Friday, October 15, 2010

‘അലക്സിന്റെ തിരോധാനം’


‘അലക്സിന്റെ തിരോധാനം’

ചെല്ലയ്യ  ഓടിയും നടന്നും ശ്രമപ്പെട്ട്, ഡാനിയേലച്ചന്റെയടുത്തെത്തി.
പ്രായാധിക്യത്താൽ കിതച്ചും, നേരത്തേകണ്ട കാഴ്ചകളിൽ പരിഭ്രമിച്ചും വിവരങ്ങൾ ഒരുവിധം അച്ചനോട് പറഞ്ഞൊപ്പിച്ചു. എങ്കിലും ആ വീട്ടിൽക്കണ്ട രൂപത്തെപ്പറ്റിപറഞ്ഞത്, അച്ചനത്ര കാര്യമാക്കിയില്ല.

 ഫോണിൽക്കൂടി ആരോടോ സംസാരിച്ചശേഷം, പെട്ടെന്ന് ഡ്രൈവറെ വിളിച്ചുണർത്തി, പള്ളിയോടുചേർന്ന വീടുകളിലെ ചിലരേയും ചെല്ലയ്യായേയും കൂട്ടി, പള്ളിവക ജീപ്പിൽക്കയറി തീപിടിച്ച സ്ഥലത്തെത്തി.
ആളുകളുടെ പക്കലുള്ള മണ്ണെണ്ണവിളക്കിന്റേയും ടോർച്ചിന്റേയും വെളിച്ചത്താൽ മാത്രമേ പലതും കാണാൻ കഴിയൂ.  ഫാദറിന്റെ നേതൃത്വത്തിൽ വന്നവരൊക്കെ അവിടെ ശ്രമദാനം നടത്തിത്തുടങ്ങി. കുറേപ്പേർ പുഴയിൽനിന്നും വെള്ളം കോരിയെടുത്ത് കട്ടിപിടിച്ചുകിടക്കുന്ന തീക്കൂനകളിൽ ഒഴിക്കുകയും, മറ്റുള്ളവർ പകുതിയെരിഞ്ഞ മരത്തൂണുകളും തടിക്കട്ടകളും ഒതുക്കിമാറ്റുകയുംചെയ്യുന്നു.

വിട്ടുമാറാത്ത വിറയലോടെ ചെല്ലയ്യ ഓടിനടന്ന് അലക്സിനെ തെരയുന്നെങ്കിലും, ഇടയ്ക്കിടെ ആ വീടിന്റെ ജനാലയിലേയ്ക്ക് നോക്കുന്നുമുണ്ട്.

ഉണങ്ങിത്തുടങ്ങിയ പുൽക്കെട്ടുകൾ അപ്പാടെ കത്തിയെരിഞ്ഞു, ഇപ്പോഴും അതിൽ തീ ജ്വലിക്കുന്നു.  അതിനടുത്ത്, രോമങ്ങളെരിഞ്ഞ് പുറംതോലുരുകിക്കരിഞ്ഞ ഒരു കുതിരയെക്കണ്ട് അച്ചനും കൂട്ടരും വിഷമിച്ച്, ദൈവനാമം ഉറക്കെ ഉരുവിട്ടു. പിന്നെ, അലക്സിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി ശ്രദ്ധ.

അപ്പോഴേയ്ക്കും  ഇൻസ്പെക്റ്റർ റെക്സും നാലു പോലീസുകാരും എത്തിക്കഴിഞ്ഞു.അച്ചനുമായുള്ള സ്നേഹബന്ധവും സമ്പർക്കവും നേരത്തേയുണ്ടായിരുന്നതിനാലും, അലക്സിനേയും മറ്റുള്ളവരേയും അറിയാമായിരുന്നതിനാലും വളരെ സ്വാതന്ത്ര്യം കാട്ടി, അവിടെ വളരെ കരുതലോടെ എല്ലാ നിയന്ത്രണവും റെക്സ് ഏറ്റെടുത്തു.

ഭാരിച്ച ദുഃഖത്തോടെ അച്ചൻ റെക്സിനെനോക്കി അറിയിച്ചു “ ഒരു കുതിരയെ മരിച്ച നിലയിൽ കിട്ടിയിട്ടുണ്ട്, അലക്സിനെ ഇതുവരെ കണ്ടില്ല...”
റെക്സ് ചോദ്യഭാവത്തിൽ ഒന്നുനോക്കി “ തീപിടിച്ച സമയത്ത്  അലക്സ് ഇവിടെയുണ്ടായിരുന്നുവെന്നത് തീർച്ചയാണോ?”
ചെല്ലയ്യ ഇടയ്ക്കുകയറിവീണു “ തീർച്ചസാറേ, സത്തിയം. അച്ചനെ കൂപ്പിടാൻ ഞാൻ പോവുമ്പം അലക്സുകുഞ്ഞ് ഇങ്ങോട്ടാ ഓടിയത്.”
“ തീ പിടിച്ചത് കണ്ടിട്ടാണോ ഓടിയത്?
“ കണ്ടു  കണ്ടു, ഞങ്ങള് രണ്ടുപേരും കണ്ടു. അച്ചനെ കൂപ്പിടാൻ എന്നെ ഓടിച്ചുവിട്ടതാ...പിന്നെ...”

കൂട്ടത്തിലൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞു “ ചെല്ലയ്യാടെ കയ്യിലൊരു മണ്ണെണ്ണവെളക്കൊണ്ടാരുന്നു...”
അതുകൂടി കേട്ടപ്പോൾ ചെല്ലയ്യ പറയാൻ വന്ന ബാക്കി വാക്കുകൾ വിഴുങ്ങിക്കളഞ്ഞു.
റെക്സ് ലായത്തിലുള്ളവരോടായി ‘ ഓരോ ഭാഗവും അരിച്ചുപെറുക്കി പരിശോധിക്കൂ..’എന്നു നിർദ്ദേശിച്ച്, ചെല്ലയായെ സംശയത്താൽ സൂക്ഷിച്ചുനോക്കി.

ചുവന്ന കണ്ണുകളും പതിഞ്ഞ മൂക്കും കുറ്റിമുടികളോടുകൂടിയ വലിയ തലയുമുള്ള, കറുത്തു തടിച്ച ഉയരം കുറഞ്ഞ രൂപം. ‘ വല്ലപ്പോഴും അച്ചനെക്കാണാൻ വരുമ്പോഴൊക്കെ ഇയാളാണ് ചായയും മറ്റും ഉണ്ടാക്കിത്തരുന്നത്, കൂടെ- വളരെ ശാന്തനും സുന്ദരനുമായ അലക്സുമുണ്ടാകും. നല്ലവനായ അലക്സിനെ തീയിലേയ്ക്കു വിട്ടിട്ട് ഇയാൾ ഒഴിഞ്ഞു മാറിയതാണോ? ഇയാൾതന്നെ തീ കൊളുത്തിയശേഷം അലക്സിനെ കണ്ടതാണോ?’

അച്ചൻ പറഞ്ഞിട്ടുള്ളത് ഓർത്തു. ‘ ഇരുപതു വർഷം മുമ്പ് ചെല്ലയ്യ അമ്മയേയും കൂട്ടി ഇവിടെവന്ന്, പള്ളിയിലെ അന്തേവാസികളായി. കുറച്ചുകാലം കഴിഞ്ഞ് അമ്മ മരിച്ചു.  ഇവിടെ ഇടവകയിൽ താമസിച്ച്, ഇപ്പോൾ പള്ളിയും അച്ചനും മതിയെന്ന തീരുമാനത്തിലാണ്. മലയാളം നല്ലതുപോലെ അറിയാമെങ്കിലും, വീട്ടിൽ അമ്മയുമായി തമിഴിലേ സംസാരിച്ചിട്ടുള്ളൂ. അതിനാൽ, സംഭാഷണത്തിൽ തമിഴിന്റെ ശൈലി അല്പം കലർന്നുവരും. ആളു പാവമാണ്, നിർദ്ദോഷിയാണ്’.
ഇപ്പോൾ സംശയിക്കേണ്ടുന്ന സാഹചര്യം വന്നിരിക്കുന്നു.

റെക്സിന്റെ ചോദ്യങ്ങൾ കേട്ട് വിളറിവെളുത്തുപോയ ചെല്ലയ്യ, കെട്ടിടത്തിൽ കണ്ട വെളിച്ചവും രൂപവും ഓർത്തെങ്കിലും മിണ്ടിയില്ല. ‘ എന്നാലും ഞാനതു കണ്ടതാണല്ലോ, ഇതിപ്പൊ ആരോടു പറഞ്ഞാ വിശ്വസിപ്പിക്കുന്നത്? അച്ചന്റെ പരിചാരകനായ ലാസറും അങ്ങനെ കണ്ടിട്ടുണ്ടെന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചിട്ടില്ല, അവനു ഭ്രാന്തുപിടിച്ചതോ സ്വപ്നത്തിൽ കണ്ടതോ ആയിരിക്കാമെന്നാണ് പൊതുസംസാരം. പിന്നെ, ആഴ്ചതോറും ആ വീടും പരിസരവും വൃത്തിയാക്കുന്ന ഞാനും അങ്ങനെ കണ്ടെന്നു പറഞ്ഞാൽ, എല്ലാവരും കൂടി മേക്കിട്ടുകയറുമോയെന്ന പേടിയുണ്ട്.  അച്ചനോടു പറഞ്ഞപ്പോൾ അതു കേട്ടഭാവം പോലും കാട്ടിയതുമില്ല.’

കെട്ടിടത്തിന്റെ ഭാഗത്തുനിന്നും തണുത്ത കാറ്റ് പൂമണവുമായി വീശിവന്നപ്പോൾ, ചെല്ലയ്യായുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി.

നേരം വെളുത്തുതുടങ്ങിയെന്നറിയിക്കാൻ  ആദിത്യൻ തന്റെ ആദ്യകിരണങ്ങൾ അവിടേയ്ക്കെല്ലാം പായിച്ചുവിട്ടപ്പോൾ, മഞ്ഞുവീണ് കുളിരുപൂശി ചലിക്കുന്ന ചെടികളുടേയും മരങ്ങളുടേയും ഇലകളിൽ മുത്തുകൾ പതിഞ്ഞ് തെളിഞ്ഞുതിളങ്ങി.

‘ സർ ഇവിടെയുണ്ട്, ഒരു ജഡം കാണുന്നുണ്ട്..’  ശബ്ദം കേട്ട ഭാഗത്തേയ്ക്ക് വിളക്കുകളുമായി എല്ലാവരും ഓടിയെത്തി.
എരിഞ്ഞുതീർന്ന പുൽച്ചാമ്പലിന്റെ പിറകിലായി, ആളുകൾ വീശിയെറിഞ്ഞ വെള്ളം വീണ് കലങ്ങിപ്പടർന്ന തറയിൽ, കത്തിക്കരുവാളിച്ച ഒരു മൃതശരീരം മുഖം തിരിഞ്ഞ് കിടക്കുന്നു.

റെക്സ്  ടോർച്ച്തെളിച്ച് ആകമാനം ഒന്നോടിച്ചുനോക്കി. കറുത്ത രൂപമായതിനാൽ വ്യക്തമായി കാണാൻ കഴിയില്ല.
‘ ഹാ  എന്റെ പ്രിയങ്കരനായ സുഹൃത്ത്...അലക്സ്...ഈ രൂപത്തിൽ.......’ വിങ്ങിയ നെടുവീർപ്പോടെ  അച്ചൻ  മുഖം പൊത്തി.   അടുത്തുനിന്ന് ആ രൂപം കണ്ട ചെല്ലയ്യ  ഒരാർത്തനാദത്താൽ ബോധരഹിതനായി കുഴഞ്ഞുവീണതുകണ്ട്, രണ്ടുപേർ അയാളെ താങ്ങിപ്പിടിച്ചു കിടത്തി.

അലക്സിന്റെ മരണത്തിൽ പരിതപിച്ച് വിഷാദമഗ്നരായി നിൽക്കുകയാണ് എല്ലാവരും.

റെക്സ്  പറഞ്ഞതനുസരിച്ച് പോലീസുകാർ മറ്റുള്ളവരുടെ സഹായത്തോടെ ആ മൃതദേഹം പൊക്കിയെടുത്ത് വൃത്തിയുള്ള പുൽത്തകിടിയിലേയ്ക്ക് കിടത്തി, അതിൽ  കരിഞ്ഞുവീണു പറ്റിപ്പിടിച്ച ചില്ലത്തുണ്ടുകളും ചാമ്പൽ‌പ്പൊടികളും നീക്കി കുറച്ചു വൃത്തിയാക്കി.
“ എല്ലാവരും ഒന്നൊഴിഞ്ഞ് ദൂരേയ്ക്ക് മാറിനിൽക്കൂ...” ഒന്നുകൂടി പരിചിതമായ ആ ശരീരത്തെനോക്കി ദീർഘനിശ്വാസത്തോടെ തിരിഞ്ഞുനടക്കാൻ ഭാവിച്ച  റെക്സ്, ശ്രീമന്ദിരത്തിൽനിന്നും വിങ്ങിപ്പൊട്ടിയുള്ള ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട്, അനങ്ങാൻ സാധിക്കാതെ അവിടേയ്ക്ക് നോക്കി. പൂമുഖത്തിനു വെളിയിലുള്ള വെളിച്ചമല്ലാതെ മറ്റൊന്നും കാണുന്നില്ല.

പെട്ടെന്ന് ആ മൃതശരീരം ചലിച്ചതായി അയാൾക്ക് തോന്നി. ‘ആരോ അതിനെ ചലിപ്പിച്ചതാണോ?’  ടോർച്ച് തെളിച്ച് ഓരോ അവയവങ്ങളും ശ്രദ്ധിച്ച് നിരീക്ഷിച്ചു. അച്ചനും മറ്റു രണ്ടുപേരും അതിൽത്തന്നെ സൂക്ഷിച്ചു നോക്കുകയാണ്.

വർദ്ധിച്ച സംഭ്രാന്തിയും സംശയവും പൂണ്ട അച്ചനും,  അത്ഭുതാവേശനായ  റെക്സും പരസ്പരം ഉറ്റുനോക്കി. അച്ചനാണ്  ആദ്യം അത് പറഞ്ഞത് “ ഇത് അലക്സല്ല, അവന്റെ ശരീരം  ഇതല്ല..!”
“ എനിക്കും സംശയമുണ്ട്....അലക്സിന്റെ ശരീരത്തിന് ഇതിനെക്കാൾ നീളമുണ്ട്...”
“ അവന്റെ ദേഹം ഇത്ര കനത്തതുമല്ല...!!”
“ അതെ  ശരീരംതന്നെ മാറ്റം..!!”  റെക്സ് പോക്കറ്റിൽനിന്ന് കർച്ചീഫെടുത്ത് ആ ശരീരത്തിന്റെ മുഖം മാത്രം തുടച്ചുനോക്കി.

ആ മുഖം വ്യക്തമായിക്കണ്ട ഫാദർ ഡാനിയേൽ ‘..ഹോ...എന്റെ  കർത്താവേ...’ യെന്ന് ഓർക്കാപ്പുറത്ത് വിളിച്ചുപോയി.
മറ്റുചിലർ ഉച്ചത്തിലും പതുക്കെയും അതിശയകരമായി സംസാരിക്കാൻ തുടങ്ങി. അപ്പോഴും പരക്കുന്ന ആ പാലപ്പൂമണമേറ്റ്, ഭയവും അത്ഭുതവും പേറിനിൽക്കുന്ന അവരെനോക്കി  അച്ചൻ പറഞ്ഞു “ ഇത് അലക്സിന്റെ ശരീരമല്ല....അലക്സല്ലായിത്....ഇത്...ഇത്.....”ബാക്കി പറയാനാകാതെ വീണ്ടും ആ  ശരീരത്തെനോക്കി  മിഴിച്ചുനിന്നു.

ഒരാൾ കുറേ വെള്ളം കൊണ്ടുവന്ന് ചെല്ലയ്യായുടെ മുഖത്തു തളിച്ചപ്പോഴേയ്ക്കും അയാൾക്ക് ബോധം വന്നുതുടങ്ങി, ഭയം വിട്ടുമാറാതെ ‘ ആ പ്രേതം....അത് ശരിതാനേ...കടവുളേ.....’എന്ന് വിഭ്രാന്തിയാൽ വിളിച്ചുകൂവി.

റെക്സ്  ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ചോദ്യങ്ങളിൽ പെട്ട് അസ്വസ്ഥനായി “ ഈ ചെല്ലയ്യായെ പ്രത്യേകം ഗൌനിക്കണം, എങ്ങോട്ടും പോകാനനുവദിക്കരുത്...” എന്ന് പോലീസുകാർക്ക് ആജ്ഞ കൊടുത്തു.

അയാൾ സംഭവങ്ങളുടെ കണ്ണികൾ നിരത്തിനോക്കി - ‘ തീ വച്ചത് ചെല്ലയ്യയാണെന്ന് കരുതാം. പക്ഷെ, അലക്സെവിടെ? അവൻ സ്നേഹിച്ചിരുന്ന യുവതി ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചു. പിന്നെ അവനിങ്ങനെചെയ്ത് മറയേണ്ടുന്ന കാര്യമില്ല.  ഈ മൃതദേഹം ആരുടെ?  അതുകണ്ട് അച്ചനെന്തിന് ഭയക്കുന്നു?..’
എല്ലാം നേരിട്ട് അന്വേഷിക്കുന്നതാണ് നല്ലത്,  അതെവിടെത്തുടങ്ങണമെന്ന് ഗാഢമായി ചിന്തിച്ചു. ആ   സമയം....

ഒരു യുവതിയുടെ ദുഃഖത്താലുള്ള  യക്ഷഗാനം കേൽക്കുന്നുവോ?
അതു കേട്ടഭാഗത്തേയ്ക്ക് നോക്കിയപ്പോൾ -  വിഷാദഛായയാർന്ന് വിങ്ങിക്കരഞ്ഞുകൊണ്ട്, തിളങ്ങുന്ന കണ്ണുകളോടെ ഒരു വെളുത്തമുഖം ജനലിൽക്കൂടി  ഉറ്റുനോക്കുന്നു.

അയാൾ അവിടേയ്ക്ക് പോകാനായി എഴുന്നേൽക്കുമ്പോൾ,  ഡാനിയേലച്ചൻ അത്ഭുതപരതന്ത്രനായി ഓടിവന്ന് റെക്സിന്റെ കയ്യിൽ പിടിച്ചുപറഞ്ഞു “ റെക്സ്,  എത്രയും വേഗം പള്ളിയിലെത്തണം, ഒരു സംശയം തീർക്കാനുണ്ട്.....”

അവിടെ  ആകെയൊരു ബഹളം.

രാവിലെ ആറു മണിക്കുള്ള  പള്ളിമണിയുടെ മുഴക്കത്തിൽ,  തീപിടിച്ച കുതിരലായത്തിന്റെ  പിൻഭാഗത്തുനിന്നും  ഉയർന്ന നിലവിളി  ആരും കേട്ടില്ല........

                                                                              ..............തുടരും...............

15 comments:

sulekha said...

കളി കാര്യമാവുകയാണല്ലോ.ശെടാ എനിക്ക് ആകെപ്പാടെ ഒരു ടെന്‍ഷന്‍ ,രണ്ടാം ഭാഗം കൊള്ളം

വി.എ || V.A said...

sulekha:> അല്ലാ, യക്ഷിയെ അങ്ങനെ നോക്കിയിരുന്നോ? ഉൽഘാടനത്തിന് ഒരു പൂച്ചെണ്ട്. ( പാലപ്പൂവിന്റെയല്ല ) നന്ദിയുണ്ട്, വളരെ...

വരയും വരിയും : സിബു നൂറനാട് said...

ടെന്‍ഷന്‍ ആക്കുമല്ലോ..!!
ആകാംഷ കൂടുന്നു...ബാക്കി കൂടി പോരട്ടെ..

lekshmi. lachu said...

ബാക്കി കൂടി പോരട്ടെ..

പട്ടേപ്പാടം റാംജി said...

ആകാംക്ഷ നിലനിര്‍ത്തി.
ബാക്കി കൂടെ പോരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

സസ്പെൻസിൽ എല്ലാവരേയും കെട്ടിയിട്ട് ഇനിയും ബാക്കി വായിക്കുവാൻ പ്രേരിപ്പിക്കുന്ന സംഗതികൾ...
അപ്പോൾ ശരിക്കും ഒരു യക്ഷിയുണ്ട് അല്ലേ?

Pushpamgadan Kechery said...

നന്നാവുന്നുണ്ട്.
യക്ഷി പാവമാണെന്ന് തോന്നുന്നു.
കളിക്കുന്നതു മറ്റാരൊക്കെയോ ആണ് എന്ന് തോന്നിപ്പോകുന്നു.
എന്തായാലും അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

വി.എ || V.A said...

ശ്രീ. വരയും വരിയും:> കൊള്ളാം കൊള്ളാം, ബാക്കികൂടി കണ്ടിട്ട് ജോലിയൊതുക്കാം, അല്ലേ? ശ്രീ ലക്ഷ്മി:- പറഞ്ഞിട്ടുണ്ട്, ഉടനേ വരും....ശ്രീ. റാംജീ:> നന്നായി, ഇനി ചുരുക്കിയങ്ങ് പറയാൻ തീരുമാനിച്ചു. ശ്രീ. മുരളീ മുകുന്ദൻ:> അങ്ങനെ സാധിക്കാൻ പറ്റിയതുതന്നെ ഭാഗ്യം. യക്ഷിയുണ്ട് പക്ഷേ, അവൾ നമ്മുടെ മുമ്പിൽ വരുമോ എന്തോ!!! ശ്രീ. പുഷ്പങ്ങാട്:> കുടം തുറന്ന് ഭൂതത്തെ തുറന്നുവിടല്ലേ മാഷെ! ആളിനെ ഉടനേ വിടാം..ഇവിടെ വന്ന് സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം...

Anees Hassan said...

.............തുടരും...........
...

എന്ത്?
വായന
കമന്റ്സ്
പിന്നെ ഒരു ചെറു പുഞ്ചിരി

kaattu kurinji said...

yakshaganam oru kalaaroopam alle V.A?

Curiosity undavunnund

വി.എ || V.A said...

ആയിരത്തിയൊന്നാം രാവ്:> അർത്ഥവത്തായ നല്ല ചോദ്യങ്ങൾ. ആദ്യം ഒറ്റലക്കത്തിൽ, അലക്സ് മരിക്കുന്നതാണുദ്ദേശിച്ചത്. പിന്നെ കഥ നീട്ടി അല്പം വിശദീകരിക്കുന്നതിന്, ഒരു കാരണവും ഉണ്ടായിയെന്നത് സത്യം.തുടരും-എന്ത്?= കഥ, നീണ്ടുപോയി-ക്ഷമിക്കുമല്ലൊ? വായന= നാലു തവണയായി ഭാഗിച്ചില്ലെങ്കിൽ,വായിക്കാൻ വിരസമാവും. കമെന്റ്സ്= കഥ വായിച്ച് കഥാപാത്രങ്ങളെ ചൂണ്ടിയുള്ളവയെല്ലാം ഇഷ്ടം, എനിക്കു മാത്രമല്ല, എല്ലാവരും എല്ല്ലാവർക്കും അങ്ങനെ ചെയ്യണമെന്ന് താല്പര്യം. ചെറുപുഞ്ചിരി= കിട്ടിയാൽ മഹാഭാഗ്യം, പ്രതിഫലത്തുക കുറയില്ലല്ലോ? വളരെ നന്ദി.. കാട്ടു കുറിഞ്ഞി:> ഉപദേവവിഭാഗത്തിലുള്ള വിദ്യാധരന്മാർ, അപ്സരസ്സുകൾ, രക്ഷസ്സുകൾ,കിന്നരന്മാർ, പിശാചർ മുതലായവരിൽ യക്ഷന്മാരും ഉൾപ്പെടുന്നു. യക്ഷന്മാരുടെ സ്ത്രീജനങ്ങളാണ് യക്ഷികൾ(യക്ഷിണി). ഈ വിഭാഗത്തിലുള്ളവരുടെ പാട്ടുകളാണ് യക്ഷഗാനം. കാലാന്തരത്തിൽ ഒരു കലാരൂപത്തിന് യക്ഷഗാനം എന്ന പേരു നൽകി എന്നതാണ് വസ്തുത. വന്നതിന് വളരെ നന്ദി, നമസ്കാരം.

Echmukutty said...

കടവുളേ!
ഇത് എന്നാ?
എന്നവാനാലും പാപ്പോം.

കുസുമം ആര്‍ പുന്നപ്ര said...

രണ്ടാംഭാഗം നോക്കട്ടെ

N.J Joju said...

ഇത് അലക്സിന്റെ ശരീരമല്ല....അലക്സല്ലായിത്....ഇത്...ഇത്.....”ബാക്കി പറയാനാകാതെ വീണ്ടും ആ കബന്ധത്തെനോക്കി മിഴിച്ചുനിന്നു.

കബന്ധം = തലയില്ലാതെ ഉടൽ (???)

Unknown said...

ഒരു ചെറുപുഞ്ചിരി :)