Monday, October 25, 2010

ഡാനിയേലച്ചന്റെ കുടുംബം

 യക്ഷിയും പാലപ്പൂക്കളും ( ഭാഗം മൂന്ന് )

 ' ഡാനിയേലച്ചന്റെ  കുടുംബം’
                                      
പെട്ടെന്ന് കണ്ടുമറഞ്ഞ ഒരു മുഖം ആരുടേതെന്നു നോക്കാൻ കെട്ടിടത്തിലേയ്ക്ക് പോകാനാണ് റെക്സ് വിചാരിച്ചത്. ഡാനിയേലച്ചന്റെ സംഭ്രമവും ഭയവും കണ്ട് പള്ളിയിലേയ്ക്ക് കൂടെപോകാനായി, കോൺസ്റ്റബിളായ ബാലുവിനേയും കൂട്ടി ജീപ്പിൽക്കയറി പുറപ്പെട്ടു.

അച്ചനോടു ചോദിച്ച പല ചോദ്യങ്ങൾക്കും മറുപടിയായി, കുറച്ചു കാര്യങ്ങൾ വ്യക്തമായി.

കുന്നിന്മുകളിലുള്ള ശ്രീമന്ദിരത്തിന്റെ തെക്കുഭാഗത്ത്, താഴ്വാരത്തുകൂടി നടന്നുപോകാവുന്ന ദൂരമേയുള്ളൂ  പള്ളിയിലെത്താൻ. പാതയുടെ ഇടതുവശത്ത് ഇടതിങ്ങി പടർന്നു വളരുന്ന പൈൻ മരങ്ങളാണധികവും. വലത്ത്, പച്ചക്കറിത്തോട്ടം അവസാനിക്കുന്നതുമുതൽ കുറേ വീടുകൾ. എല്ലാം ഇരുമ്പുഷീറ്റുകൾ മേഞ്ഞ ഇരട്ട മുറികളുള്ള ചെറിയവീടുകൾ. സമതലമായ അവിടെ വീതിയുള്ള റോഡിനോടുചേർന്ന് ചെറിയ പള്ളി.

പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുള്ള അച്ചന്, തിരുസഭയ്ക്കനുകൂലമല്ലാത്ത വിശ്വാസമാണുള്ളത്.  അതിനാൽ, സഭയുമായി വേർപെട്ട്  അനുയായികളായ ചില കുടുംബങ്ങളുമൊത്ത് ഇവിടെവന്ന് താമസിക്കുകയാണ്.  ‘ഏകദൈവമാണ് എല്ലാറ്റിനും കാരണവും നിയന്താതാവും, ഏകദൈവമായ കർത്താവിനെയാണ് കരുണാപൂർവ്വം ആരാധിക്കേണ്ടത്...’ എന്നുള്ള വിശ്വാസപ്രസംഗം ഇടവകയിലെ ജനങ്ങളെ കേൾപ്പിച്ച്, അവരെ മറ്റു ചിന്താഗതിയിലേയ്ക്ക് മാറ്റിയെടുക്കുന്നു എന്നതാണ് അച്ചന്റെ പേരിലുള്ള കുറ്റം. അതിനാൽ പ്രധാനപുരോഹിതനായി അവരോധിക്കുന്നതിനു മുമ്പ് സഭയിൽനിന്ന് പുറത്താക്കിയപ്പോൾ, കുറച്ച് അനുയായികളുമായി ഈ സ്ഥലത്ത് വന്നു.

അന്ന് ശ്രീമന്ദിരത്തിൽ, ഉടമസ്ഥനായിരുന്ന  ഗബ്രിയേൽ നെറ്റോ,  ഭാര്യയും, ഏകമകളായ ഒമിയായുമൊത്ത് താമസിച്ചിരുന്നു. അച്ചന്റെ വിശ്വാസപ്രമാണങ്ങളിൽ തല്പരനായ അദ്ദേഹം, വിസ്തൃതവും തരിശുമായിക്കിടന്ന സമതലഭാഗം പള്ളിക്കായി എഴുതിക്കൊടുത്തു. അവിടെ ഇരുമ്പുതകിടുകൾ പാകിയ ഒരു ഷെഡ്ഡും, അതിനോടുചേർന്ന് ഒരു മുറിയുമുണ്ടാക്കി ‘പ്രാർഥനാലയം’ സ്ഥാപിച്ചു.
 സദാസമയവും എരിയുന്ന ഒരു വലിയ വിളക്കുമാത്രമാണ്  അവിടെയുള്ളത്.

അദ്ധ്വാനശീലരും ശാന്തസ്വഭാവക്കാരുമായ, ഭാര്യമാരും മക്കളും ചേർന്നുള്ള  പതിനെട്ടു കുടുംബങ്ങൾ ഇപ്പോളവിടെ താമസിക്കുന്നുണ്ട്.  കുടുംബക്കാരിൽ പലരുടെ കൈവശമുള്ള തുകയും, അച്ചൻ വഴി ബാങ്കുമായുള്ള ഇടപെടലിൽ കിട്ടിയ സഹായവും മൂലം, പൊതുവകയായി ഒരു ജീപ്പും പള്ളിമണിയും വാങ്ങാൻ സാധിച്ചു.

അവിടെ ജാതി-മത ചിന്തകളില്ലാത്തതിനാൽ,  ഈ ഏകദൈവവിശ്വാസത്തിലും സുഖ-സമ്പത്സമൃദ്ധമായ ജീവിതത്തിലും ആകൃഷ്ടരായി പല കുടുംബങ്ങളും വന്നുചേർന്നുകൊണ്ടിരിക്കുന്നു.  നാനാജാതിമതസ്ഥരുമായവർ അവിടെ വന്നുകഴിഞ്ഞാൽ, ആ ചിന്തയെല്ലാം മറക്കുന്നു.

ഓരോ ആൾക്കാർക്കും അറിയാവുന്ന ജോലികൾചെയ്യാം.  പച്ചക്കറികൃഷിയാണ്  ഭൂരിപക്ഷത്തിന്റേയും തൊഴിൽ.എങ്കിലും സ്ത്രീകളുൾപ്പെടെ തുന്നൽ, ചിത്രപ്പണി, ആട്-കോഴി വളർത്തൽ എന്നിവ നല്ലരീതിയിൽ നടക്കുന്നു.  അതൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പുറത്ത് പട്ടണത്തിൽ കൊണ്ടുപോയി കൈമാറ്റം ചെയ്ത്, എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സാധനസാമഗ്രികൾ വാങ്ങും.

കുടുംബങ്ങളെല്ലാം പ്രത്യേകമായാണ് താമസമെങ്കിലും, ഒരു വിവാഹസദ്യയുടെ സംതൃപ്തിയോടെ  അച്ചനുൾപ്പെടെ എല്ലാവരും ഒന്നിച്ചിരുന്നാണ് ആഹാരം കഴിക്കുന്നത്. അവരവരുടെ ഭക്ഷ്യവിഭവങ്ങൾ മറ്റുള്ളവർക്കു കൊടുത്തും തിരിച്ചു പകർന്നും ഒത്തൊരുമയോടെ, ഒരു കുടുംബം പോലെയുള്ള ജീവിതം. അവർക്ക് രഹസ്യങ്ങളില്ല, സ്വാർത്ഥതയില്ല, വ്യാമോഹമില്ല- അതിനാൽ ആർക്കും പരസ്പരം അസൂയയുമില്ല.
ചുരുക്കത്തിൽ, വിദേശങ്ങളിലെ ജോലിക്കാർ കൂട്ടായ്മയായി എങ്ങനെ കഴിയുന്നുവോ,  അതിനെക്കാൾ മെച്ചമായ ഒരു ‘സ്വർഗ്ഗജീവിതം’.  പ്രവാസജീവിതം എന്തെന്നറിയാവുന്ന ഡാനിയേലച്ചന്, നിയന്ത്രണത്തോടെ അത് കൈകാര്യം ചെയ്യാൻ സാധിക്കുന്നുമുണ്ട്.

കുറേ കുടുംബങ്ങൾ ചേർന്ന് ഇതുപോലെ കൂട്ടായ്മയായുള്ള ഒരു ജീവിതം ഏതെങ്കിലും നഗരത്തിലോ, ഗ്രാമത്തിലോ, ഒരു വാർഡിലോ എങ്കിലും ഉണ്ടായാ‍ൽ, ഈ രാജ്യംതന്നെ ‘സ്വർഗ്ഗ’മായിത്തീരുമെന്ന് അച്ചന് പ്രത്യാശയുണ്ട്. അതിനുവേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു, പരിശ്രമിക്കുന്നു.
മുടക്കമില്ലാതെ എല്ലാദിവസവും വൈകുന്നേരം ആറുമണിക്ക്, കുട്ടികളുൾപ്പെടെ എല്ലാവരും പള്ളിയിൽ വന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നു, ഒന്നിച്ച് ‘ദൈവ’ത്തിനെ വിളിച്ച് നിറഞ്ഞ ഭക്തിയോടെ പ്രാർത്ഥിക്കുന്നു. പക്ഷേ, ഇന്നലെ കുതിരലായത്തിന് തീപിടിച്ച കാരണത്താൽ അതിന് തടസ്സം വന്നു.

“അപ്പൊ, ഒമിയാ മരിച്ചശേഷം അവിടെ താമസക്കാരില്ലെന്നും ഒരു ബന്ധുവാണ് ഇപ്പോൾ നോക്കുന്നതെന്നും പറഞ്ഞല്ലൊ?”
“ അതെ. ഗബ്രിയേൽ നെറ്റോയുടെ ഭാര്യ മരിച്ച് ഒരു വർഷം കഴിഞ്ഞാണ്  ഒമിയായുടെ അപ്രതീക്ഷിതമായ വേർപാടുണ്ടായത്. യഥാർത്ഥത്തിൽ മരണകാരണമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യയാണെന്ന് പോലീസ് വകുപ്പ് ആദ്യം പറഞ്ഞെങ്കിലും,  ബ്ലഡ് കാൻസറാണെന്ന ഡോക്ടർമാരുടെ തീരുമാനം പിന്നീട് ബന്ധുക്കളും ശരിവച്ചു.”
“ അതൊക്കെ നേരത്തേ പറഞ്ഞറിയാം, ബന്ധുക്കൾ..?”
“ ഗബ്രിയേൽ നെറ്റോയുടെ അനുജൻ  ജോൺസ് നെറ്റോയും മകൾ ലവീനാ നെറ്റോയും. നഗരത്തിലെ പട്ടേൽ റോഡിലെ ...”
“ അറിയാം.”
“  മകളുടെ മരണത്തിൽ അസ്വസ്ഥനും ചിത്തഭ്രമക്കാരനുമായ  ഗബ്രിയേൽ ഒരു മുറിക്കുള്ളിൽത്തന്നെ കഴിഞ്ഞുകൂടി.  പഴയ ജോലിക്കാരനും ഞാനും മാത്രമേ സമ്പർക്കപ്പെടാറുള്ളൂ.  ഒരു ദിവസം അദ്ദേഹത്തെ കാണാതായി. പലപ്രകാരത്തിലും അന്വേഷണം നടത്തിയെങ്കിലും, ഒന്നും കണ്ടുപിടിക്കാനായില്ല.  അതിനുശേഷമാണ് പഴയ ജോലിക്കാരനെ പറഞ്ഞയച്ച്,  ചെല്ലയ്യായെ അവിടംനോക്കാനേല്പിച്ചത്.”

അവർ പള്ളിയിലെത്തി. പുറത്ത്, സൈക്കിളിൽ ചുറ്റിക്കളിക്കുകയായിരുന്ന രണ്ടു കുട്ടികൾ, കുതിരലായത്തിനുപിറകിൽനിന്നുള്ള നിലവിളികേട്ട് ചെന്നുനോക്കിയപ്പോൾ, മുഖത്തും കയ്യിലും രക്തമൊലിപ്പിച്ച് അവശനിലയിലായ  ലാസറിനെക്കണ്ടു. ഭ്രാന്തമായി എന്തൊക്കെയോ പുലമ്പുന്ന അയാളെ വേച്ചുവേച്ചു നടത്തി അവർ പള്ളിയിൽ കൊണ്ടുവന്നു. അപ്പോഴേയ്ക്കും സംശയം തോന്നി, ജീപ്പിനെ പിന്തുടർന്ന് ഓടിവന്ന ചിലരും അവിടെക്കൂടി.

അച്ചൻ റെക്സിനേയും പിടിച്ച് ധൃതിയിൽ ശ്മശാനത്തിൽ വന്ന്, ഒരു കല്ലറ കാണിച്ച് ആകാംക്ഷയോടെ “ ഇതൊന്ന് തുറന്നു നോക്കണം, പെട്ടെന്ന്...”
റെക്സ് ശ്രദ്ധിച്ചു. കല്ലറ മൂടിവച്ചിട്ടുള്ള പാളിയുടെ വശങ്ങളിൽ നിന്ന്, തേച്ചുപിടിപ്പിച്ച സിമന്റുപശ  ഇളകിക്കിടക്കുന്നു. ബാലുവിന്റേയും മറ്റും സഹായത്താൽ ഭാരമുള്ള പാളി കുറേ തുറന്നുവച്ചു.  ശവശരീരം അവിടെയില്ല.
“ അതെ, അതുതന്നെ.”  മറ്റുള്ളവരെപ്പോലെ സംഭ്രമപ്പെട്ടു അച്ചനും. “ ഇന്നലെ മൂന്നുമണിക്ക് ചടങ്ങുകളൊക്കെ ഞാൻ നടത്തിയതാണ്, ആറുമണിക്ക് മൂടിവച്ചുറപ്പിച്ചു. ഈ ശരീരമാണ് അവിടെ കിടക്കുന്നത്.”

റെക്സ് അവിടെക്കൂടിയവരെ ശ്രദ്ധിച്ചുനോക്കി. സ്ത്രീകളുൾപ്പെടെ അവിടെ താമസക്കാരായ എല്ലാവരും ചുറ്റിലുമുണ്ട്. ചോദ്യംചെയ്യലിൽ ലാസറല്ലാതെ മറ്റാരും ഇന്നലെരാത്രി പുറത്തുപോയിട്ടില്ല. ലാസർ ഒരു സ്വപ്നാടകനെപ്പോലെ പറഞ്ഞു. “ സാർ, അവിടെ ആ വീട്ടിൽ മരിച്ചുപോയ ഒമിയാ ഒണ്ട്, ഇന്നലെ രാത്രി തീപിടിച്ച സമയത്ത് ഞാൻ കണ്ടത് അതേ മുഖം തന്നെയാ. ദേ നോക്ക്, ഞാനടുത്തേയ്ക്ക് ചെന്നപ്പൊ എന്തോ സാധനം വച്ച് എന്നെ അടിച്ചിട്ടതാ.  ബോധം വന്നപ്പൊ...പിന്നെ കണ്ടില്ല.  അവളാ വീട്ടിൽ കാണും...”
“ താനെന്തിനാ രാത്രി അവിടെ പോയത്?”
“ അതു കണ്ടുപിടിക്കാനാ ഞാൻ ചുറ്റിക്കറങ്ങി നടക്കുന്നെ. മുമ്പ് എന്റെ കൂട്ടുകാരൻ മരിച്ച ദിവസവും കറുത്ത പ്രേതത്തെ ഞാൻ കണ്ടതാ,  അതു പറഞ്ഞപ്പൊ ഞാൻ പ്രാന്തനാന്നാ എല്ലാരും......”

“ എന്തായാലും ഓഫീസറെ ഈ വിവരങ്ങളറിയിപ്പിക്കണം.....” റെക്സ് പറഞ്ഞുതീർന്നില്ല, അച്ചൻ അയാളെ തടഞ്ഞു.
“ റെക്സ്, താങ്കൾ എന്റെ സുഹൃത്തും ഇവിടത്തെ എല്ലാ സ്ഥിതിവിവരങ്ങൾ അറിയാവുന്ന ആളുമാണല്ലൊ. പുറത്തുനിന്നും മറ്റുള്ള ഉദ്യോഗസ്ഥർ വന്നാൽ എന്നെയും ഈ കൂട്ടുകുടുംബത്തെയും ഇല്ലാതാക്കും. അതിൽ സന്തോഷിക്കുന്ന ഒരു മുകൾഘടകം തന്നെ പുറത്തുണ്ട്. ഇവിടെയിപ്പോൾ പുതിയ മരണമൊന്നും ഉണ്ടായില്ല, ആ ശവശരീരം ഇവിടെത്തന്നെ മറവുചെയ്യാം. എന്നിട്ട്, ഇതൊക്കെ എങ്ങനെ നടന്നുവെന്ന് നമുക്കെല്ലാവർക്കുംകൂടി പരിശ്രമിച്ച് കണ്ടുപിടിക്കാം. നേതൃത്വത്തിനായി താങ്കൾക്ക് ആ  കഴിവുണ്ടെന്ന് എനിക്കറിയാം,  അതല്ലേ നല്ലത്.?”
“ തൽക്കാലം, ഇന്നത്തേയ്ക്കു മാത്രം.ഇവിടത്തെ കാര്യങ്ങൾ അച്ചൻ നോക്കിക്കൊള്ളൂ, എനിക്കിപ്പോൾ ആ വീട് ഒന്നു പരിശോധിക്കണം.  ആരാ തുറക്കുന്നത്, ചെല്ലയ്യാ...?
 ശരി, എന്തായാലും ഞാനൊന്നു ശ്രമിക്കട്ടെ...”  ലാസറിനെവിളിച്ച് അയാൾ അടിയേറ്റുകിടന്ന സ്ഥലത്തു വന്നു.
“ ഇവിടെവച്ചാണോ ആളെ കണ്ടത്?”
“ ങ്ങാ തന്നെ, അടികൊണ്ട് ഞാൻ വീണു. ബോധം വന്നപ്പൊ നേരം വെളുക്കാറായി, പിന്നെ ആരേയും കണ്ടില്ല.”

ചുറ്റാകെ മരക്കൂട്ടങ്ങളാണ്, ഒരാൾ മറഞ്ഞുനിന്നാൽ നടന്നുനോക്കുമ്പോൾ കാണാം. എങ്ങും ആരുമില്ല.
അവിടെ പച്ചപ്പുല്ലുകൾക്കുമീതെ ലാസറിന്റെ മുറിവിൽ നിന്നും വീണ ചോരപ്പാടുകളുണ്ട്. ലാസർ പറഞ്ഞപ്രകാരം രണ്ടു വഴികളാണ് കെട്ടിടത്തിലേയ്ക്കു പോകാൻ. അരുവിയിലിറങ്ങി അരയ്ക്കൊപ്പമെത്തുന്ന വെള്ളത്തിലൂടെ തെന്നിനടന്ന്, താഴെ കുതിരലായം കഴിഞ്ഞ് പാറകളുടെ ഭാഗത്ത് എത്തണം.അവിടെയാണ് ചെല്ലയ്യ  അലക്സിനെ കണ്ടതെന്ന് പറഞ്ഞത്.   അല്ലെങ്കിൽ, പള്ളിയുടെ ഭാഗത്തുകൂടി കെട്ടിടത്തിന്റെ പൂമുഖം ചേർന്നുള്ള വഴി.

ഇത്രയും നേരത്തിനകം ഇടയ്ക്കിടെ പാലപ്പൂക്കളുടെ മണം വരുന്നത് റെക്സ് പ്രത്യേകം ശ്രദ്ധിച്ചു. ശ്രീമന്ദിരവുമായി ബന്ധമുള്ള എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി. വാച്ചിൽ നോക്കി, മണി പതിനൊന്നു കഴിഞ്ഞു.

ലാസറിനെ പള്ളിയിൽ വിട്ട്  ബാലുവുമായി ലായത്തിലെത്തി, ചെല്ലയ്യായെ കൂട്ടി പൂമുഖത്തു വന്നു. റെക്സ് ചുറ്റുപാടും ശ്രദ്ധിച്ച് പടികൾ കയറി വാതിലിനു മുന്നിൽ നിന്ന്, തിരിഞ്ഞ് ചെല്ലയ്യായെ നോക്കി “തുറക്ക്, ഇവിടെ ആരും താമസിക്കുന്നില്ലല്ലൊ, പിന്നെന്തിനീ ജനലുകളൊക്കെ തുറന്നിട്ടിരിക്കുന്നു?”
“ അത്..നെറ്റോസാറ് എന്നോടെ പറഞ്ഞിട്ടൊണ്ട്, കാറ്റ് ഉള്ളിലെ വരണം-അടച്ചിടുമ്പൊ സ്മെല്ല് വന്നാ പ്രശ്നയാകുംന്ന്...”
വാതിൽ തുറന്നു. റെക്സ് ജനലിൽക്കൂടി എത്തിനോക്കി. അകത്ത് നിലത്താകെ പാലമരപ്പൂക്കൾ നിറയെ ചിതറിക്കിടക്കുന്നു.അതിന്റെ രൂക്ഷഗന്ധത്താൽ പിന്തിരിഞ്ഞ് മുറിക്കകത്തേയ്ക്ക് കയറി. മതിലിൽ ചില്ലിട്ടുതൂക്കിയ മൂന്നു പഴയ ചിത്രങ്ങൾ. അലമാര, ഒരു മേശയും രണ്ടു കസേരകളും, ഒരു കോണിലായി ഒരാൾപൊക്കത്തിലുള്ള ഒരു പ്രതിമയും,  ഇത്രമാത്രം.
“ ബാലൂ, കെട്ടിടത്തിന്റെ ചുവരുകളും ചുറ്റുപാടും നല്ലതുപോലെ പരിശോധിക്കണം, ഈ പൂക്കൾ ഇവിടെ ആരോ കൊണ്ടുവന്നിട്ടതാണ്.  ചെല്ലയ്യയിങ്ങു വരൂ...”

കതക് തുറന്നപ്പോൾ മുറിനിറയെ പൂക്കൾകണ്ട്, ഗന്ധത്താൽ പേടിച്ചുവിറച്ച് പാതിമയക്കത്തോടെ, ചെല്ലയ്യ ഓടി അരുവിയുടെ തീരത്ത് എത്തിക്കഴിഞ്ഞിരുന്നു.

മുറിക്കുള്ളിലെ പൂക്കളിൽ ചവിട്ടിവേണം നടക്കാൻ. പൂക്കൾ വാരി നോക്കി.  എല്ലാം ഒരുപോലെ വാടിത്തുടങ്ങുന്നു, ഇന്നലെ വൈകുന്നേരം നുള്ളിയെടുത്തതാണെല്ലാം. ഈ ഗന്ധം പുറത്തു പരക്കാൻ വേണ്ടി ഇത്രയധികം പൂക്കൾ ആരോ വിതറിയിരിക്കുന്നു.

പൂട്ടിയിട്ടില്ലാത്ത അകത്തേയ്ക്കുള്ള വാതിൽ തുറന്നുനോക്കി, കുറേ മരസാധനങ്ങളല്ലാതെ മറ്റൊന്നുമില്ല. അടച്ചിട്ട അലമാര വലിച്ചുതുറന്നു, പഴയ കടലാസ്സുകളും കപ്പ്, കണ്ണാടി, ഗ്ലാസ് എന്നിവ. പക്ഷേ, ഉള്ളിൽ കാണുന്നതിനേക്കാൾ പുറത്തുനിന്നു നോക്കിയാൽ അലമാരയ്ക്കു വീതി കൂടുതലാണ്, എന്താവാം അങ്ങനെ?  അതാ, പ്രതിമ ഒന്നു ചലിച്ചു? അതിന്റെ കണ്ണിന് അപാരമായ തിളക്കം. പ്രതിമയുടെ അടുത്തുചെന്ന് ആ കണ്ണുകളിൽ ഉറ്റുനോക്കി.
നല്ല വിലകൂടിയ മുത്തുകളാണ് അവിടെ പതിച്ചിട്ടുള്ളത്, പുറത്തെ വെളിച്ചം തട്ടി അത് തിളങ്ങുന്നു. താഴെ - പ്രതിമയുടെ കാലുകളിൽ രക്തത്തുള്ളികൾ, ചില പൂക്കളിലും തറയിലുമൊക്കെ പറ്റിയിട്ടുണ്ട്. കുറേ പൂക്കൾ ചവിട്ടേറ്റ് ചതഞ്ഞുകിടക്കുന്നു, ചോരത്തുള്ളികൾ ഉണങ്ങിത്തുടങ്ങുന്നതേയുള്ളൂ.

അതായത്...മണിക്കൂറുകൾക്കുമുമ്പ് ആരൊക്കെയോ ഇവിടെയുണ്ടായിരുന്നു, എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.

“ സർ, സർ...ഒരു വാച്ച് അവിടെ കിടക്കുന്നുണ്ട്...”ബാലുവിന്റെ ശബ്ദം കേട്ട്, റെക്സ് താഴെ വരുമ്പോൾ, തുറിച്ചുനോക്കിനിൽക്കുന്ന ചെല്ലയ്യായെ വിളിച്ചു, ശേഷം വാച്ചെടുത്തു.
“ ഇതാരുടേതെന്നറിയാമോ?”
ചോദ്യം കേട്ട് ചെല്ലയ്യ പെട്ടെന്ന് പറഞ്ഞു “ഇത്..ഇത് അലക്സുകുഞ്ഞിന്റെയാ..”
“ തീർച്ചയാണോ?”
“ തീർച്ചയാ, അതേതന്നെ.”

മൂവരും കൂടി അകത്തുകയറി, റെക്സ് പ്രതിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  അതിനെയാകെ ഒന്നു കുലുക്കിനോക്കി, ചലിക്കുന്നുണ്ട്. അടിഭാഗത്ത് ചില തറയോടുകൾ ചേർന്നാണ് ഇളകിയിരിക്കുന്നത്.  രണ്ടുകയ്യും കൂട്ടി, ചെല്ലയ്യായുടെ സഹായത്താൽ അതിനെ ഒന്നു ചരിക്കാൻ ശ്രമിച്ചപ്പോൾ- പ്രതിമ ഒരു ഭാഗത്തേയ്ക്ക് കറങ്ങിത്തിരിഞ്ഞു.
രണ്ടാളുകളുമായി  ഡാനിയേലച്ചനും വന്നു.

ടോർച്ചിന്റെ വെളിച്ചത്തിൽ, താഴേയ്ക്ക് പടികളുള്ളതായി കണ്ടു, അതിന്റെ താഴെ രണ്ടു രൂപങ്ങളിരിക്കുന്നു. അതിലൊരു രൂപം ഭയാനകമായ ശബ്ദത്തോടെ മുകളിലേയ്ക്കു നോക്കി, മുഖം കാണാതിരിക്കാൻ കൈപ്പത്തികൊണ്ട് വെളിച്ചത്തെ തടഞ്ഞു. കൈകളിൽ  രക്തം പറ്റിയിരിക്കുന്നത് മുകളിൽ നിന്നവർക്ക് കാണാം.

അതുകണ്ട്, ‘ആ ...പ്രേതം..പ്രേതം...അതേതന്നെ...’യെന്ന് ചെല്ലയ്യ പറഞ്ഞുതീർന്നതും, ബോധം മറഞ്ഞ് മറിഞ്ഞുവീണതും ഒന്നിച്ചുകഴിഞ്ഞു.
പരിഭ്രമത്താൽ  അടുത്ത രൂപത്തിനെ ശ്രദ്ധിച്ച അച്ചനും ഓർക്കാപ്പുറത്ത്  ‘കർത്താവി’നെ വിളിച്ചുകൊണ്ട് റെക്സിനോടായി പറഞ്ഞു...“ അലക്സാണത്....അലക്സ്..”
“  ബാലു, പെട്ടെന്ന് താഴേയ്ക്ക്...” പറഞ്ഞുകൊണ്ട് റെക്സ് താഴേയ്ക്ക് ചാടിയിറങ്ങി, കൂടെ ബാലുവും. ആ വരവുകണ്ട് മുഖം മറച്ച രൂപം ഗുഹാമാർഗ്ഗത്തിൽക്കൂടി പെട്ടെന്ന് അകലേയ്ക്ക് നീങ്ങി, പിറകെ റെക്സും.

ഇപ്പോൾ, അച്ചനും ബാലുവും അലക്സിന്റെ അരികിലെത്തി.  അയാളുടെ കയ്യും കാലും കൂട്ടിക്കെട്ടിയിരിക്കുന്നു. ശബ്ദിക്കാനാകാത്തവിധം വായയും ചുറ്റിക്കെട്ടിയവിധത്തിലാണ്. കെട്ടുകളൊക്കെ അഴിച്ചപ്പോൾ, റെക്സ് ഓടിയ ഭാഗത്തേയ്ക്ക് അലക്സ് വിരൾചൂണ്ടി.

രൂപത്തെ പിടിക്കാൻ റെക്സ് പരമാവധി ശ്രമിച്ചു. എങ്കിലും, മുകളിൽ നിന്ന് നല്ല വെളിച്ചം പെട്ടെന്ന് വന്നതും, ആ രൂപം അപ്രത്യക്ഷമാകുന്നതും അയാൾ കണ്ടു.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായെന്നുള്ള പള്ളിമണിയുടെ ശബ്ദം, ശ്രീമന്ദിരത്തിനു പുറത്തുണ്ടായിരുന്നവർ മാത്രം കേട്ടു.

                           --------------------------------------------------------
അവസാനഭാഗം  അടുത്തതിൽ.................
                           ---------------------------------------------------------

Friday, October 15, 2010

‘അലക്സിന്റെ തിരോധാനം’


‘അലക്സിന്റെ തിരോധാനം’

ചെല്ലയ്യ  ഓടിയും നടന്നും ശ്രമപ്പെട്ട്, ഡാനിയേലച്ചന്റെയടുത്തെത്തി.
പ്രായാധിക്യത്താൽ കിതച്ചും, നേരത്തേകണ്ട കാഴ്ചകളിൽ പരിഭ്രമിച്ചും വിവരങ്ങൾ ഒരുവിധം അച്ചനോട് പറഞ്ഞൊപ്പിച്ചു. എങ്കിലും ആ വീട്ടിൽക്കണ്ട രൂപത്തെപ്പറ്റിപറഞ്ഞത്, അച്ചനത്ര കാര്യമാക്കിയില്ല.

 ഫോണിൽക്കൂടി ആരോടോ സംസാരിച്ചശേഷം, പെട്ടെന്ന് ഡ്രൈവറെ വിളിച്ചുണർത്തി, പള്ളിയോടുചേർന്ന വീടുകളിലെ ചിലരേയും ചെല്ലയ്യായേയും കൂട്ടി, പള്ളിവക ജീപ്പിൽക്കയറി തീപിടിച്ച സ്ഥലത്തെത്തി.
ആളുകളുടെ പക്കലുള്ള മണ്ണെണ്ണവിളക്കിന്റേയും ടോർച്ചിന്റേയും വെളിച്ചത്താൽ മാത്രമേ പലതും കാണാൻ കഴിയൂ.  ഫാദറിന്റെ നേതൃത്വത്തിൽ വന്നവരൊക്കെ അവിടെ ശ്രമദാനം നടത്തിത്തുടങ്ങി. കുറേപ്പേർ പുഴയിൽനിന്നും വെള്ളം കോരിയെടുത്ത് കട്ടിപിടിച്ചുകിടക്കുന്ന തീക്കൂനകളിൽ ഒഴിക്കുകയും, മറ്റുള്ളവർ പകുതിയെരിഞ്ഞ മരത്തൂണുകളും തടിക്കട്ടകളും ഒതുക്കിമാറ്റുകയുംചെയ്യുന്നു.

വിട്ടുമാറാത്ത വിറയലോടെ ചെല്ലയ്യ ഓടിനടന്ന് അലക്സിനെ തെരയുന്നെങ്കിലും, ഇടയ്ക്കിടെ ആ വീടിന്റെ ജനാലയിലേയ്ക്ക് നോക്കുന്നുമുണ്ട്.

ഉണങ്ങിത്തുടങ്ങിയ പുൽക്കെട്ടുകൾ അപ്പാടെ കത്തിയെരിഞ്ഞു, ഇപ്പോഴും അതിൽ തീ ജ്വലിക്കുന്നു.  അതിനടുത്ത്, രോമങ്ങളെരിഞ്ഞ് പുറംതോലുരുകിക്കരിഞ്ഞ ഒരു കുതിരയെക്കണ്ട് അച്ചനും കൂട്ടരും വിഷമിച്ച്, ദൈവനാമം ഉറക്കെ ഉരുവിട്ടു. പിന്നെ, അലക്സിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി ശ്രദ്ധ.

അപ്പോഴേയ്ക്കും  ഇൻസ്പെക്റ്റർ റെക്സും നാലു പോലീസുകാരും എത്തിക്കഴിഞ്ഞു.അച്ചനുമായുള്ള സ്നേഹബന്ധവും സമ്പർക്കവും നേരത്തേയുണ്ടായിരുന്നതിനാലും, അലക്സിനേയും മറ്റുള്ളവരേയും അറിയാമായിരുന്നതിനാലും വളരെ സ്വാതന്ത്ര്യം കാട്ടി, അവിടെ വളരെ കരുതലോടെ എല്ലാ നിയന്ത്രണവും റെക്സ് ഏറ്റെടുത്തു.

ഭാരിച്ച ദുഃഖത്തോടെ അച്ചൻ റെക്സിനെനോക്കി അറിയിച്ചു “ ഒരു കുതിരയെ മരിച്ച നിലയിൽ കിട്ടിയിട്ടുണ്ട്, അലക്സിനെ ഇതുവരെ കണ്ടില്ല...”
റെക്സ് ചോദ്യഭാവത്തിൽ ഒന്നുനോക്കി “ തീപിടിച്ച സമയത്ത്  അലക്സ് ഇവിടെയുണ്ടായിരുന്നുവെന്നത് തീർച്ചയാണോ?”
ചെല്ലയ്യ ഇടയ്ക്കുകയറിവീണു “ തീർച്ചസാറേ, സത്തിയം. അച്ചനെ കൂപ്പിടാൻ ഞാൻ പോവുമ്പം അലക്സുകുഞ്ഞ് ഇങ്ങോട്ടാ ഓടിയത്.”
“ തീ പിടിച്ചത് കണ്ടിട്ടാണോ ഓടിയത്?
“ കണ്ടു  കണ്ടു, ഞങ്ങള് രണ്ടുപേരും കണ്ടു. അച്ചനെ കൂപ്പിടാൻ എന്നെ ഓടിച്ചുവിട്ടതാ...പിന്നെ...”

കൂട്ടത്തിലൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞു “ ചെല്ലയ്യാടെ കയ്യിലൊരു മണ്ണെണ്ണവെളക്കൊണ്ടാരുന്നു...”
അതുകൂടി കേട്ടപ്പോൾ ചെല്ലയ്യ പറയാൻ വന്ന ബാക്കി വാക്കുകൾ വിഴുങ്ങിക്കളഞ്ഞു.
റെക്സ് ലായത്തിലുള്ളവരോടായി ‘ ഓരോ ഭാഗവും അരിച്ചുപെറുക്കി പരിശോധിക്കൂ..’എന്നു നിർദ്ദേശിച്ച്, ചെല്ലയായെ സംശയത്താൽ സൂക്ഷിച്ചുനോക്കി.

ചുവന്ന കണ്ണുകളും പതിഞ്ഞ മൂക്കും കുറ്റിമുടികളോടുകൂടിയ വലിയ തലയുമുള്ള, കറുത്തു തടിച്ച ഉയരം കുറഞ്ഞ രൂപം. ‘ വല്ലപ്പോഴും അച്ചനെക്കാണാൻ വരുമ്പോഴൊക്കെ ഇയാളാണ് ചായയും മറ്റും ഉണ്ടാക്കിത്തരുന്നത്, കൂടെ- വളരെ ശാന്തനും സുന്ദരനുമായ അലക്സുമുണ്ടാകും. നല്ലവനായ അലക്സിനെ തീയിലേയ്ക്കു വിട്ടിട്ട് ഇയാൾ ഒഴിഞ്ഞു മാറിയതാണോ? ഇയാൾതന്നെ തീ കൊളുത്തിയശേഷം അലക്സിനെ കണ്ടതാണോ?’

അച്ചൻ പറഞ്ഞിട്ടുള്ളത് ഓർത്തു. ‘ ഇരുപതു വർഷം മുമ്പ് ചെല്ലയ്യ അമ്മയേയും കൂട്ടി ഇവിടെവന്ന്, പള്ളിയിലെ അന്തേവാസികളായി. കുറച്ചുകാലം കഴിഞ്ഞ് അമ്മ മരിച്ചു.  ഇവിടെ ഇടവകയിൽ താമസിച്ച്, ഇപ്പോൾ പള്ളിയും അച്ചനും മതിയെന്ന തീരുമാനത്തിലാണ്. മലയാളം നല്ലതുപോലെ അറിയാമെങ്കിലും, വീട്ടിൽ അമ്മയുമായി തമിഴിലേ സംസാരിച്ചിട്ടുള്ളൂ. അതിനാൽ, സംഭാഷണത്തിൽ തമിഴിന്റെ ശൈലി അല്പം കലർന്നുവരും. ആളു പാവമാണ്, നിർദ്ദോഷിയാണ്’.
ഇപ്പോൾ സംശയിക്കേണ്ടുന്ന സാഹചര്യം വന്നിരിക്കുന്നു.

റെക്സിന്റെ ചോദ്യങ്ങൾ കേട്ട് വിളറിവെളുത്തുപോയ ചെല്ലയ്യ, കെട്ടിടത്തിൽ കണ്ട വെളിച്ചവും രൂപവും ഓർത്തെങ്കിലും മിണ്ടിയില്ല. ‘ എന്നാലും ഞാനതു കണ്ടതാണല്ലോ, ഇതിപ്പൊ ആരോടു പറഞ്ഞാ വിശ്വസിപ്പിക്കുന്നത്? അച്ചന്റെ പരിചാരകനായ ലാസറും അങ്ങനെ കണ്ടിട്ടുണ്ടെന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചിട്ടില്ല, അവനു ഭ്രാന്തുപിടിച്ചതോ സ്വപ്നത്തിൽ കണ്ടതോ ആയിരിക്കാമെന്നാണ് പൊതുസംസാരം. പിന്നെ, ആഴ്ചതോറും ആ വീടും പരിസരവും വൃത്തിയാക്കുന്ന ഞാനും അങ്ങനെ കണ്ടെന്നു പറഞ്ഞാൽ, എല്ലാവരും കൂടി മേക്കിട്ടുകയറുമോയെന്ന പേടിയുണ്ട്.  അച്ചനോടു പറഞ്ഞപ്പോൾ അതു കേട്ടഭാവം പോലും കാട്ടിയതുമില്ല.’

കെട്ടിടത്തിന്റെ ഭാഗത്തുനിന്നും തണുത്ത കാറ്റ് പൂമണവുമായി വീശിവന്നപ്പോൾ, ചെല്ലയ്യായുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി.

നേരം വെളുത്തുതുടങ്ങിയെന്നറിയിക്കാൻ  ആദിത്യൻ തന്റെ ആദ്യകിരണങ്ങൾ അവിടേയ്ക്കെല്ലാം പായിച്ചുവിട്ടപ്പോൾ, മഞ്ഞുവീണ് കുളിരുപൂശി ചലിക്കുന്ന ചെടികളുടേയും മരങ്ങളുടേയും ഇലകളിൽ മുത്തുകൾ പതിഞ്ഞ് തെളിഞ്ഞുതിളങ്ങി.

‘ സർ ഇവിടെയുണ്ട്, ഒരു ജഡം കാണുന്നുണ്ട്..’  ശബ്ദം കേട്ട ഭാഗത്തേയ്ക്ക് വിളക്കുകളുമായി എല്ലാവരും ഓടിയെത്തി.
എരിഞ്ഞുതീർന്ന പുൽച്ചാമ്പലിന്റെ പിറകിലായി, ആളുകൾ വീശിയെറിഞ്ഞ വെള്ളം വീണ് കലങ്ങിപ്പടർന്ന തറയിൽ, കത്തിക്കരുവാളിച്ച ഒരു മൃതശരീരം മുഖം തിരിഞ്ഞ് കിടക്കുന്നു.

റെക്സ്  ടോർച്ച്തെളിച്ച് ആകമാനം ഒന്നോടിച്ചുനോക്കി. കറുത്ത രൂപമായതിനാൽ വ്യക്തമായി കാണാൻ കഴിയില്ല.
‘ ഹാ  എന്റെ പ്രിയങ്കരനായ സുഹൃത്ത്...അലക്സ്...ഈ രൂപത്തിൽ.......’ വിങ്ങിയ നെടുവീർപ്പോടെ  അച്ചൻ  മുഖം പൊത്തി.   അടുത്തുനിന്ന് ആ രൂപം കണ്ട ചെല്ലയ്യ  ഒരാർത്തനാദത്താൽ ബോധരഹിതനായി കുഴഞ്ഞുവീണതുകണ്ട്, രണ്ടുപേർ അയാളെ താങ്ങിപ്പിടിച്ചു കിടത്തി.

അലക്സിന്റെ മരണത്തിൽ പരിതപിച്ച് വിഷാദമഗ്നരായി നിൽക്കുകയാണ് എല്ലാവരും.

റെക്സ്  പറഞ്ഞതനുസരിച്ച് പോലീസുകാർ മറ്റുള്ളവരുടെ സഹായത്തോടെ ആ മൃതദേഹം പൊക്കിയെടുത്ത് വൃത്തിയുള്ള പുൽത്തകിടിയിലേയ്ക്ക് കിടത്തി, അതിൽ  കരിഞ്ഞുവീണു പറ്റിപ്പിടിച്ച ചില്ലത്തുണ്ടുകളും ചാമ്പൽ‌പ്പൊടികളും നീക്കി കുറച്ചു വൃത്തിയാക്കി.
“ എല്ലാവരും ഒന്നൊഴിഞ്ഞ് ദൂരേയ്ക്ക് മാറിനിൽക്കൂ...” ഒന്നുകൂടി പരിചിതമായ ആ ശരീരത്തെനോക്കി ദീർഘനിശ്വാസത്തോടെ തിരിഞ്ഞുനടക്കാൻ ഭാവിച്ച  റെക്സ്, ശ്രീമന്ദിരത്തിൽനിന്നും വിങ്ങിപ്പൊട്ടിയുള്ള ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട്, അനങ്ങാൻ സാധിക്കാതെ അവിടേയ്ക്ക് നോക്കി. പൂമുഖത്തിനു വെളിയിലുള്ള വെളിച്ചമല്ലാതെ മറ്റൊന്നും കാണുന്നില്ല.

പെട്ടെന്ന് ആ മൃതശരീരം ചലിച്ചതായി അയാൾക്ക് തോന്നി. ‘ആരോ അതിനെ ചലിപ്പിച്ചതാണോ?’  ടോർച്ച് തെളിച്ച് ഓരോ അവയവങ്ങളും ശ്രദ്ധിച്ച് നിരീക്ഷിച്ചു. അച്ചനും മറ്റു രണ്ടുപേരും അതിൽത്തന്നെ സൂക്ഷിച്ചു നോക്കുകയാണ്.

വർദ്ധിച്ച സംഭ്രാന്തിയും സംശയവും പൂണ്ട അച്ചനും,  അത്ഭുതാവേശനായ  റെക്സും പരസ്പരം ഉറ്റുനോക്കി. അച്ചനാണ്  ആദ്യം അത് പറഞ്ഞത് “ ഇത് അലക്സല്ല, അവന്റെ ശരീരം  ഇതല്ല..!”
“ എനിക്കും സംശയമുണ്ട്....അലക്സിന്റെ ശരീരത്തിന് ഇതിനെക്കാൾ നീളമുണ്ട്...”
“ അവന്റെ ദേഹം ഇത്ര കനത്തതുമല്ല...!!”
“ അതെ  ശരീരംതന്നെ മാറ്റം..!!”  റെക്സ് പോക്കറ്റിൽനിന്ന് കർച്ചീഫെടുത്ത് ആ ശരീരത്തിന്റെ മുഖം മാത്രം തുടച്ചുനോക്കി.

ആ മുഖം വ്യക്തമായിക്കണ്ട ഫാദർ ഡാനിയേൽ ‘..ഹോ...എന്റെ  കർത്താവേ...’ യെന്ന് ഓർക്കാപ്പുറത്ത് വിളിച്ചുപോയി.
മറ്റുചിലർ ഉച്ചത്തിലും പതുക്കെയും അതിശയകരമായി സംസാരിക്കാൻ തുടങ്ങി. അപ്പോഴും പരക്കുന്ന ആ പാലപ്പൂമണമേറ്റ്, ഭയവും അത്ഭുതവും പേറിനിൽക്കുന്ന അവരെനോക്കി  അച്ചൻ പറഞ്ഞു “ ഇത് അലക്സിന്റെ ശരീരമല്ല....അലക്സല്ലായിത്....ഇത്...ഇത്.....”ബാക്കി പറയാനാകാതെ വീണ്ടും ആ  ശരീരത്തെനോക്കി  മിഴിച്ചുനിന്നു.

ഒരാൾ കുറേ വെള്ളം കൊണ്ടുവന്ന് ചെല്ലയ്യായുടെ മുഖത്തു തളിച്ചപ്പോഴേയ്ക്കും അയാൾക്ക് ബോധം വന്നുതുടങ്ങി, ഭയം വിട്ടുമാറാതെ ‘ ആ പ്രേതം....അത് ശരിതാനേ...കടവുളേ.....’എന്ന് വിഭ്രാന്തിയാൽ വിളിച്ചുകൂവി.

റെക്സ്  ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ചോദ്യങ്ങളിൽ പെട്ട് അസ്വസ്ഥനായി “ ഈ ചെല്ലയ്യായെ പ്രത്യേകം ഗൌനിക്കണം, എങ്ങോട്ടും പോകാനനുവദിക്കരുത്...” എന്ന് പോലീസുകാർക്ക് ആജ്ഞ കൊടുത്തു.

അയാൾ സംഭവങ്ങളുടെ കണ്ണികൾ നിരത്തിനോക്കി - ‘ തീ വച്ചത് ചെല്ലയ്യയാണെന്ന് കരുതാം. പക്ഷെ, അലക്സെവിടെ? അവൻ സ്നേഹിച്ചിരുന്ന യുവതി ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചു. പിന്നെ അവനിങ്ങനെചെയ്ത് മറയേണ്ടുന്ന കാര്യമില്ല.  ഈ മൃതദേഹം ആരുടെ?  അതുകണ്ട് അച്ചനെന്തിന് ഭയക്കുന്നു?..’
എല്ലാം നേരിട്ട് അന്വേഷിക്കുന്നതാണ് നല്ലത്,  അതെവിടെത്തുടങ്ങണമെന്ന് ഗാഢമായി ചിന്തിച്ചു. ആ   സമയം....

ഒരു യുവതിയുടെ ദുഃഖത്താലുള്ള  യക്ഷഗാനം കേൽക്കുന്നുവോ?
അതു കേട്ടഭാഗത്തേയ്ക്ക് നോക്കിയപ്പോൾ -  വിഷാദഛായയാർന്ന് വിങ്ങിക്കരഞ്ഞുകൊണ്ട്, തിളങ്ങുന്ന കണ്ണുകളോടെ ഒരു വെളുത്തമുഖം ജനലിൽക്കൂടി  ഉറ്റുനോക്കുന്നു.

അയാൾ അവിടേയ്ക്ക് പോകാനായി എഴുന്നേൽക്കുമ്പോൾ,  ഡാനിയേലച്ചൻ അത്ഭുതപരതന്ത്രനായി ഓടിവന്ന് റെക്സിന്റെ കയ്യിൽ പിടിച്ചുപറഞ്ഞു “ റെക്സ്,  എത്രയും വേഗം പള്ളിയിലെത്തണം, ഒരു സംശയം തീർക്കാനുണ്ട്.....”

അവിടെ  ആകെയൊരു ബഹളം.

രാവിലെ ആറു മണിക്കുള്ള  പള്ളിമണിയുടെ മുഴക്കത്തിൽ,  തീപിടിച്ച കുതിരലായത്തിന്റെ  പിൻഭാഗത്തുനിന്നും  ഉയർന്ന നിലവിളി  ആരും കേട്ടില്ല........

                                                                              ..............തുടരും...............

Friday, October 8, 2010

യക്ഷിയും പാലപ്പൂക്കളും


'ശ്രീ മന്ദിര’ത്തിലെ പൂമുഖത്തു നിന്നും വരുന്ന വെളിച്ചം, നേർത്ത മഞ്ഞിലൂടെ അരിച്ചെത്തുന്നത് ഇങ്ങു താഴ്വാരത്തു നിന്നാൽ കാണാം.  ഇളം കാറ്റേറ്റ് ഇടതൂർന്ന് ഇളകിയാടുന്ന മരച്ചില്ലകളുടെ മർമ്മരശബ്ദം അന്തരീക്ഷത്തിലലിഞ്ഞു ചേരുന്നു.

ഇടതുഭാഗത്ത് മുന്തിരിത്തോട്ടത്തിന്റെ അരികിലൂടെ, ദൂരെനിന്നും ഒഴുകിവരുന്ന ചെറിയ അരുവി. അവിടവിടെ പൊന്തിനിൽക്കുന്ന മരവേരുകളിൽ തട്ടി കിലുകിലാരവത്തോടെ ചിരിച്ചെത്തുന്ന വെള്ളത്തിൽ, വലതുകാല്പാദം മുക്കി, ഒരു പാഴ്ത്തടിയുടെ മുകളിൽ ചിന്താവിഷ്ടനായി ഇരിക്കുകയാണ്  ‘അലക്സ്.’

പരിസരമാകെ പാലപ്പൂക്കളുടെ ഗന്ധവുമായി മന്ദമാരുതൻ വീശിത്തഴുകിയപ്പോൾ, സാവധാനം സല്ലാപചലനങ്ങളിലൂടെ അവൻ സഞ്ചരിച്ചു.

മടിയിൽ തലചായ്ച്ച് പച്ചപ്പുല്ലുകളിൽ കാലുകൾ നീട്ടിവച്ച്,  അവന്റെ മുഖത്തേയ്ക്കുനോക്കി അവൾ കിടക്കുന്നുണ്ട്. അവളുടെ നനുത്ത നെറ്റിയിലൂടെ കവിൽത്തടങ്ങളിൽ തലോടി, ഓറഞ്ചുനിറമാർന്ന മുഖമുയർത്തി അവൻ മന്ത്രിച്ചു.
 ‘ എന്റെ പ്രിയപ്പെട്ട  ഒമിയാ, പ്രിയേ....’

അവൾ വികാരവതിയായി, ചോദ്യഭാവത്തിൽ ആ മുഖത്തേയ്ക്ക് നോക്കി. ഇടതു കൈ നീട്ടി അവന്റെ തലയിൽ വച്ച് തന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു-
 ‘ അലക്സ്...പ്രിയനേ...ഇനിയെന്നാ നമ്മൾ കാണുന്നത്....?’

കുറച്ചു നാളത്തേയ്ക്കുള്ള അകൽച്ചയുടെ വിഷാദഛായ രണ്ടു മുഖങ്ങളിലും കലർന്നു. അവളുടെ കഴുത്തിലും മാറിടത്തിലും വിരലുകളോടിച്ചുകൊണ്ടിരുന്ന അലക്സ്, ആ ചോദ്യത്തിനുത്തരം പറയാതെ, അവളെ കെട്ടിപ്പുണർന്ന് ചുംബനങ്ങൾ നൽകി. അവളും അവന്റെ തോളത്തു കൈവച്ച്  അതനുകരിച്ചു.

തോളിൽ ഒരു കൈപിടിച്ച് തന്നെ കുലുക്കിയെന്ന് ബോധ്യമായപ്പോൾ, അവൻ തിരിഞ്ഞുനോക്കി. പേടിച്ചിട്ടാണെങ്കിലും കൃത്രിമമായ പുഞ്ചിരിയോടെ  ചെല്ലയ്യ  നിൽക്കുന്നു. കരിയിലകളിൽ ചവിട്ടിവന്നതിന്റെ ശബ്ദമോ, അയാളുടെ കയ്യിലിരുന്ന ശരറാന്തലിന്റെ വെളിച്ചമോ അവൻ ശ്രദ്ധിച്ചില്ല.

“ കുഞ്ഞേ, എപ്പവും മാതിരി കനവിലേയാ..?”
“കനവിലോ.. ഞാനോ....?” അവൻ നോക്കിയപ്പോൾ അവളെ കാണുന്നില്ല, അടുത്തെങ്ങും അവളില്ല.

“ അല്ല ചെല്ലയ്യാ...ഒമിയാ എന്റെകൂടെയുണ്ടായിരുന്നല്ലോ.., ഇതായിപ്പൊ ഞങ്ങൾ ചേർന്നിരുന്നതല്ലേ..?”
“ ഇതുതാനേ എപ്പവും ചൊല്ലുന്നത്..? ആ പാലപ്പൂവുക്കെ മണം അതേമാതിരി വീശിയേവരുന്നു. ആ പ്രേതം കുഞ്ഞിന്റെ പക്കത്തു വന്നു.  കുഞ്ഞ് ഒറ്റയാ ഈ പാതിരാത്തിറി ഇവിടെ ഇരിക്കണ്ട,  ഏതോ ആപത്തു വന്നാ പ്രശ്നമാ ഇരുക്കും.  റൂമിലെ പോയിട്.....”

‘ എന്തായീ പറയുന്നത്...സ്വപ്നമല്ലായിരുന്നല്ലോ...?’ അവൻ സ്വയം മുഖത്തും കയ്യിലും കാലിലുമൊക്കെ നുള്ളിനോക്കി, വേദനയുണ്ട്. ‘ തന്റെ തോന്നലായിരുന്നില്ല, പിന്നെയവളെവിടെ..?’
‘ അതെ, ആ മണം ചുറ്റിലുമുണ്ട്. യക്ഷിപ്പാലകൾ പൂക്കുമ്പോഴുള്ള മാദകമായ മണം. അവൾ വരുമ്പോഴൊക്കെ ഇതേ സുഗന്ധമാണുണ്ടാവുക...’ അത് ആവാഹിക്കാനെന്നവിധം തുടരെ ഉള്ളിലേയ്ക്ക് ശ്വാസമെടുത്തു, അവൻ.
ആ കെട്ടിടത്തിലേയ്ക്ക് ചൂണ്ടിക്കാട്ടി, പേടിയോടെ ചെല്ലയ്യ അവനോടു ചേർന്നുനിന്നു.
“ നോക്ക് നോക്ക്, വേഗം പോ, ഇന്നും ആ വീട്ടീന്നുതാൻ മണം വരുന്നത്.....”

‘ ശരിയാണല്ലോ,  ഇതിനു മുമ്പും- ആ മരണം നടന്ന ദിവസവും ഇതേ ഗന്ധം വരുമായിരുന്നു. വീടിന്റെ ഇടതുഭാഗത്ത് കുതിരലായം വരെ കാടുപിടിച്ചു കിടക്കുകയാണെങ്കിലും, അവിടെയെങ്ങും ഒരു പാലമരം കാണാനില്ല, പലപ്രാവശ്യവും പരിശോധിച്ചതാണ്. പിന്നെ, ആരും താമസമില്ലാത്ത  ശ്രീമന്ദിരത്തിൽ ഇത്രയും പാലപ്പൂക്കൾ ആരാണ് കൊണ്ടിടുന്നത്? ആ വീടും പരിസരവും വൃത്തിയാക്കാൻ ചെല്ലയ്യ മാത്രമേ അവിടെ പോകാറുള്ളൂ....’

“ കുഞ്ഞേ  നോക്ക് നോക്ക്...” അലക്സിന്റെ കയ്യിൽ ഇറുകെപ്പിടിച്ച്, ഭയാശങ്കയാൽ വീണ്ടും ആ കെട്ടിടത്തിലേയ്ക്ക് വിരൽചൂണ്ടി  ചെല്ലയ്യ.   പൂമുഖത്തേയ്ക്കിറങ്ങി വരുന്ന മുറിയുടെ ജനലിൽക്കൂടി അകത്ത്, പ്രകാശം മിന്നിമറയുന്നതും ഒരു കറുത്ത രൂപം നീങ്ങിമാറിയതും അവർ കണ്ടു.    
അത്രമാത്രം - നിമിഷനേരം.
“ കുഞ്ഞേ  ആ  ലാസർ പറഞ്ഞത് ശരിയേതന്നെ. പ്രേതം ഇരുക്കുതെന്ന് ഇപ്പ കണ്ടില്ലെ? ഞാൻ ഈവഴിയാ പോയി അച്ചനെ വിളിക്കട്ടാ?”
“ നിൽക്ക് നിൽക്ക്,   നോക്കട്ടെ..”

അലക്സ് അവിടെത്തന്നെ സൂക്ഷിച്ചുനോക്കി, പിന്നെയൊന്നും കാണുന്നില്ല. കെട്ടിടത്തിനകത്ത് കൂരിരുട്ടാണ്. പൂമുഖത്തിന്റെ വെളിയിലായി ഒരു ബൾബ് എരിയുന്നത് ചെല്ലയ്യ ഇടുന്നതാണ്, വേറെയാരും അവിടെ വരാൻ നിവൃത്തിയില്ല.
താഴ്വാരം ചുറ്റിനടന്നുവേണം കുന്നിഞ്ചരുവിലെ പള്ളിയിൽചെന്ന്  ഡാനിയേലച്ചനെ വിളിക്കാൻ. “ അതിന് താമസിക്കും ചെല്ലയ്യാ, നമുക്ക് വേഗം ആ വീട്ടിൽ പോയിനോക്കാം.. ആരെങ്കിലും ഉള്ളിൽക്കടന്നതാണെങ്കിലോ?”

“ അയ്യോ കടവുളേ  ഞാനില്ലേയ്, വേണ്ട കുഞ്ഞേ വാ, നമ്മക്കച്ചനേം ആൾക്കാരേം കൂട്ടിവരാം...” കയ്യിലിരുന്ന വിളക്കിന്റെ തിരി കുറേക്കൂടി നീട്ടിവച്ച് ചെല്ലയ്യ അവന്റെ കൈപിടിച്ചു വലിച്ചു. കാരണം, ആ പൂക്കളുടെ ഗന്ധം അപ്പോഴും അയാളറിയുന്നുണ്ട്.

അപ്പോഴതാ അവർക്കുമുകളിൽ, മരശിഖരങ്ങളിൽ തൊട്ട് പുക പരക്കുന്നു. രണ്ടുപേരും അതിശയത്തോടെ പരസ്പരം നോക്കി. കാരണം, അവിടെ അടുത്തൊന്നും വീടുകളില്ല, പുകയുണ്ടാകാനുള്ള മറ്റു സാഹചര്യങ്ങളുമില്ല. കുറേ വീടുകളുള്ളത് അകലെ പള്ളിയുടെ പരിസരത്തുമാത്രം.

ക്രമേണ, പുക ഘനീഭവിച്ച് കറുത്ത ചുരുളുകളായി കാണപ്പെട്ടതിനാൽ, അതു വരുന്ന ഭാഗത്തേയ്ക്ക് അവർ നോക്കി.
കുറച്ചകലെ, മുന്തിരിത്തോട്ടത്തിന്റേയും മരക്കാടിന്റേയും മദ്ധ്യത്തായി, അരുവിയുടെ മുകൾതീരത്തുള്ള  കുതിരലായം തീപിടിച്ച് എരിയുന്നു.

തീപിടിച്ച ഭാഗത്തേയ്ക്കോ, രൂപം കണ്ട കെട്ടിടത്തിലേയ്ക്കോ  അതല്ല, ആളുകളെക്കൂട്ടാൻ  അച്ചന്റെയടുത്തേയ്ക്കോ പോകേണ്ടതെന്നറിയാതെ ഒരു നിമിഷം അവർ പകച്ചുനിന്നു.  ലായത്തിനകത്ത് മൂന്നു കുതിരകളെ കെട്ടിയിട്ടുള്ളത് പെട്ടെന്നവനോർത്തു.
അലക്സ് ചെല്ലയ്യായെ തള്ളിവിട്ടു-“ വേഗം പോയി  അച്ചനേയും ആൾക്കാരേയും വിളിക്ക്....ഞാൻ പോയി കുതിരകളെ അഴിച്ചു വിടട്ടെ...” അവൻ കത്തിയെരിയുന്ന ലായത്തിലേയ്ക്ക് പാഞ്ഞു.
അതിന് എതിർഭാഗത്തേയ്ക്ക് താഴ്വാരത്തിലൂടെ ചെല്ലയ്യായും ആയാസപ്പെട്ട് നീങ്ങി.

അലക്സ് എത്തിയപ്പോഴേയ്ക്കും കുതിരലായം പകുതിയിലേറെ വെന്തുകഴിഞ്ഞിരുന്നു. തീയുടെ ചൂടും കറുത്ത പുകയും നിറഞ്ഞ് ഒന്നും വ്യക്തമാകുന്നില്ല. അതിനിടയിൽക്കൂടി ബദ്ധപ്പെട്ട് അവൻ കുതിരകളുടെ അടുത്തെത്തി. തോലിന്റെ കെട്ടുകൾക്ക് തീപിടിച്ച്, രണ്ടു കുതിരകൾ പുറത്തേയ്ക്കോടി. ‘ഇനിയൊന്നുണ്ടല്ലൊ, അതെവിടെയെന്ന്’അറിയാൻ ചുറ്റിലും തെരഞ്ഞു.

കട്ട പിടിച്ച ഇരുൾ വീഴുന്നതുപോലെ, ഭാരമുള്ള എന്തോ ഒന്ന്  അലക്സിന്റെ പുറത്തേയ്ക്ക് വന്നുവീണു.....

സമയം അറിയിക്കുന്ന പള്ളിയിലെ മണിയൊച്ച, പൂമണവുമായി ചേർന്ന്  നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ട്, പന്ത്രണ്ടു തവണ!!


                                                                                ..............തുടരും.