Sunday, June 19, 2011

വേട്ടപ്പക്ഷികൾ

ഭാഗം ഒന്ന്
ഭാഗം രണ്ട്

 ‘ പെണ്ണൊരുമ്പെട്ടാൽ ’ ഭാഗം മൂന്ന്

“രണ്ടുദിവസം അവളുടെകൂടെ ഞാൻ കഴിഞ്ഞുകൂടി. പിന്നെ എന്റെ കൂട്ടുകാരാണ് അവളെ...”

“ ഉം, അവളെ വീതംവച്ച് നശിപ്പിച്ചിട്ട് ഒരു വേശ്യാലയത്തിൽ കൊണ്ടിട്ടു, ശരിയല്ലേ?”

‘അതെ’യെന്ന മട്ടിൽ അയാൾ തലകുലുക്കി.

“അതുപോര, ഉറക്കെ വ്യക്തമായി പറയണം.”

അന്നു നടന്ന കാര്യങ്ങൾ അയാൾ വെളിപ്പെടുത്തി. “അത് ചെയ്തത് അവന്മാരും ഇവളും കൂടെയാ...പക്ഷേ നിയമത്തിന്റെ മുമ്പിൽ ഞാൻ തെറ്റുകാരനല്ല.”

“ഹ..ഹ... നിയമമോ...നിയമം നിർമ്മിക്കുന്നത് വക്കീലന്മാരല്ലേ, അവർതന്നെയല്ലേ നിന്നെ രക്ഷപ്പെടുത്തുന്നതും.” ആകട്ടെ, ഈ വക്കീലന്മാർക്കും മറ്റും ഇത്രമാത്രം പണം ആരാ, എങ്ങനാ കൊടുക്കുന്നത്.?’

“അതു ഞാൻ പറയില്ല...” ആരെയോ ഒർത്തുള്ള ഭയം അയാളിൽ ഉരുണ്ടുകൂടി. “അതൊക്കെ നീ പരസ്യപ്പെടുത്തും, എന്നെയവർ കൊല്ലും, നിന്നെയും..”

“ അതിന് നമ്മൾ ജീവിച്ചിരുന്നിട്ടുവേണ്ടേ, മരിച്ചവരെ പിന്നെയെങ്ങനാ കൊല്ലുന്നത്.”

ടെസ്സി ഒരു ഫോട്ടോയെടുത്ത് കാണിച്ചു. “ ഈ അധോലോകപ്രവർത്തകരല്ലേ നിന്നെ സഹായിക്കുന്നത്.?”

രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്നുകണ്ട് അയാൾ തലകുലുക്കി സമ്മതിച്ചു.

“ അതുപോരാ, ഇവരുടെ പേരുകൂടിചേർത്ത് ഉറക്കെത്തന്നെ പറയണം.”

വിക്കലും വിങ്ങലും കലർത്തി അയാൾ അവരുടെ പേരുകൾ പറഞ്ഞു. അതൊക്കെ ഒരു ബുക്കിൽ എഴുതിയെടുത്ത സൂസനെ നോക്കി ടെസ്സി ‘എല്ലാം കൃത്യമല്ലേ’ യെന്നും, ‘അതെ’ യെന്ന് സൂസനും പ്രതിവചിച്ചു.


“എന്നെ വിട്ടേയ്ക്കൂ, ഞാനെവിടെയെങ്കിലും പോയി ജീവിച്ചോളാം...”

“ ഭൂമിയിലെവിടെപ്പോയാലും അവിടെയൊക്കെ പെണ്ണുങ്ങളുണ്ടാവും. അവരെക്കാണുമ്പോൾ നിന്നെപ്പോലെയുള്ളവരുടെ ‘ഉത്തേജകയന്ത്രം’ ചലിക്കാൻ തുടങ്ങും. ആ യന്ത്രത്തിനു കേടുപറ്റിയാൽ .....” താഴേയ്ക്കു വരുന്ന കത്തികണ്ട് അയാൾ കൂനിച്ചുരുണ്ടുകൂടി. “ഇതിന് നിങ്ങൾക്ക് ഒരു ഓപ്പറേഷൻ മതിയാവും. നെഞ്ചിൽ ചെറിയ കീറിമുറിക്കൽ..” അതുകേട്ട് നിലവിളിച്ച സ്ത്രീയെ ടെസ്സി നോക്കി,അവർ സ്വയം വായ്പൊത്തി. ഇപ്പോൾ ആ സ്ത്രീക്ക് സഹതാപം തോന്നുന്നുണ്ടാവാമെന്ന് ടെസ്സി വിചാരിച്ചു, ഓർമ്മയിൽ ശക്തിയായ ഓളങ്ങൾ ഓടിയെത്തി.

കായലിന്റെ അങ്ങേക്കരയിൽ ‘ ഡോക്ടർ റാവൂസ് ഹോസ്പിറ്റലി ’ലെ ഫാർമസിസ്റ്റായി ജോലി കിട്ടിയപ്പോൾ, ഉത്സാഹവും സന്തോഷവുമായിരുന്നു വീട്ടിലെല്ലാവരിലും. അനിയനേയും സഹോദരിയേയും പഠിപ്പിക്കാനും സഹിച്ചുപോന്നിരുന്ന കഷ്ടപ്പാടുകൾ ഒഴിവാക്കാനും ഈ ജോലിയെങ്കിലും ഉപകരിച്ചല്ലോയെന്ന പ്രതീക്ഷ അത്യധികമായിരുന്നു.

ഡോക്ടർ റാവുവിന്റെ സുഹൃത്ത് മുത്തുവേൽ ഭാര്യ രാജമ്മയുമൊത്ത് മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയിൽ വരുമ്പോഴൊക്കെ അവരുമായി സഹകരിക്കാനും, സഹോദരസ്നേഹത്തോടെ ഇടപഴകാനും കഴിഞ്ഞു.

ഒരുദിവസം രാവിലെ ബോട്ടിൽ കയറാൻ കാത്തുനിൽക്കെ, ‘ഡോക്ടറും തന്റെ ഭർത്താവ് മുത്തുവേലും ഇപ്പോൾ ഹോസ്പിറ്റലിലേയ്ക്ക് വരുന്നുണ്ടെ’ന്ന് രാജമ്മച്ചേച്ചി വന്നറിയിച്ചു. ഏറെസമയം കഴിഞ്ഞിട്ടും അവർ എത്തിയില്ലെന്നു മാത്രമല്ല, ബോട്ട് പുറപ്പെടുകയും ചെയ്തു.

‘സാരമില്ല, നമുക്ക് അടുത്തതിൽ പോകാമല്ലോ’. ചേച്ചി സമാധാനപ്പെടുത്തി. ഒരു മണിക്കൂറിനകം അടുത്ത ബോട്ട് എത്തി. യാത്രക്കാരായി വേറേ മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറും മുത്തുവേലും ധൃതിപിടിച്ചുവന്ന് അകത്തേയ്ക്ക് കയറിയശേഷം തന്റെ കൈപിടിച്ച് ചേച്ചിയും അവരെ അനുഗമിച്ചു.

സാധാരണയിൽനിന്നും വ്യത്യാസമായിക്കണ്ട ആ ബോട്ടിനുള്ളിൽ അലങ്കരിച്ചതും ചിട്ടപ്പെടുത്തിയ സജ്ജീകരണങ്ങളുള്ളതുമായ ഒരു മുറിയിൽ ഡോക്ടർ റാവു ഇരുന്നതുകണ്ട് രാജമ്മ അദ്ദേഹത്തിന്റെ സമീപം നിന്നു. അഭിമുഖമായി എതിർവശത്ത് തന്റെയൊപ്പം മുത്തുവേൽ ഇരുന്നത് അത്ര പിടിക്കാത്ത മട്ടിൽ നീങ്ങിമാറിയെങ്കിലും അയാൾ തന്നെയവിടെ പിടിച്ചിരുത്തി.

പിറകെ കയറിയവർ കൈവരിയിൽപിടിച്ച് കരയിലെ കാഴ്ചകളിൽ വ്യാപൃതരാണ്. ബോട്ടിന്റെ മുന്നോട്ടുള്ള ചലനവേഗതയിൽ കൂടെയുള്ള മൂന്നുപേരും സംഭാഷണങ്ങളും ചോദ്യങ്ങളുമൊക്കെ തുടരുന്നുണ്ട്. ആ സാഹചര്യത്തിന്റെ അസ്വാഭാവികത ഒരു ആപൽസൂചനയെന്നവിധം അകതലങ്ങളിലേയ്ക്ക് ആഘാതമായി അലയടിച്ചു. ക്രമേണ അശ്ലീലച്ചുവചേർന്ന വാചാലതയിലേയ്ക്ക് വന്നപ്പോൾ ചാടിയെഴുന്നേറ്റ തന്നെ, മുത്തുവേൽ ബലിഷ്ഠമായ കരങ്ങളാൽ വരിഞ്ഞുമുറുക്കി. രാജമ്മ വേഗത്തിൽ ചെന്ന് വാതിലടച്ച് അതിൽ ചാരിനിന്നു.

ബലാൽക്കാരമായ പിടി വിടുവിക്കാൻ വളരെ ശ്രമിച്ചുനോക്കി. മുഖത്തിനുനേരേ വരുന്ന ഡോക്ടറുടെ രൂപം അടുത്തെത്തിയപ്പോഴേയ്ക്ക്, ആരുടെയോ കൈകൾ തന്റെ കഴുത്തിൽപിടിച്ച് മുറുക്കുന്നതായി അറിഞ്ഞു. സകല ശക്തിയുമാർജ്ജിച്ച് മരണവെപ്രാളത്താൽ മുന്നോട്ടുകുതിച്ച്, തടസ്സമായിനിന്ന സ്ത്രീയെ ദൂരേയ്ക്ക് വലിച്ചുമറിച്ചിട്ട് കതകുതുറന്ന് വെളിയിലേയ്ക്കോടി.

മുറിക്കു പുറത്തുനിന്നവർ ശബ്ദംകേട്ട് തിരിഞ്ഞുനോക്കി. ഒരു യുവതി ഓടുന്നതും പിറകെ രണ്ട് അതികായന്മാർ പിന്തുടരുന്നതുമാണ് കണ്ടത്. താഴെ ബോട്ട് കീറിമുറിച്ച ജലഭാഗം രണ്ടു ചാലുകളായി നുരച്ചു കുതിച്ചുതുള്ളി അകലേയ്ക്ക് ഓളങ്ങളായി പരക്കുന്നു.

മുത്തുവേൽ അടുത്തെത്തിയതും ഡോക്ടറുടെ കൈപ്പത്തിക്കുള്ളിൽ തന്റെ ഇടതുകൈ ഞെരിഞ്ഞമർന്നു. ചുറ്റിലും നോക്കി. കയ്യിൽ കിട്ടിയ പരുപരുത്തതും കനംകുറഞ്ഞ് കൂർത്തതുമായ നീളമേറിയ കമ്പിയെടുത്ത് ആഞ്ഞുവീശി ഒരടി.

ക്ഷണനേരംകൊണ്ട് ഡോക്ടറുടെ മുൻഭാഗത്താകെ ചുടുരക്തം ഒഴുകിപ്പടർന്നു. അതുകണ്ട മുത്തുവേലും മറ്റുള്ളവരും ഭയന്നുതരിച്ചുനിൽക്കെ, താൻ വെള്ളത്തിലേയ്ക്ക് ചാടിമറഞ്ഞു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------

ശ്വാസംമുട്ടിയും കായൽവെള്ളം കുടിച്ചും ആയാസപ്പെട്ട് നീന്തി കരയിലെത്തി. ക്ഷീണവും വിശപ്പുംമൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല. രണ്ടാളുകൾ വന്ന് തട്ടിയുണർത്തി എഴുന്നേൽ‌പ്പിച്ചപ്പോഴാണ് പരിസരബോധം വന്നത്. കായൽക്കരയിലെ റോഡുവക്കിൽ നിർത്തിയിട്ട ലോറി കഴുകി വൃത്തിയാക്കുന്നതിന് വെള്ളമെടുക്കാൻ വന്നവരാണവർ. അവരുടെ സാന്ത്വനവാക്കുകൾകേട്ട് ആശ്വാസപൂർവ്വം കൂടെ ലോറിയിൽക്കയറി നീങ്ങവെ,

താൻ പറഞ്ഞ ദിക്കിലേയ്ക്കല്ല, ആൾസഞ്ചാരം കുറഞ്ഞ പാതയിലൂടെയാണ് പോകുന്നതെന്നും, വീണ്ടും ഒരപകടസന്ധിയിൽ പെട്ടിരിക്കുന്നെന്നും മനസ്സിലായി. ബലാൽക്കാരേണ വണ്ടി നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീണുകിട്ടിയ അനർഘനിമിഷം പാഴാക്കാതെ പുറത്തേയ്ക്കെടുത്തുചാടി. കുറേദൂരം അവർ പിന്തുടർന്നെങ്കിലും പ്രാണരക്ഷ പ്രാപിക്കാനുള്ള തന്റെ ഓട്ടം അതിവേഗത്തിലായിരുന്നു.

അകലെ, കൂടിനിൽക്കുന്ന സ്ത്രീകളുടെ മുമ്പിലാണ് എത്തിപ്പെട്ടത്. അവശ്യം വേണ്ടുന്ന തന്റെ വിവരങ്ങൾ കേട്ട അവരിൽ, മലയോരഗ്രാമത്തിൽനിന്നുവന്ന ഒരു ശാലീനയുവതിയുടെകൂടെ അവളുടെ വീട്ടിലെത്തി. നല്ല ധൈര്യവും ചിന്താശേഷിയുമുള്ള ആ കൂട്ടുകാരിയുമായി ആലോചിച്ച് പല തീരുമാനങ്ങളുമെടുത്തു. അവസ്ഥകളറിഞ്ഞ് അയൽവാസികളിൽ പലരും സഹായത്തിനെത്തി. പ്രതികാരവും പ്രതികരണാത്മകവുമായ പദ്ധതികൾ അവിടെനിന്ന് ആരംഭിച്ചു.

ആദ്യമായി തന്റെ ഏകദേശകാര്യങ്ങൾ വീട്ടിലറിയിച്ച് അവരെ സമാധാനപ്പെടുത്തി. ഡോക്ടർ റാവുവിനെ എങ്ങും കാണാനില്ലെന്നും, തന്റെ പേരിൽ അന്വേഷണമോ പരാതിയോ ഉണ്ടായിട്ടില്ലെന്നും അന്വേഷിച്ചറിഞ്ഞു.

ക്രമേണ, പരിചയക്കാരും നാട്ടുകാരുമായ സഹാനുവർത്തികളുമായി ചേർന്ന് സ്ത്രീകളുടെ അഭിമാനരക്ഷയ്ക്കായി എന്തൊക്കെ ചെയ്യാമെന്ന് തീരുമാനിച്ച്, ‘സുരക്ഷ’യെന്ന സംഘടിതനാമത്തിൽ പ്രവർത്തനമാരംഭിച്ചു. എന്തെങ്കിലും സംഭവിച്ചതിനുശേഷം വിലപിക്കുന്നതിനേക്കാൾ, ഒന്നും സംഭവിക്കാതെ സൂക്ഷിക്കാനുള്ള പ്രാരംഭ നടപടിയെന്ന നിലയിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ എന്തൊക്കെ - എങ്ങനെയൊക്കെ ഉണ്ടാവാൻ സാദ്ധ്യത എന്ന് ആദ്യം വ്യക്തപ്പെടുത്തി. പിന്നെ ക്രമമായ കുറ്റങ്ങൾക്കുള്ള പ്രതികരണരീതി തയ്യാറാക്കി. ചിന്തയിലും കാഴ്ചകളിലും പെടാത്ത പല യുക്തികളും കുറഞ്ഞ കാലയളവിൽ കൈവരിക്കാൻ സാധിച്ചു.

സ്ത്രീസംഘടനകൾ ഏറെയുണ്ടെങ്കിലും നിയമത്തിന്റെ ഒറ്റയടിപ്പാതയിലൂടെമാത്രം നീങ്ങുന്നവർക്ക്, മറ്റുള്ളവരുടെ കഷ്ടനഷ്ടങ്ങളിൽ പങ്കെടുത്ത് പ്രതിവിധി കണ്ടെത്താൻ കഴിയുന്നില്ല. അവിടെ അപകർഷതാബോധമോ തന്റേടമില്ലായ്മയോ, പുരുഷമേധാവിത്വത്താൽ അബലകളാണെന്ന ചിന്തയോ അവരുടെ മനസ്സുകളിൽ കടന്നുകൂടുന്നു.

പല സ്ത്രീകളേയും ഈ ‘സുരക്ഷാപദ്ധതി’ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ‘ഇതൊക്കെ ഞങ്ങൾക്കറിഞ്ഞുകൂടാത്തതല്ലല്ലോ.....’യെന്ന മറുപടിയാൽ പുഛിച്ചുതള്ളുകയും അപകടഘട്ടത്തിൽ ‘സുരക്ഷ‘യുടെ ആവശ്യം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

‘ എന്നാൽ, വാചകമോ വീറും വാശിയുമോ പോരാ, ഇതുപോലെ പ്രതികരിച്ച് തെളിയിച്ചു കാണിക്കണം, എങ്കിൽമാത്രമേ ചാരിത്ര്യം സംരക്ഷിക്കാൻ സാധിക്കൂ......’

ടെസ്സിയുടെ അനുഭവചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ടൈംപീസിലെ അലാറം ശബ്ദമുണ്ടാക്കി. സമയം അതിക്രമിച്ചതായി സൂചന കിട്ടിയ സൂസൻ, കട്ടിലിന്റെ മറവിൽ വച്ചിരുന്ന വീഡിയോക്യാമറയും ടേപ്പ്റെക്കോർഡറും എടുത്ത് മേശപ്പുറത്തുവച്ചു. ടെസ്സി അകത്തുപോയി രണ്ടു സിറിഞ്ചുകളിൽ വെവ്വേറെ നിറങ്ങളിലുള്ള മരുന്നുനിറച്ച് അയാളുടെ മുന്നിൽ വന്നു.

“മുത്തുവേലും രാജമ്മയും ഭാര്യയും ഭർത്താവുമല്ലെന്നും വെറും അഭിനയമായിരുന്നെന്നും നിർദ്ദോഷികൾക്കറിയില്ല. പക്ഷേയിനി ഭാര്യാഭർത്താക്കന്മാരാകണം, ഈ നിമിഷം മുതൽ....ഇത് നിങ്ങൾക്ക് ദാമ്പത്യസ്വൈരവിഹാരത്തിനുള്ള ഒരു ഒറ്റമൂലി.”

മുത്തുവേൽ എതിർത്ത് എത്ര ശ്രമിച്ചിട്ടും സൂസന്റെ ബലമായ പിടിച്ചമർത്തലിൽ വളരെ ലാഘവത്തോടെ ടെസ്സി ആ മരുന്ന് കുത്തിവച്ചു. “ഇനി പാവപ്പെട്ട പെണ്ണുങ്ങളെ കാണുമ്പോൾ തന്റെ ‘ശേഷി’ ചലിക്കില്ല...”

സൂസൻ തന്റെ കരവലയത്തിലൊതുക്കിയ രാജമ്മയുടേയും ഭുജത്തിനുതാഴെ അടുത്ത സിറിഞ്ച് അമർത്തുമ്പോൾ ടെസ്സി തുടർന്നു “പേടിക്കാനൊന്നുമില്ല, ഇത് വെറും കീടനാശിനി മാത്രം. രാജമ്മയ്ക്ക് കീടാ‍ണുപ്രസരണം കൂടിയതുകൊണ്ട്, എൻഡോസൾഫാനു പകരം അല്പം ‘പരാമർ’. മുത്തുവേലിന്റെ ധാരാളം പണം നിന്റെ പക്കലുണ്ടല്ലൊ, ഇനി അയാളുടെ ഭാര്യയായി കഴിയണം.....വിയർത്ത് ഒഴുകുന്നുണ്ടല്ലൊ രണ്ടുപേർക്കും, ചൂടുചായ വേണോ, അല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഐസ് ക്രീം ആയാലോ..?”


ഇനിയെന്തു സംഭവിക്കുമെന്ന സംഭ്രമചിന്തയാൽ സ്തബ്ധരായിരിക്കുന്ന മുത്തുവേലിനേയും രാജമ്മയേയും നോക്കി ആജ്ഞാസ്വരത്തിൽ ടെസ്സി മൊഴിഞ്ഞു “ നിങ്ങൾചെയ്ത എല്ലാ കുറ്റങ്ങളും തെളിയിച്ചുകഴിഞ്ഞു. നീയൊക്കെ പുറംലോകം കാണാതിരിക്കാൻ ഈ രേഖകൾ മതി. ഇവിടെ നടന്ന ഒരു കാര്യങ്ങളും മറ്റൊരാളും അറിയാൻ പാടില്ല. ആരോടെങ്കിലും പറഞ്ഞാൽ, രണ്ടിന്റേയും കഥ അന്നു തീരും....കെട്ടുകളഴിക്കാം സൂസൻ, ഇവർ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ.....”

തികച്ചും അവശതയും പരാജയവും ഏറ്റുവാങ്ങി, വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയ മുത്തുവേലും രാജമ്മയും അവരുടെ കൈത്തണ്ടിൽ പതിഞ്ഞ അക്ഷരങ്ങൾ കണ്ട് പരസ്പരം പകച്ചുനോക്കി ഉച്ചരിച്ചു, ‘സുരക്ഷ’.

“ആ വഴിയേ അല്പം നടന്നാൽ മെയിൻറോഡിലെത്തി ടാക്സിയിൽ പോകാം, എത്രയും പെട്ടെന്ന്....”

ഇനിയൊരിക്കലും ‘ഉത്തേജകം’ പ്രവർത്തിക്കാത്ത രണ്ടുപേർ ദൂരേയ്ക്ക് നടന്നു മറയുന്നതുവരെ നോക്കിനിന്നപ്പോൾ, ‘മുമ്പെന്നപോലെ ഇപ്പോഴും കുറച്ചു സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കാൻ സാധിച്ചതി’ലുള്ള ചാരിതാർഥ്യം ടെസ്സിയുടേയും സൂസൻ തോമസ്സിന്റേയും മുഖത്ത് തെളിഞ്ഞുതിളങ്ങി.

കയ്യിൽ സൂക്ഷിക്കേണ്ടുന്ന സാമഗ്രികളെടുത്ത് മറ്റെല്ലാം ഒതുക്കിവച്ച് മുറിപൂട്ടി താഴെവന്ന്, രണ്ടുപേരും കാറിൽക്കയറി. വണ്ടി നീങ്ങിയപ്പോൾ സൂസൻ പറഞ്ഞു “ ഇങ്ങോട്ട് നമ്മളുടെ കാറോടിപ്പിച്ചത് അയാളെക്കൊണ്ടാണ്.”

“അതു നന്നായി, ഇനി നമുക്ക് ഓടിക്കാനുള്ളത് ആ ‘ഷാപ്പുമുതലാളിയെ’യാണ്. ”

“ അത് അടുത്തയാഴ്ച, ഇന്ന് ഇതിനുവേണ്ടി നമ്മൾ ലീവെടുത്തതിനാൽ നാളെ ജോലിക്കു കയറണം..”

കുറേദൂരം പിന്നിട്ടപ്പോൾ, ഒരു ചെറിയ ചായക്കടയ്ക്കുമുമ്പിൽ സൂസൻ കാർ നിർത്തി, അകത്തിരുന്നുതന്നെ ‘രണ്ടു ചായ’യെന്നറിയിച്ചു. മദ്ധ്യവയസ്സുകഴിഞ്ഞ കടക്കാരൻ കൊണ്ടുവന്ന ചായ കുടിക്കുന്നെങ്കിലും അയാളും കടയിലിരിക്കുന്ന മറ്റു രണ്ടാളുകളും, അസമയത്ത് കാറിലിരിക്കുന്ന രണ്ടു സുന്ദരികളെ തുറിച്ചു നോക്കുന്നതാണ് ശ്രദ്ധിച്ചത്. പിന്നെ വയസ്സനായ കടക്കാരൻ മുഖം താഴ്ത്തിചോദിച്ചു “ നിങ്ങൾ മാത്രമേയുള്ളോ ?”

“ അതെ..”

“ ഒരാൾകൂടി വന്നാലോ...ഒരു രസത്തിന്...”

“ ആയിക്കോട്ടെ....” പത്തുരൂപായും ഗ്ലാസ്സുമായി അയാളുടെ നേരേ നീട്ടിയ ടെസ്സി തിരിഞ്ഞ് സൂസനെ നോക്കി ചോദിച്ചു. “ തുരുമ്പെടുത്ത യന്ത്രമാ...എന്നാലും ഒരു ‘ ഇഞ്ചക്ഷൻ’ കൊടുത്താലോ...?”

“ അടുത്ത തവണയാവാം...” മുന്നോട്ട് ഓടിത്തുടങ്ങിയ കാറിനെത്തന്നെ ഉറ്റുനോക്കുന്ന കടക്കാരൻ, തിരിഞ്ഞ് കയ്യിലിരിക്കുന്ന രൂപയും ഗ്ലാസ്സും നോക്കിയപ്പോൾ, ഗ്ലാസ്സിന്റെ അടിവശത്ത് വൃത്തത്തിലുള്ള ഒരു സ്റ്റിക്കർ ഒട്ടിയിരിക്കുന്നു, അതിൽ വലിയ അക്ഷരം മുഴച്ചുകാണാം...‘ സുരക്ഷ ’ ......

***********            *************          *************

18 comments:

വി.എ || V.A said...

സ്നേഹിതരെ,
എന്റെ കുടുംബാംഗങ്ങൾ പറഞ്ഞുകേട്ടും, യാത്രകളിൽ കണ്ടും, വായിച്ചും അറിഞ്ഞ അനുഭവങ്ങളിൽ നിന്ന് രൂപം കൊണ്ടതാണ് ഈ തുടരെഴുത്ത്.
ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം.
സാഹോദര്യസ്നേഹത്തോടെയുള്ള പരസ്പരസഹായസഹകരണം ഏത് ആപൽഘട്ടത്തേയും തരണം ചെയ്യാൻ സാധിക്കും. അങ്ങനെ ഒരു നല്ല അവസ്ഥാന്തരം ഉണ്ടാവട്ടെയെന്ന് ആഗ്രഹിച്ചുകൊണ്ടും, പ്രാർത്ഥിച്ചുകൊണ്ടും. VA

ajith said...

സംഭവബഹുലവും ഭാവനാസമ്പന്നവും ആയി നീണ്ട കഥ അവസാനിച്ചു അല്ലേ? നല്ല ഭാവന

ponmalakkaran | പൊന്മളക്കാരന്‍ said...

യന്ത്രത്തിന്റെ ഫീസൂരിവിടലാ പരിപാടി...അല്ലെ.?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇപ്പൊ ഒക്കെ യന്ത്രത്തിനകത്ത്‌ കാറ്റു നിറച്ച്‌ വീര്‍പ്പിക്കാനുള്ള സംവിധാനം ഉണ്ട്‌. തന്നെ ഉണര്‍ന്നില്ലെങ്കിലും ഉണര്‍ത്താം, അപ്പോള്‍ അതങ്ങു കണ്ടിച്ചുകളഞ്ഞാലെ കാര്യം നടക്കൂ

Muralee Mukundan , ബിലാത്തിപട്ടണം said...

ആ..
ഇത്രയെ ഉണ്ടായിരുന്നുള്ളൂ

Pushpamgadan Kechery said...

നല്ല ഒരാശയം മുന്നോട്ടു വച്ചു.
വായനയിലും രസമുണ്ട് .
നന്നായിരിക്കുന്നു .!
അഭിനന്ദനങ്ങള്‍ ....

വി.എ || V.A said...

ശ്രീ. അജിത് > അവസാനിപ്പിച്ചതാണ് സുഹൃത്തെ, ആദ്യം മുതൽ ശ്രദ്ധിച്ചതിന് വളരെയേറെ നന്ദിയുണ്ട്. ശ്രീ. പൊന്മളക്കാരൻ > അല്ലാതെ എന്തുചെയ്യും സുഹൃത്തെ, കൂടെയുണ്ടായിരുന്നല്ലോ, വളരെ സന്തോഷം - നന്ദി, നന്ദി... ശ്രീ. ഡോക്ടർജി > അങ്ങനെയും ഒരു സംവിധാനം ഉണ്ടോ?!!! എന്നാലും പ്രതികരിക്കേണ്ടത് പെണ്ണുങ്ങളല്ലേ, അവർക്ക് അല്പം കരുണ തോന്നും. വളയ്ക്കാം, ഒടിക്കാം, നശിപ്പിക്കണോ? ശ്രദ്ധിച്ചതിന് വളരെ കൃതജ്ഞതയുണ്ട്... ശ്രീ. മുരളീമുകുന്ദൻ > ഇതിൽ കൂടുതൽ പ്രതീക്ഷിച്ചോ സാറേ, ഇനി ഒരു ഷാപ്പുമുതലാളിയേയും മറ്റുചിലരേയും കിട്ടാനുണ്ട്, സഹായത്തിന് അല്പം ധൈര്യമുള്ള പെണ്ണുങ്ങൾ ഉണ്ടോയെന്ന് നോക്കട്ടെ.........ശ്രീ. പുഷ്പങ്ങാട്..> ഏത് ആശയം അവതരിപ്പിച്ചാലും അത് ഉൾക്കൊള്ളേണ്ടവർക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ പറയാനുണ്ടാവുമല്ലോ. ഇതെഴുതിയതിനു പിന്നിലുള്ള പ്രചോദനം പെൺ മനസ്സാണ്. എന്നാലും, അവതരിപ്പിച്ചത് ആണായതിനാൽ, ‘പുരുഷമേധാവിത്വം’ എന്ന പേടിയോ സങ്കോചമോ.....നോക്കാം. താങ്കൾക്ക് വളരെയേറെ നന്ദി.

പട്ടേപ്പാടം റാംജി said...

അപ്പോള്‍ അങ്ങിനെയാണ് 'സുരക്ഷ' ജനനം അല്ലെ. കൂട്ടായ്മ കൊണ്ട് പലതും നേടിയെടുക്കാന്‍ സാധിക്കും. അത്തരത്തില്‍ ഒന്നായി ഇങ്ങിനെയും സംഭവിക്കട്ടെ.

Lipi Ranju said...

ഭാവന കൊള്ളാംട്ടോ... ഇങ്ങനെ ഒരു 'സുരക്ഷ' ശരിക്കും ഉണ്ടായെങ്കില്‍ എന്ന് ആശിച്ചു പോകുന്നു....

കുസുമം ആര്‍ പുന്നപ്ര said...

നല്ല ഭാവന..നല്ല എഴുത്ത്.
കൊള്ളാം.

വി.എ || V.A said...

ശ്രീ. റാംജി > പറഞ്ഞൊപ്പിച്ചു, പക്ഷെ വായിക്കുന്നവർ ജീവിതത്തിൽ എത്രമാത്രം പ്രാവർത്തികമാക്കുമോ ആവോ? വളരെ നന്ദി,നന്ദി. ശ്രീ. ലിപി രഞ്ജു > ഭാവനയും ആശയുമൊക്കെ ഇരിക്കട്ടെ. ഇതിൽ പറഞ്ഞ സംഘടനയുടെ സദുദ്ദേശ്യം സഫലമാക്കാൻ, കുറേ സ്ത്രീകളെങ്കിലും വിചാരിച്ചാൽ നിഷ്പ്രയാസം നടക്കും. വിചാരിക്കുമോ? അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്. ശ്രീ. വനമാല > രണ്ടു വാക്കുകളിലൊതുക്കിക്കളഞ്ഞോ? ഇതിൽ നിങ്ങൾക്ക് ശ്രദ്ധിക്കാൻ മറ്റൊന്നുമില്ലേ? വന്നതിൽ നന്ദിപൂർവ്വം വളരെ സന്തോഷം.

Kalavallabhan said...

ഇത്തരം ഭാവനകൾക്ക് ഒരു പ്രായോഗിക വശം ഉണ്ടാവട്ടെ...

ജയരാജ്‌മുരുക്കുംപുഴ said...

prayogikamavenda chinthakal..... bhavukangal.........

Pranavam Ravikumar said...

ഞാന്‍ എത്തിയിട്ടുണ്ട്... കഥ ഇഷ്ടപ്പെട്ടു.. ആശംസകള്‍

ശാന്ത കാവുമ്പായി said...
This comment has been removed by the author.
ശാന്ത കാവുമ്പായി said...

കലാവല്ലഭൻ പറഞ്ഞിട്ടാണ് ഈ തുടരെഴുത്ത് വായിച്ചത്.ഇതിലപ്പുറവും ഇപ്പോൾ സംഭവിക്കുന്നുണ്ടല്ലോ.
ഒരപേക്ഷയുണ്ട്. എന്റെ ബ്ലോഗിൽ വന്ന് ഒരു കമന്റെഴുതി ഇതിന്റെ ലിങ്ക് ഒന്നു കൊടുക്കാമോ?

വി.എ || V.A said...

നമ്മൾ ഭാരതീയർക്ക്, പ്രത്യേകിച്ച് കേരളീയർക്ക് ഒരു വിശേഷസ്വഭാവമുണ്ട്. എന്തിനേയും വിമർശിച്ച് നീണ്ട

ലേഖനങ്ങളെഴുതും, വാതോരാതെ പ്രസംഗിക്കും, കാണുന്നവരുടെയെല്ലാം ഉപദേശികളാവും. എന്നാൽ ഏതൊക്കെ

രീതിയിൽ ഓരോ അപായസന്ധികൾ തരണം ചെയ്യാമെന്നോ, എങ്ങനെയൊക്കെ കരുക്കൾ നീക്കി കുറേ പരിഹാരം

കണ്ടെത്താമെന്നോ ആരും നിർദ്ദേശിച്ചു കണ്ടിട്ടില്ല. ആണിനായാലും പെണ്ണിനായാലും അക്രമങ്ങളിൽ അകപ്പെട്ടാൽ

അതിനെതിരെ ജാഗരൂകരാകണം.
എനിക്കു തോന്നിയ പല പരിഹാരക്രിയകളിൽ ഒന്നുമാത്രമേ സ്ത്രീപക്ഷത്തുനിന്ന് എഴുതിയിട്ടുള്ളൂ. അത് ബ്ലോഗിൽ

ചേർത്തത് ജൂൺ 19-ന്. ജൂലായ് രണ്ടിന് ഇറങ്ങിയ ഗൾഫ് മാധ്യമത്തിൽ മൂന്ന് മഹനീയമഹതികളുടെ ലേഖനങ്ങൾ

വായിക്കാം. അതിലെ പ്രധാനപ്പെട്ട ഓരോ വാചകങ്ങൾമാത്രം എടുത്തുകാട്ടുന്നു.
‘........ഈ സാഹചര്യത്തിനെതിരായ ചെറുത്തുനിൽ‌പ്പ് എങ്ങനെ വേണമെന്ന് സ്ത്രീകൾ മാത്രമല്ല, പൊതുസമൂഹവും

ഗൌരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.’ (കെ.അജിത, ‘അന്വേഷി’ പ്രസിഡന്റ്)
‘........ഭരണവും പണവും സ്വാധീനശക്തിയുമുള്ള വേട്ടക്കാർ രക്ഷപ്പെടുകയും ഇരകൾ നിരന്തരം വേട്ടയാടപ്പെടുകയും

ചെയ്യുന്ന ചരിത്രമാണ് ഇവിടെ കണ്ടുവരുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തി സമൂഹത്തിന്റെ മുന്നിലിട്ട്

അലക്കുന്നത് ഇരയോട് കാണിക്കുന്ന ക്രൂരതയാണ്.’ (ബി.എം. സുഹറ, എഴുത്തുകാരി)
‘.....ലൈംഗിക പീഡനങ്ങളിലെ പ്രതികൾക്ക് രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നുവെന്നത് ചിലർക്കെങ്കിലും

ആവേശമാകുന്നുണ്ട്. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ സമയത്തിന് ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കാൻ

കഴിയില്ല. സ്ത്രീകൾ സ്വയം ‘സുരക്ഷ’ ഒരുക്കുന്നതായിരിക്കും കൂടുതൽ ഫലപ്രദം എന്ന് ‘തോന്നിപ്പോവുക’യാണ്.

(കെ.കെ.ഫാത്വിമാ സുഹ്റ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി)
‘ഈ ദുരവസ്ഥകൾ മാറണം, മാറ്റണ’മെന്ന് മുന്നൂറ് ലേഖനങ്ങൾ എഴുതിയാലോ, മുക്കിലും മൂലയിലും നിന്ന് മുറവിളി

കൂട്ടിയാലോ മാറിക്കിട്ടുമോ? അതിനെന്തുചെയ്യണം, എങ്ങനെയൊക്കെ...? ‘ആയിരം പ്രസംഗത്തെക്കാൾ ഒരു

പ്രവൃത്തിയാണ് ഉൾകൃഷ്ടമായത്.’ സിംഹഭാഗം സ്ത്രീകളും അജഭാഗം ആണുങ്ങളും ധൈര്യമായി

മുന്നോട്ടുവരട്ടെയെന്ന അഭ്യർത്ഥനയോടെ, വി. എ.

Cv Thankappan said...

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നതും,
കാണുന്നതും. നമസ്കാരം.
"വേട്ടപ്പക്ഷികള്‍"""' താല്പര്യത്തോടെ
വായിച്ചു.വായനാസുഖം തരുന്ന രചന.
ഭാവനയും,ശൈലിയും പ്രശംസനീയം.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു,നല്ല രചനകള്‍........,.........
ആശംസകളോടെ,
സി.വി.തങ്കപ്പന്‍