Sunday, September 26, 2010

മാലിനി

   ‘ അങ്ങെത്തും മുമ്പേ...’ (തുടർച്ച)
                                           

ആ പാലത്തിന്റെ അടുത്തേയ്ക്ക് ഞാൻ വേഗത്തിൽ നടന്നു. ഇപ്പോൾ പതിനൊന്നു മണിയായി, കഠിനമായ ചൂടുണ്ട് വെയിലിന്. നേരത്തേ പറഞ്ഞ സംഭവം കഴിഞ്ഞിട്ട് ഒരു മണിക്കൂർ തികഞ്ഞില്ല.

താഴെ കായൽത്തീരത്തേയ്ക്ക് പോകാനുള്ള വീതികൂടിയ ഒരു വഴിയുണ്ട്. അതിനെക്കാൾ എളുപ്പത്തിലെത്താവുന്നതിനാൽ, റെയില്പാളത്തിന്റെ വശത്തുകൂടിയുള്ള ഒറ്റയടിപ്പാതയിലൂടെയാണ് ഞാൻ നടന്നത്.സൂക്ഷിച്ചില്ലെങ്കിൽ കാലുതെന്നി മുൾച്ചെടികളുടെ ഇടയിൽക്കൂടി താഴെവീഴും.പാളത്തിൽക്കൂടി നടന്നാൽ, ട്രെയിൻ മുമ്പിലെത്തിയാലേ അറിയൂ- അതുവന്ന് ഇടിച്ചുതെറിപ്പിച്ചങ്ങു പോകും. എതിരേ വരുന്നത് ജീവനുള്ള ഒരു മനുഷ്യനാണെന്നും, ഇടിക്കാൻ പാടില്ലെന്നും വണ്ടിയുടെ യന്ത്രത്തിന് അറിഞ്ഞുകൂടല്ലൊ.

ഇപ്പോൾ വ്യക്തമായിക്കാണാം.പാലത്തിന്റെ ഇപ്പുറത്ത് കുറേയാളുകൾ കൂടിനിൽക്കുന്നു, പെണ്ണുങ്ങളുമുണ്ട്.ചിലർ താഴേയ്ക്കുനോക്കി അവിടമൊക്കെ പരിശോധിക്കുന്നു. കുറച്ചുകൂടി മുന്നോട്ടുപോയി അവരെപ്പോലെ ഞാനും പാളത്തിൽനോക്കി.

പാളങ്ങളിലും കല്ലുകളിലുമൊക്കെ രക്തം ചിതറി ഉണങ്ങിയ അടയാളങ്ങൾ. ഉദ്ദേശം നൂറു മീറ്റർ ദൂരത്തായി അയാളുടെ ശരീരം ഒരു കാൽ അറ്റുപോയ നിലയിൽ തെറിച്ചു കിടക്കുന്നു. ആകപ്പാടെ ചതഞ്ഞമർന്ന് വികൃതമായെങ്കിലും, മുഖം ഒരുവിധം വ്യക്തമാകും.തലയുടെ പിൻ വശം പൊട്ടിത്തകർന്നു. വലതുവശത്ത് ഇടതിങ്ങി വളർന്നുപടർന്നു കിടക്കുന്ന പാഴ്ച്ചെടികളുടെ മുകളിൽ കുരുങ്ങി, അയാളുടുത്തിരുന്ന വെളുത്ത മുണ്ട് കാറ്റടിച്ചു പറക്കുന്നു.

ഇതൊക്കെ നോക്കുന്നവർ പലതും വിശദമായി പറയുന്നതിൽ നിന്നും, മരിച്ചത് എനിക്കറിയാവുന്ന ആളാണെന്നറിഞ്ഞു. ആ ഉടലിന്റെ അടുത്തുചെന്ന് മുഖം ശ്രദ്ധിച്ചുനോക്കി. അതെ അയാൾതന്നെ, മുകുന്ദൻ. ആറ്റുപുറത്തു നാലുകെട്ടിലെ ശേഖരൻ മേനോന്റെ മകൻ, മുകുന്ദൻ മേനോൻ.

ഞാനോർത്തു- ബസ്സിൽ കയറിയാൽ ചില്ലറയുടെ പേരിൽ കണ്ടക്റ്ററെ അടിക്കും, മാർക്കറ്റിൽ പോയാൽ വില പറഞ്ഞ് വഴക്കുണ്ടാക്കും, ഷാപ്പുകളിൽ ചെന്നാലും അതുതന്നെ സ്ഥിതി. എവിടെയും സ്ത്രീകൾക്കുവേണ്ടിയേ വാദിക്കുകയുള്ളൂ‍ .അതിനാൽ സ്ത്രീകൾക്ക് സ്നേഹമില്ലെങ്കിലും- വിരോധമില്ല, പുരുഷന്മാർക്ക് ഒട്ടും കണ്ടുകൂടാതാനും.

ധാരാളം സ്വത്തുക്കളുള്ള മേനോന് ഈയൊരു മകനേയുള്ളൂ. കൂടുതൽ ലാളിച്ചു വളർത്തിയതിനാൽ നല്ലതുപോലെ പഠിച്ചില്ല, നല്ല സ്വഭാവമില്ല. അഛനുമമ്മയും നല്ലതുപോലെ സൂക്ഷിച്ചു വളർത്തിയാലേ മക്കൾ നന്നാവൂ, പ്രത്യേകിച്ച് ആൺ മക്കളെ. മുകുന്ദന് ആ നിയന്ത്രണം ഉണ്ടായില്ല, ക്രമേണ അതുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഫലിച്ചതുമില്ല.  

ജീവിതത്തിൽ നല്ലവനായി നടക്കാതെ വെറും തെമ്മാടിയാവുന്നവന്, ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള ദുർമരണം മാത്രമേ ‘വിധി’ കൊടുക്കുകയുള്ളൂ.

അപ്പോൾ ഈ മുകുന്ദൻ തന്നെയാണ്, സിദ്ധനർകാരിയായ ‘മാലിനി’യെ പ്രശ്നങ്ങളുണ്ടാക്കി വിവാഹം കഴിച്ചത്. ഓ-അവളുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ആദ്യം അവിടെയല്ലേ എത്തേണ്ടത്? പെട്ടെന്ന് ഞാൻ കായൽതീരത്തെത്തി.

അവിടെ ആരേയും കാണാനില്ല. താഴെ അല്പമകലെയായി ഒരു വീട്ടിന്റെ മുമ്പിൽ നാലഞ്ചുപേർ നിൽക്കുന്നു, ഞാൻ അവിടെയെത്തി.  

ഓടു മേഞ്ഞ ഒരു വീടിന്റെ അരമതിൽ കെട്ടിയ ഉമ്മറക്കോലായ്ക്കകത്ത്, ഒരു യുവതി അവശതയോടെ ചാരിക്കിടക്കുന്നു. അടുത്തിരിയ്ക്കുന്ന മറ്റൊരു സ്ത്രീ അവളുടെ വയറ്റത്തും നെഞ്ചത്തും കൈപ്പത്തിയിലും കാല്പാദങ്ങളിലും തിരുമ്മുകയും തടവുകയും ചെയ്യുന്നു. രണ്ടുമൂന്നു സ്ത്രീകൾ ചുറ്റിലും നിന്ന് പിറുപിറുക്കുന്നു.

അടുത്തു ചെന്ന് ആ സ്ത്രീയോട് വളരെ പതുക്കെ ചോദിച്ചു “ ഇവരാണോ അവിടെ വെള്ളത്തിൽ വീണത്?’ അവർ എന്നെ ആപാദചൂഡം ഒന്നു നോക്കി. എന്റെ പരിതാപഭാവം കണ്ടിട്ടാവാം, അവർ ‘ അതെ ആങ്ങളെ...’ എന്നു പറഞ്ഞതുകേട്ട് , ആശ്വാസത്തോടെ ആ യുവതിയെ നോക്കി.

നല്ല പ്രസന്നതയും ശാലീനത്വവുമുള്ള കറുത്തു മെലിഞ്ഞ ഒരു സുന്ദരി, ‘ മാലിനി’. നൂലു പോലത്തെ ഒരു മാലയിൽ താലി കൊരുത്തിട്ടിരിക്കുന്നു. വലതു കയ്യിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്, സാരിയും ബ്ലൌസും അപ്പോഴും നനഞ്ഞതുതന്നെ. മറ്റുള്ളവർ അവളെ ചുറ്റിക്കൂടിയിരുന്ന് എന്തൊക്കെയോ ചോദിക്കുന്നെങ്കിലും, ഒന്നിനും അവൾ ഉത്തരം പറയാതെ തലയാട്ടുകമാത്രം ചെയ്തു.

ഒരു ചേച്ചിയെപ്പോലുള്ള ആ സ്ത്രീയെ പുറത്തേയ്ക്കു വിളിച്ച്, ഒഴിച്ചു നിർത്തി ഞാൻ..“ അവർ ഇവിടെ എങ്ങനെയെത്തി, എന്താ നടന്നത്, ആ നനഞ്ഞ സാരിയൊന്നു മാറ്റിക്കൂടെ...?’ എന്നൊക്കെ ചോദ്യമായി.

“ അതിന് അത് സമ്മതിക്കണ്ടെ? ഞാൻ കഴുകിയ തുണികൾ വിരിച്ചോണ്ടു നിൽക്കുവാരുന്നു. ഈ കൊച്ച് ഓടിവരുന്നതും ഞാനവിടെയെത്തും മുമ്പ് കമ്പിയിൽ പിടിച്ച് തൂങ്ങിവീഴുന്നതുമാ കണ്ടത്. കുറേ വിളിച്ചുകൂവി. ദൂരെ വള്ളത്തിൽ മണ്ണുംകേറ്റി തൊഴഞ്ഞു പോയ രണ്ടുപേര് നോക്കിയപ്പൊ, ഒറക്കെ കര്യം പറഞ്ഞു. അവര് അവിടെപ്പോയി ഇതിനെ തൂക്കിയെടുത്ത് എന്നെയേല്പിച്ച്, തൊഴഞ്ഞു പൊക്കളഞ്ഞു. ഞാനും ദേ അവളും കൂടാ പൊക്കിയെടുത്ത് ഇവിടെ കൊണ്ടുവന്ന് കെടത്തിയത്. ബോധം വന്നപ്പൊ മൊതല്, ‘ആളെക്കൂട്ടി ഒന്നും പറയരുതെ’ന്ന് പറഞ്ഞോണ്ടിരിക്കുവാ...” ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

“ ട്രെയിൻ തട്ടി ഒരാൾ ദേ അവിടെ മരിച്ച കാര്യം, ആരോ പറഞ്ഞുകേട്ടപ്പഴാ ഇത്രേം ബഹളം. ഡോക്ടറെ വിളിക്കല്ലെ, ആശുപത്രീ കൊണ്ടുപോവല്ലെ, അവരൊക്കെ അറിഞ്ഞാ പോലീസു വരും ആത്മഹത്യയ്ക്ക് കേസെടുക്കും എന്നൊക്കെയാ പേടിച്ചു പറേന്നെ. ഇപ്പൊ അതിന്റെ വീട്ടീ പോണംന്നാ പറഞ്ഞോണ്ടിരിക്കുന്നെ....”അവർ തുടർന്നു.

അപ്പോഴുണ്ട്, രണ്ടുപേർ ഓടിവന്ന് ആ ചേച്ചിയോട് ‘ എന്തായി, എന്തായി...’യെന്ന് അന്വേഷിക്കുന്നു.
“ ങ്ങാ, ദേയിവരാ അതിനെ കരയിലെത്തിച്ചത്”
“ ആ സമയത്ത് ആരെയെങ്കിലും ഏല്പിച്ചിട്ട് നിങ്ങൾക്ക് പോകാമായിരുന്നില്ലേ?” ഞാൻ.
നിസ്സഹായ ഭാവത്തിൽ അവർ എന്നെനോക്കി. “ പൊന്നുചേട്ടാ, സർക്കാരിന്റെ അനുവാദം വാങ്ങാതെ വള്ളത്തിൽ ദൂരെപ്പോയി മണലും വാരി വന്നതാ. അന്നേരം ഇവിടെ ആളു കൂടിയാ ആപ്പീസറന്മാര് കാണും, ഞങ്ങളകത്താവും. മൊതലാളിക്ക് മണ്ണു പോയാലും ഒന്നുമില്ല, ഞങ്ങൾക്ക് കൂലി മാത്രമാ കിട്ടുന്നത്, ഞങ്ങടെ വീട് പട്ടിണിയാവൂലേ? പിന്നെ വേഗം തുഴഞ്ഞ് മൊതലാളീടെ രഹസ്യ ബോട്ടുകൂടത്തില് മണലുവള്ളവും തള്ളിവച്ചിട്ടാ, വേറേ വള്ളത്തില് വന്നത്. ഞങ്ങളിങ്ങെത്തുന്നേനുമുമ്പ് ആ കൊച്ചിന് ഒന്നും സംഭവിക്കല്ലേന്ന് പ്രാർഥിച്ചോണ്ട് ഓടുവാരുന്നു ഞങ്ങള്....”

ശരിയാണ്. അവർക്ക് അവരേയും സൂക്ഷിക്കണമല്ലൊ. ‘ കുളിക്കാനിറങ്ങിയതാണെന്നും കാൽ വഴുതി വീണുപോയതാണെന്നും മറ്റുള്ളവരോട് പറഞ്ഞാൽ മതി’ യെന്ന് ഞാൻ അവരേയും ചേച്ചിയേയും ബോദ്ധ്യപ്പെടുത്തി.

അവൾ പറയുന്നതും ശരിയാണ്. മുകളിൽ മരണം നടന്ന സ്ഥലത്ത് പോലീസുകാർ വരും,  അന്വേഷിച്ച് ബന്ധപ്പെട്ട് ഇവിടെയുമെത്തും. പിന്നെ കേസ്, വഴക്ക്, ആകെ പൊല്ലാപ്പാകും. അതിനുമുമ്പ് അവളുടെ വീട്ടിലെത്തിച്ച്, ആശുപത്രിയിലുമാക്കാം. പെട്ടെന്ന് ഒരു കാറു വിളിച്ചുകൊണ്ടുവരാൻ വള്ളക്കാരനെ വിട്ടു. വണ്ടിയുമായി വരുന്നതിനു മുമ്പ് മുകളിൽ പോയി ഒന്നു നോക്കി.

ആരോ ചെന്ന് അറിയിച്ചപ്പോൾത്തന്നെ ശേഖരമേനോൻ അവിടെയെത്തി. മകൻ നഷ്ടപ്പെട്ട ദുഃഖത്താൽ അയാൾ എന്തൊക്കെയോ പറയുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്നുണ്ട്. കുറേക്കഴിഞ്ഞ് അടുത്ത സ്റ്റേഷനിൽ നിന്നും ട്രെയിൻ ഡ്രൈവർ അറിയിച്ചപ്രകാരം,  ഒരു പോലീസുകാരൻ  മറ്റു  മൂന്നുപേരുമായെത്തി. ഭാഗ്യത്തിന് താഴെ നടന്ന സംഭവമൊന്നും ആരും അറിഞ്ഞിട്ടില്ല. ഇനി അവിടത്തെ കാര്യം അവർ നോക്കിക്കൊള്ളും, ജഡമൊക്കെ വാരിയെടുത്ത് ആ തന്ത കൊണ്ടുപൊയ്ക്കോളും.

വണ്ടിയെത്തി.  ചേച്ചിയേയും വള്ളക്കാരനേയും കൂട്ടി മാലിനിയെ താങ്ങിപ്പിടിച്ച്, അവൾ ചൂണ്ടിക്കാണിച്ച വഴിയേ നീങ്ങി അവളുടെ വീട്ടിലെത്തി. ഇഷ്ടികകൊണ്ട് കെട്ടിയ ഒരിടത്തരം വീട്. നാലു വയസ്സുകാരിയായ ഒരു കുട്ടിയെ മടിയിലിരുത്തി, വാതിൽ‌പ്പടിയിൽ ഒരമ്മ ഇരിക്കുന്നു. വണ്ടി നിർത്തിയപ്പോൾ, അവ്യക്തമായി മാലിനിപറയുകയാണ്.“ എനിക്കിറങ്ങണ്ടാ...എനിക്കിനി ജീവിക്കണം...ആശുപത്രിയിൽ പോ.... അമ്മേ...മോളേ...” 

മകളെക്കണ്ടപാടെ അമ്മ നിലവിളി തുടങ്ങി. ഒന്നുമറിയാതെ കൊച്ചുമകൾ കൂടെച്ചേർന്ന് കൂട്ടക്കരച്ചിലായി.മകളെ പിടിക്കാൻ കൈ നീട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു, മാലിനി. കഴിയുന്നില്ല.അവളുടെ പിൻ വശത്ത് സാരിയുടെ ഭാഗമാകെ രക്തം പടർന്നിരിക്കുന്നു. വളരെ മോശമായ നിലയിലാണിപ്പോൾ. 

എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായി  അമ്മ, കൊച്ചുമകൾ, ചേച്ചി, മാലിനി എന്നിവരെ പിൻസീറ്റിലും ഞാനും വള്ളക്കാരനും മുന്നിലും കയറി ആശുപത്രിയിലേയ്ക്കു പോയി. “എനിക്ക് ജീവിക്കണം.. എനിക്ക് മോളെ വളർത്തണം... ജീവിക്കണം....”ഇങ്ങനെ തീരെ താഴ്ന്ന സ്വരത്തിൽ പറയുന്നുണ്ട്, അവൾ.‘ അവിടെയെത്തും മുമ്പ് ഒന്നും സംഭവിക്കരുതേ..’യെന്ന് എന്റെ മനസ്സ് വിങ്ങിമന്ത്രിച്ചു.

അവിടെയെത്തിയപാടെ ഞാനോടിച്ചെന്ന് ഡോക്ടറെക്കണ്ട്, ‘കുളിക്കുമ്പോൾ ആഴത്തിൽ വീണുപോയതാണെ’ന്ന് വിവരം പറഞ്ഞു. അദ്ദേഹം ജോലിക്കാരെവിട്ട് മാലിനിയെ കാഷ്വാലിറ്റിയിലേയ്ക്കു കയറ്റാൻ ഇരുമ്പു കിടക്കയിൽ കിടത്തി.  ഇപ്പോൾ ശരീരത്തിന്റെ പകുതിഭാഗവും ചുവന്ന പട്ടുവിരിപ്പുപോലെ നനഞ്ഞുകഴിഞ്ഞു.

അവൾ ഞങ്ങളെ ദയനീയമായി മാറിമാറി നോക്കി “ എന്റെ മോൾ... അമ്മാ...എനിക്ക്..എനിക്കിനിയും ജീവിക്കണം...എനിക്ക്...എനിക്ക്...”  അവ്യക്തമായി ഉച്ചരിക്കുന്നുണ്ടെങ്കിലും, ആ കണ്ണുകൾ പാതി അടയുന്നുവോ.? ‘ഇനി എന്താവും’ എന്ന ആകാംക്ഷ എന്നെ അസ്വസ്ഥനാക്കി.

‘കഷ്ടമേ..!! മരിക്കണം എന്ന് ചിന്തിക്കുന്നത് ഒരു നിമിഷനേരത്തുണ്ടാകുന്ന ആവേശം. മരിച്ചാൽ എല്ലാം തീർന്നുപോവില്ലേ, പിന്നെ ആരെയാണ് ജീവിച്ചുകാണിക്കുക? മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കാൻ ശ്രമിച്ചാലും, ഇതുപോലെ നരകയാതനയാവും ഭവിക്കുക.  ആർക്കും ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാകരുതേയെന്ന് പ്രാർഥിക്കുമ്പോൾ, അകത്തുനിന്നും- അവിടേയ്ക്കുപോയവരുടെ നിലവിളി ഉച്ചത്തിൽ മുഴങ്ങി, ‘അവൾ മരണത്തിന്റെ ശൂന്യതയിലേയ്ക്ക് പറന്നുപോയി..’ എന്നറിയിച്ചുകൊണ്ട്......
             --------------------------------------------------------------------------------------                       “   എന്താ ഒരു മണിക്കൂറായല്ലോ, വിഷമിച്ച് ചിന്തിക്കുന്നത്?”  ശബ്ദം കേട്ട് നിവർന്നു നോക്കിയപ്പോൾ, ചായ മേശപ്പുറത്തുവച്ച് ഭാര്യ ജയാമ്മ നിൽക്കുന്നു.                                                                                               “എന്തു പറ്റി, ഉം.....?” പിന്നെയും അവൾ ചോദ്യത്തിലാണ്.    കഥയിൽ നിന്നും പുറത്തുകടന്ന ഞാൻ, അവളുടെ മുഖത്തേയ്ക്കു നോക്കി ചോദിച്ചു “ തനിക്ക്  ആത്മഹത്യ ചെയ്യണോ..?”                                 പെട്ടെന്നുള്ള അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടിപ്പോയി.                             സ്തബ്ധയായി ശിലപോലെ നിൽക്കുന്ന ഭാര്യയെ , ഒളികണ്ണിട്ട്  ഒന്നു നോക്കിയശേഷം ഞാൻ ചായയെടുത്തു,കുടിക്കാൻ..........                    
                                                **********************ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം

17 comments:

വി.എ || V.A said...

അവരൊക്കെ അറിഞ്ഞാ പോലീസു വരും ആത്മഹത്യയ്ക്ക് കേസെടുക്കും

ശ്രീ said...

ഒരു കഥ എഴുതാനറിയാമെങ്കില്‍ എന്തുമാകാമല്ലോ അല്ലേ? ചായ കുടിയ്ക്കുന്നതിനു മുന്‍പായിരുന്നു അവസാന ചോദ്യമെങ്കില്‍ അതു പോലും കിട്ടുകില്ലായിരുന്നു ;)

Abdulkader kodungallur said...

അപ്രതീക്ഷിതമായ ചോദ്യം കേട്ടു കഥാകാരന്റെ ഭാര്യമാത്രമല്ല പാവം ഞാനും ഞെട്ടി . ഭാര്യയില്‍ ആത്മഹത്യാ പ്രവണത വളര്‍ത്തി പാവത്തിനെക്കൊണ്ട് അങ്ങിനെ ചെയ്യിച്ചിട്ട് കഥാകാരന് പുതിയ കല്യാണം കഴിക്കലായിരുന്നോ ഉദ്ദേശം .തുറന്ന് പറയണം .
വി.എ.യുടെ ഉള്‍പ്പിരിവുകളിലെ സ്പന്ദനം , ജ്വാലകള്‍ , തിരകള്‍ എല്ലാം ഈ പോസ്റ്റ്‌ മനസ്സിരുത്തി വായിക്കുന്ന സഹൃദയര്‍ക്കു മനസ്സിലാകും . പക്ഷെ അത് വേണ്ട വിധം തന്‍റെ തൂലികത്തുമ്പിലൂടെ പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല എന്ന് പറയുവാന്‍ ഞാനും വി.എ.യും തമ്മിലുള്ള അടുപ്പം എന്നെ പ്രേരിപ്പിക്കുന്നു .അല്ലെങ്കില്‍ ഈ ബന്ധത്തിനെന്തര്‍ത്ഥം എന്ന് മനസ്സാക്ഷി ചോദിക്കുന്നു.

Anees Hassan said...

നീ കൊള്ളാം കേട്ടോ .....ഇജ്ജൊരു മൊതലാ

mini//മിനി said...

സാക്ഷിയാവാൻ ഞാനില്ലേ;

പട്ടേപ്പാടം റാംജി said...

തനിക്ക് ആത്മഹത്യ ചെയ്യണോ...?

വെറുതെ പേടിപ്പിക്കല്ലേ മാഷെ.

മൻസൂർ അബ്ദു ചെറുവാടി said...

വീ എ ,
എഴുത്ത് തുടരുക,
ആശംസകള്‍

വി.എ || V.A said...

ശ്രീ:> എല്ലാവരും അവസാനം പറഞ്ഞതിലാണ് പിടിച്ചിരിക്കുന്നത്. പ്രചോദനത്തിന് താങ്കൾക്ക് ഒരു ചായ തരുന്നു. എ.കെ.മാഷ്:> താങ്കൾ പറഞ്ഞതുപോലെ എല്ലാവരും ‘ മനസ്സിരുത്തി ‘ വായിക്കട്ടെ, ,ധാരാളം സമയമുണ്ടല്ലൊ. അടുത്തതിൽ തൂലികത്തുമ്പിന് മൂർച്ച കൂട്ടാം.വളരെ നന്ദി,നന്ദി. ആയിരം രാവേ:> താങ്കളുടെ ഒരു രാത്രി ഞാനിങ്ങെടുത്തു, ക്ഷമിക്കണം.വളരെ നന്ദി. മിനി:> സാക്ഷിമൊഴി വേണ്ട, സംഭവം നേരിൽ കണ്ടല്ലോ, അതു ധാരാളം.ഇനി കോടതിയിൽ വരുത്തിക്കൊള്ളാം, നന്ദിയുണ്ട് കേട്ടോ... റാംജീ:> വാശിപിടിപ്പിച്ചാൽ ഞാനതങ്ങു ചെയ്യും. പിന്നെ മരണ ശേഷം ‘അയാൾ പാവമായിരുന്നു’ എന്ന് പറയരുത്.ങ്ങാ... ഹൈനാ:> നന്ദിയുണ്ട് മോളേ, ദമ്മാമിൽ സുഖമായിത്തന്നെയല്ലേ? ചെറുവാടി:> എന്നെ വാടിപ്പിക്കാതെ, ഊർജ്ജം കുത്തിവച്ചതിന് വളരെവളരെ നന്ദി.സ്വാഗതം...

നൗഷാദ് അകമ്പാടം said...

രണ്ടു ഭാഗവും വായിച്ചു!
നന്നായി എഴുതിയിരിക്കുന്നു..
എഴുത്ത് തുടരുക...ആശംസകള്‍!!

പിന്നെ എന്റെ പ്രധാന ബ്ലോഗ്ഗായ "എന്റെ വര" യില്‍ ഞാന്‍ പതിവായി പോസ്റ്റിടുന്നുണ്ട് കെട്ടോ..
"ഗമന്റ്സില്‍" പ്രത്യേകത തോന്നുന്ന കമന്റുകള്‍ മാത്രമേ ചേര്‍ക്കുന്നുള്ളൂ..
അന്വേഷണത്തിനു നന്ദി കെട്ടോ..!

sulekha said...

pinne are jeevichu kaanikan?avideyanu suhruthe maranam parajayappedunnath.nalla avatharanam.thozilalikalude paatra chitreekaranam edutthuparayendiyirikkunnu.syliyum manoharam.ottere kaaryangal tankal lalithamayi paranjirikunu.apam itinayirunnu kshanichat alle?nandhi.ineem varam.

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... aashamsakal..............

വി.എ || V.A said...

നൌഷാദ്:> വളരെ നന്ദിയുണ്ട്. ‘എന്റെ വര’യിൽക്കൂടി ഞാൻ വരാറുണ്ട്, ഇനിയും കാണാം. കുമാരൻ:> ഈ കുത്തുകളും കോമയും പോക്കറ്റ് നിറച്ച് ഉണ്ടോ? പണ്ട് ഇതുവഴി ഒന്നു വന്നുപോയിട്ട്, ഇപ്പോഴാണല്ലോ കാണുന്നത്? അടുത്തുതന്നെ നേരിൽ കാണാം, ‘ഇൻഷാ അള്ളാ’. SULEKHA:> വളരെ നല്ല പ്രതികരണം,തീർത്ഥയാത്രയിലാണ്-വഴിയമ്പലങ്ങളിൽ വച്ച് വീണ്ടും കാണാം. നന്ദി, നന്ദി. JAYARAJ:> വന്നു കണ്ടു, സന്മനസ്സുള്ളവർക്കു സമാധാനം എന്നു പറയാം അല്ലേ? നന്ദിയുണ്ട് സുഹൃത്തേ.........

Echmukutty said...

അതു ശരി. മാലിനി മരിച്ചില്ല.

എന്നാലും ആ ചായ കുടിയ്ക്കണതിനു മുൻപ് എന്തൊരു ചോദ്യം?
ഇത്രേം ഗമ വേണ്ടായിരുന്നു.

തുടർന്നും വായിയ്ക്കുന്നതാണ്.

വി.എ || V.A said...

എച്ച്മുക്കുട്ടി:> താമസിച്ചുപോയി, ക്ഷമിക്കണം. കഥാപാത്രങ്ങളെ എടുത്തുകാട്ടിയത്, എന്നിൽ ചാരിതാർഥ്യമുണ്ടാക്കി. സുലേഖയും അങ്ങനെതന്നെ ചെയ്തു, അതാണ് അഭിപ്രായത്തിന്റെ കാതൽ. രണ്ടു ഭാഗവും സൂക്ഷ്മമായി ശ്രദ്ധിച്ചിരിക്കുന്നു, വളരെ വളരെ നന്ദി. (നിങ്ങളൊക്കെ ധാരാളം മഹത്ത്വമാർന്നവയൊക്കെ എഴുതിയ ഉന്നതർ, ബ്ലോഗിൽ ഈ എളിയവന്റെ ആദ്യകഥയും.) നിങ്ങളുടെ എല്ലാ എഴുത്തിലും ആത്മകഥാംശം കലരുന്നതിനാൽ,സ്വാഭാവികത കൂടുതലുണ്ട്)

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

ആന്മഹത്യയ്ക്കു തുനിയുമ്പോള് ഒന്നും ചിന്തിയ്ക്കില്ലല്ലോ....
കഥയുടെ അവസാനം കൊള്ളാം

വി.എ || V.A said...

കുസുമം. പി.കെ:> ഞാനെത്താൻ താമസിച്ചുപോയി, ക്ഷമിക്കണം. അഭിപ്രായത്തിന് വളരെ നന്ദി, നന്ദി. പിന്നേ, അവസാനഭാഗം അവളെ കൊന്നതിനാണോ, ഭാര്യയോടുള്ള ചോദ്യമാണോ ഉദ്ദേശിച്ചത് ? ഈ പെണ്ണുങ്ങളുടെ ഒരു സ്വഭാവമേ.......അടുത്ത ഒരുത്തി വരുന്നുണ്ട്, ഒരു യക്ഷി. അവളെ കാണാൻ വരുമല്ലോ..?