Thursday, February 23, 2012

എന്റെ ഷഷ്ഠിപൂർത്തി


പ്രിയപ്പെട്ട  ആഗോളബൂലോകവാസികളായ എഴുത്തുപുലികളെ, ആശയനരികളെ..നാരികളെ....

2012 ഫെബ്രുവരി 27- ആം  തീയതി തിങ്കളാഴ്ച  എന്റെ ‘ഷഷ്ഠിപൂർത്തി’ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.   ലീവ് എഴുതിവാങ്ങി നാട്ടിൽപോകാൻ സാധിക്കാത്തതിനാൽ ഇവിടെ സൌദി അറേബ്യയിലെ ‘റിയാദി’ൽ എന്റെ താമസപ്പുരയിൽ വച്ചാണ്  നടത്തുന്നത്.  1952 ഫെബ്രുവരി 27-ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പാതിരാത്രി പന്ത്രണ്ടു മണിക്ക്, ദിഗംബരനായി ദിവാകരനെക്കാണാൻ ഇറങ്ങിവന്നതാണെന്ന് എന്റെ അമ്മയും അഛനും പറഞ്ഞുതന്നതിനാലാണ്, അന്നേദിവസം അറുപത് വയസ്സ് തികഞ്ഞുവെന്ന് വിശ്വസിക്കുന്നത്..

 എന്നാൽ, അഛന്റെ സുഹൃത്തായിരുന്ന പീതാംബരൻജ്യോത്സ്യൻ ഗണിച്ചുപറഞ്ഞത്, പൂരുരുട്ടാതിയുടെ ആയിരത്തിലൊരു ചുവട് ഉതൃട്ടാതിയുടെ ഇടതുപാദത്തിൽ പതിഞ്ഞെന്നും അതിന്റെ ഗുണദോഷങ്ങൾ അതേയളവിൽ ഉണ്ടാവുമെന്നുമാണ്.  എനിക്കല്പം അറിവുവച്ചുതുടങ്ങിയപ്പോൾ അപ്പറഞ്ഞത് ശരിയാണെന്ന് അഛൻ പറയുമായിരുന്നു.   എന്നെ ഒരു വക്കീലാക്കണമെന്ന- ‘ഒരു അടിപിടിക്കും പോകാത്ത’  അഛന്റെ  ആഗ്രഹത്തിനെ ഞാൻ ചോദ്യം ചെയ്തതാണ് കാരണം. .....എന്റെ ജാതകം എഴുതിത്തന്നിട്ട് അത് മറ്റാരേയും കാണിക്കരുതെന്ന് ജ്യോത്സ്യൻ പ്രത്യേകം പറഞ്ഞിരുന്നു.  ‘ഞാൻ കേന്ദ്ര ധനകാര്യമന്ത്രിയാകുമെന്നും വീട്ടിനകത്തുംപുറത്തും ധാരാളം ആനകളും കുതിരകളും കൂട്ടമായുണ്ടാകുമെന്നും’ അതിലെഴുതിയിരുന്നു.  അതുകണ്ട് വല്ല വിവരദോഷികളും എന്നെ നശിപ്പിച്ചാലോ?   ‘രാജയോഗ’മല്ലേ?  അന്നുമുതൽ ‘ബാബു’ആയിരുന്ന എന്നെ  ‘ബാബുരാജ്’ ആക്കിയത് ഈ രാജയോഗപ്രവചനമാണ്.   എഴുത്തിന്റെ കൂലിയായി ഒരേക്കർ സ്ഥലമാണ് ജ്യോത്സ്യൻ സ്വന്തമാക്കിയത്.. മദ്യം കൊടുത്തിരുന്നെങ്കിൽ അതു മതിയാകുമായിരുന്നു.  അന്ന് ഇന്നത്തെപ്പോലെ വിഷം കലക്കിയ മദ്യം വീടുകൾതോറും വിതരണം ചെയ്യുന്ന സർക്കാരായിരുന്നില്ല.  പട്ടാളക്കാരും കുറേ പ്രതാപികളും പരസ്യമല്ലാത്തവിധം ഉപയോഗിക്കുകയായിരുന്നു പതിവ്....

ക്രമേണ, വിശ്വസ്ഥനായിരുന്ന ജ്യോത്സ്യനുമായി വാഗ്വാദമുണ്ടായത്, രണ്ടു കാരണത്താലാണ്.  ഒന്ന്- അഛന്റെ ജാതകമെഴുതിയ ജ്യോത്സ്യന്റെയഛൻ, അതിൽ 73 വയസ്സുവരെയാണ് ആയുഷ്ക്കാലം കാണിച്ചിരുന്നത്.  എഴുതിയ ആള് മരിച്ചെങ്കിലും കുറിച്ച വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് അച്ചൻ മരിക്കുന്നില്ല?  84 വയസ്സുവരെ ഈ തർക്കം തുടർന്നു. പിന്നെ വയ്യാഞ്ഞിട്ടല്ല, ആളുവേണ്ടേ?  ജ്യോത്സ്യൻ മരിച്ചുപോയി.   രണ്ട്- എന്റെ പ്രായമുണ്ടായിരുന്ന ജ്യോത്സ്യന്റെ മകൻ നീലാംബരന്,  അതേ ‘രാജയോഗ’വും  80 വർഷത്തെ ആയുസ്സും എഴുതിയിരുന്നു..  അവന്റെ 27-ആമത്തെ വയസ്സിൽ, നേരേ ഓടിവന്ന ട്രെയിൻ  വളഞ്ഞുതിരിഞ്ഞ് സൈക്കിളോടിച്ച അവനെ ഇടിച്ചുതെറിപ്പിച്ചു.  തൽക്ഷണം മരണം.  അന്നു ട്രെയിൻ നേരത്തേ വന്നതുകൊണ്ടാണെന്നും, സൈക്കിളിന്റെ ബ്രേക്ക് ബ്രോക്കണായതാണെന്നും, ആ സമയത്ത് അവന് അപസ്മാരത്തിന്റെ ആഭൂതിയായിരുന്നെന്നും ഒക്കെ ജ്യോത്സ്യൻ മാറ്റിമാറ്റിപ്പറഞ്ഞിരുന്നു..
  പക്ഷേ, അല്പം അവിശ്വാസം ബാക്കിയാക്കിത്തന്നെ  2010 മാർച്ച്  13 ന്   93-ആം വയസ്സിൽ അഛന്റെ നിര്യാണമുണ്ടായി.

ഒരു സാഹിത്യകാരനാകാൻ ആഗ്രഹിച്ച് വായനശാലകളിൽ കയറിയിറങ്ങിയും വായിച്ചുകിടന്നുറങ്ങിയുംകഴിഞ്ഞ,  കള്ളം പറയാനറിയാത്ത എനിക്ക് വക്കീല്പണിയുമായി എന്തു ബന്ധം?  പഠിക്കാൻ പോകുമ്പോഴും അഞ്ചു പാഠപുസ്തകങ്ങളും നാലു സാഹിത്യകൃതികളുമാണ് എന്റെ കയ്യിലുണ്ടാവുക. അതിനുമാത്രം  രണ്ട് ചൂരൽ പ്രയോഗം ഒരു ടീച്ചറമ്മ എനിക്കുവേണ്ടി കരുതുമായിരുന്നു.

പത്താംക്ലാസ്സിലെ പരീക്ഷയ്ക്ക് അവര് ചോദിച്ചതിനൊന്നുമല്ല ഞാൻ ഉത്തരമെഴുതിയത്.  അതിനാൽ, അഛനോടുള്ള ബഹുമാനമോ എന്നോടുള്ള സ്നേഹമോ ആവാം,   ‘ഇവൻ തോറ്റുപോയി’ എന്നു പറയാതെ ‘മോൻ ജയിച്ചില്ല’ എന്നാണ് അവർ അഛനെ അറിയിച്ചത്.  അങ്ങനെയെങ്കിലും എന്നെ ‘എന്റെവഴിക്ക് വിടുമല്ലോ’ എന്ന ആശ്വാസത്താൽ,  എന്റെ തുടയ്ക്ക് കിട്ടിയ അടിക്ക് വലിയ വേദന തോന്നിയില്ല. (അതിലെ ഒരു ചൂരൽപ്പാട് ഇപ്പോഴും തുടയിലുള്ളത് എന്റെ ഭാര്യയെ മാത്രമേ കാണിച്ചിട്ടുള്ളൂ.)  ......

ഏഴു ഭാഷകളിൽ സംസാരിക്കാനറിയാവുന്ന, ഒരു മുൻ പട്ടാളക്കാരനായ അഛൻ,  ഒരു ഭാഷയിൽ പോലും എഴുതാനോ സംസാരിക്കാനോ എന്നെ പഠിപ്പിച്ചില്ല.   ചെറുചെറു പ്രശ്നങ്ങളാൽ അമ്മയുടെയഛനുമായുള്ള (അപ്പുപ്പൻ) നിരന്തരനീരസം കൂടിക്കൂടി അഛൻ, കുടുംബവുമായി അകന്നുകഴിയാൻ ഇടവരുത്തിയതാണ് കാരണം.  അക്കാലത്ത്  അമേരിക്കയും വിയറ്റ്നാമും തമ്മിൽ ഉണ്ടായപോലെ.   (ഇനി 28 വയസ്സുവരെയുള്ള സവിശേഷമായ ‘ഒന്നാമൂഴം’ പിന്നെയൊരിക്കലാവാം.)

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ, 1980 ഏപ്രിൽ 30ന്  ‘ജയാമ്മ’യുമായുള്ള എന്റെ വിവാഹം നടന്നതോടെ ‘രണ്ടാമൂഴം’ തുടങ്ങി.  നീണ്ട അനുഭവങ്ങൾക്കുശേഷം, രണ്ടു പെൺമക്കളേയും വിവാഹം കഴിപ്പിച്ച്  സ്വസ്ഥനായി ‘മൂന്നാമൂഴ’ത്തിൽ സഞ്ചരിക്കുകയാണ് ഇപ്പോൾ.
ഇങ്ങനെ പ്രിയപ്പെട്ടവരെ അറിയിച്ചുകൊണ്ട് ഒരു ‘ഷഷ്ഠിപൂർത്തി മഹാമഹം’ നടത്താനുള്ള ആത്മപ്രലോഭനം കിട്ടിയത്,  നൂറ്റിയെട്ടാമത്തെ വയസ്സിൽ അന്തരിച്ച  എന്റെ അച്ചാച്ചനിൽനിന്നാണ്.
അല്പം പ്രശസ്തിയൊക്കെയുള്ള അഛനും അച്ചാച്ചനും കഥാപാത്രങ്ങളായി പിന്നീട് വരും.

അതിനാൽ സുഹൃത്തുക്കളെ,  എന്റെ പാവം അച്ചാച്ചന്റെ ഓർമ്മയ്ക്കായി,  108 വയസ്സ് തികയുന്ന ബ്ലോഗെഴുത്തുകാരുടെ കുടുംബാംഗങ്ങളോടൊപ്പം  ഒരു ഉല്ലാസയാത്ര സംഘടിപ്പിക്കാൻ ഞാനും തീരുമാനിച്ചു,  പരിപൂ‍ർണ്ണമായും എന്റെ ചെലവിൽത്തന്നെ.   ഊട്ടി, കൊടൈക്കനാൽ, ഡൽഹി വഴി എവറസ്റ്റ് കൊടുമുടിയിൽ ഒരുദിവസം.  അവിടെനിന്ന് അപ്പോളോ-32ൽ കയറി നേരേ ചന്ദ്രമണ്ഡലത്തിൽ രണ്ടുദിവസം.  (അന്നവിടെ കൂടും കൂടാരവും കൂടാതെ, തട്ടുകട,  മിനറൽ വാട്ടർ, ഓക്സിജൻ, ആശുപത്രി, സെമിത്തേരി, കോടതി, കൃത്രിമഭക്ഷ്യ സാധനങ്ങൾ......മുതലായ നമുക്ക് നിത്യവും ആവശ്യമുള്ള എല്ലാ വകുപ്പുകളും ക്രമീകരിച്ചിരിക്കും.  ഇപ്പോൾ എട്ടുവയസ്സുള്ള എന്റെ ചെറുമകന്റെ മക്കളുടെ കല്യാണം അവിടെവച്ച് നടത്തുമ്പോൾ, എനിക്കവരെ ആശീർവ്വദിക്കുകയും ആവാമല്ലോ.)  തിരിച്ച് സോയൂസ് പേടകത്തിൽക്കയറി ബംഗാൾ ഉൾക്കടലിൽ ഇറങ്ങി,  ‘വാർഷിപ്പ്’ എന്ന കപ്പൽ വഴി നാട്ടിലെത്തുന്നതാണ്......ശേഷം നേരിൽ.......

കാര്യപരിപാടികൾ.
രാവിലെ  5  മണിക്ക്   - ആയുർവർദ്ധനാപൂജ..
    ”        8      ”         - ബ്ലോഗെഴുത്ത് വിജയീഹോമം..
    ”       10     ”         - എഴുത്തുകാരിലെ പൂച്ചകൾ മുതൽ സിംഹങ്ങൾ വരെ പങ്കെടുക്കുന്ന ചർച്ച.                                  (വിഷയം- ‘ജാതിമതം ഭക്ഷിക്കാതെ എങ്ങനെ ജീവിക്കാം..?’
              1 ന്   മൃഷ്ടാന്നഭോജനം. ( ഈ അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റാത്തവരുടെ പേരിൽ                                   പുഷ്പപൂജ ചെയ്ത് മറ്റുള്ളവർ കഴിക്കും.)
വൈകുന്നേരം  5  മണിക്ക് - ഓഡിയോ ബ്ലോഗിംഗുകാരുടെ  ‘ഗാനമഞ്ജരി’.
       ”         9. 30 ന്    - നൃത്തസംഗീതനാടകം...’കമെന്റ്സിൽ കയ്യിട്ടുവാരുന്നവർ’.
 രാത്രി  12 മണിക്കുശേഷം  ‘ആറാട്ട്’.    ‘താലപ്പൊലി’, ‘പഞ്ചവാദ്യം’, ‘പഞ്ചാരിമേളം’                                   എന്നിവയോടുകൂടിയ  എഴുന്നെള്ളത്ത്.

* സ്നേഹം നിറഞ്ഞ എല്ലാ രചയിതാക്കളും എത്തിച്ചേർന്ന്,  സംഭാവനകളും അഭിപ്രായങ്ങളും തന്ന് എന്റെ  ‘ബോക്സ്’ നിറയ്ക്കുകയും,  ഒരു  ഇരുനൂറ് വർഷംകൂടി എന്നെ ‘ജീവിച്ചിരുത്താ’ൻ ആശംസിക്കുകയും വേണമെന്ന് സദയം അഭ്യർത്ഥിച്ചുകൊള്ളുന്നു.
  എന്ന്,   ഇനിയെന്നും നിങ്ങളുടെ ‘കമെന്റ് ബോക്സി’ൽ  കാണാവുന്ന -   വി. എ. എന്ന് ലോഗോയിലും, ബാബുരാജ് എന്ന് പ്രൊഫൈലിലും,  ‘വിജയ് ആനന്ദ്’ എന്ന്  ഫെയ്സ് ബുക്കിലും കാണുന്ന ഒറിജിനൽ  വി. എ.   (ഒപ്പ്.)




Sunday, January 22, 2012

‘എന്റെ ’ലക്ഷ്മി’ക്ക്.....’

                                   
 വരിക  ‘ലക്ഷ്മീ’,യെന്നരികെ വീണ്ടും പു-
ഞ്ചിരിയുമായ്; അല്ലലകന്നുപോയിടും...

എരിയുമഗ്നിതൻ ഹസ്തങ്ങളിൽ തവ-
തിരുതനു,വാകെക്കരിഞ്ഞുതീരവേ
തിരിഞ്ഞതില്ലേതും, അറിഞ്ഞനേരം ഞാൻ
കരഞ്ഞുപോയ് കണ്ണീർക്കണങ്ങളോരാതെ...

തിരഞ്ഞു ഞാൻ നിന്റെയാത്മാവിനെയിഹ-
പരത്തിലും സ്വർഗ്ഗഗേഹത്തിലും നിത്യം
വിരഹവേദനാചകിതയായി എ-
ന്നരികിലുണ്ടാവുമെന്നാശ്വസിച്ചീടട്ടെ...

ചിരപരിചിതരല്ലെ,ന്നാലും ചിന്താ-
ഭാരം വെടിഞ്ഞാഗമിക്ക നീ ദേവതേ
പാരിൻ പ്രഭാപൂരമാർഗ്ഗം തെളിച്ചു മൺ-
ചിരാതുമായി ഞാൻ മുമ്പേ നടന്നിടാം...

നേരിലൊരിക്കലേ കാണാൻ കഴിഞ്ഞുള്ളൂ
ധീരമൊരുമാത്ര മാത്രം മൊഴിഞ്ഞുള്ളൂ
പോരാ, ചൊരിഞ്ഞാശ തീരുവോളം നമു-
ക്കിരുഗാത്രം, ഒറ്റ ഹൃദയമായിടാം...

ഇരുളിന്നകത്തളത്തിൽ ഒളിക്കാതെ-
വരിക; ശാന്തമാം മൽപ്രാണസാഗര-
ക്കരയിലെ സ്നേഹക്കുടിലിൻ തല്പത്തിൽ
‘ഒരല്പനേരം വന്നെന്നെ പുണരുക....’