Thursday, September 9, 2010

‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’

                        ‘ എന്നും എല്ലാവർക്കും ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടെ’ യെന്ന് പ്രാർത്ഥിച്ചുകൊണ്ട്, എന്റെ ഹൃദയംഗമമായ “ ഈദ് മുബാറക്”.

                                        ‘ പ്രാന്തിച്ചി ’ v/s  ‘ പൊട്ടിച്ചി ’  
                                           ----------------------------------

                         ഇത്തവണ പെരുന്നാൾ സദ്യയായി ഒരുക്കിയ എല്ലാ വിഭവങ്ങളും നല്ലതുതന്നെയായിരുന്നു. ഓരോരുത്തർക്കും പ്രത്യേകമായി അഭിപ്രായമെഴുതാൻ സമയക്കുറവ് അനുവദിച്ചില്ലായെന്നത് സത്യം, എല്ലാവരും ക്ഷമിയ്ക്കുമല്ലോ.  വായിച്ച എല്ലാ നല്ലതുകളിൽ നിന്ന്, പ്രത്യേകമായി തോന്നിയ രണ്ടു പെൺ കഥാപാത്രങ്ങളെ, മറ്റുള്ള ചില രൂപങ്ങളുമായി സാദൃശ്യമല്ലാത്ത സ്വഭാവവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടാൻ ഈ ലക്കം ഉപയോഗിക്കുന്നു.

                        ‘പട്ടേപ്പാടം റാംജി’യുടെ ‘പൊട്ടിച്ചി’യും ‘എച്ച്മുക്കുട്ടിയുടെ’ ‘പ്രാന്തിച്ചി’യും രാവും പകലും പോലെയുള്ള വ്യത്യാസം. യഥാർത്ഥത്തിൽ ഒന്ന്-അഴുക്കു ചാലിൽ കഴിയുന്ന  രാവിന്റെ സന്തതിയും, മറ്റൊന്ന്-സ്ത്രീക്ക് പ്രചോദനമായി പകർത്താവുന്ന  പകലിന്റെ പ്രകാശവും. നമ്മൾ കണ്ടിട്ടുള്ള വ്യക്തികൾതന്നെ എങ്കിലും, അതെഴുതിക്കാണിച്ച നാടകാവിഷ്ക്കാരമാണ് ഞാൻ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ നാടകങ്ങളെപ്പറ്റിയാകാം.

                         ആണുങ്ങളുടെ ആധിപത്യവും ദൌർബ്ബല്യവും നിലനിൽക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാൽ എന്താണ് നടക്കാത്തത്? ബുദ്ധിയുള്ളവളാണെങ്കിൽ രാജാക്കന്മാർ വരെ അവളുടെ നിയന്ത്രണത്തിൽ ഒതുങ്ങും, ഇല്ലെങ്കിൽ ഒതുക്കും. (രണ്ടു ചക്രവർത്തിമാരെ ഒതുക്കി ഭരിച്ച ‘ക്ലിയോപാട്ര’യെ ഓർക്കുക. ഈ വിഷയം അടുത്ത ലക്കങ്ങളിൽ വരും.) ഇനി ബുദ്ധിയില്ലാത്തവളാണെങ്കിലോ, സ്വയം നശിക്കും, അല്ലെങ്കിൽ നശിപ്പിക്കും.

                         സ്വന്തം വീടിന്റെ ചാരുത കൂട്ടിയും, വീട്ടുകാരുടെ മനോഭാവം മാറ്റിയും, സ്വയം വ്യക്തിത്വം അറിഞ്ഞും ജീവിക്കുന്ന ഒരു സ്ത്രീയാണ് ‘പ്രാന്തിച്ചി’യായി രംഗത്തു വരുന്നത്. ഒരു ഭാര്യയായാൽ ഇങ്ങനെയുള്ളവളാവണമെന്ന് നമുക്ക് തോന്നും, ഏറെയും അത് നടക്കാത്തതാണെങ്കിലും. ലളിതമായ ജീവിതചിന്തയുള്ള ഭാര്യയുടെ മനസ്സ് മനസ്സിലാക്കി, അതനുസരിച്ച് പുഞ്ചിരിയോടെമാത്രം എന്തിനേയും നേരിട്ടുനീങ്ങുന്ന ഒരു നല്ല ഭർത്താവിനേയും കൂടെക്കാണാം. എപ്പോഴും ഒരു സംഭവം ചുരുക്കിപ്പറയുന്ന കഥാകാരി, ഇതിൽ വിവരണം കുറേ കൂടുതലാക്കി എന്നേയുള്ളൂ .

                         ഇതിന്റെ അഭിപ്രായങ്ങളിൽ ‘ നനവ്’ കുറിച്ചിട്ടുള്ള നല്ല വരികൾ അനുബന്ധമായി കൊടുക്കാൻ പ്രാധാന്യമുള്ളവയാണ്.

                          മറ്റൊരു വിപരീതസ്വഭാവമുള്ള സ്ത്രീയെ നോക്കുക- സ്വന്തം അനുജനായ പീലിപ്പോസിന്റെ ഭാര്യ ‘ഹെറോദിയാ’യെ ‘ഹേറോദേസ്’ രാജാവ് തന്റെ പത്നിയാക്കി താമസിപ്പിച്ചു. ഈ പ്രവൃത്തി വഞ്ചനാപരവും നീചത്വവുമാണെന്നും, അവളെ സഹോദരനുതന്നെ തിരിച്ചേല്പിക്കണമെന്നും പലപ്പോഴായി  ‘സ്നാപകയോഹന്നാൻ’ ഉപദേശിച്ചു. രാജാവ് അതു പാലിച്ചില്ല. എങ്ങനേയും യോഹന്നാനെ വധിക്കാനുള്ള ഉപായം ആലോചിച്ചുകൊണ്ട് കഴിയുകയാണ്, റാണീസിംഹാസനത്തിൽ വിരാജിക്കുന്ന ഹെറോദിയാ.

                           രാജാവിന്റെ ജന്മദിനം വളരെ ആർഭാടമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഗലീലിയിലെ പ്രമാണികളേയും രാജപ്രമുഖന്മാരേയും പ്രഭുക്കന്മാരേയുമൊക്കെ വിരുന്നിന് ക്ഷണിച്ചു വരുത്തി. രാജാവിന്റേയും അതിഥികളുടേയും പ്രീതി നേടാനും ഉദ്ദേശകാര്യം സാധിക്കാനുമായി, മകൾ ‘ സലോമി’ യെക്കൊണ്ട് അവരുടെ മുമ്പിൽ ഒരു മാദകനൃത്തം ചെയ്യിപ്പിച്ചു.

                            ആ നൃത്തത്തിന്റെ വികാരതീവ്രതയും ലാസ്യഭാവവും നിമിത്തം, സലോമി ചോദിക്കുന്നതെന്തും - രാജ്യത്തിന്റെ പകുതിയായാലും - കൊടുക്കാമെന്ന് രാജാവ് ശപഥം ചെയ്തു. ‘സ്നാപകയോഹന്നാ’ന്റെ ശിരസ്സ് ഒരു തളികയിൽ വച്ചുതരണമെന്ന്, അമ്മയോടാലോചിച്ചശേഷം  സലോമി വന്നാവശ്യപ്പെട്ടു. ഇത് തന്റെ ഭാര്യയുടെ ഗൂഢതന്ത്രമാണെന്നറിയാമായിരുന്നിട്ടും, മനസ്സില്ലായ്മയോടും ദുഃഖത്തോടും കൂടി രാജാവ് സേവകനെവിട്ട് കാരാഗൃഹത്തിൽ കഴിയുന്ന വിശുദ്ധയോഹന്നാന്റെ തല വെട്ടിയെടുത്ത് താലത്തിൽ വച്ച് സലോമിക്ക് കൊടുത്തു, അവളത് അമ്മയെ ഏല്പിച്ചു...............

                             ഇതിലെ ഓരോ ചലനങ്ങളും പല നാടകങ്ങളിലും സിനിമയിലുമായി നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ. (‘കടൽ വിളക്ക് ’-നാടകം-കെ.ശിവദാസൻ.എം.എ;ബി.എഡ്.)
                                 (സിനിമ- ‘ സ്നാപകയോഹന്നാൻ ’ )
                             ഈ അമ്മയും മകളും പെണ്ണുതന്നെയാണ്.അവതരണരീതി ശ്രദ്ധിക്കുക. ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ പലരേയും ദുഷ്ടരാക്കാം, നല്ലവരുമാക്കാം. അതിനാൽ, സ്ത്രീകൾക്ക് അത്യാവശ്യം അനുകരിക്കാനാവശ്യമായ ഒരു ‘പ്രാന്തിച്ചി’യെ, നാടകീയതയോടെ രംഗത്തു കൊണ്ടുവന്നതാണ് നല്ല ആശയത്തിന്റെ വിജയം.
                    ............    http://echmuvoduulakam.blogspot.com    ..............
                                       *****************************************

                          മദ്ധ്യവയസ്കനായ ‘പീറ്റർ’ രണ്ടാം ഭാര്യയായി അയാളെക്കാൾ പ്രായം കുറഞ്ഞ ‘അനീസിയ’യെ വിവാഹം കഴിച്ചു. ഭർത്താവിന്റെ സമ്പത്താകെയും അവളുടെ പേരിലായിരുന്നു. വിരസമായ അവളുടെ ജീവിതത്തിലേയ്ക്ക് ജോലിക്കാരനായ ഒരു യുവാവ് -‘നികിത’- കാമുകനായെത്തി. അവർ പരസ്പരം ഗാഢമായും ആത്മാർത്ഥമായും സ്നേഹിച്ചു.

                         ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണം കഴിഞ്ഞ് അവർ വിവാഹിതരായി. ഇരുമെയ്യാണെങ്കിലും ഒരു ഹൃദയം പോലെ, ആഹ്ലാദത്തോടും പരമാനന്ദത്തോടും മതിമറന്ന് ജീവിച്ചുവന്നു. അതിരുകവിഞ്ഞ സ്നേഹത്തിന്റെ നിറവേളയിൽ അവളുടെ എല്ലാ സ്വത്തുക്കളും നികിതയുടെ പേരിൽ എഴുതിവയ്ക്കുകയും ചെയ്തു.

                         ഒരു ദിവസം, ആനന്ദലഹരിയുടെ ഉത്തുംഗാവസ്ഥയിൽ നിൽക്കുന്ന പ്രത്യേക മുഹൂർത്തത്തിൽ, അവൾ ഒരു സത്യം അയാളോടു തുറന്നു പറഞ്ഞു-‘നിങ്ങളെ എനിക്ക് സ്വന്തമാക്കുന്നതിനുവേണ്ടി, എന്റെ ഭർത്താവിന് ഞാൻ വിഷം കൊടുത്തു കൊന്നതാണ്’ എന്ന്. ആത്മാർത്ഥതയുള്ള ഭർത്താവ് സഹിക്കുമോ ഇത്? അയാൾ ചോദിക്കുന്നു-‘ ...നാളെ മറ്റൊരുത്തനു വേണ്ടി നീ എന്നെയും ഇതുതന്നെ ചെയ്യില്ലേ?’

                           നികിത പ്രതികാരാവേശത്താൽ നിരന്തരം കോപാകുലനും മദ്യപനുമായി മാറി. ക്രമേണ- കോടീശ്വരനായ അവൻ, അവളെ വീട്ടിൽനിന്നും ആട്ടിപ്പുറത്താക്കുകയും, അനാവശ്യച്ചെലവുകൾ ചെയ്ത് എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു.

                            ഏകാകിനിയും ഗർഭിണിയുമായ അവൾ തെരുവിലൂടെ അലഞ്ഞു നടക്കുകയും, ഒരു വിജനമായ സ്ഥലത്തുവച്ച് പ്രസവിക്കുകയും ചെയ്യുന്നു.‘ ഇപ്പോൾ’ സ്വന്തം കുഞ്ഞുമായുള്ള പൊക്കിൽക്കൊടിബന്ധം അവൾ കടിച്ചുമുറിക്കുന്നു..........(തുടർന്നു വായിക്കുക.)

                          ടോൾസ്റ്റോയിയുടെ ‘ The Power of Darkness '  എന്ന നാടകത്തിലെ ചില രംഗങ്ങളാണിത്. ആദ്യാവസാനം ഓരോ ചലനങ്ങളും ഹൃദയത്തിൽ പോറലേല്പിച്ചുകൊണ്ട് നമ്മളെ വിഷാദത്തിന്റെ ചുഴിയിലാഴ്ത്തും.

                          അതുപോലെയല്ലെങ്കിലും, ഒരു പ്രസവരംഗം നാടകത്വത്തോടെ നല്ല വരികളിൽ പട്ടേപ്പാടം റാംജി എഴുതിയത്, കഥയല്ല കാര്യം- അതവതരിപ്പിക്കുന്ന രീതിയാണ് ഉത്തമമെന്ന് ‘ പൊട്ടിച്ചി’യിലൂടെ കാണിച്ചുതരുന്നു.
                       ........  http://pattepadamramji.blogspot.com      ..............
                          ജുവൈരിയാ സലാം ‘നൊമ്പരം’ എന്ന അനുഭവക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ‘......ഒരു ജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം....’   ഇതുതന്നെയാണ് , ഡൽഹിയിലും ഗുജറാത്തിലും ഈയിടെ നടന്നതും, ഇതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതും, ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...

                         ഇതിന്റെ അഭിപ്രായങ്ങളിൽ, ഒരു സംഭവം അനിൽ പനച്ചൂരാൻ എഴുതി, ബാലചന്ദ്രൻ ചുള്ളിക്കാട് ആലപിച്ച ഒരു കവിത ‘ഹാപ്പി ബാച്ചിലേഴ്സ്’ സന്മനസ്സോടെ ചേർത്തിരിക്കുന്നത് നാം കേട്ടിരിക്കേണ്ടതാണ്.

                         എസ്.എൽ.പുരത്തിന്റെ ‘നല്ലവരുടെ രാത്രി’ ,  കാലടി ഗോപി എഴുതിയ   ‘ഏഴു രാത്രികൾ’ എന്നീ രണ്ടു നാടകങ്ങൾകൂടി വായിച്ചുനോക്കൂ,  വ്യത്യസ്ഥസ്വഭാവമുള്ള അഞ്ചു പെണ്ണുങ്ങളെ നിങ്ങൾക്കു നേരിൽ കാണാം...............


                                    
                                                                                                ‌‌‌
                                   ‌

11 comments:

വി.എ || V.A said...

ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...............!!

പട്ടേപ്പാടം റാംജി said...

നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്ന തോന്നല്‍ വന്നാല്‍ മനുഷ്യന്‍ നേരും നെറിയും നോക്കാതെ അത് തിരിച്ചെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുന്നു എന്ന അവസ്ഥ മാറാത്തിടത്തോളം ഭരണത്തെ മാത്രം നമ്മള്‍ പഴി ചാരുന്നതില്‍ കാര്യമില്ലെന്നാണ് എന്റെ തോന്നല്‍.
കഴിഞ്ഞ ലക്കങ്ങളിലെക്കാള്‍ കൂടുതല്‍ കൂടുതല്‍ വിവരണങ്ങള്‍ ഇത്തവണ നല്‍കിയിരിക്കുന്നു.
ഇനിയും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ ഇനിയും വരാം.

പെരുന്നാള്‍ ആശംസകള്‍.

കൊട്ടോട്ടിക്കാരന്‍ said...

ആണുങ്ങളുടെ ആധിപത്യവും ദൌര്‍ബ്ബല്യവും നിലനില്‍ക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാല്‍ എന്താണ് നടക്കാത്തത്?

വളരെ ശരി....

ഒഴാക്കന്‍. said...

:)

വി.എ || V.A said...

പട്ടേപ്പാടം:> ഇനിയൊരു ഓട്ടപ്രദക്ഷിണമാണ്,പല ബ്ലോഗിലും ചെന്നെത്തണം, താങ്കളുടെ സഹായങ്ങൾക്ക് വളരെ നന്ദിയുണ്ട്. കൊട്ടോട്ടിക്കാരാ, ആ വാചകം തന്നെ പൊക്കി, അല്ലേ? ഇങ്ങോട്ടു വന്നതുകൊണ്ടാണ് എനിക്കും താങ്കളുടെ വീട്ടിൽ വരാൻ സാധിച്ചത്. ഞാൻ വന്ന അടയാളത്തിന്, തിരുമുറ്റത്ത് ഒരു പൂവ് വച്ചിട്ടുണ്ട്. ഒഴാക്കൻ:> കുറേ നാളായല്ലൊ കണ്ടിട്ട്? എവിടെ, ചന്ദ്രമണ്ഡലത്തിൽ പോയിരുന്നോ ? നന്നായി, നന്ദി...

ശ്രീ said...

നന്നായി, മാഷേ...

Rare Rose said...

പോസ്റ്റുകളെ പലതുമായും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ രീതി വളരെ ഇഷ്ടപ്പെട്ടു..

Abdulkader kodungallur said...

സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കിയും , സൃഷ്ടാവിന് ഉര്‍ജ്ജം പകര്‍ന്നും , അനുവാചകനെ ആവേശം കൊള്ളിച്ചും നടത്തുന്ന ഈ ജൈത്ര യാത്ര തുടരട്ടെ. ഭാവുകങ്ങള്‍

പേടിരോഗയ്യര്‍ C.B.I said...

വി.എ ജീ :- നന്നായിരിക്കുന്നു .. ഉപകഥകള്‍ പറഞ്ഞുകൊണ്ടുള്ള വിവരണം കൂടുതലിഷ്ടമായി .. ആശംസകള്‍

വി.എ || V.A said...

ശ്രീ:> സ്ഥിരമായി കാണുന്നതിൽ വളരെ സന്തോഷമുണ്ട്, നന്ദി, നന്ദി. R: Rose:> പ്രോത്സാഹനം തരുന്നുവല്ലോ,നല്ലതായി.ചില പുതുമകളൊക്കെയായി തുടരുന്നതാണ്, ആ കസേരയിലോട്ടിരുന്നാട്ടെ. എ.കെ.മാഷെ,വീണ്ടും ഹോർലിക്സും ബൂസ്റ്റും കലക്കിത്തന്ന്,എന്നെ പുഷ്ടിപ്പെടുത്തുന്നതിന് എത്ര നന്ദിയാ പറയുക? അല്പം പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കാം,വളരെ നന്ദി. അല്ലാ അയ്യരുസാറെ,ഇരുന്നാട്ടെ. എന്താ കുടിക്കാൻ...? എന്റെ പേരിൽ വല്ല ഏടാകൂടമോ മറ്റോ...രക്ഷിക്കണേ സാറേ...

ajith said...

ഇഷ്ടപ്പെട്ടു