Sunday, September 26, 2010

മാലിനി

   ‘ അങ്ങെത്തും മുമ്പേ...’ (തുടർച്ച)
                                           

ആ പാലത്തിന്റെ അടുത്തേയ്ക്ക് ഞാൻ വേഗത്തിൽ നടന്നു. ഇപ്പോൾ പതിനൊന്നു മണിയായി, കഠിനമായ ചൂടുണ്ട് വെയിലിന്. നേരത്തേ പറഞ്ഞ സംഭവം കഴിഞ്ഞിട്ട് ഒരു മണിക്കൂർ തികഞ്ഞില്ല.

താഴെ കായൽത്തീരത്തേയ്ക്ക് പോകാനുള്ള വീതികൂടിയ ഒരു വഴിയുണ്ട്. അതിനെക്കാൾ എളുപ്പത്തിലെത്താവുന്നതിനാൽ, റെയില്പാളത്തിന്റെ വശത്തുകൂടിയുള്ള ഒറ്റയടിപ്പാതയിലൂടെയാണ് ഞാൻ നടന്നത്.സൂക്ഷിച്ചില്ലെങ്കിൽ കാലുതെന്നി മുൾച്ചെടികളുടെ ഇടയിൽക്കൂടി താഴെവീഴും.പാളത്തിൽക്കൂടി നടന്നാൽ, ട്രെയിൻ മുമ്പിലെത്തിയാലേ അറിയൂ- അതുവന്ന് ഇടിച്ചുതെറിപ്പിച്ചങ്ങു പോകും. എതിരേ വരുന്നത് ജീവനുള്ള ഒരു മനുഷ്യനാണെന്നും, ഇടിക്കാൻ പാടില്ലെന്നും വണ്ടിയുടെ യന്ത്രത്തിന് അറിഞ്ഞുകൂടല്ലൊ.

ഇപ്പോൾ വ്യക്തമായിക്കാണാം.പാലത്തിന്റെ ഇപ്പുറത്ത് കുറേയാളുകൾ കൂടിനിൽക്കുന്നു, പെണ്ണുങ്ങളുമുണ്ട്.ചിലർ താഴേയ്ക്കുനോക്കി അവിടമൊക്കെ പരിശോധിക്കുന്നു. കുറച്ചുകൂടി മുന്നോട്ടുപോയി അവരെപ്പോലെ ഞാനും പാളത്തിൽനോക്കി.

പാളങ്ങളിലും കല്ലുകളിലുമൊക്കെ രക്തം ചിതറി ഉണങ്ങിയ അടയാളങ്ങൾ. ഉദ്ദേശം നൂറു മീറ്റർ ദൂരത്തായി അയാളുടെ ശരീരം ഒരു കാൽ അറ്റുപോയ നിലയിൽ തെറിച്ചു കിടക്കുന്നു. ആകപ്പാടെ ചതഞ്ഞമർന്ന് വികൃതമായെങ്കിലും, മുഖം ഒരുവിധം വ്യക്തമാകും.തലയുടെ പിൻ വശം പൊട്ടിത്തകർന്നു. വലതുവശത്ത് ഇടതിങ്ങി വളർന്നുപടർന്നു കിടക്കുന്ന പാഴ്ച്ചെടികളുടെ മുകളിൽ കുരുങ്ങി, അയാളുടുത്തിരുന്ന വെളുത്ത മുണ്ട് കാറ്റടിച്ചു പറക്കുന്നു.

ഇതൊക്കെ നോക്കുന്നവർ പലതും വിശദമായി പറയുന്നതിൽ നിന്നും, മരിച്ചത് എനിക്കറിയാവുന്ന ആളാണെന്നറിഞ്ഞു. ആ ഉടലിന്റെ അടുത്തുചെന്ന് മുഖം ശ്രദ്ധിച്ചുനോക്കി. അതെ അയാൾതന്നെ, മുകുന്ദൻ. ആറ്റുപുറത്തു നാലുകെട്ടിലെ ശേഖരൻ മേനോന്റെ മകൻ, മുകുന്ദൻ മേനോൻ.

ഞാനോർത്തു- ബസ്സിൽ കയറിയാൽ ചില്ലറയുടെ പേരിൽ കണ്ടക്റ്ററെ അടിക്കും, മാർക്കറ്റിൽ പോയാൽ വില പറഞ്ഞ് വഴക്കുണ്ടാക്കും, ഷാപ്പുകളിൽ ചെന്നാലും അതുതന്നെ സ്ഥിതി. എവിടെയും സ്ത്രീകൾക്കുവേണ്ടിയേ വാദിക്കുകയുള്ളൂ‍ .അതിനാൽ സ്ത്രീകൾക്ക് സ്നേഹമില്ലെങ്കിലും- വിരോധമില്ല, പുരുഷന്മാർക്ക് ഒട്ടും കണ്ടുകൂടാതാനും.

ധാരാളം സ്വത്തുക്കളുള്ള മേനോന് ഈയൊരു മകനേയുള്ളൂ. കൂടുതൽ ലാളിച്ചു വളർത്തിയതിനാൽ നല്ലതുപോലെ പഠിച്ചില്ല, നല്ല സ്വഭാവമില്ല. അഛനുമമ്മയും നല്ലതുപോലെ സൂക്ഷിച്ചു വളർത്തിയാലേ മക്കൾ നന്നാവൂ, പ്രത്യേകിച്ച് ആൺ മക്കളെ. മുകുന്ദന് ആ നിയന്ത്രണം ഉണ്ടായില്ല, ക്രമേണ അതുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഫലിച്ചതുമില്ല.  

ജീവിതത്തിൽ നല്ലവനായി നടക്കാതെ വെറും തെമ്മാടിയാവുന്നവന്, ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള ദുർമരണം മാത്രമേ ‘വിധി’ കൊടുക്കുകയുള്ളൂ.

അപ്പോൾ ഈ മുകുന്ദൻ തന്നെയാണ്, സിദ്ധനർകാരിയായ ‘മാലിനി’യെ പ്രശ്നങ്ങളുണ്ടാക്കി വിവാഹം കഴിച്ചത്. ഓ-അവളുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ആദ്യം അവിടെയല്ലേ എത്തേണ്ടത്? പെട്ടെന്ന് ഞാൻ കായൽതീരത്തെത്തി.

അവിടെ ആരേയും കാണാനില്ല. താഴെ അല്പമകലെയായി ഒരു വീട്ടിന്റെ മുമ്പിൽ നാലഞ്ചുപേർ നിൽക്കുന്നു, ഞാൻ അവിടെയെത്തി.  

ഓടു മേഞ്ഞ ഒരു വീടിന്റെ അരമതിൽ കെട്ടിയ ഉമ്മറക്കോലായ്ക്കകത്ത്, ഒരു യുവതി അവശതയോടെ ചാരിക്കിടക്കുന്നു. അടുത്തിരിയ്ക്കുന്ന മറ്റൊരു സ്ത്രീ അവളുടെ വയറ്റത്തും നെഞ്ചത്തും കൈപ്പത്തിയിലും കാല്പാദങ്ങളിലും തിരുമ്മുകയും തടവുകയും ചെയ്യുന്നു. രണ്ടുമൂന്നു സ്ത്രീകൾ ചുറ്റിലും നിന്ന് പിറുപിറുക്കുന്നു.

അടുത്തു ചെന്ന് ആ സ്ത്രീയോട് വളരെ പതുക്കെ ചോദിച്ചു “ ഇവരാണോ അവിടെ വെള്ളത്തിൽ വീണത്?’ അവർ എന്നെ ആപാദചൂഡം ഒന്നു നോക്കി. എന്റെ പരിതാപഭാവം കണ്ടിട്ടാവാം, അവർ ‘ അതെ ആങ്ങളെ...’ എന്നു പറഞ്ഞതുകേട്ട് , ആശ്വാസത്തോടെ ആ യുവതിയെ നോക്കി.

നല്ല പ്രസന്നതയും ശാലീനത്വവുമുള്ള കറുത്തു മെലിഞ്ഞ ഒരു സുന്ദരി, ‘ മാലിനി’. നൂലു പോലത്തെ ഒരു മാലയിൽ താലി കൊരുത്തിട്ടിരിക്കുന്നു. വലതു കയ്യിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്, സാരിയും ബ്ലൌസും അപ്പോഴും നനഞ്ഞതുതന്നെ. മറ്റുള്ളവർ അവളെ ചുറ്റിക്കൂടിയിരുന്ന് എന്തൊക്കെയോ ചോദിക്കുന്നെങ്കിലും, ഒന്നിനും അവൾ ഉത്തരം പറയാതെ തലയാട്ടുകമാത്രം ചെയ്തു.

ഒരു ചേച്ചിയെപ്പോലുള്ള ആ സ്ത്രീയെ പുറത്തേയ്ക്കു വിളിച്ച്, ഒഴിച്ചു നിർത്തി ഞാൻ..“ അവർ ഇവിടെ എങ്ങനെയെത്തി, എന്താ നടന്നത്, ആ നനഞ്ഞ സാരിയൊന്നു മാറ്റിക്കൂടെ...?’ എന്നൊക്കെ ചോദ്യമായി.

“ അതിന് അത് സമ്മതിക്കണ്ടെ? ഞാൻ കഴുകിയ തുണികൾ വിരിച്ചോണ്ടു നിൽക്കുവാരുന്നു. ഈ കൊച്ച് ഓടിവരുന്നതും ഞാനവിടെയെത്തും മുമ്പ് കമ്പിയിൽ പിടിച്ച് തൂങ്ങിവീഴുന്നതുമാ കണ്ടത്. കുറേ വിളിച്ചുകൂവി. ദൂരെ വള്ളത്തിൽ മണ്ണുംകേറ്റി തൊഴഞ്ഞു പോയ രണ്ടുപേര് നോക്കിയപ്പൊ, ഒറക്കെ കര്യം പറഞ്ഞു. അവര് അവിടെപ്പോയി ഇതിനെ തൂക്കിയെടുത്ത് എന്നെയേല്പിച്ച്, തൊഴഞ്ഞു പൊക്കളഞ്ഞു. ഞാനും ദേ അവളും കൂടാ പൊക്കിയെടുത്ത് ഇവിടെ കൊണ്ടുവന്ന് കെടത്തിയത്. ബോധം വന്നപ്പൊ മൊതല്, ‘ആളെക്കൂട്ടി ഒന്നും പറയരുതെ’ന്ന് പറഞ്ഞോണ്ടിരിക്കുവാ...” ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

“ ട്രെയിൻ തട്ടി ഒരാൾ ദേ അവിടെ മരിച്ച കാര്യം, ആരോ പറഞ്ഞുകേട്ടപ്പഴാ ഇത്രേം ബഹളം. ഡോക്ടറെ വിളിക്കല്ലെ, ആശുപത്രീ കൊണ്ടുപോവല്ലെ, അവരൊക്കെ അറിഞ്ഞാ പോലീസു വരും ആത്മഹത്യയ്ക്ക് കേസെടുക്കും എന്നൊക്കെയാ പേടിച്ചു പറേന്നെ. ഇപ്പൊ അതിന്റെ വീട്ടീ പോണംന്നാ പറഞ്ഞോണ്ടിരിക്കുന്നെ....”അവർ തുടർന്നു.

അപ്പോഴുണ്ട്, രണ്ടുപേർ ഓടിവന്ന് ആ ചേച്ചിയോട് ‘ എന്തായി, എന്തായി...’യെന്ന് അന്വേഷിക്കുന്നു.
“ ങ്ങാ, ദേയിവരാ അതിനെ കരയിലെത്തിച്ചത്”
“ ആ സമയത്ത് ആരെയെങ്കിലും ഏല്പിച്ചിട്ട് നിങ്ങൾക്ക് പോകാമായിരുന്നില്ലേ?” ഞാൻ.
നിസ്സഹായ ഭാവത്തിൽ അവർ എന്നെനോക്കി. “ പൊന്നുചേട്ടാ, സർക്കാരിന്റെ അനുവാദം വാങ്ങാതെ വള്ളത്തിൽ ദൂരെപ്പോയി മണലും വാരി വന്നതാ. അന്നേരം ഇവിടെ ആളു കൂടിയാ ആപ്പീസറന്മാര് കാണും, ഞങ്ങളകത്താവും. മൊതലാളിക്ക് മണ്ണു പോയാലും ഒന്നുമില്ല, ഞങ്ങൾക്ക് കൂലി മാത്രമാ കിട്ടുന്നത്, ഞങ്ങടെ വീട് പട്ടിണിയാവൂലേ? പിന്നെ വേഗം തുഴഞ്ഞ് മൊതലാളീടെ രഹസ്യ ബോട്ടുകൂടത്തില് മണലുവള്ളവും തള്ളിവച്ചിട്ടാ, വേറേ വള്ളത്തില് വന്നത്. ഞങ്ങളിങ്ങെത്തുന്നേനുമുമ്പ് ആ കൊച്ചിന് ഒന്നും സംഭവിക്കല്ലേന്ന് പ്രാർഥിച്ചോണ്ട് ഓടുവാരുന്നു ഞങ്ങള്....”

ശരിയാണ്. അവർക്ക് അവരേയും സൂക്ഷിക്കണമല്ലൊ. ‘ കുളിക്കാനിറങ്ങിയതാണെന്നും കാൽ വഴുതി വീണുപോയതാണെന്നും മറ്റുള്ളവരോട് പറഞ്ഞാൽ മതി’ യെന്ന് ഞാൻ അവരേയും ചേച്ചിയേയും ബോദ്ധ്യപ്പെടുത്തി.

അവൾ പറയുന്നതും ശരിയാണ്. മുകളിൽ മരണം നടന്ന സ്ഥലത്ത് പോലീസുകാർ വരും,  അന്വേഷിച്ച് ബന്ധപ്പെട്ട് ഇവിടെയുമെത്തും. പിന്നെ കേസ്, വഴക്ക്, ആകെ പൊല്ലാപ്പാകും. അതിനുമുമ്പ് അവളുടെ വീട്ടിലെത്തിച്ച്, ആശുപത്രിയിലുമാക്കാം. പെട്ടെന്ന് ഒരു കാറു വിളിച്ചുകൊണ്ടുവരാൻ വള്ളക്കാരനെ വിട്ടു. വണ്ടിയുമായി വരുന്നതിനു മുമ്പ് മുകളിൽ പോയി ഒന്നു നോക്കി.

ആരോ ചെന്ന് അറിയിച്ചപ്പോൾത്തന്നെ ശേഖരമേനോൻ അവിടെയെത്തി. മകൻ നഷ്ടപ്പെട്ട ദുഃഖത്താൽ അയാൾ എന്തൊക്കെയോ പറയുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്നുണ്ട്. കുറേക്കഴിഞ്ഞ് അടുത്ത സ്റ്റേഷനിൽ നിന്നും ട്രെയിൻ ഡ്രൈവർ അറിയിച്ചപ്രകാരം,  ഒരു പോലീസുകാരൻ  മറ്റു  മൂന്നുപേരുമായെത്തി. ഭാഗ്യത്തിന് താഴെ നടന്ന സംഭവമൊന്നും ആരും അറിഞ്ഞിട്ടില്ല. ഇനി അവിടത്തെ കാര്യം അവർ നോക്കിക്കൊള്ളും, ജഡമൊക്കെ വാരിയെടുത്ത് ആ തന്ത കൊണ്ടുപൊയ്ക്കോളും.

വണ്ടിയെത്തി.  ചേച്ചിയേയും വള്ളക്കാരനേയും കൂട്ടി മാലിനിയെ താങ്ങിപ്പിടിച്ച്, അവൾ ചൂണ്ടിക്കാണിച്ച വഴിയേ നീങ്ങി അവളുടെ വീട്ടിലെത്തി. ഇഷ്ടികകൊണ്ട് കെട്ടിയ ഒരിടത്തരം വീട്. നാലു വയസ്സുകാരിയായ ഒരു കുട്ടിയെ മടിയിലിരുത്തി, വാതിൽ‌പ്പടിയിൽ ഒരമ്മ ഇരിക്കുന്നു. വണ്ടി നിർത്തിയപ്പോൾ, അവ്യക്തമായി മാലിനിപറയുകയാണ്.“ എനിക്കിറങ്ങണ്ടാ...എനിക്കിനി ജീവിക്കണം...ആശുപത്രിയിൽ പോ.... അമ്മേ...മോളേ...” 

മകളെക്കണ്ടപാടെ അമ്മ നിലവിളി തുടങ്ങി. ഒന്നുമറിയാതെ കൊച്ചുമകൾ കൂടെച്ചേർന്ന് കൂട്ടക്കരച്ചിലായി.മകളെ പിടിക്കാൻ കൈ നീട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു, മാലിനി. കഴിയുന്നില്ല.അവളുടെ പിൻ വശത്ത് സാരിയുടെ ഭാഗമാകെ രക്തം പടർന്നിരിക്കുന്നു. വളരെ മോശമായ നിലയിലാണിപ്പോൾ. 

എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായി  അമ്മ, കൊച്ചുമകൾ, ചേച്ചി, മാലിനി എന്നിവരെ പിൻസീറ്റിലും ഞാനും വള്ളക്കാരനും മുന്നിലും കയറി ആശുപത്രിയിലേയ്ക്കു പോയി. “എനിക്ക് ജീവിക്കണം.. എനിക്ക് മോളെ വളർത്തണം... ജീവിക്കണം....”ഇങ്ങനെ തീരെ താഴ്ന്ന സ്വരത്തിൽ പറയുന്നുണ്ട്, അവൾ.‘ അവിടെയെത്തും മുമ്പ് ഒന്നും സംഭവിക്കരുതേ..’യെന്ന് എന്റെ മനസ്സ് വിങ്ങിമന്ത്രിച്ചു.

അവിടെയെത്തിയപാടെ ഞാനോടിച്ചെന്ന് ഡോക്ടറെക്കണ്ട്, ‘കുളിക്കുമ്പോൾ ആഴത്തിൽ വീണുപോയതാണെ’ന്ന് വിവരം പറഞ്ഞു. അദ്ദേഹം ജോലിക്കാരെവിട്ട് മാലിനിയെ കാഷ്വാലിറ്റിയിലേയ്ക്കു കയറ്റാൻ ഇരുമ്പു കിടക്കയിൽ കിടത്തി.  ഇപ്പോൾ ശരീരത്തിന്റെ പകുതിഭാഗവും ചുവന്ന പട്ടുവിരിപ്പുപോലെ നനഞ്ഞുകഴിഞ്ഞു.

അവൾ ഞങ്ങളെ ദയനീയമായി മാറിമാറി നോക്കി “ എന്റെ മോൾ... അമ്മാ...എനിക്ക്..എനിക്കിനിയും ജീവിക്കണം...എനിക്ക്...എനിക്ക്...”  അവ്യക്തമായി ഉച്ചരിക്കുന്നുണ്ടെങ്കിലും, ആ കണ്ണുകൾ പാതി അടയുന്നുവോ.? ‘ഇനി എന്താവും’ എന്ന ആകാംക്ഷ എന്നെ അസ്വസ്ഥനാക്കി.

‘കഷ്ടമേ..!! മരിക്കണം എന്ന് ചിന്തിക്കുന്നത് ഒരു നിമിഷനേരത്തുണ്ടാകുന്ന ആവേശം. മരിച്ചാൽ എല്ലാം തീർന്നുപോവില്ലേ, പിന്നെ ആരെയാണ് ജീവിച്ചുകാണിക്കുക? മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കാൻ ശ്രമിച്ചാലും, ഇതുപോലെ നരകയാതനയാവും ഭവിക്കുക.  ആർക്കും ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാകരുതേയെന്ന് പ്രാർഥിക്കുമ്പോൾ, അകത്തുനിന്നും- അവിടേയ്ക്കുപോയവരുടെ നിലവിളി ഉച്ചത്തിൽ മുഴങ്ങി, ‘അവൾ മരണത്തിന്റെ ശൂന്യതയിലേയ്ക്ക് പറന്നുപോയി..’ എന്നറിയിച്ചുകൊണ്ട്......
             --------------------------------------------------------------------------------------                       “   എന്താ ഒരു മണിക്കൂറായല്ലോ, വിഷമിച്ച് ചിന്തിക്കുന്നത്?”  ശബ്ദം കേട്ട് നിവർന്നു നോക്കിയപ്പോൾ, ചായ മേശപ്പുറത്തുവച്ച് ഭാര്യ ജയാമ്മ നിൽക്കുന്നു.                                                                                               “എന്തു പറ്റി, ഉം.....?” പിന്നെയും അവൾ ചോദ്യത്തിലാണ്.    കഥയിൽ നിന്നും പുറത്തുകടന്ന ഞാൻ, അവളുടെ മുഖത്തേയ്ക്കു നോക്കി ചോദിച്ചു “ തനിക്ക്  ആത്മഹത്യ ചെയ്യണോ..?”                                 പെട്ടെന്നുള്ള അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടിപ്പോയി.                             സ്തബ്ധയായി ശിലപോലെ നിൽക്കുന്ന ഭാര്യയെ , ഒളികണ്ണിട്ട്  ഒന്നു നോക്കിയശേഷം ഞാൻ ചായയെടുത്തു,കുടിക്കാൻ..........                    
                                                **********************ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം

Sunday, September 19, 2010

‘അങ്ങെത്തും മുമ്പേ....’

അവൾ ഓടി.

നീണ്ടുനിവർന്നു കിടക്കുന്ന റെയിൽ പാളത്തിന്റെ മദ്ധ്യത്തിലൂടെ, കൂർത്തു മൂർത്ത ചെറുപാറക്കല്ലുകളിൽ ചവിട്ടി വേഗത്തിൽ ഓടി. പാദങ്ങളിലെ മാംസവും എല്ലും ചതഞ്ഞ്, അതിന്റെ വേദന ശിരസ്സു വരെ ആക്രമിക്കുന്നതും, രക്തം വാർന്ന് കല്ലുകളിൽ ചുവന്ന പൊട്ടുകൾ വീഴ്ത്തുന്നതും, അവൾ ശ്രദ്ധിക്കുന്നതേയില്ല.

ഒരേയൊരു ലക്ഷ്യം മാത്രം, ഈ ജീവിതം ഇനി വേണ്ട, രക്ഷപ്പെടണം- എല്ലാം അവസാനിപ്പിക്കണം.


‘‘..മാലിനീ....മാലിനീ......”

‘ അയാളുടെ വിളിയാണ്, അകലെനിന്നും ഉറക്കെ വിളിച്ചുകൊണ്ട് തന്നെ പിന്തുടരുന്ന ഭർത്താവ്. സ്വന്തം ഹൃദയത്തെക്കാളേറെ സ്നേഹിച്ച്, ജീവിതം തന്നെ അയാൾക്കു വേണ്ടി അർപ്പിച്ചിട്ടും തന്നെ വഞ്ചിച്ച ഭർത്താവ്. വേണ്ട, ഇനി അയാളുമായുള്ള ജീവിതം വേണ്ട..’

അവൾ ഓട്ടത്തിന് വേഗം കൂട്ടി.

പിറകിൽ നിന്നും അവൾക്കൊപ്പം വീശിവരുന്ന കാറ്റ്, പാറിക്കിടന്ന മുടിച്ചുരുളുകളെ വിയർത്ത് നനവാർന്ന മുഖത്തേയ്ക്ക് പറത്തി, കണ്ണുകളെ മറച്ചു. ഈ ദൃഢനിശ്ചയം മാറ്റാനാവാം, കാറ്റിന്റെ ശ്രമം. നെറ്റിയിൽ നിന്നൂർന്നുവരുന്ന വിയർപ്പ്, കണ്ണുനീരുമായി ചേർന്ന് കവിളിലൂടെ ഒഴുകി. പരിസരം പോലും ശ്രദ്ധിക്കാതെ ഓട്ടം തുടർന്നു....

“ മാലിനീ.. നിൽക്കൂ...എന്നോടു ക്ഷമിക്കൂ....ഇനി ഓടരുതേ....”

‘ അയാൾ അലറിവിളിച്ചുകൊണ്ട് പിന്നിലായി ഓടിവരുകയാണ്. വളരെയകലെയായി കൈവരിയോടുകൂടിയ പാലം കാണാം. ഇങ്ങ് അടുത്തെത്തും മുമ്പ് ഓടി അവിടെയെത്തണം. കണ്ണിലേയ്ക്കു വീണ മുടി നീക്കിമാറ്റി, പറക്കുന്ന സാരിത്തുമ്പ് ഒതുക്കിപ്പിടിച്ച് മുന്നിൽ ദൂരേയ്ക്കു നോക്കി. പാലത്തിലെത്തണമെങ്കിൽ ഇനിയും കുറേ ദൂരമുണ്ട്. ഇതിലും വേഗത്തിൽ ഓടാനും വയ്യ, യാന്ത്രികമായെങ്കിലും ഓടിയേ പറ്റൂ..’

നിമിഷ നേരം അവളൊന്നു തിരിഞ്ഞു നോക്കി.‘ കുറേ സമയം കഴിഞ്ഞാലേ അയാൾക്ക് തന്റെയടുത്തെത്താൻ സാധിക്കൂ, അത്ര ദൂരത്തിലാണ്. അയാളിങ്ങെത്തും മുമ്പ് പാലത്തിലെത്തണം. താനും പാലവുമായുള്ള ദൂരം തന്നെയുണ്ട് അയാളിങ്ങെത്താൻ. ഒരു കാരണവശാലും പിടികൊടുക്കരുത്, അതിനുമുമ്പ് പാലത്തിൽ കയറണം.


ഇനിയും ക്ഷമിക്കാൻ വയ്യ, സ്നേഹിച്ച് വിവാഹം കഴിക്കുന്നതുവരെ കാണിച്ച സ്വഭാവമല്ല, ഇന്ന് അയാൾക്ക്. താൻ താഴ്ന്ന ജാതിക്കാരിയാണെന്നറിഞ്ഞു തന്നെയാണ്, അയാളുടെ വീട്ടുകാർ സ്വീകരിച്ചു താമസിപ്പിച്ചത്. ജാതിയെപ്പറഞ്ഞുള്ള വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ടു മടുത്ത്, ഒരു വേലക്കാരിയായിമാത്രം അവിടെ ജീവിച്ചു. എന്നിട്ടും അയാൾ കാണിച്ച കപടസ്നേഹത്തിൽ അലിഞ്ഞുചേർന്ന്, ഒന്നായിക്കഴിഞ്ഞു.

ഗർഭിണിയായിരിക്കുമ്പോഴും അമ്മയുടെ ശുശ്രൂഷയിൽ പ്രസവം തന്റെ കുടിലിൽ നടക്കുമ്പോഴും, അയാളോ വീട്ടുകാരോ തിരിഞ്ഞു നോക്കിയില്ല. മോൾക്ക് മൂന്നു വയസ്സായപ്പോഴാണ്, വിവാഹത്തിനു ശേഷമുള്ള മറ്റൊരു ബന്ധം അറിഞ്ഞത്. വീട്ടിൽ അമ്മ മാത്രമല്ലേയുള്ളൂ, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.തന്റെ കൂടെ പഠിച്ചവളും അയാളെപ്പോലെ ഉയർന്ന ജാതിക്കാരിയുമായതിനാൽ എല്ലാം സഹിച്ചു.

പക്ഷേ, ഇന്നു കണ്ടത് ആരും സഹിക്കാത്തതല്ലേ? അയാൾ സ്നേഹിച്ചിട്ടേയില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അത് വ്യക്തമായി..........’


അകലെനിന്നും ട്രെയിൻ വരുന്നതിന്റെ ചൂളംവിളി കേൾക്കുന്നു. അത് ഇങ്ങെത്തുന്നതിനു മുമ്പ് പാലത്തിലെത്തണം, അവൾ സർവ്വശക്തിയുമെടുത്ത് ഓടി.


“...മാലിനീ....വണ്ടി വരുന്നു..ഓടരുതേ....മാറിക്കോ......” നിരാശ കലർന്ന് കരയുന്ന വിളിയോടെ അയാൾ പിന്തുടരുകയാണ്. ‘ അവൾ പാലത്തിലെത്തും മുമ്പ് അവിടെയെത്തണം, അല്ലെങ്കിൽ എന്തും സംഭവിക്കാം. താൻ കുറ്റക്കാരൻ തന്നെ, അവളെ രക്ഷിച്ചേ പറ്റൂ. യഥാർത്ഥത്തിൽ താനാണ് മരിക്കേണ്ടത്. മറ്റൊരു ഭാര്യയുണ്ടെന്നറിഞ്ഞിട്ടും മാലിനി തന്നോടു ക്ഷമിച്ചു, സഹിച്ചു. ഇപ്പോൾ മറ്റൊരുത്തി, പണത്തിനുവേണ്ടി തന്നെ വശീകരിച്ചതാണെന്ന് ഇപ്പോഴാണല്ലോ അറിഞ്ഞത്. പേരുദോഷമുള്ളവളാണെന്നറിഞ്ഞിരുന്നിട്ടും അവളുമായി കൂടിയത്, അതും ഇപ്പോൾ- മാലിനി നേരിൽ കാണേണ്ടിവന്നത്...അത് അവളെന്നല്ല, ആരും സഹിക്കില്ല. താൻ മരിക്കുന്നതു തന്നെ നല്ലത്, മാലിനിയെ രക്ഷിക്കണം. അവൾ അങ്ങെത്തും മുമ്പ് പിടിച്ചുനിർത്തണം.....’

അയാളും വളരെവേഗത്തിൽ ഓടി.

താഴെ- കായലിന്റെ തീരത്തുള്ള ഒരു വീടിന്റെ മുറ്റത്ത്, വസ്ത്രങ്ങൾ അയയിൽ വിരിച്ചുകൊണ്ടുനിന്ന ഒരു സ്ത്രീ അവളെ കണ്ടു. അത്ഭുതത്തോടെ, ആകാംക്ഷയോടെ തുണികൾ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് മാലിനിയുടെ ഒപ്പമെത്താനായി അവരും ഓടി.

ഇപ്പോൾ ട്രെയിൻ വ്യക്തമായി കാണാം. പാലം അടുത്തെത്തി. വണ്ടി പാലത്തിൽ കയറുന്നതിനു മുമ്പ് അങ്ങെത്തണം. വയറ്റിൽ കിടക്കുന്ന ഒരു ജീവനെക്കൂടി അനാഥമാക്കരുതെന്നുള്ള ചിന്ത വന്നപ്പോൾ, മാലിനിക്ക് ധൈര്യം ഇരട്ടിച്ചു. പെട്ടെന്നോടി പാലത്തിന്റെ അടുത്തെത്തി.

പെട്ടെന്നാണ്, പാളത്തിൽക്കൂടി ഒരു സ്ത്രീ ഓടിവരുന്നത് ഡ്രൈവർ കണ്ടത്. അയാൾ കൈവീശി ‘മാറിക്കോ..മാറിക്കോ...’യെന്ന് ആംഗ്യം കാട്ടി വിളിച്ചുകൂവി.

‘പാലം അടുക്കാറായി, വണ്ടി അങ്ങെത്തും മുമ്പ് നിർത്താൻ സാധിക്കില്ല.ബ്രേക്ക് പിടിച്ചാൽത്തന്നെ ഒരു കിലോമേറ്റർ പോകും. മാത്രമല്ല, ഇനിയും രണ്ടു സ്റ്റേഷൻ കഴിഞ്ഞേ നിർത്താൻ നിയമമുള്ളൂ. ഒരു മണിക്കൂർ താമസിച്ചു, ഇപ്പോൾത്തന്നെ-മണിപത്തുകഴിഞ്ഞു. വെയിലിന്റെ ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു..’

ഡ്രൈവർ ഇപ്പോൾ മറ്റൊന്നുകൂടി കണ്ടു, ആ സ്ത്രീയുടെ പിന്നാലെ മറ്റൊരാൾ ഓടിവരുന്നു. അവർ ഒഴിഞ്ഞു മാറിയില്ലെങ്കിൽ രണ്ടുപേരേയും ഇടിച്ചു തെറിപ്പിക്കും. അയാൾ എഞ്ജിനകത്തുണ്ടായിരുന്ന ഒരു കമ്പിയെടുത്ത്, മുന്നിലേയ്ക്ക് അവളുടെ നേരേ എറിയാൻ ഓങ്ങി. കൂട്ടുകാരനായ ഡ്രൈവറും അതു കണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല.

അവൾ പാലത്തിന്റെ തുടക്കത്തിലെത്തി.

‘ അവിടെയെത്തും മുമ്പ് അവളെ വണ്ടിയിടിക്കുമോ?’ “ മാലിനീ...”യെന്ന അലർച്ചയോടെ ഭർത്താവായ അയാൾ ഭ്രാന്തനെപ്പോലെ പാലത്തിന്റെ അടുത്തെത്തി.

വണ്ടി പാലത്തിന്റെ തുടക്കത്തിലെത്തി. ഇപ്പോൾ പാലത്തിന്റെ നടുക്കെത്തിയ അവൾ, പെട്ടെന്ന് തിരിഞ്ഞ് കൈവരികളിൽ പിടിച്ചു. കാലുകൾക്ക് തടസ്സമായി നിന്ന സാരി കുറേ ചുരുട്ടിപ്പൊക്കി, കൈവരിക്കമ്പികളിലേയ്ക്ക് കയറാൻ നോക്കി. ചവിട്ടിനിൽക്കാൻ കഴിയുന്നില്ല.

ട്രെയിൻ പാലത്തിൽ കയറി.

അവൾ കൈവരികളുടെ ഇടയിലുള്ള തുറന്ന ഭാഗത്തുകൂടി നൂർന്നിറങ്ങി, പുറത്തെ വശത്തേയ്ക്ക് കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടന്നു.

വണ്ടി അതിവേഗത്തിൽ നീങ്ങി.

മാലിനി താഴേയ്ക്കു നോക്കി. ‘ഹാ...’ സ്വഛമായ കായൽ പരപ്പ് ‘ വരൂ മോളേ...’യെന്ന് വിളിക്കുന്നതായി അവൾക്ക് തോന്നി. പതുക്കെ പിടി വിട്ടു...

വണ്ടി പാലം കടന്നു. ഡ്രൈവർ കമ്പിയിൽ തൂങ്ങിക്കിടന്ന് പിന്നോട്ടെത്തിനോക്കി. അവൾ, താഴെ ജലാശയത്തിൽ തൊട്ടതേയുള്ളൂ , കായലിന്റെ ഹൃദയം അവിടെയാണെന്ന് തോന്നുംവിധം, വെള്ളത്തിന്റെ കുറേ കൈകൾ നീണ്ടുവന്ന് താലോലിച്ച് അവളെ ആലിംഗനം ചെയ്തു.

ഇതിത്രയും നോക്കിക്കൊണ്ട്, ഒരു സ്ത്രീ സ്തബ്ധയായി താഴെ നിൽക്കുന്നു.

ഡ്രൈവർ മുന്നിലേക്ക് നോക്കി, പാളത്തിൽ ആരേയും കാണാനില്ല. ആ മനുഷ്യൻ വണ്ടിയിടിച്ചു ചിതറിയിട്ടുണ്ടാവുമെന്ന് മനസ്സിലായി. വണ്ടി അല്പം ദൂരെയെത്തിയപ്പോൾ പിന്നിലേയ്ക്ക് നോക്കിയ അയാൾ കണ്ടു.....പാലത്തിനു മുമ്പ്, രണ്ടുവശത്തും ഇടതൂർന്ന് പടർന്നുകിടക്കുന്ന മുൾച്ചെടികളുടെ മുകളിൽ, ഒരു വെളുത്ത തുണി ദേശീയപതാക പോലെ പറന്നുകളിക്കുന്നു.

എന്തുചെയ്യണമെന്നറിയാതെ - സ്വബോധമില്ലാതെ, തലയിൽ കൈവച്ചുകൊണ്ട് അയാൾ കൂട്ടുകാരനെ നോക്കി, ഒരു നിമിഷം വശത്തേയ്ക്ക് ചാരിനിന്നു.

പെട്ടെന്നയാൾക്കു തോന്നി, അടുത്ത സ്റ്റേഷനിലെത്താൻ ഉദ്ദേശം അഞ്ചു കിലോമീറ്റർ ദൂരമുണ്ട്. അവിടെയെത്തും മുമ്പ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കണം.

അയാൾ ഫോൺ കയ്യിലെടുത്തു........................

                                                          (എത്തിയ ശേഷം  അടുത്തതിൽ......)

*********************************

Thursday, September 9, 2010

‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’

                        ‘ എന്നും എല്ലാവർക്കും ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടെ’ യെന്ന് പ്രാർത്ഥിച്ചുകൊണ്ട്, എന്റെ ഹൃദയംഗമമായ “ ഈദ് മുബാറക്”.

                                        ‘ പ്രാന്തിച്ചി ’ v/s  ‘ പൊട്ടിച്ചി ’  
                                           ----------------------------------

                         ഇത്തവണ പെരുന്നാൾ സദ്യയായി ഒരുക്കിയ എല്ലാ വിഭവങ്ങളും നല്ലതുതന്നെയായിരുന്നു. ഓരോരുത്തർക്കും പ്രത്യേകമായി അഭിപ്രായമെഴുതാൻ സമയക്കുറവ് അനുവദിച്ചില്ലായെന്നത് സത്യം, എല്ലാവരും ക്ഷമിയ്ക്കുമല്ലോ.  വായിച്ച എല്ലാ നല്ലതുകളിൽ നിന്ന്, പ്രത്യേകമായി തോന്നിയ രണ്ടു പെൺ കഥാപാത്രങ്ങളെ, മറ്റുള്ള ചില രൂപങ്ങളുമായി സാദൃശ്യമല്ലാത്ത സ്വഭാവവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടാൻ ഈ ലക്കം ഉപയോഗിക്കുന്നു.

                        ‘പട്ടേപ്പാടം റാംജി’യുടെ ‘പൊട്ടിച്ചി’യും ‘എച്ച്മുക്കുട്ടിയുടെ’ ‘പ്രാന്തിച്ചി’യും രാവും പകലും പോലെയുള്ള വ്യത്യാസം. യഥാർത്ഥത്തിൽ ഒന്ന്-അഴുക്കു ചാലിൽ കഴിയുന്ന  രാവിന്റെ സന്തതിയും, മറ്റൊന്ന്-സ്ത്രീക്ക് പ്രചോദനമായി പകർത്താവുന്ന  പകലിന്റെ പ്രകാശവും. നമ്മൾ കണ്ടിട്ടുള്ള വ്യക്തികൾതന്നെ എങ്കിലും, അതെഴുതിക്കാണിച്ച നാടകാവിഷ്ക്കാരമാണ് ഞാൻ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ നാടകങ്ങളെപ്പറ്റിയാകാം.

                         ആണുങ്ങളുടെ ആധിപത്യവും ദൌർബ്ബല്യവും നിലനിൽക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാൽ എന്താണ് നടക്കാത്തത്? ബുദ്ധിയുള്ളവളാണെങ്കിൽ രാജാക്കന്മാർ വരെ അവളുടെ നിയന്ത്രണത്തിൽ ഒതുങ്ങും, ഇല്ലെങ്കിൽ ഒതുക്കും. (രണ്ടു ചക്രവർത്തിമാരെ ഒതുക്കി ഭരിച്ച ‘ക്ലിയോപാട്ര’യെ ഓർക്കുക. ഈ വിഷയം അടുത്ത ലക്കങ്ങളിൽ വരും.) ഇനി ബുദ്ധിയില്ലാത്തവളാണെങ്കിലോ, സ്വയം നശിക്കും, അല്ലെങ്കിൽ നശിപ്പിക്കും.

                         സ്വന്തം വീടിന്റെ ചാരുത കൂട്ടിയും, വീട്ടുകാരുടെ മനോഭാവം മാറ്റിയും, സ്വയം വ്യക്തിത്വം അറിഞ്ഞും ജീവിക്കുന്ന ഒരു സ്ത്രീയാണ് ‘പ്രാന്തിച്ചി’യായി രംഗത്തു വരുന്നത്. ഒരു ഭാര്യയായാൽ ഇങ്ങനെയുള്ളവളാവണമെന്ന് നമുക്ക് തോന്നും, ഏറെയും അത് നടക്കാത്തതാണെങ്കിലും. ലളിതമായ ജീവിതചിന്തയുള്ള ഭാര്യയുടെ മനസ്സ് മനസ്സിലാക്കി, അതനുസരിച്ച് പുഞ്ചിരിയോടെമാത്രം എന്തിനേയും നേരിട്ടുനീങ്ങുന്ന ഒരു നല്ല ഭർത്താവിനേയും കൂടെക്കാണാം. എപ്പോഴും ഒരു സംഭവം ചുരുക്കിപ്പറയുന്ന കഥാകാരി, ഇതിൽ വിവരണം കുറേ കൂടുതലാക്കി എന്നേയുള്ളൂ .

                         ഇതിന്റെ അഭിപ്രായങ്ങളിൽ ‘ നനവ്’ കുറിച്ചിട്ടുള്ള നല്ല വരികൾ അനുബന്ധമായി കൊടുക്കാൻ പ്രാധാന്യമുള്ളവയാണ്.

                          മറ്റൊരു വിപരീതസ്വഭാവമുള്ള സ്ത്രീയെ നോക്കുക- സ്വന്തം അനുജനായ പീലിപ്പോസിന്റെ ഭാര്യ ‘ഹെറോദിയാ’യെ ‘ഹേറോദേസ്’ രാജാവ് തന്റെ പത്നിയാക്കി താമസിപ്പിച്ചു. ഈ പ്രവൃത്തി വഞ്ചനാപരവും നീചത്വവുമാണെന്നും, അവളെ സഹോദരനുതന്നെ തിരിച്ചേല്പിക്കണമെന്നും പലപ്പോഴായി  ‘സ്നാപകയോഹന്നാൻ’ ഉപദേശിച്ചു. രാജാവ് അതു പാലിച്ചില്ല. എങ്ങനേയും യോഹന്നാനെ വധിക്കാനുള്ള ഉപായം ആലോചിച്ചുകൊണ്ട് കഴിയുകയാണ്, റാണീസിംഹാസനത്തിൽ വിരാജിക്കുന്ന ഹെറോദിയാ.

                           രാജാവിന്റെ ജന്മദിനം വളരെ ആർഭാടമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഗലീലിയിലെ പ്രമാണികളേയും രാജപ്രമുഖന്മാരേയും പ്രഭുക്കന്മാരേയുമൊക്കെ വിരുന്നിന് ക്ഷണിച്ചു വരുത്തി. രാജാവിന്റേയും അതിഥികളുടേയും പ്രീതി നേടാനും ഉദ്ദേശകാര്യം സാധിക്കാനുമായി, മകൾ ‘ സലോമി’ യെക്കൊണ്ട് അവരുടെ മുമ്പിൽ ഒരു മാദകനൃത്തം ചെയ്യിപ്പിച്ചു.

                            ആ നൃത്തത്തിന്റെ വികാരതീവ്രതയും ലാസ്യഭാവവും നിമിത്തം, സലോമി ചോദിക്കുന്നതെന്തും - രാജ്യത്തിന്റെ പകുതിയായാലും - കൊടുക്കാമെന്ന് രാജാവ് ശപഥം ചെയ്തു. ‘സ്നാപകയോഹന്നാ’ന്റെ ശിരസ്സ് ഒരു തളികയിൽ വച്ചുതരണമെന്ന്, അമ്മയോടാലോചിച്ചശേഷം  സലോമി വന്നാവശ്യപ്പെട്ടു. ഇത് തന്റെ ഭാര്യയുടെ ഗൂഢതന്ത്രമാണെന്നറിയാമായിരുന്നിട്ടും, മനസ്സില്ലായ്മയോടും ദുഃഖത്തോടും കൂടി രാജാവ് സേവകനെവിട്ട് കാരാഗൃഹത്തിൽ കഴിയുന്ന വിശുദ്ധയോഹന്നാന്റെ തല വെട്ടിയെടുത്ത് താലത്തിൽ വച്ച് സലോമിക്ക് കൊടുത്തു, അവളത് അമ്മയെ ഏല്പിച്ചു...............

                             ഇതിലെ ഓരോ ചലനങ്ങളും പല നാടകങ്ങളിലും സിനിമയിലുമായി നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ. (‘കടൽ വിളക്ക് ’-നാടകം-കെ.ശിവദാസൻ.എം.എ;ബി.എഡ്.)
                                 (സിനിമ- ‘ സ്നാപകയോഹന്നാൻ ’ )
                             ഈ അമ്മയും മകളും പെണ്ണുതന്നെയാണ്.അവതരണരീതി ശ്രദ്ധിക്കുക. ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ പലരേയും ദുഷ്ടരാക്കാം, നല്ലവരുമാക്കാം. അതിനാൽ, സ്ത്രീകൾക്ക് അത്യാവശ്യം അനുകരിക്കാനാവശ്യമായ ഒരു ‘പ്രാന്തിച്ചി’യെ, നാടകീയതയോടെ രംഗത്തു കൊണ്ടുവന്നതാണ് നല്ല ആശയത്തിന്റെ വിജയം.
                    ............    http://echmuvoduulakam.blogspot.com    ..............
                                       *****************************************

                          മദ്ധ്യവയസ്കനായ ‘പീറ്റർ’ രണ്ടാം ഭാര്യയായി അയാളെക്കാൾ പ്രായം കുറഞ്ഞ ‘അനീസിയ’യെ വിവാഹം കഴിച്ചു. ഭർത്താവിന്റെ സമ്പത്താകെയും അവളുടെ പേരിലായിരുന്നു. വിരസമായ അവളുടെ ജീവിതത്തിലേയ്ക്ക് ജോലിക്കാരനായ ഒരു യുവാവ് -‘നികിത’- കാമുകനായെത്തി. അവർ പരസ്പരം ഗാഢമായും ആത്മാർത്ഥമായും സ്നേഹിച്ചു.

                         ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണം കഴിഞ്ഞ് അവർ വിവാഹിതരായി. ഇരുമെയ്യാണെങ്കിലും ഒരു ഹൃദയം പോലെ, ആഹ്ലാദത്തോടും പരമാനന്ദത്തോടും മതിമറന്ന് ജീവിച്ചുവന്നു. അതിരുകവിഞ്ഞ സ്നേഹത്തിന്റെ നിറവേളയിൽ അവളുടെ എല്ലാ സ്വത്തുക്കളും നികിതയുടെ പേരിൽ എഴുതിവയ്ക്കുകയും ചെയ്തു.

                         ഒരു ദിവസം, ആനന്ദലഹരിയുടെ ഉത്തുംഗാവസ്ഥയിൽ നിൽക്കുന്ന പ്രത്യേക മുഹൂർത്തത്തിൽ, അവൾ ഒരു സത്യം അയാളോടു തുറന്നു പറഞ്ഞു-‘നിങ്ങളെ എനിക്ക് സ്വന്തമാക്കുന്നതിനുവേണ്ടി, എന്റെ ഭർത്താവിന് ഞാൻ വിഷം കൊടുത്തു കൊന്നതാണ്’ എന്ന്. ആത്മാർത്ഥതയുള്ള ഭർത്താവ് സഹിക്കുമോ ഇത്? അയാൾ ചോദിക്കുന്നു-‘ ...നാളെ മറ്റൊരുത്തനു വേണ്ടി നീ എന്നെയും ഇതുതന്നെ ചെയ്യില്ലേ?’

                           നികിത പ്രതികാരാവേശത്താൽ നിരന്തരം കോപാകുലനും മദ്യപനുമായി മാറി. ക്രമേണ- കോടീശ്വരനായ അവൻ, അവളെ വീട്ടിൽനിന്നും ആട്ടിപ്പുറത്താക്കുകയും, അനാവശ്യച്ചെലവുകൾ ചെയ്ത് എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു.

                            ഏകാകിനിയും ഗർഭിണിയുമായ അവൾ തെരുവിലൂടെ അലഞ്ഞു നടക്കുകയും, ഒരു വിജനമായ സ്ഥലത്തുവച്ച് പ്രസവിക്കുകയും ചെയ്യുന്നു.‘ ഇപ്പോൾ’ സ്വന്തം കുഞ്ഞുമായുള്ള പൊക്കിൽക്കൊടിബന്ധം അവൾ കടിച്ചുമുറിക്കുന്നു..........(തുടർന്നു വായിക്കുക.)

                          ടോൾസ്റ്റോയിയുടെ ‘ The Power of Darkness '  എന്ന നാടകത്തിലെ ചില രംഗങ്ങളാണിത്. ആദ്യാവസാനം ഓരോ ചലനങ്ങളും ഹൃദയത്തിൽ പോറലേല്പിച്ചുകൊണ്ട് നമ്മളെ വിഷാദത്തിന്റെ ചുഴിയിലാഴ്ത്തും.

                          അതുപോലെയല്ലെങ്കിലും, ഒരു പ്രസവരംഗം നാടകത്വത്തോടെ നല്ല വരികളിൽ പട്ടേപ്പാടം റാംജി എഴുതിയത്, കഥയല്ല കാര്യം- അതവതരിപ്പിക്കുന്ന രീതിയാണ് ഉത്തമമെന്ന് ‘ പൊട്ടിച്ചി’യിലൂടെ കാണിച്ചുതരുന്നു.
                       ........  http://pattepadamramji.blogspot.com      ..............
                          ജുവൈരിയാ സലാം ‘നൊമ്പരം’ എന്ന അനുഭവക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ‘......ഒരു ജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം....’   ഇതുതന്നെയാണ് , ഡൽഹിയിലും ഗുജറാത്തിലും ഈയിടെ നടന്നതും, ഇതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതും, ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...

                         ഇതിന്റെ അഭിപ്രായങ്ങളിൽ, ഒരു സംഭവം അനിൽ പനച്ചൂരാൻ എഴുതി, ബാലചന്ദ്രൻ ചുള്ളിക്കാട് ആലപിച്ച ഒരു കവിത ‘ഹാപ്പി ബാച്ചിലേഴ്സ്’ സന്മനസ്സോടെ ചേർത്തിരിക്കുന്നത് നാം കേട്ടിരിക്കേണ്ടതാണ്.

                         എസ്.എൽ.പുരത്തിന്റെ ‘നല്ലവരുടെ രാത്രി’ ,  കാലടി ഗോപി എഴുതിയ   ‘ഏഴു രാത്രികൾ’ എന്നീ രണ്ടു നാടകങ്ങൾകൂടി വായിച്ചുനോക്കൂ,  വ്യത്യസ്ഥസ്വഭാവമുള്ള അഞ്ചു പെണ്ണുങ്ങളെ നിങ്ങൾക്കു നേരിൽ കാണാം...............


                                    
                                                                                                ‌‌‌
                                   ‌