Friday, June 3, 2011

‘ പെണ്ണൊരുമ്പെട്ടാൽ....’


            വീതികൂടിയ റോഡിൽനിന്നും വലത്തേയ്ക്കുതിരിഞ്ഞ് നിരപ്പല്ലാത്ത-ചെറിയ വഴിയിൽക്കൂടി കാർ മുന്നോട്ടുപോയി. ഓടിക്കുന്നത് അയാളാണെങ്കിലും അവൾ പറയുന്ന മാർഗ്ഗത്തിലൂടെ ഒരു റബ്ബർതോട്ടത്തിന്റെ മുന്നിലെത്തിയപ്പോൾ ആംഗ്യംകാട്ടി നിർത്തിച്ചു, രണ്ടുപേരും പുറത്തിറങ്ങി.

  “അവിടെ, അതാണ് വീട്..” അവൾ ചൂണ്ടിക്കാണിച്ച വീട്ടിലെത്താൻ കുറച്ചു മുകളിലേയ്ക്ക് നടക്കുമ്പോൾ, വളരെ സന്തോഷവാനായിരുന്നു അയാൾ. ‘വളരെ അപ്രതീക്ഷിതമായി കിട്ടിയ ഒരു സന്ദർഭമാണ്. സാധാരണയായി താനാണല്ലൊ പെണ്ണുങ്ങളെയൊക്കെ വശീകരിച്ചും നിർബ്ബന്ധിച്ചുമൊക്കെ സുഖം അനുഭവിക്കുന്നത്. ഇതാ ഇപ്പോൾ, സുന്ദരിയും ജേർണലിസ്റ്റുമായ  ഒരു പെണ്ണ് ഇങ്ങോട്ടു ക്ഷണിച്ചുകൊണ്ടുവന്നിരിക്കുന്നു, അതും പരിസരവാസികളൊന്നുമില്ലാത്ത ഈ സ്ഥലത്ത്. ആ വീട്ടിലാരുമില്ലെങ്കിൽ ഇന്നത്തെ രാത്രി രസകരമാക്കിയെടുക്കാ’മെന്നോർത്ത് അയാൾ മനസ്സാ സന്തോഷിച്ചു.

   പടികൾ കയറിച്ചെന്ന് അവൾ വീടിന്റെ വാതിൽ തുറന്നു. ചുറ്റാകെ റബ്ബർ മരങ്ങളോടുകൂടിയ പുരയിടം. പഴയ ഒരു വീട് പുതുക്കിപ്പണിതതാണെന്ന് പെട്ടെന്ന് മനസ്സിലാകും. “എന്താ താവളം ഇഷ്ടപ്പെട്ടോ, ഇവിടെ മറ്റാരുമില്ല...” അവൾ അയാളെ അകത്തെ മുറിയിലേയ്ക്ക് ക്ഷണിച്ച് കസേരയിലിരുത്തി.

    “കൊള്ളാം നല്ല മുറി, ഇതാണോ സൂസമ്മ പുതിയതായി വാങ്ങിയ വീട്..?”
“ങാ, നല്ല സൌകര്യമല്ലേ..?” ചോദിക്കുമ്പോൾത്തന്നെ ജനൽ തുറന്ന് അകലെ വഴിയിലേയ്ക്ക് നോക്കി, പുഞ്ചിരിയോടെ തിരിച്ചുവന്നു അവൾ.
    ഇനി നടക്കാനുള്ള രസാനുഭൂതികളെയോർത്ത് അയാൾ കൈകൾ കൂട്ടിത്തിരുമ്മി.
   “കാപ്പി വേണോ, തണുത്തതെന്തെങ്കിലും മതിയോ?” അവളുടെ ചോദ്യം ശ്രദ്ധിക്കാതെ അയാൾ-“ഇവിടെ എല്ലാം ഒരുക്കി വച്ചിരിക്കുന്നല്ലോ, ഇങ്ങനെ വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നോ?”
   “ഹ ഹ ഹ..” അവൾ ചിരിച്ചുപോയി. “എത്രയോ ദിവസങ്ങളായി നിങ്ങളെയൊന്നു കിട്ടാൻ കാത്തിരിക്കുന്നു, ഇതാ കണ്ടില്ലേ എല്ലാം ഒരുക്കിയിട്ടുള്ളത്..?”
   ശരിയാണ്. അലമാരയും കസേരകളും കട്ടിലും ഒരു മേശയും, പാചകം ചെയ്യാനുള്ള അടുപ്പുവരെ മുറിയിലുണ്ട്.

   “ചൂടാണല്ലൊ..” ഫാനിന്റെ സ്വിച്ചമർത്തിയിട്ട് അയാളെ കട്ടിലിൽ പിടിച്ചിരുത്തി, മെല്ലെ ഷർട്ടഴിക്കാൻ തുടങ്ങി അവൾ. അപ്പോഴേയ്ക്കും ധൃതിയാൽ അയാൾ ഷർട്ടിനൊപ്പം ഉടുത്തിരുന്ന മുണ്ടും അഴിച്ചുമാറ്റി കാമവികാരാവേശനായി മാറി. തുടർന്ന് അവളുടെ അഴകാർന്ന കൈകളിൽ തഴുകി, സാരിത്തുമ്പിൽ പിടിച്ച് ചേർത്തിരുത്തി കെട്ടിപ്പുണരാനായി ഭാവിച്ചപ്പോൾ അവളെഴുന്നേറ്റു.“ഓ ഞാൻ മറന്നു, നമ്മൾ ഒന്നും കഴിച്ചില്ല വല്ലാത്ത ദാഹവുമുണ്ട്, എന്തെങ്കിലും കഴിച്ചിട്ടാവാം..”
  “വേണ്ട, അതു പിന്നെ...” ക്ഷമയില്ലാതെ അയാൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ അടുത്ത മുറിയിൽ പോയി രണ്ട് ഗ്ലാസ്സുകളിൽ പാലുമായി വന്നു. വികാരവിവശനായ അയാൾ അവളുമായി വിവിധതരം മന്ത്രങ്ങളുരുവിട്ട് കുടിച്ചുരസിച്ചുകൊണ്ടിരിക്കെ...അവളെ കെട്ടിപ്പിടിച്ചണയ്ക്കുവാനാഞ്ഞ തന്റെ കൈകൾക്ക് ശക്തി കുറയുന്നതായി അയാൾക്ക് തോന്നി. ‘മയക്കമാണോ, ഉറക്കമോ....’ പതുക്കെ കൈവഴുതി അയാൾ കട്ടിലിലേയ്ക്ക് വീണു.
            *******                                      ***************                                ************                    
     ബോധം വന്നുതുടങ്ങിയപ്പോൾ വളരെ ആയാസപ്പെട്ട് അയാളൊന്നു നിവരാൻ ശ്രമിച്ചു, സാധിക്കുന്നില്ല. ‘മയങ്ങിപ്പോയതിന്റെ ക്ഷീണമാണോ-അല്ലല്ലോ, അനങ്ങാൻ പോലും  കഴിയാത്തത് ശ്രദ്ധിച്ചപ്പോൾ താൻ ബന്ധനസ്ഥനാണെന്നറിഞ്ഞ് ,സ്ഥലകാലബോധം വീണ്ടെടുത്ത് ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല.  കൈകൾ കൂട്ടി പിണച്ചുവച്ച് കട്ടിലിന്റെ മുകൾവരിയിലും, കാലുകൾ ചേർത്ത് കട്ടിൽക്കാലിലും ബന്ധിച്ചിരിക്കുന്നു. തനിക്കെന്ത് സംഭവിച്ചു ? അവളെവിടെ ? ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല, അവൾ തന്നെ ചതിക്കുകയായിരുന്നോ ?’

   സംഭ്രമത്തോടെയാണെങ്കിലും ഓർത്തുനോക്കി. അവൾ, ആ പത്രപ്രവർത്തക തന്നെയിവിടെ ക്ഷണിച്ചുവരുത്തിയതാണ്. ഒരു സൌഹൃദം പങ്കിടാനും, ഇന്ന് ഒരു ദിവസത്തെ മധുവിധു ആഘോഷിക്കാനും എന്നാണ് അവൾ പറഞ്ഞത്. അതായിരുന്നു തന്റേയും ആഗ്രഹവും ഉദ്ദേശവും.
   വളരെ സന്തോഷവതിയായി സ്വീകരിച്ചിരുത്തി തൊട്ടുരുമ്മി സല്ലപിച്ചതും, അവളെ കെട്ടിപ്പിടിച്ച് കാമാവേശം വന്നപ്പോൾ പാലുകൊണ്ടുവന്ന് തന്നതും കുടിച്ചതും ഒക്കെ ഓർത്തു. പിന്നെ...പിന്നെ...മയക്കം വന്ന് ചരിഞ്ഞുവീണതും ഓർമ്മയിലെത്തി.
   
      പെട്ടെന്നയാൾക്ക് ദ്വേഷ്യം ഇരച്ചുകയറി ഒച്ചയുണ്ടാക്കാൻ തുനിഞ്ഞു. അപ്പോൾ അലമാരയുടെ മറവിൽനിന്ന അവൾ നേർത്ത പുഞ്ചിരിയോടെ അയാളുടെ മുന്നിലേയ്ക്കുവന്നു.
 
    “ എന്താ പേടി തോന്നുന്നോ ? ഒരു പുരുഷനെ ഇങ്ങനെ കെട്ടിയിട്ട് രസിക്കുന്നതാ എനിക്കിഷ്ടം.അതായത് പുരുഷപീഡനം, ഹ ഹ.. ഇവിടെ ഞാൻ മാത്രമേയുള്ളൂ, ഇനിയാളുകളുണ്ടെങ്കിൽത്തന്നെ പേടിക്കാത്ത ആളല്ലേ?” അതു പറയുമ്പോഴുള്ള ചിരിയിൽ പരിഹാസം കലർന്നിരുന്നു.
         അയാൾ ക്രൂരഭാവം പൂണ്ടു “എന്താ നിന്റെ ഉദ്ദേശം..?”
         “ഉദ്ദേശസാദ്ധ്യത്തിനല്ലേ വളരെ ശ്രമപ്പെട്ട് നിങ്ങളെയിവിടെ കൊണ്ടുവന്നത്.”
         “നീയെന്നെ കളിയാക്കുകയാണോ, ഈ കെട്ടുകളഴിക്കെടീ...”
          “ശ്ശൊ ധൃതി കാണിക്കാതെ” വന്യമായ ഒരു ചിരിയാൽ അവൾ തുടർന്നു.“എടീയെന്നുവിളിച്ച തനിക്ക് അല്പം മുമ്പു വരെ ഞാൻ സൂസമ്മയായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും യഥാർത്ഥസ്ത്രീയായ ജേർണലിസ്റ്റ് സൂസൻ തോമസ് ആയി. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.?”
          അവൾ മേശപ്പുറത്തിരുന്ന ഒരു ആപ്പിളും കത്തിയുമെടുത്ത് പുറത്തേയ്ക്കെത്തിനോക്കി. പിന്നെ തിരിഞ്ഞ് “നോക്ക് എന്ത് സുന്ദരമായ ആപ്പിൾ, ഇത് കഷണങ്ങളാക്കിയാൽ പിന്നെന്ത് സൌന്ദര്യം? അതു തന്നെയല്ലേ മനുഷ്യരുടേയും സ്ഥിതി?”
  അതു കേട്ട് അനങ്ങാൻ കഴിയാത്ത അയാൾ ഉച്ചത്തിൽ അലറി “ നീയെന്നെ ചതിക്കുകയായിരുന്നു..ഈ കെട്ടഴിക്കാൻ...നിന്നെ ഞാൻ...”
   “ഒന്നും ചെയ്യാൻ സാധിക്കില്ല” അവൾ വളരെ പാകത വരുത്തി, ദിനപത്രങ്ങളുടെ അടിയിൽ വച്ചിരുന്ന കൈത്തോക്കെടുത്ത് അയാളുടെ നേരേ ചൂണ്ടി.“ഇതുപയോഗിച്ച് ആറുപേരെക്കൂടി കൊല്ലാനാണ് ഞങ്ങളുടെ തീരുമാനം. ഇനി ബഹളം വച്ചാൽ ഒരെണ്ണം ഇപ്പോൾ കുറയും. പിന്നെ ഈ കത്തി പ്രയോഗിക്കാനും കഴിയില്ല. ഇനി ഒരാൾകൂടി വരാനുണ്ട്, രണ്ടുപേർക്കും ഇതു രണ്ടും ആവശ്യമാണ്.”
    ഇടതുകയ്യിൽ തോക്കുപിടിച്ച് വലതുകയ്യിലെ കത്തിനീട്ടി, കല്പ്രതിമപോലെ തുറിച്ചുനോക്കിയിരിക്കുന്ന അയാളുടെ നെറ്റിയിൽ തൊട്ട് പതുക്കെ താഴേയ്ക്ക് നീക്കുന്നതിനൊപ്പം സൂസൻ തുടർന്നു...“ ഇപ്പോൾ എനിക്കാണ് സ്വാതന്ത്യം, സ്വതന്ത്രയായ സ്ത്രീ. ഈ കണ്ണുകൾ ചൂഴ്ന്നെടുക്കാം, ഈ നാക്ക് മുറിച്ചുകളയാം, അല്ലെങ്കിൽ ഒരു കൈ മുറിച്ചുമാറ്റാം. പക്ഷേ ഒരു കൈ ഇല്ലെങ്കിലും, എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ പിച്ചിച്ചീന്താൻ ബാക്കി അവയവങ്ങൾ മതി നിനക്ക്. അത് ഇനി ഉണ്ടായിക്കൂടാ...”

  “എന്നെ കൊല്ലാനാണോ നിന്റെ ഉദ്ദേശം, എന്റെയാളുകൾ നിന്നെ........”
   “നിന്റെയാളുകൾ ഒന്നും അറിയാതിരിക്കാനുള്ള മുൻ കരുതലുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്...നിന്നെപ്പോലെയുള്ളവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി , പല അഭ്യാസങ്ങളും പഠിച്ച് ഞങ്ങളുണ്ടാക്കിയ ‘സ്ത്രീ സംരക്ഷണ സേന’യെ അറിയുമോ നിനക്ക്, അതായത് ‘സുരക്ഷ’യെന്ന സംഘടന.....”

   ‘സുരക്ഷ’യെന്ന വാക്ക് കേട്ടപ്പോൾത്തന്നെ അയാൾ ഭയന്ന് തേങ്ങിവിറയ്ക്കാൻ തുടങ്ങി.
                                                                                                   
(തുടരും)
 

12 comments:

വി.എ || V.A said...

‘മയക്കമാണോ, ഉറക്കമോ....’ പതുക്കെ കൈവഴുതി അയാൾ കട്ടിലിലേയ്ക്ക് വീണു.

ajith said...

സസ്പെന്‍സ് ത്രില്ലറാണോ? തുടരട്ടെ!!!

ponmalakkaran | പൊന്മളക്കാരന്‍ said...

ന്റമ്മോ..........................................

പട്ടേപ്പാടം റാംജി said...

പേടിപ്പിച്ചു കളഞ്ഞല്ലോ.
ശരിക്കും ഇങ്ങിനെ ഒരു സേന ഉണ്ടോ ഭായി.
തുടര്‍ച്ച ആയതിനാല്‍ ഇതുവച്ച് വേറെ എന്തോ തീരുമാനിച്ചിട്ടുണ്ട് എന്ന് തോന്നുന്നല്ലോ.

രമേശ്‌ അരൂര്‍ said...

ഹ ഹ ഹ ..മനസിലാക്കുന്നെയില്ല .എന്റെ .മുതലക്കുഞ്ഞുങ്ങള്‍
ക്ക് ആഹാരമാകാന്‍ റെഡി ആയികോളൂ പീഡന വീരന്മാരെ ..ബൈ ദ വെ അപ്പോള്‍ സൂസമ്മേ എന്താ നമ്മുടെ അടുത്ത പ്ലാന്‍ ?

Pushpamgadan Kechery said...

സൂസനെ വെട്ടിക്കാന്‍ അവര്‍ക്കാകുമോ !
അല്ലെങ്കില്‍ അവളുടെ കൊലക്കത്തി അവരുടെ കഴുത്തരിയുമോ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ...

കുസുമം ആര്‍ പുന്നപ്ര said...

ഇതു കൊള്ളാമല്ലോ...

Lipi Ranju said...

ഈ ‘സുരക്ഷ’ യില്‍ ചേരാന്‍ എന്ത് ചെയ്യണം ? അതു പറയൂ...

അബലകളായ സ്ത്രീകളെ വെല്ലുവിളിച്ചു എന്‍റെ പോസ്റ്റില്‍ ഇട്ട കമന്റ്‌ കണ്ടു ഞാന്‍ ഓടി വന്നതാ സുരക്ഷയില്‍ ചേരാന്‍! എന്നിട്ട് അബലയല്ലെന്നു ഉറക്കെ പറയാന്‍...
പക്ഷെ ഇത് വെറും കഥയല്ലേ മാഷേ !! ഈ ഒരു കഥ എഴുതിയ ധൈര്യത്തിലായിരുന്നോ ആ വെല്ലുവിളി !! അതും ഒരു പൂര്‍ത്തിയാവാത്ത കഥ !!!

Muralee Mukundan , ബിലാത്തിപട്ടണം said...

സുരക്ഷ വരുന്നത് കാത്തിരിക്കാം...

തൂവലാൻ said...

ഞാൻ ഇനി സൂസമ്മയുടെ കൂടെ….

വി.എ || V.A said...

ശ്രീ.അജിത് > സംഭവിക്കുന്നത്.... ആഗ്രഹിക്കുന്നത്. അടുത്തതിൽ സംഭവിച്ചത്. വന്നതിൽ സന്തോഷം. ശ്രീ. പൊന്മളക്കാരൻ > നിസ്സാര സംഗതിയേയുള്ളൂ മാഷേ. ശ്രീ.റാംജി > ഒരു ശ്രമം മാത്രം മാഷേ.... ശ്രീ. രമേശ് > സൂസമ്മ അല്ല, പല വാദികളും വരുന്നുണ്ട്. ക്ഷമിക്കൂ മാഷേ...... ശ്രീ.പുഷ്പങ്ങാട് > ശ്രദ്ധിച്ചതിനു നന്ദിയുണ്ട്, നമുക്ക് കൊല്ലാതെ വിടാം അല്ലേ? ശ്രീ. കുസുമം. ആർ. പി.> ബാക്കി കൂടി നോക്കിയിട്ട്......നന്ദിയോടെ....... ശ്രീ. ലിപി രഞ്ജു > പല എഴുത്തുകളിലും ‘അനുഭവങ്ങൾ’ വായിക്കുമ്പോൾ നിസ്സംഗത്വം,നിസ്സഹായത,ഒന്നും പ്രതികരിക്കാനാവാത്ത അവസ്ഥ, അതിരുകവിഞ്ഞ ക്ഷമ ഇതൊക്കെയല്ലേ കാണുന്നുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ പ്രതികരിക്കണമെന്ന് പലരും പറഞ്ഞിട്ടില്ലെങ്കിലും താങ്കൾ കമെന്റിൽ സൂചിപ്പിച്ച ചെറുവാചകം അല്പം ആശ്വാസമേകി.(മാതാപിതാക്കൾ കുട്ടികൾക്ക് പ്രതികരണശേഷി പഠിപ്പിച്ചു വളർത്തണം...മറ്റും..)വിരലിലെണ്ണാവുന്നതേ ഞാൻ ബ്ലോഗിൽ എഴുതിയിട്ടുള്ളൂ. ആര് എന്തെഴുതിയാലും അതിൽ ഒരു ചെറിയ ആശയം, സന്ദേശം, അല്ലെങ്കിൽ ശ്രദ്ധിക്കാനുള്ള ഒരു ബിന്ദു എങ്കിലും ഉണ്ടായാൽ കൊള്ളാമെന്ന ആഗ്രഹക്കാരനാണ്. യുക്തിപൂർവ്വം ഏതവസ്ഥയേയും നേരിടാനുള്ള പക്വതയുള്ളവരാണ് നിങ്ങളെപ്പോലുള്ള വിദ്യാഭ്യാസവിചക്ഷണർ. അങ്ങനെയുള്ളവരുടെ മുമ്പിൽ ഞാനൊന്നുമല്ല. എങ്കിലും, പലയിടത്തും സംഭവിച്ചിട്ടുള്ളതോ സാദൃശ്യമായതോ ആയ രംഗങ്ങൾ മാത്രമേ, പേരും സ്ഥലവും മാറ്റി കാല്പനികമായ അല്പം വർണ്ണങ്ങളും ചേർത്ത് അവതരിപ്പിക്കുന്നതെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. പണ്ടൊക്കെ കണ്ടതും കേട്ടതും വായിച്ചതുമായ എത്രയോ സംഭവങ്ങൾ നമുക്കെഴുതാനാകും. അതൊക്കെ മറ്റു കഥാപാത്രങ്ങളിൽക്കൂടി അവതരിപ്പിച്ചാൽ അതു ‘കഥ’. അതപ്പടി യഥാർത്ഥമായി അങ്ങോട്ടു വിളമ്പിയാൽ പിന്നെ എന്റെ കഴുത്തിനുമുകളിൽ ഒന്നും കാണില്ല. പേടിയല്ല കാരണം, അതു തുറന്നുപറയാൻ കൈ മാത്രം പോരല്ലോ, തലയും വേണ്ടേ? (ബാക്കി താഴെ..)

വി.എ || V.A said...

‘ഞാൻ‘ എന്ന വ്യക്തി അത്തരം സംഭവങ്ങളിൽ ഭാഗഭാക്കാകാൻ സാധിക്കില്ലല്ലോ. (ഫൂലൻദേവിയും അജിതയുമൊക്കെ പല ധ്രുവങ്ങളിലുള്ള സമുദ്രങ്ങളായിരുന്നെങ്കിലും ഇന്ന് അതുപോലുള്ള പലരും ചെറിയ അരുവികൾ മാത്രമായി മാറിപ്പോയി, ‘ഒതുക്കലി’ലൂടെ. അതുപോലെയായില്ലെങ്കിലും, ഇപ്പോഴുള്ള പെണ്മനസ്സുകളിലെ പ്രതികരണാത്മകമായ നിർവ്വികാരത്വം-‘ഞങ്ങൾ അബലകളാണേ’യെന്ന ഉൾവിളി-അതുകൾ വായിച്ചപ്പോഴുള്ള പ്രേരണയാണ് ‘പെണ്ണൊരുമ്പെട്ടാൽ...’ എന്നതിനാധാരം. ഇത് വെറും കഥ മാത്രമല്ല, ഇക്കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എല്ലാ മാദ്ധ്യമങ്ങളിലൂടെയും കണ്ണോടിച്ചാൽ ഒരു ലക്കത്തിലുള്ളതിൽ ഒരു രംഗം നടന്നിട്ടുള്ളത് മനസ്സിലാകും. അവിടെയെങ്ങും ഞാൻ പ്രതീക്ഷിച്ച ‘ക്രിയാത്മകമായ’ പ്രതികരണമൊന്നും സ്തീകളിൽനിന്നും കണ്ടില്ല,‘അഭയ’,‘അന്വേഷി’,‘സ്നേഹി’തുടങ്ങിയ ഒരു പേരുകാരും. പിന്നെ, ‘സുരക്ഷാസേന’യിലേയ്ക്ക് ഇന്റർവ്യൂ നടക്കുന്നതേയുള്ളൂ. ക്ഷണിച്ചപ്പോൾ അതിന്റെ ‘ഓർഡർ ഓഫ് ലോ’കണ്ടുപിടിക്കാനായി ഉടനേയെത്തുമെന്ന് പ്രതീക്ഷിച്ചില്ല. ‘ആണത്വം’ എന്നപോലെ ‘പെണ്ണത്വ’വും ഉണ്ടെന്നു കാണിക്കാൻ ഒരു ശ്രമം, വിജയിക്കുമോ എന്നറിയില്ല,അല്പജ്ഞാനിയായതിനാൽ.... വന്ന സ്ഥിതിക്ക് ക്ഷമാപൂർവ്വം നിസ്സാരവും ലളിതവുമായ ഈ ഉദ്യമം ശ്രദ്ധിക്കുമെന്ന് വിശ്വസിക്കട്ടെ......വിനയപുരസരം വി.എ. ശ്രീ.മുരളീമുകുന്ദൻ > കാത്തിരിപ്പിന് നന്ദിയുണ്ട്... ശ്രീ.തൂവലാൻ > ദേ വരുന്നു അടുത്തത്...ശ്രദ്ധിക്കുന്നതിന് നന്ദി..