Saturday, November 6, 2010

രഹസ്യങ്ങളുടെ കാവൽക്കാർ...

യക്ഷിയും പാലപ്പൂക്കളും (അവസാന ഭാഗം)


ഭാഗം ഒന്ന് 
ഭാഗം രണ്ട് 
ഭാഗം മൂന്ന്

കഥാപാത്രങ്ങൾ......
ഡാനിയേലച്ചൻ (പള്ളിവികാരി)
ലാസർ (അച്ചന്റെ സഹായി)
അലക്സ് (ഒമിയായുടെ കാമുകൻ)
ഗബ്രിയേൽ നെറ്റോ (ശ്രീമന്ദിരം ഉൾപ്പെടുന്ന സ്വത്തുക്കളുടെ അവകാശി)
ജോൺസ് നെറ്റോ (ഗബ്രിയേലിന്റെ സഹോദരൻ)
ലവീന  (ജോൺസിന്റെ  മകൾ)
ചെല്ലയ്യ (ശ്രീമന്ദിരത്തിന്റെ സൂക്ഷിപ്പുകാരൻ)
ഇൻസ്പെക്ടർ  റെക്സ്
ബാലു ഉൾപ്പെടെ നാലു പോലീസുകാർ
രണ്ടു  ജോലിക്കാർ
അന്തേവാസികളായ കുടുംബാംഗങ്ങൾ

*****************************************

രുണ്ട് ഇടുങ്ങിയ വഴി അവസാനിക്കുന്നിടത്ത് ചുറ്റാകെ ടോർച്ച് തെളിച്ചുനോക്കിയ  റെക്സ്, മുമ്പിലുള്ള ഓരോ ഇടങ്ങളിലും തട്ടിനോക്കി. എതിർവശത്ത് ശൂന്യമാണെന്നുതോന്നിയ, ഒരു വിള്ളൽ കണ്ട ഭാഗത്ത് തള്ളിയപ്പോൾ  മുകളിലേയ്ക്കുള്ള ഒരു വാതിൽ തുറന്ന് വെളിച്ചവും വായുവും ഉള്ളിലേയ്ക്ക് കയറി. പുറത്തേയ്ക്ക് കയറിവന്നപ്പോൾ,  ലാസർ അടിയേറ്റു കിടന്ന സ്ഥലം.

മരക്കൂട്ടങ്ങൾക്കിടയിൽ നേരത്തേ വന്നുനിന്നിടത്ത് കുറേ പച്ചമുൾച്ചെടികളുണ്ടായിരുന്നത് മാറിക്കിടക്കുന്നു, അവിടെ താഴേയ്ക്കിറങ്ങാനുള്ള വാതിലാണ്.  അതടച്ചുനോക്കി. വാതിലിന്റെ പുറമുൾപ്പെടെ നിരന്ന് പച്ചപ്പുല്ലുകൾ. മുൾച്ചെടികൾനീക്കി മുകളിലേയ്ക്കിട്ടാൽ ആരും അവിടെ വന്നുനിൽക്കില്ല. അതിസമർത്ഥമായ നിർമ്മാണപദ്ധതി.  അരുവിയുടെ തീരത്തുവന്നുനോക്കി.  വെള്ളത്തിനപ്പുറത്തേയ്ക്ക് ജീപ്പോ കാറോ ഓടിക്കാനാവില്ല. അവിടെ അല്പം ആഴം കുറഞ്ഞ ഭാഗമായതിനാൽ, പുഴ കടന്ന് ആ രൂപം രക്ഷപ്പെട്ടിരിക്കണം.

അച്ചനും ബാലുവും അവിടെ വന്നെങ്കിലും, എല്ലാവരുംകൂടി താഴെ വന്ന് അലക്സിനെ പൊക്കിത്താങ്ങിപ്പിടിച്ച് പൂമുഖത്തു കൊണ്ടുവന്ന് ചരിച്ചുകിടത്തി. കൂടെ നിന്നവർ മുറിവുകളിലെ രക്തം തുടച്ചു വൃത്തിയാക്കി, മുഖത്ത് വെള്ളം തളിച്ചു. സംസാരിക്കാനുള്ള വ്യക്തത വന്നിട്ടില്ല, ചുരുക്കം ചില വാക്കുകൾമാത്രം പുറത്തുവന്നു-“ ലവീനയാണവൾ, അവളെ പിടിച്ചാലേ വിവരങ്ങളറിയൂ. അവളുടെ രണ്ടു ജോലിക്കാരാണ് എന്നെ പിടിച്ചുകെട്ടിയിട്ടത്. പിന്നെ..പിന്നെ.....”അലക്സ് മെല്ലെ മയക്കത്തിലേയ്ക്ക് മാറി.

അച്ചൻ ധൃതികൂട്ടി “അവളിപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാവും, പെട്ടെന്ന് ചെന്നാൽ ആ ജോലിക്കാരേയും പിടിക്കാം..”
റെക്സ് ഒരുമിനിറ്റ് ആലോചിച്ചു,‘ കാര്യങ്ങൾ താനുദ്ദേശിച്ച രീതിയിൽത്തന്നെ നടന്നിരിക്കണം.ഇനി വേഗത്തിൽ നീങ്ങിയില്ലെങ്കിൽ ഒരു മരണം സംഭവിച്ചേക്കാം...’ ചാടിയെഴുന്നേറ്റ് അച്ചനോട് എന്തൊക്കെയോ രഹസ്യമായി പറഞ്ഞു.  അലക്സിനെ പള്ളിയിൽ കൊണ്ടുപോയി ശുശ്രൂഷിക്കാൻ അച്ചനേയും, കൂടെ ഒരു കോൺസ്റ്റബിളിനേയും ഏല്പിച്ച് മറ്റു മൂന്നു പോലീസുകാരേയുംകൂട്ടി, ലവീനാ നെറ്റോയുടെ വീട്ടിലേയ്ക്ക് പോയി.

പട്ടേൽ റോഡിലെ വീടിന്റെ ഗേറ്റിനോടുചേർന്ന് വണ്ടിനിർത്തി നാലുപേരും ചാടിയിറങ്ങി. ഗേറ്റുതുറന്ന് ഉള്ളിൽക്കയറി, മുറ്റത്ത് രണ്ടുപേർ നിൽക്കുന്നു. അല്പം ബലാൽക്കാരത്തോടെ അവരെ പിടിച്ചുനിർത്തി ചോദ്യം ചെയ്തു. നെറ്റോസാർ മുകളിലുണ്ടെന്നും ലവീന അവിടെയില്ലെന്നും അറിയിച്ചുവെങ്കിലും, രാത്രി നടന്ന സംഭവങ്ങളിൽ അവർ പങ്കാളികളാണെന്ന് റെക്സിന് മനസ്സിലായി.

താഴെ സംഭാഷണം കേട്ട്  ജോൺസ് നെറ്റോ ഇറങ്ങിവന്ന്, രാവിലേമുതൽ മകളെ കാണാനില്ലെന്നും മറ്റൊന്നും തനിക്കറിഞ്ഞുകൂടെന്നും വളരെ ലാഘവത്തിൽ പറഞ്ഞു.

ബാലു അവിടെയുള്ള മുറികളൊക്കെ പരിശോധിച്ചു. അടച്ചിട്ടിരിക്കുന്ന ഒരു മുറി ബലമായി തള്ളിത്തുറന്ന്, പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷവുമായി ചിന്തിച്ചുകിടക്കുന്ന ഒരു വയസ്സനെക്കണ്ട്, കൂട്ടിക്കൊണ്ടുവന്നു.  മുഖസാദൃശ്യത്താൽ അത് ‘ ഗബ്രിയേൽ നെറ്റോ’ ആണെന്ന് മനസ്സിലാക്കി, തന്റെ നിഗമനം ശരിയായിവരുന്നുവെന്ന തൃപ്തിയോടെ എല്ലാവരേയും കൂട്ടി പള്ളിയിലേയ്ക്ക് വന്നു.

ഇത്രയും നേരത്തിനകം - അരുവിക്കരയിലൂടെ ഒരു സ്ത്രീ ഓടുന്നതുകണ്ട്, കുതിരലായം വൃത്തിയാക്കിക്കൊണ്ടുനിന്ന ചിലർ  അവളെ പിടികൂടി, ലവീനയാണെന്നറിഞ്ഞ്  പള്ളിയിൽ എത്തിച്ചു. അപ്പോഴും അവളുടെ കയ്യിൽ അലക്സിന്റെ മുറിവിൽ നിന്നുപറ്റിയ രക്തക്കറയുടെ നിറം മാറിയിട്ടില്ല.   മൃതദേഹം കൊണ്ടുവന്ന് വൃത്തിയാക്കി ചടങ്ങുകൾനടത്തി, കല്ലറയിൽ അടക്കം ചെയ്തുകഴിഞ്ഞു.

അലക്സൊഴികെ എല്ലാവരും ഒന്നിച്ചുകൂടി. മരണത്തിൽ നിന്നും രക്ഷപ്പെട്ട പ്രതീതി മുഖത്തു സ്ഫുരിക്കുന്ന  ഗബ്രിയേൽ നെറ്റോയെ കണ്ടതും അച്ചൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.  ആ രംഗം കണ്ട് അന്തേവാസികൾ ‘യഹോവ’യെ വിളിച്ച് പ്രാർഥിച്ച്, ഉപചാരപൂർവ്വം അദ്ദേഹത്തെ മുഖ്യമായ സ്ഥാനത്ത് ഉപവിഷ്ടനാക്കി.   അല്പം മാറി ഒരു കസേരയിൽ മുഖം പൊത്തി കുനിഞ്ഞിരുന്നു കരയുന്ന ലവീനയെ കണ്ടപ്പോൾ, ജോൺസ് നെറ്റോ അത്ഭുതപ്പെട്ടു.

ഒന്നുമറിയാതെ ആളുകൾ നോക്കിയും പറഞ്ഞും അരോചകമായിമാറിയ സമയം, റെക്സ് കയ്യുയർത്തി രംഗം ശാന്തമാക്കി.  “ ഇത്രയും വ്യക്തികൾ പരസ്പരം കാണുമ്പോഴുള്ള ഭാവപ്രകടനം എന്താണെന്നറിയാനാണ് , ഇങ്ങനെയൊരു സന്ദർഭമുണ്ടാക്കിയത്.  ലവീനയിൽ നിന്ന് തുടങ്ങാം, രാത്രി തീ പിടിപ്പിച്ച്  അലക്സിനെ കൊന്നത്  ലവീന...”  അവൾ ചാടിയെഴുന്നേറ്റു. ഒതുക്കമില്ലാത്ത തലമുടി, കരഞ്ഞുചുവന്നുകലങ്ങിയ കണ്ണുകൾ, മുട്ടിനൊപ്പം നനഞ്ഞ് കാലിലൊട്ടിപ്പിടിച്ച വസ്ത്രം.“ അല്ല അല്ല, ഒന്നും ഞാനല്ല ചെയ്തത്.....”

‘ഹാ എന്റെ അലക്സ്...’വിലപിക്കാൻ തുടങ്ങിയ ഗബ്രിയേലിനെ അച്ചൻ സാന്ത്വനിപ്പിച്ചു.  ജോലിക്കാരിൽ ഒരുവൻ ശബ്ദമുണ്ടാക്കി “ അല്ല സാർ, മാഡം ഒന്നും ചെയ്തിട്ടില്ല, അലക്സിനെ കൊന്നതുമില്ല. രാത്രി അതെല്ലാം ഞങ്ങളാ ചെയ്തത്.”  ഇതുകേട്ട്  ജോൺസ് ദ്വേഷ്യത്തോടെ അവനെ നോക്കി.
“ അതെ അതുതന്നെ, നിങ്ങളെക്കൊണ്ടു പറയിക്കാനാണ് ഇങ്ങനെ തുടങ്ങിയത്. ആരാണിതൊക്കെ ചെയ്യിപ്പിച്ചത്?”
“എല്ലാം ഈ ജോൺസ് സാറാ..”
“ജോൺസ്, എന്തൊക്കെയാണെന്ന് വിശദമായി പറഞ്ഞേ തീരൂ, എല്ലാവരുമറിയട്ടെ കാര്യങ്ങൾ...” പറയിപ്പിക്കാനുള്ള ദൃഢനിശ്ചയമാണെന്ന മട്ടിൽ റെക്സ് സൂക്ഷിച്ചുനോക്കി. എല്ലാം താറുമാറായി പരാജയപ്പെട്ട ജോൺസ്, പ്രതികാരഭാവം പൂണ്ട് ചാരിയിരുന്ന് പറഞ്ഞത്.

‘ താരാനാഥ് എന്ന വ്യവസായി  ഭാര്യ ശ്രീനന്ദിനിയുമൊത്ത് താമസിച്ചിരുന്ന വീടായിരുന്നു അത്. ക്രമേണ കടബാദ്ധ്യതകളേറിയപ്പോൾ, മുന്നൂറേക്കറോളം വരുന്ന ഈ വസ്തുവകകൾ വിറ്റ് അയാളുടെ ജന്മസ്ഥലത്തേയ്ക്ക് പോകാൻ നിർബന്ധിതനായി.പെട്ടെന്നുള്ള ജീവിതവ്യതിയാനത്തിൽ മനം നൊന്ത ശ്രീനന്ദിനി രോഗിയായി മരണപ്പെട്ടു. ശേഷം, ശ്രീമന്ദിരം എന്ന വീടും സമതലവും അരുവിയുടെ തീരം വരേയുമുള്ള സ്ഥലവും, ഗബ്രിയേലും ജോൺസും ചേർന്ന് വാങ്ങാൻ തീരുമാനിച്ചു.  എല്ലാ സ്വത്തുക്കളും ഗബ്രിയേലിന്റെ പേരിലാണ് എഴുതിയതെന്ന് പിന്നീടാണറിഞ്ഞത്.
അവർ ഒരു വീട്ടിലായിരുന്നപ്പോഴും ഈ സ്വത്തിന്റെ പേരിലുള്ള തർക്കം നിലനിൽക്കെ, അവിടെ   പ്രവാസിയായിവന്ന ഡാനിയേലച്ചന് അമ്പതേക്കർ സ്ഥലം ജോൺസിനോടു ചോദിക്കാതെ എഴുതിക്കൊടുത്തു. അതുമൂലം അച്ചനോടും വിരോധമുണ്ടായി.  

ഇത്രയുമായപ്പോൾ  ഗബ്രിയേലിന് ആ രഹസ്യം പറയേണ്ടിവന്നു. “ ഈ സ്വത്തുവകകളെല്ലാം വാങ്ങിയത്, തൊണ്ണൂറുശതമാനവും എന്റെ പണമാണ്. എങ്കിലും ഇതൊക്കെ വാങ്ങിയതിന്റെ പകുതി തുക  ജോൺസിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ആ വിവരം എനിക്കും അച്ചനും ഒമിയായ്ക്കും മാത്രമേ അറിയാമായിരുന്നുള്ളൂ...”
“എന്തുകൊണ്ട് എന്നെയത് അറിയിച്ചില്ല?” ജോൺസ് അത്ഭുതപ്പെട്ടു.
“വെറും സുഖിമാനായും ധാരാളിയായും ജീവിക്കുന്ന ജോൺസ് അതൊക്കെ നശിപ്പിച്ചാൽ ലവീനയുടെ ഗതി എന്താകും? അവൾക്കുവേണ്ടിയാണ് അത്രയും വലിയ തുക കരുതിയിട്ടുള്ളത്” അച്ചനത് ചൂണ്ടിപ്പറഞ്ഞപ്പോൾ,ബഹുമാനപൂർവ്വം ജോൺസ് സഹോദരനെ നോക്കി,തുടർന്നു.

പാലപ്പൂക്കളും അതിന്റെ ഗന്ധവും അമിതമായി ഇഷ്ടപ്പെട്ടിരുന്ന ഒമിയായ്ക്കുവേണ്ടി അത് ശേഖരിച്ച് കൊണ്ടുക്കൊടുക്കാൻ ജോലിക്കാരെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അലക്സുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ അവളെ ഉപദേശിച്ചു, അതിന് തയ്യാറായില്ല.
അടുത്ത പട്ടണത്തിലുള്ള ധനികനായ ഒരാളുടെ മകനാണെങ്കിലും, കുതിരപ്പന്തയത്തിൽ ഭ്രമം മൂത്തുനടക്കുന്ന അലക്സിന്, സ്വത്തിന്റെ ഒരു ഭാഗവും കൊടുക്കുകയില്ലെന്നും, വിവാഹം കഴിച്ച് നല്ല ജീവിതത്തിലാകാതെ അവന്റെ ജീവിതകാര്യങ്ങളിൽ  അവർ ഇടപെടുകയില്ലെന്നും അറിഞ്ഞു.

സകല വകകളും ഒമിയായുടെ പേരിലാവുകയും അലക്സുമായി ജീവിക്കുകയും ചെയ്താൽ തനിക്ക് പ്രയോജനമില്ലെന്നുകണ്ട്, ഒരു ക്രിസ്തുമസ് തലേന്നു രാത്രി അതിഥികളുമൊത്ത് ചടങ്ങുകൾ നടക്കുമ്പോൾ, അവൾ മരിച്ചു.
“മരിച്ചതല്ലല്ലൊ, കൊന്നതല്ലേ?”
“ശരിയാ സാറേ” ജോലിക്കാരൻ ധൈര്യമായി മുന്നോട്ടുവന്നു “ഭക്ഷണത്തിൽ വിഷംചേർത്ത് കഴിച്ചാ ഒമിയാമാഡം മരിച്ചത്, അതിന്റെ കേസ് ഇല്ലാതാക്കിയത് ഈ സാറാ. അന്ന് ഒരുപാട് പാലപ്പൂക്കള് ഞങ്ങള് കൊണ്ടുവന്ന് ആ വീട് നിറച്ച് വിതറിയിരുന്നു.”

റെക്സിന്റെ വിളിയും അച്ചന്റെ ആംഗ്യവുമായപ്പോൾ ക്ഷീണം മാറിത്തുടങ്ങിയ  അലക്സ് നടന്ന്, വയസ്സനായ ഗബ്രിയേലിന്റെ മുമ്പിൽ വന്ന് വന്ദിക്കുകയും അലക്സിന്റെ തലയിൽ കൈവച്ച് അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്തു.  അതുകണ്ട് ജോൺസ് അത്ഭുതവും മറ്റെല്ലാവരും സന്തോഷവും പ്രകടിപ്പിച്ചു.

അതിനുശേഷം ഗബ്രിയേൽ ഒറ്റയ്ക്കായിരുന്നപ്പോൾ പലപ്പോഴും അവർ രാത്രി വീട്ടിനുള്ളിൽ വരുമായിരുന്നു. ആ രൂപം കണ്ട പലരും അവിടെ  യക്ഷിയോ പ്രേതമോ ഉണ്ടെന്ന വിശ്വാസം ഉറപ്പിക്കാൻ, വരുമ്പോൾ പൂക്കളും വിതറുമായിരുന്നു.  ഒരിക്കൽ അതിൽ സംശയം തോന്നിയ ഗബ്രിയേലിനെ തന്റെ വീട്ടിൽ തടങ്കലിലാക്കി, ജോൺസ് നെറ്റോ.

അലക്സിനെ ആത്മാർത്ഥമായി  ലവീന സ്നേഹിക്കുന്നത് അറിയാവുന്ന ജോലിക്കാർ,അയാളെക്കണ്ട് അവിടം വിട്ടുപോകാൻ ഉപദേശിക്കാനാണ് വരാറുള്ളത്. ഒരിക്കൽ അലക്സാണെന്നു വിചാരിച്ച് മറ്റൊരാളിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ അയാൾ വിരണ്ടോടി, വീടിന്റെ പിന്നിലായി മുകളിൽ നിന്ന് താഴേയ്ക്ക് തെന്നിവീണു മരിച്ചു. ലാസറിന്റെ കൂട്ടുകാരനായ അയാളെ ഒമിയായെന്ന  യക്ഷി കൊന്നതാണെന്ന് പലരും വിശ്വസിച്ചു. പക്ഷേ ഇന്നലെ രാത്രി തീർത്തും കൊല്ലാനായി ഏല്പിച്ചുവിട്ടു,  രക്ഷിക്കാനായി ഏല്പിച്ചത്  ലവീനയും.

ലവീന കരച്ചിൽ നിർത്താതെ അലക്സിനെ നോക്കി. “ഞാനും രണ്ടു പ്രാവശ്യം അലക്സിനെ കാണാൻ വന്നിരുന്നു. ഒരിക്കൽ എന്റെ മുഖം ലാസർ കണ്ടതിനാൽ, പിന്നെ ഇന്നാണ് അലക്സിനെ കൊണ്ടുപോകാനായി വന്നത്...”
“ആകട്ടെ, രാത്രി കൃത്യമായി എന്തൊക്കെയാണ് ചെയ്തത്?” ജോലിക്കാരനോടായി  റെക്സ്.

“രാത്രി പത്തു മണിക്കുള്ള മണിയടി കേട്ടശേഷം ഞങ്ങൾ ശ്മശാനത്തിലെ കല്ലറ തുറന്ന് ആ ശവശരീരമെടുത്ത് കുതിരലായത്തിൽ കിടത്തി. പിന്നെ കൊണ്ടുവന്ന പാലപ്പൂക്കൾ മുറിനിറയെ വിതറി. മുഖം ആരും കാണാതിരിക്കാൻ കറുത്ത തുണികൊണ്ട് തല മൂടിയതുകാരണം, ജനലിന്റെ അടുത്തെത്താൻ ഒരു നിമിഷം ടോർച്ച് തെളിച്ചു.  ആ സമയത്ത് ഒരാൾ ലായത്തിലെ കച്ചിയിൽ തീ കൊളുത്തി. ഞാൻ ജനൽ വഴി നോക്കിയപ്പൊ  അലക്സും ചെല്ലയ്യായും സംസാരിക്കുന്നതും അലക്സ് ലായത്തിലേയ്ക്കോടുന്നതും കണ്ടു.  തീ പിടിച്ച് കുറേ എരിഞ്ഞപ്പൊ ഒരു കരിമ്പടമിട്ട് അലക്സിനെ പിടിച്ച്, മുറിക്കകത്ത് കൊണ്ടുവരുന്നവഴി വലിയ പിടിവലി നടത്തേണ്ടിവന്നു. പ്രതിമയുടെ ചുവട്ടിൽ വന്ന് ബോധം കെടാനുള്ള മരുന്ന് മൂക്കത്തു വച്ചപ്പൊ, അലക്സ് കുതറി ഞങ്ങളെ ആക്രമിച്ചു. ഞങ്ങളും കുറച്ചുപദ്രവിച്ചു. ഈ മുറിവുകളൊക്കെ അങ്ങനാ പറ്റിയത്. ബോധം പോയപ്പൊ പടികളിൽ ചാരിക്കിടത്തി കെട്ടുകളൊക്കെ കഴിഞ്ഞ് ഞങ്ങൾ പോയി.”

പിന്നെ ചോദ്യങ്ങൾ ലവീനയോടായി.അവൾ വിശദീകരിച്ചു ‘ അലക്സിനെ രക്ഷിച്ച് സ്വന്തമാക്കണമെന്ന തീരുമാനം ജോലിക്കാർക്കറിയാവുന്നതിനാൽ, ജോൺസ് നെറ്റോ ഏല്പിച്ച കൊലപാതകശ്രമം അവളെ അറിയിച്ചു.അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ്, ഇന്നലെ ഒരു ശവസംസ്കാരം നടക്കുന്ന വിവരം ജോലിക്കാരൻ പറഞ്ഞതും,ഇങ്ങനെയൊരാശയം നടപ്പിലാക്കാമെന്നേറ്റതും.  അതിനുവേണ്ടി ഒരു വലിയ തുക വാഗ്ദാനം ചെയ്തിരുന്നു. ഇത്രയുമായാൽ  അലക്സ് മരിച്ചെന്ന്  ജോൺസിനെ വിശ്വസിപ്പിച്ച്, ഇന്നു രാത്രി അലക്സിനേയും കൊണ്ട് അകലെ ഏതെങ്കിലും സ്ഥലത്തുപോയി രക്ഷപ്പെടാമെന്നും കരുതി.’

അതായത്  ഇന്നു രാത്രി കഴിഞ്ഞിരുന്നെങ്കിൽ, ആർക്കും പിടികൊടുക്കാതെ രണ്ടുപേർ പലായനം ചെയ്യുമായിരുന്നു.
ജോലിക്കാർ തിരിച്ചു വീട്ടിലെത്തുന്നതുവരെ അവൾക്ക് ക്ഷമിച്ചിരിക്കാനുള്ള മനസ്സുവന്നില്ല. രാത്രി രണ്ടുമണിക്ക്ശേഷം നദികടന്ന് തീരത്തുകൂടി മരക്കൂട്ടത്തിന്റെ ഭാഗത്ത് വന്നപ്പോൾ, അകലെ തീപിടിച്ച ലായത്തിലാകെ ബഹളം. മുഖം മാത്രം കാണത്തക്കവിധം കറുത്ത വസ്ത്രത്താൽ മൂടിപ്പുതച്ച് മുൾച്ചെടിയുടെ സമീപം വന്നതും, ഒരാൾ സൂക്ഷിച്ചുനോക്കി നടക്കുന്നു. അയാൾ തന്റെ മുഖം കണ്ടെന്നുമനസ്സിലായപ്പോൾ  കയ്യിൽകിട്ടിയ ഒരു തടിയെടുത്ത് അടിച്ചുവീഴ്ത്തിയിട്ട്, മുൾച്ചെടിമാറ്റി തറയിലെ വാതിൽ തുറന്ന് അകത്തുകയറി. അടിയേറ്റുകിടന്ന  ലാസറായിരുന്നു അത്.

ചിരപരിചിതമായ വഴിയായതിനാൽ, ബോധമില്ലാതെ ചാരിക്കിടന്ന അലക്സിന്റെ ചാരത്തെത്തി മുറിവുകളൊക്കെ തുടച്ചു വൃത്തിയാക്കി. അപ്പോൾ കൈനിറയെ രക്തം പുരണ്ടിരുന്നു. രാവിലെ ജനലിൽക്കൂടി നോക്കിയപ്പോൾ ഇൻസ്പെക്ടർ റെക്സ് അവിടെയിരുന്ന് ഇങ്ങോട്ടു ശ്രദ്ധിക്കുന്നതും, അച്ചൻ വന്നു വിളിക്കുന്നതും കണ്ടു.
“ അതെ, അപ്പോളാ മുഖമാണ് ഞാൻ കണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് ഞങ്ങൾ താഴെവന്ന് നിങ്ങളെ കണ്ടത്. അതുവരെ എന്തുകൊണ്ട് അലക്സിന്റെ കെട്ടുകളഴിച്ചില്ല?”
“ഞാൻ എന്റെ ജീവനെക്കാളുപരി അലക്സിനെയാണ് സ്നേഹിക്കുന്നത്, തിരിച്ച് എന്നോട് ആ സ്നേഹം ഉണ്ടായിട്ടില്ല. എല്ലാ വിവരങ്ങളും പറയാൻ ശ്രമിച്ചപ്പോൾ ബോധം കിട്ടുന്നുമില്ല. പിന്നെ, കെട്ടുകളഴിച്ചാൽ ബോധംതെളിയുമ്പോൾ പുറത്തുകടക്കും, എന്റെ എല്ലാ പദ്ധതികളും ഇല്ലാതാകും...ഞാൻ മരിച്ചാലും അലക്സിനെ ഡാഡിയുടെ പക്കൽ കിട്ടരുതെന്നായിരുന്നു എന്റെ തീരുമാനം............”

കൂടിനിന്നിരുന്ന അന്തേവാസികളായ സ്ത്രീകളുടെ വിദ്വേഷഭാവം പെട്ടെന്നുമാറി, കരുണാപൂർവ്വം  അനവരതം കരയുന്ന  ലവീനയുടെ കണ്ണുനീരൊപ്പി അവളെ ആശ്വസിപ്പിച്ചുതുടങ്ങി.

തുടർന്ന്  ജോൺസ് നെറ്റോ വന്ന്  ഗബ്രിയേലിന്റെ കൈകളിൽ പിടിച്ച് ക്ഷമ ചോദിക്കുകയും, മകൾ  ലവീനയുടെ ആത്മാർത്ഥമായ സ്നേഹത്തെ തനിക്ക് മനസ്സിലാക്കാൻ സാധിക്കാഞ്ഞതിൽ പശ്ചാത്തപിക്കുകയും, അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.

അലക്സ് ഇതെല്ലാം കണ്ട് ഒന്നും മിണ്ടാതെ കൈകൾതിരുമ്മി  അസ്വസ്ഥനായി ഇരുന്നു. അച്ചൻ  അവളുടെ ഗാഢമായ സ്നേഹത്തെപ്പറ്റിയും, ഇനി  കൂട്ടിനായി ആരുമില്ലാത്തതിനാൽ  ലവീനയെ അലക്സ് സ്വീകരിക്കണമെന്നും, അങ്ങനെ പുതിയൊരു ജീവിതത്തിന്  ‘കർത്താവായ യഹോവ’ അവസരമൊരുക്കിയതാണെന്നും, അതിനായി  ഗബ്രിയേൽ നെറ്റോ ആശീർവ്വദിക്കണമെന്നും ഒരു നിസ്വാർത്ഥപ്രസ്താവന നടത്തി. കൂടിനിന്നവരെല്ലാം അതംഗീകരിക്കുന്നവിധം പലതും പറയാൻ തുടങ്ങിയപ്പോൾ, ചെല്ലയ്യ വന്ന് ഭക്ഷണം ഒരുക്കിവച്ചതായി അച്ചനെ അറിയിച്ചു.

അച്ചൻ എല്ലാവരും കേൾക്കാനായി ഉച്ചത്തിൽ “ പ്രിയപ്പെട്ടവരും സ്നേഹസമ്പന്നരുമായ സഹോദരരേ, ഇവിടെയിപ്പോൾ നമ്മളെല്ലാം ഒന്നായിക്കഴിഞ്ഞിരിക്കുന്നു. സാഹചര്യങ്ങളും തെറ്റിദ്ധാരണകളുമാണ് മനുഷ്യനെ കുറ്റത്തിലേയ്ക്ക് നയിക്കുന്നത്.  കുറ്റം ചെയ്യുന്നവനും നന്മയുള്ളവനും ഒരേ ജീവനും രക്തവും തന്നെയാണുള്ളത്. തെറ്റിന്റെ ശിക്ഷ അല്പമെങ്കിലും അനുഭവിക്കേണ്ടിവരുന്നത് ദൈവത്തിന്റെ വിധി.  ഇപ്പോൾ വിശപ്പുമൂലം എല്ലാവരും ക്ഷീണിതരാണ്,  നമുക്ക് കൂട്ടുചേർന്ന് ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാം. എല്ലാം നിരത്തിവച്ചുകഴിഞ്ഞു.  ഇവിടെ വീടും പള്ളിയും നമ്മളും ചേരുന്ന ഈ കൊച്ചുരാജ്യത്തിന്റെ  ‘കൊച്ചു മാർപ്പാപ്പ’യായി, ആദരണീയനായ  ഗബ്രിയേൽ നെറ്റോയെ നമുക്ക് ആനയിച്ച് അവരോധിക്കാം....”

എല്ലാവരും ദൈവത്തിനെ സ്തുതിച്ച്  ഗബ്രിയേലിനെ വണങ്ങിയശേഷം, ഭക്ഷണത്തിനായി നിരന്നിരുന്നു. പ്രഥമസ്ഥാനത്ത്  ഗബ്രിയേലിനെ ഇരുത്തി. കുസൃതിക്കാരായ ചിലർ അച്ചന്റെ മൌനാനുവാദത്താൽ,  ലവീനയെ പിടിച്ച്  അലക്സിനൊപ്പമിരുത്തി. അടുത്ത്  ജോൺസ് നെറ്റോയും അച്ചനും റെക്സും ക്രമമായി ഇരുന്നു. പേടിയോടെ അകന്നുമാറിനിന്ന ജോലിക്കാരെ അച്ചൻ നിർബന്ധിച്ചു വിളിച്ച് അടുത്തിരുത്തി. ഇടയ്ക്ക്  റെക്സ്  അലക്സിനോട് ചില ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

അഹാരമൊക്കെ കഴിഞ്ഞ്  പരസ്പരം ഉപചാരങ്ങൾ നടത്തി.  റെക്സ് മറ്റുള്ളവരോടായി.. “ഞങ്ങൾ ഇന്നലെ രാത്രി ഇവിടെ വന്നതാണ്, ഇപ്പോൾ രാത്രി പതിനൊന്നുമണി കഴിഞ്ഞു.  ഈയൊരു ദിവസം നമുക്കുവേണ്ടി സൃഷ്ടിച്ചതാവാം.  എന്റെ ഉദ്യോഗജീവിതത്തിൽ, ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇത്രയും കാര്യങ്ങൾ സാധിക്കുന്നത് ആദ്യമാണ്.  ഈ ജോലിക്കാരേയും ജോൺസ് നെറ്റോയേയും ഞാൻ കൊണ്ടുപോകുകയാണ്,  ബാക്കി വിവരങ്ങൾ നാളെ ഞാനറിയിപ്പിക്കാം...”  പോലീസുകാർക്കൊപ്പം അവരേയുംകൂട്ടി  റെക്സ്  ജീപ്പിൽക്കയറി പുറപ്പെട്ടു.
അച്ചൻ അന്തേവാസികളെ പറഞ്ഞുവിട്ടു. തന്റെ കാലിൽതൊട്ടു കരയുന്ന  ലവീനയെ  ഗബ്രിയേൽ നെറ്റോയും അടുത്തുനിന്ന അച്ചനും സാന്ത്വനിപ്പിച്ചു.  

അപ്പോഴും ഒന്നും മിണ്ടിയിട്ടില്ലാത്ത  അലക്സ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ, സമതലത്തിനപ്പുറമുള്ള പാറയുടെ സമീപത്തേയ്ക്ക് നടന്നു.
.................മൌനനിമിഷങ്ങൾ  വഴുതിവീണു.............
ഇപ്പോൾ, അരുവിയിലെ വെള്ളത്തിൽ വലതു കാല്പാദം മുക്കി, പാഴ്ത്തടിയുടെ മുകളിൽ ചിന്താവിഷ്ടനായി  ഇരിക്കുകയാണ്  അലക്സ്.  തോളിൽ ഒരു നനുത്ത കൈ തൊട്ടു എന്നറിഞ്ഞപ്പോൾ  അവൻ തിരിഞ്ഞുനോക്കി.  തിളങ്ങുന്ന കണ്ണുകളും പ്രസരിപ്പുള്ള മുഖകാന്തിയും  അഴകാർന്ന മേനിയുമായി, ഒരു ‘യക്ഷി’യെപ്പോലെ നിന്ന്, ധാരധാരയായി കണ്ണുനീർ വീഴ്ത്തി  ലവീന  നോക്കുന്നു. അത്  ഒമിയ യാണോയെന്ന് ഒരുനിമിഷം സംശയിച്ചു.
അവൾ പതുക്കെ പറഞ്ഞു “ ഞാൻ പോകുകയാണ്  അലക്സ്, ഇനിയെനിക്ക് സമാധാനമായി.  എന്റെ അലക്സിനെ ഇനിയാരും ഉപദ്രവിക്കില്ല.....ഞാൻ തനിയെ ജീവിക്കാൻ തീരുമാനിച്ചു....അലക്സ്  മറ്റൊരു വിവാഹം കഴിച്ച്......” അതു തീർക്കാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനടന്നു.

പെട്ടെന്ന്  അലക്സ് അവളുടെ കയ്യിൽ പിടിച്ചുനിർത്തി.  വിഷാദത്താൽ അവന്റെ കണ്ണുകളും നിറഞ്ഞു ചുവന്നു വിങ്ങിയിരിക്കുന്നു.  അവനെഴുന്നേറ്റ്  അവളെ കെട്ടിപ്പിടിച്ചു,  തലയിൽ കൈവച്ച് മുടിയിലും നെറ്റിയിലും തടവി. അവളുടെ കവിളിലും ചുണ്ടുകളിലും തെരുതെരെ ചുംബിച്ചു.  രണ്ടുപേരുടേയും കണ്ണീർക്കണങ്ങൾ ഒന്നായി ലയിച്ചു.

കുളിരുമായിവന്ന ഇളംകാറ്റേറ്റ്, ചുടുചുംബനങ്ങളാൽ  അവർ ഉൾപ്പുളകം പൂണ്ടു.

അതു കണ്ടിട്ടാകാം, രാത്രി പന്ത്രണ്ടുമണിക്കുള്ള പള്ളിമണിയുടെ ശബ്ദം പോലും  കോരിത്തരിച്ചുപോയി..................................

ശുഭം.