻ വന്നു. ഒന്നല്ല, പലപ്രാവശ്യം. പക്ഷേ, ആദ്യം വീട്ടിനകം കണ്ടിട്ടുവേണമല്ലോ കയറിയങ്ങു താമസിക്കാൻ?  അഡ്വാൻസ് കൊടുത്തിട്ട്  നിവാസിന്റെ വാതിൽക്കൽ നിൽക്കാനും ആകെയൊന്നു ചുറ്റിനോക്കാനും മാത്രമേ സാധിച്ചുള്ളൂ.  വീട്ടിനുള്ളിൽ കയറിയൊന്നു കിടക്കാനുള്ള ദിവസം ഒതുക്കിവച്ചപ്പോഴാണ്,  കളക്റ്ററേറ്റിലെ യു.ഡി. ക്ലാർക്ക്  വന്നു താമസമായത്.  എങ്കിലും സ്വന്തം ജോലിയിലുള്ള  സഹയാത്രികനെ നിരാശപ്പെടുത്തിയില്ല  ഗായത്രിക്കുഞ്ഞ്.  ഹൃദയത്തിലെ മുറി അല്പംകൂടി വിശാലമാക്കി രണ്ടുപേർക്കും ‘പരസ്പരമറിയാതെ’ ശയ്യയൊരുക്കി, വീട്ടിന്റെ മുറിയിലും....

മനസ്സിനിഷ്ടപ്പെട്ട ഒരു വീട് ചുരുങ്ങിയ ചെലവിൽ താമസിക്കാൻ കിട്ടാതെ വന്നാൽ  ആർക്കായാലും വിഷമം തോന്നും. വിറകിന് തീപിടിച്ചാൽ പുകയുയർന്ന് കാറ്റുള്ള വശങ്ങളിലേയ്ക്ക് പടരും.  ഇവിടെയും വിഷമം വന്നവർക്ക്  നിരാശാഗ്നിയും അസൂയാഗ്നിയും കത്തിജ്ജ്വലിച്ചു.  പിന്നെ പുകയായി കാറ്റിനൊപ്പം എത്തേണ്ടിടത്തൊക്കെ പരന്നു.

അവസരം കാത്തുകഴിയുന്ന മാന്യന്മാരുടെ മഹാഭാഗ്യം.!
ഒരു ദിവസം ബാൻഗ്ലൂരിലെ  ആ  സ്ഫോടകവസ്തു ഗായത്രിക്കുഞ്ഞിന്റെ വീട്ടുമുറിയിൽ വന്ന് പൊട്ടിച്ചിതറി.  അയാൾ വന്നു കണ്ടത്,  തന്റേതെന്നു മാത്രം കരുതിയ  ഗായത്രിയുടെ ഗാത്രക്കട്ടിലിൽ മറ്റൊരാൾ കിടക്കുന്നു.!  അവിടെ നടക്കുന്നതൊക്കെ അറിഞ്ഞുവന്ന അയാൾക്ക് എങ്ങനെ സഹിക്കും ?

ചോദ്യോത്തരങ്ങൾ കഴിഞ്ഞ് വാക്കേറ്റത്തിലൂടെ കയ്യാങ്കളിയിലെത്തിയപ്പോൾ  ചിത്രം തെളിഞ്ഞു.  അയാൾ സഹോദരനല്ല,  പെണ്ണിന് തുണയായി ഒരാണുവേണമെന്ന ഉപദേശം പരീക്ഷിച്ചതാണ്. പാവം  ഗായത്രിക്കുഞ്ഞ്...

ഒരു വീട്ടിൽ രണ്ട് താമസക്കാരാകാം, ഏറിയാൽ മൂന്ന്.  നാലും അഞ്ചുമായാലോ ?  കലഹം നിശ്ചയം.
അയാൾ- “ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയിലാണ്  ഇതുവരെ ജോലിചെയ്ത് സമ്പാദിച്ച തുകയത്രയും ഞാൻ നിനക്കു തന്നത്..”
അവൾ- “ വാടകവീട്ടിലെ കട്ടിലുപോലെയല്ല എന്റെ ശരീരം. ഇത് സ്വന്തമാക്കണമെങ്കിൽ കുറേയൊക്കെ വിട്ടുവീഴ്ച വേണ്ടിവരും....”
“ അങ്ങനെയെങ്കിൽ ഞാൻ തന്ന രൂപായൊക്കെ തിരിച്ചുതന്നിട്ടേ ഞാൻ പോകുന്നുള്ളു...”  എന്നായി അയാൾ.
“ എങ്കിൽ ‘ ലൈംഗീകപീഡന’ത്തിന്  ഒരു പെറ്റീഷൻ ഇപ്പോൾ കൊടുത്തിട്ടുതന്നെ മറ്റുകാര്യം....”  പറഞ്ഞുകൊണ്ട്  പേപ്പറും പേനയുമെടുത്ത് പെട്ടെന്ന് തിരിച്ചുവന്ന അവൾ അതിശയിച്ചു.  ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ ബ്രീഫ്കെയ്സും തൂക്കിപ്പിടിച്ച് വളരെവേഗത്തിൽ നടന്നകലുന്ന അയാളെ നോക്കിനിന്നു ഗായത്രി.  ഒരാളെ കുടിയൊഴിപ്പിച്ച മട്ടിൽ പിറുപിറുത്തു.......‘ സ്ത്രീപീഡന’മെന്ന ബോംബ് എറിഞ്ഞാലേ ഒഴിയൂ എന്നുവന്നാലെന്തു ചെയ്യും..? ബോംബ് ഉണ്ടാക്കാനുള്ള സാമഗ്രികൾ  പണമായും വാഗ്ദാനങ്ങളായും വാരിത്തരുകയല്ലേ  ഈ ആണുങ്ങൾ.! പറഞ്ഞതൊക്കെ പത്തുപേരറിഞ്ഞാലേ തരൂ എന്നുവന്നാൽ  ഇങ്ങനെയല്ലാതെ വേറേയെന്താ വഴി.....?’

അടുത്ത കാലാവധി തീരുന്നതിനുമുമ്പ് രണ്ടുപേരെക്കൂടി ഇറക്കിവിടാൻ ഉദ്ദേശിച്ചെങ്കിലും, അഡ്വാൻസുമായിവരുന്ന ആണുങ്ങളുടെ ആവലാതി അധികമായിവന്നു.  എന്നാൽ തനിക്ക് താല്പര്യമുള്ള  നായകൻസാറിനെ കിട്ടുകയും വേണം..ഇപ്പറഞ്ഞ രണ്ടുപേരും  നായകന്റെ ഉറ്റസുഹൃത്തുക്കളുമാണ്.  അവരുമായി ഒരു വ്യവസ്ഥ വച്ചു.  ‘നായകൻസാറുമായി  ബന്ധപ്പെടുത്തണം,  അദ്ദേഹവുമായുള്ള  താലികെട്ടും നടത്തണം.’
കൂട്ടുകാരുടെ നിരന്തരമായ പ്രേരണ ഫലിച്ചു.  നായകന്റെ ഉള്ളിൽ ഉറഞ്ഞുകിടന്ന പുരുഷസഹജമായ  ‘സ്ത്രീസംഗമ’മെന്ന ഉരുക്കുകട്ടി ഉരുകിയൊഴുകി.

നല്ല ഉച്ചവെയിൽ, പന്ത്രണ്ടുമണി.  മേല്പടി കൂട്ടുകാരോടൊപ്പം ഗായത്രിക്കുഞ്ഞിന്റെ മുറിയിലെത്തി നായകൻസാറ്. ആവേശഭരിതയായ അവൾ, പിൻവലിഞ്ഞ കൂട്ടുകാരോട് കടക്കണ്ണാൽ കാര്യം കാട്ടി  മെല്ലെ കതകടച്ചു.  അന്തർമ്മുഖനായിരിക്കുന്ന തന്റെ ആത്മപ്രിയനെ ഉപദേശരൂപേണ പലതും പറഞ്ഞുപഠിപ്പിച്ചു.  ഒന്നു തൊട്ടു, പിന്നെ തലോടി. തലോടലിന്റെ മാസ്മരശക്തിയാൽ അയാൾ ഒരു മരമായി മാറി.  അവൾ തന്റെ തരളമൃദുലമായ കരവല്ലരികളാൽ ആ മരത്തിൽ ചുറ്റിപ്പിടിച്ച്  വലിയ  ഇത്തിൾക്കണ്ണിയായി പടർന്നുകയറി....

‘മരത്തിന്റെ കാതൽ കവർന്നെടുത്താലേ ഇത്തിൾക്കണ്ണിക്ക് വികാസജീവിതം സാധിക്കൂ. അങ്ങനെ ജീവിച്ച്  അത് വളരുകയും മരം ഉണങ്ങുകയും ചെയ്യും. അതറിയുന്നവനായിരിക്കണം പുരുഷൻ.  അതായത്, നല്ല കാതലുള്ള പുരുഷൻ തന്റെ തടിയിൽ ഇത്തിൾക്കണ്ണി വന്ന് തൊട്ടുപിടിക്കാതെ സൂക്ഷിക്കണം.  ഇല്ലെങ്കിൽ ഇതുപോലെ പടർന്നുകയറും..’

നായകൻ തന്റെ സങ്കല്പരഥത്തിലേറി  അനന്തതയിലേയ്ക്ക് പാഞ്ഞുതുടങ്ങി.  കുറേ മുകളിലെത്തിയപ്പോൾ, ‘സ്വർഗ്ഗം’ എന്നെഴുതിവച്ചിട്ടുള്ള ഒരു വാതിൽ കണ്ടു.  അതു തുറക്കാനാരംഭിച്ചു. പെട്ടെന്ന്  താഴെയതാ ആളുകളുടെ ആരവം കേൾക്കുന്നു.  രഥം അയാളേയുംകൊണ്ട് താഴെ വന്നുവീണു.  കട്ടിലിൽനിന്നും താഴെവീണ നായകൻ ഉടുമുണ്ടെടുത്തു ചുറ്റി ചാടിയെഴുന്നേറ്റു.  മുറിക്കുപുറത്ത് ചുറ്റാകെ ബഹുജനബഹളം.

സ്വപ്നം ചിലപ്പോൾ ഫലിക്കുമെന്നാണ് പഴംചൊല്ല്.  അതു ശരിയാണെന്ന് ഇപ്പോൾ നായകന് മനസ്സിലായി.  അവൾ സധൈര്യം ചെന്ന് വാതിൽ തുറന്നു.  അൽഭുതാവേശിതരായ ആളുകൾ ‘കള്ളൻ കപ്പലിൽത്തന്നെ’, ‘മിണ്ടാപ്പൂച്ച കലമുടയ്ക്കും’ ....മുതലായ പഴംചൊല്ലുകൾ പറയാനും, ചർച്ചചെയ്യാനും തുടങ്ങി.  കൊള്ളമുതല് കള്ളനുതന്നെ കൊടുത്ത് കള്ളന്റെ വീട്ടിലെത്തിക്കാനുള്ള തീരുമാനത്തിലെത്തി.  അതിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ച തന്റെ രണ്ട് പ്രിയസുഹൃത്തുക്കളെ, നിസ്സഹായതയാൽ അനുകമ്പാപൂർവ്വം, എതിർക്കാൻ കഴിവില്ലാത്ത നായകൻസാറ് നോക്കി....

‘ഒരു എരുമയുടെ പിറകേ ശൃംഗരിച്ചുപ്രേമിച്ചുനടന്ന മൂന്നു പോത്തുകളുടെ കഥ’  പുരാണത്തിലുള്ളത് ഇപ്പോളയാളോർത്തുപോയി..

നായകനേയും നായികയേയും കൂട്ടി ഇന്നുതന്നെ രജിസ്റ്ററാഫീസിൽ പോയി വിവാഹം മുദ്രയാക്കാനും, സ്നേഹപൂർവ്വം അവരെ വരന്റെ വീട്ടിലെത്തിക്കാനും ഒരുക്കം തുടങ്ങി.  വധൂവരന്മാരെ സ്വീകരിക്കാനുള്ള വിവരമറിയിക്കാൻ കുറച്ചാളുകൾ നായകന്റെ വീട്ടിലേയ്ക്ക് വച്ചുപിടിച്ച് ഓടി.

അങ്ങനെയാണ്  വരന്റെ അഛനുമമ്മയും വധൂവരന്മാരെ അകത്ത്കൊണ്ടുവന്ന്  ‘ഇരുത്തി’യത്.
കൊട്ടും കുരവയുമില്ലാതെ, കതിർമണ്ഡപവും സദ്യയുമില്ലാതെ ലളിതമായി നടന്ന ചടങ്ങ്.  ഒരു ചായയും കുടിച്ച്, തൽക്കാലത്തേയ്ക്ക് പറഞ്ഞുരസിക്കാനുള്ള സംഭവപ്പൊതിയുമായി  കല്യാണം കണ്ടുനിന്ന നാട്ടുകാർ പിരിഞ്ഞു.

രാവ് വലിഞ്ഞിഴഞ്ഞ് പാതിരാവായി. ഒന്നും സംസാരിക്കാനോ ചോദിക്കാനോ മനസ്സാന്നിദ്ധ്യമില്ലാത്ത മാതാപിതാക്കൾ ‘ഇനിയെന്തു ചെയ്യേണ്ടൂ.’ എന്നറിയാതെ, താഴെ മുറിയിൽ ചിന്തിച്ചു കഴിയുന്നു.  മുകളിലെ മുറിയിൽ ഒരു കട്ടിലിൽ ചിന്താമൂകനായി ഇരിക്കുന്ന നായകൻ, അടുത്ത് മേശയിൽ ചാരി വിവശയായി നിൽക്കുന്ന നായികയെ നോക്കുന്നതേയില്ല.  ‘ആരാദ്യം പറയും....’ എന്ന ഗാനവും എങ്ങുനിന്നും കേൾക്കുന്നില്ല.  പക്ഷേ, ആര്...എന്ത്....ആദ്യം മിണ്ടും ?

തന്നെ കുടുക്കിലകപ്പെടുത്തിയതിന്  അവളെ കടിച്ചുകീറാനുള്ള  കലിയുണ്ട് നായകന്.  ഇങ്ങനെയൊക്കെ വരുത്തിവച്ചതിന്റെ അനന്തരഫലത്തെ ഓർത്ത് നായികയ്ക്ക് സംഭ്രാന്തി.   നിൽക്കണോ, ഇരിക്കണോ, നടക്കണോ, കിടക്കണോ എന്ന ചിന്തയാൽ രണ്ടുപേരും ഇതൊക്കെ ആവർത്തിച്ചുചെയ്തു.  വാച്ചിലെ സൂചികൾ പലവട്ടം കറങ്ങി.....   ‘നിങ്ങളിനിയും  ഉറങ്ങുന്നില്ലേ...’ യെന്ന ഉദ്ദേശത്തിലാവും, ഒരു പൂവങ്കോഴി പലവട്ടം കൂവിവിളിച്ചു.

പെട്ടെന്ന് എന്തോ നിശ്ചയിച്ചുറച്ചപോലെ നായകൻ  കട്ടിലിന്റെ ഒരുഭാഗത്ത് വന്ന് വലതുവശം തിരിഞ്ഞുകിടന്നു.  അതുകണ്ട  നായിക  കട്ടിലിന്റെ മറുഭാഗത്ത് ഇടതുവശം തിരിഞ്ഞും കിടന്നു.  രണ്ടുപേരും പരസ്പരം കാണാതെ കിടക്കുന്നെങ്കിലും  എന്താവും ചിന്തിക്കുന്നത് ?   എന്തായാലും, ‘ നേരം വെളുത്തു’ എന്നറിയിക്കാൻ കതകിൽ മുട്ടുന്ന ശബ്ദംകേട്ട് രണ്ടുപേരും  ചാടിയെഴുന്നേറ്റു..........

                                             *********************