Thursday, August 19, 2010

വാരഫലം (നാല്).

ഒരു ഓർമ്മയ്ക്ക്
------------------

ബ്ലോഗ് ലോകത്തിലെ സഹൃദയരായ എല്ലാ എഴുത്തുകാർക്കും വായനക്കാർക്കുമായി എന്റെ ഹൃദയംഗമമായ ‘ഓണാശംസകൾ’ സ്വീകരിച്ചാലും....

പരിശുദ്ധ ‘റംസാൻ’ മാസത്തിൽ വിടരുന്ന ‘ഓണ’നാളുകൾ ഐശ്വര്യ-സമ്പൽ-സമൃദ്ധിയാൽ ആഘോഷിക്കുകയാണെല്ലാവരും. ഓണത്തുമ്പിയും പുടവയും പൂക്കളും കൊട്ടും കുരവയുമൊക്കെയായി ആഹ്ലാദിച്ച്, ഓണസദ്യയുണ്ട് ആനന്ദലഹരിയിലാറാടുന്ന നാളുകൾ...എല്ലാരും എന്നാളും ഒന്നായിക്കഴിയാൻ വിരുന്നുവരുന്ന വിശേഷനാളുകൾ....

നമ്മൾ നമ്മുടെ മനസ്സ് എത്രമാത്രം ശുദ്ധിയും ശാന്തിയും സമാധാനവുമാക്കി വയ്ക്കുന്നുവോ, അതുപോലെതന്നെ നമ്മുടെ നാടും നഗരവും ഒരുക്കി വയ്ക്കണം. എങ്കിൽമാത്രമേ ,സ്വതന്ത്രമായും പൂർണ്ണമായും മനഃസ്വസ്ഥത കിട്ടി എന്ന് നമുക്ക് അഭിമാനിക്കാൻ സാധിക്കൂ.

ഇന്നത്തെ അവസ്ഥയിൽ എല്ലാ നല്ല മനസ്സിന്റെ ഉടമകളും സംതൃപ്തരാണോ? വേദനയാൽ വിങ്ങുന്ന ഹൃദയങ്ങളെ എല്ലാ ജില്ലകളിലും അവിടവിടെ കാണാം; സ്ഥിതിഗതി അങ്ങനെയാക്കുകയാണ്. അത് മാറ്റിയെടുക്കണം. ഛിദ്രവാസനകൾ-അതുള്ളവരുടെ മനസ്സിൽനിന്നും തുടച്ചുനീക്കി, നല്ല ഒത്തൊരുമയോടെയുള്ള ഒരു ജീവിതരീതി കൊണ്ടുവരാൻ നമ്മൾ പ്രതിജ്ഞയെടുത്ത്, അതിനായി ശ്രമിക്കണം. അങ്ങനെയായാൽ എന്നും നമുക്കൊന്നുചേർന്ന് ആഘോഷിക്കാം, ആഹ്ലാദിക്കാം.

കരയുന്ന ഹൃദയങ്ങൾ ധാരാളമുണ്ട്. ഇനി വരുന്ന നല്ല നാളുകളിൽ അവർക്കായി ഒരഞ്ചു മിനിറ്റുനേരം ഓർക്കുക, നമ്മൾ നമ്മളെത്തന്നെ ഉയർത്തുക. പലതും എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുമ്പോൾ ചില രംഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ.

അതിൽനിന്നും ഒരു രംഗം ഗദ്യരൂപത്തിൽ പദ്യമായിത്തന്നെ ഇവിടെ കൊടുക്കുന്നു. സ്നേഹംനിറഞ്ഞ വിശാലമനസ്കരേ, വായിച്ചശേഷം മലരോ മുള്ളോ ആയി ഒരു വരി അയയ്ക്കുമെന്ന് ഞാനാശിക്കുന്നു. എല്ലാവർക്കും എന്നെന്നും ആയുരാരോഗ്യ സമ്പത്സമൃദ്ധി നേർന്നുകൊണ്ട്...............................................വി. എ.

‘ ഉണരുക ഇനിയെങ്കിലും’
*************************
കേൾക്കുന്നീലേ നിങ്ങളീ ‘ ദൈവത്തിൻ സ്വന്തം നാട്ടി-
ലൊക്കെയുമാക്രോശങ്ങ,ളട്ടഹാസവും...’കഷ്ടം !!
കാണുന്നീലേ ധീരരേ ചുറ്റിലും നോക്കൂ ചുടു-
നിണം വീണൊഴുകിയ നിലങ്ങൾ, നിലയങ്ങൾ... (1)

മരിച്ചുപോയോ മനം, മതവും രാഷ്ട്രീയവൽ-
ക്കരണവുമാം കൊടുംവിഷത്താൽ നിപതിച്ചോ.?
ഉദയം കഴിഞ്ഞെത്ര നേരമായ് , കനിവാർന്ന-
ഹൃദയമുള്ളോരെല്ലാമീ രംഗം പകർത്തുമോ..? (2)

വിതറുമാദിത്യപ്പൊങ്കതിരാൽ വരണ്ടുള്ളോ-
രിത്തെരുവീഥി ശൂന്യം; ചുടലപ്പറമ്പിപ്പോൾ
ചിതറിക്കിടക്കുന്നുണ്ടങ്ങിങ്ങായ് കുറേ വീര-
മർത്ത്യർ തൻ കരചരണങ്ങളും ശരീരവും. (3)

പൈതലൊന്നിനെ യൊക്കത്തിരുത്തിയും, വിളറി
വിതുമ്പിക്കരഞ്ഞുമോരോമലാൾ വരുന്നതാ
പതറിക്കിതച്ചുമൊട്ടോടിയും പാതിവീണും
പാതയിൽക്കിടക്കുന്ന പ്രാണനാഥനെക്കാണാൻ. (4)

ശ്രദ്ധയോടഞ്ചു മൃതദേഹങ്ങളേയും നോക്കി
ക്രുദ്ധയായലറിപ്പോ,യലച്ചൂ മാറിടത്തിൽ
മുഖത്തു പാറിവീണ മുടിയിഴകൾ നീക്കി
ദുഃഖത്താലൊരു മാത്ര നോക്കിനാളാവേശത്താൽ (5)

കുഞ്ഞിനെ നിലത്തിരുത്തിക്കൊണ്ടു കാൽമുട്ടൂന്നി
ചാഞ്ഞങ്ങിരുന്നൂ പ്രിയനാം ദേഹത്തിൻ ചാരെ
ചൂടാർന്ന മണൽതട്ടിപ്പൊള്ളുന്ന പൈതൽ ഭയ-
പ്പാടോടെ നോക്കിത്തന്നമ്മയെ,യാവലോടെ. (6)

‘പതി തന്നെ..’യെന്നൊട്ടു പതിഞ്ഞ സ്വരത്തിലാ-
യതിവിവശയാളിടറിപ്പറഞ്ഞു വീണ്ടും
“നല്ലവൻ കാന്തൻ പോയീ, പ്രാണനായുള്ള നാഥൻ
ഇല്ലെനിക്കിനി ജീവിക്കാനൊരു മോഹം പോലും..” (7)

മാറിൽച്ചുളിഞ്ഞ വേർപ്പുടയാട നീർത്തി, മണ്ണിൽ
മറിഞ്ഞുവീണൂ ബോധമറ്റുപോയ് തപ്തരൂപം
ചേർന്നിരുന്നാപ്പൈതലിൻ രോദനം കേട്ടിട്ടഹോ
നിർന്നിമേഷരായ് നോക്കി നിൽക്കുന്നൂ ദൂരെച്ചിലർ. (8)

വാടിക്കിടക്കുന്നയായമ്മയെ, ചുറ്റിക്കൂടി-
യോടിവന്നവർ മെല്ലെ താങ്ങിത്തൻ കരങ്ങളാൽ
വെള്ളവും കൊണ്ടുവന്നോർ തളിച്ചാ മുഖത്തല്പം
ഉള്ളമികഴ്ന്നുകേഴും കുഞ്ഞിനെ തൊട്ടില്ലാരും. (9)

തുള്ളികിട്ടുവാൻ കുഞ്ഞങ്ങാർത്തിയാൽ നോക്കീ,യൊട്ടു-
മുള്ളത്തിൽ കനിവില്ലാത്തോർ കൊടുത്തില്ലാ തെല്ലും
‘തള്ളയൊന്ന’ടുത്തുവ,ന്നെടുത്താ പൂമേനിയെ
പൊള്ളയല്ലല്ലോ മാതൃസ്നേഹം യുഗങ്ങളിലും. (10)

ഒരുവന്നപരന്റെ ചെവിയിലാമന്ത്രിപ്പൂ
“കരുതിയതല്ലിവനെ, യാളു മാറിപ്പോയി...”
മറ്റൊരു ജഡംചൂണ്ടി മറ്റവൻ മുരളുന്നൂ
“തെറ്റാവാം പക്ഷേ, യവൻ മറ്റു മതസ്ഥനല്ലോ...”
(11)
കുരുന്നു മക്കൾക്കില്ലാ ബന്ധുക്കൾ; സ്വന്തം മണ്ണി-
ലിരന്നു ജീവിക്കുന്നൂ വിധവകൾ, വൃദ്ധരും...
തിരുത്താനാവുമെല്ലാ,മിനിയും യുവാക്കളൊ-
ന്നിരുന്നു ചിന്തിക്കുകി‘ ലാത്മനിശ്ചയത്തോടെ.’ (12)

‘നമ്മളീച്ചെയ്യും കൊടും പാപത്തിൻ ശിക്ഷ നാളെ
നമ്മളെ‘ത്തീർത്തു’തന്നെ മറ്റുള്ളോർ ചെയ്യും ദൃഢം..’
ഉണ്മയാമൊരുശ്ശക്തിയുറ്റുനോക്കുന്നുണ്ടോ,ർക്കൂ
‘ചിണ്മയാം ജഗന്നിയന്താതാവായ തമ്പുരാൻ’ (13)
-----------------------------------

9 comments:

വി.എ || V.A said...

കരയുന്ന ഹൃദയങ്ങൾ ധാരാളമുണ്ട്. ഇനി വരുന്ന നല്ല നാളുകളിൽ അവർക്കായി ഒരഞ്ചു മിനിറ്റുനേരം ഓർക്കുക, നമ്മൾ നമ്മളെത്തന്നെ ഉയർത്തുക. പലതും എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുമ്പോൾ ചില രംഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ.

പട്ടേപ്പാടം റാംജി said...

ഓണാശംസകള്‍..

"കുരുന്നു മക്കൾക്കില്ലാ ബന്ധുക്കൾ; സ്വന്തം മണ്ണി-
ലിരന്നു ജീവിക്കുന്നൂ വിധവകൾ, വൃദ്ധരും...
തിരുത്താനാവുമെല്ലാ,മിനിയും യുവാക്കളൊ-
ന്നിരുന്നു ചിന്തിക്കുകി‘ ലാത്മനിശ്ചയത്തോടെ."

കവിത വെറുതെ പറഞ്ഞു പോകാതെ അവസാനം
നല്‍കുന്ന ഉണര്‍ത്ത് നന്നായി.

പരിചയപ്പെടുത്തുന്ന ബ്ലോഗിന്റെ ലിങ്ക് കൂടി
ചേര്‍ക്കുന്നത് നന്നായിരിക്കും.

Abdulkader kodungallur said...

വൃത്തവും പ്രാസവുമൊപ്പിച്ചു തീര്‍ത്ത കവിതയുടെ ഉത്തുംഗമായ കാവ്യ ഭംഗിയോടൊപ്പം തന്നെ മികച്ചും ജ്വലിച്ചും നില്‍ക്കുന്നു സന്ദേശം . നിസ്സംഗ സമൂഹത്തിനു നേരെയും ,നിര്‍ലജ്ജാ വിഭാഗത്തിനു നേരെയും , രാഷ്ട്രീയ തിമിരവും ,മതാന്ധതയും ഭ്രാന്തരാക്കിയ വൈതാളികര്‍ക്ക്‌ നേരെയും നന്മയുടെ ഉണര്‍ത്തു പാട്ടായി , വെളിച്ചമായി , സാന്ത്വനമായി കവിത പ്രോജ്വലിക്കുമ്പോള്‍ കാവ്യ സാരത്തിന്റെ ശബ്ദവീചികള്‍ എവിടെയൊക്കെയോ പ്രത്ധ്വനിക്കുന്നു. ഉന്നത നിലവാരം പുലര്‍ത്തുന്ന സൃഷ്ടിയുടെ പേരിലും ,സമൂഹത്തിനു കൊടുത്ത മഹത്തായ സന്ദേശത്തിന്റെ പേരിലും കവിക്ക് അഭിമാനിക്കാം . ഒപ്പം സുമനസ്സുകള്‍ക്കും .

ആയിരത്തിയൊന്നാംരാവ് said...

ഓണാശംസകള്‍..

വി.എ || V.A said...

റാംജീജി:< വളരെ നന്ദി, പറഞ്ഞതിന്. രണ്ടു ലക്കം കൂടിക്കഴിഞ്ഞ് വ്യത്യാസങ്ങൾ വരുത്താം,ക്ഷമിക്കണേ....ഓണാശംസകൾ.... എ.കെ.മാഷേ:< ഇപ്പോഴത്തെ ഗദ്യകവിതപോലെതന്നെ അഭിപ്രായവും, വളരെ നന്ദിയുണ്ട്,ഓണാശംസകൾ.... പുതിയ കൂട്ടുകാരാ,.....ഒന്നാം രാവേ:< കൂടെവന്നതിന്റെ നന്ദി എങ്ങനെയാണ് പ്രകാശിപ്പിക്കുക? തൽക്കാലം, ഹൃദയംഗമമായ ഓണാശംസകൾ...

വി.എ || V.A said...

റാംജീജി:<വളരെ നന്ദി,പറഞ്ഞതിന്. രണ്ടു ലക്കംകൂടി കഴിഞ്ഞ് വ്യത്യാസങ്ങൾ വരുത്താം,ക്ഷമിക്കണേ...ഓണാശംസകൾ.... എ.കെ.മാഷേ:<ഇപ്പോഴത്തെ ഗദ്യകവിതപോലെ തന്നെ അഭിപ്രായവും, വളരെ നന്ദിയുണ്ട്. ഓണാശംസകൾ.... പുതിയ കൂട്ടുകാരാ,.....ഒന്നാം രാവേ:< കൂടെ വന്നതിന്റെ നന്ദി എങ്ങനെയാന് പ്രകാശിപ്പിക്കുക? തൽക്കാലം ഹൃദയംഗമമായ ഓണാശംസകൾ.....

ഗന്ധർവൻ said...

“തിരുത്താനാവുമെല്ലാ,മിനിയും യുവാക്കളൊ-
ന്നിരുന്നു ചിന്തിക്കുകിലാത്മനിശ്ചയത്തോടെ“

ഒരു ഉണർ‍ത്തുപാട്ട്. നന്നായി

രസികന്‍ said...

very good :)

റഷീദ്‌ കോട്ടപ്പാടം said...

ഈ ഉണര്‍ത് പാട്ട് എനിക്കിഷ്ടപ്പെട്ടു.
ആശംസകള്‍..