Monday, October 25, 2010

ഡാനിയേലച്ചന്റെ കുടുംബം

 യക്ഷിയും പാലപ്പൂക്കളും ( ഭാഗം മൂന്ന് )

 ' ഡാനിയേലച്ചന്റെ  കുടുംബം’
                                      
പെട്ടെന്ന് കണ്ടുമറഞ്ഞ ഒരു മുഖം ആരുടേതെന്നു നോക്കാൻ കെട്ടിടത്തിലേയ്ക്ക് പോകാനാണ് റെക്സ് വിചാരിച്ചത്. ഡാനിയേലച്ചന്റെ സംഭ്രമവും ഭയവും കണ്ട് പള്ളിയിലേയ്ക്ക് കൂടെപോകാനായി, കോൺസ്റ്റബിളായ ബാലുവിനേയും കൂട്ടി ജീപ്പിൽക്കയറി പുറപ്പെട്ടു.

അച്ചനോടു ചോദിച്ച പല ചോദ്യങ്ങൾക്കും മറുപടിയായി, കുറച്ചു കാര്യങ്ങൾ വ്യക്തമായി.

കുന്നിന്മുകളിലുള്ള ശ്രീമന്ദിരത്തിന്റെ തെക്കുഭാഗത്ത്, താഴ്വാരത്തുകൂടി നടന്നുപോകാവുന്ന ദൂരമേയുള്ളൂ  പള്ളിയിലെത്താൻ. പാതയുടെ ഇടതുവശത്ത് ഇടതിങ്ങി പടർന്നു വളരുന്ന പൈൻ മരങ്ങളാണധികവും. വലത്ത്, പച്ചക്കറിത്തോട്ടം അവസാനിക്കുന്നതുമുതൽ കുറേ വീടുകൾ. എല്ലാം ഇരുമ്പുഷീറ്റുകൾ മേഞ്ഞ ഇരട്ട മുറികളുള്ള ചെറിയവീടുകൾ. സമതലമായ അവിടെ വീതിയുള്ള റോഡിനോടുചേർന്ന് ചെറിയ പള്ളി.

പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുള്ള അച്ചന്, തിരുസഭയ്ക്കനുകൂലമല്ലാത്ത വിശ്വാസമാണുള്ളത്.  അതിനാൽ, സഭയുമായി വേർപെട്ട്  അനുയായികളായ ചില കുടുംബങ്ങളുമൊത്ത് ഇവിടെവന്ന് താമസിക്കുകയാണ്.  ‘ഏകദൈവമാണ് എല്ലാറ്റിനും കാരണവും നിയന്താതാവും, ഏകദൈവമായ കർത്താവിനെയാണ് കരുണാപൂർവ്വം ആരാധിക്കേണ്ടത്...’ എന്നുള്ള വിശ്വാസപ്രസംഗം ഇടവകയിലെ ജനങ്ങളെ കേൾപ്പിച്ച്, അവരെ മറ്റു ചിന്താഗതിയിലേയ്ക്ക് മാറ്റിയെടുക്കുന്നു എന്നതാണ് അച്ചന്റെ പേരിലുള്ള കുറ്റം. അതിനാൽ പ്രധാനപുരോഹിതനായി അവരോധിക്കുന്നതിനു മുമ്പ് സഭയിൽനിന്ന് പുറത്താക്കിയപ്പോൾ, കുറച്ച് അനുയായികളുമായി ഈ സ്ഥലത്ത് വന്നു.

അന്ന് ശ്രീമന്ദിരത്തിൽ, ഉടമസ്ഥനായിരുന്ന  ഗബ്രിയേൽ നെറ്റോ,  ഭാര്യയും, ഏകമകളായ ഒമിയായുമൊത്ത് താമസിച്ചിരുന്നു. അച്ചന്റെ വിശ്വാസപ്രമാണങ്ങളിൽ തല്പരനായ അദ്ദേഹം, വിസ്തൃതവും തരിശുമായിക്കിടന്ന സമതലഭാഗം പള്ളിക്കായി എഴുതിക്കൊടുത്തു. അവിടെ ഇരുമ്പുതകിടുകൾ പാകിയ ഒരു ഷെഡ്ഡും, അതിനോടുചേർന്ന് ഒരു മുറിയുമുണ്ടാക്കി ‘പ്രാർഥനാലയം’ സ്ഥാപിച്ചു.
 സദാസമയവും എരിയുന്ന ഒരു വലിയ വിളക്കുമാത്രമാണ്  അവിടെയുള്ളത്.

അദ്ധ്വാനശീലരും ശാന്തസ്വഭാവക്കാരുമായ, ഭാര്യമാരും മക്കളും ചേർന്നുള്ള  പതിനെട്ടു കുടുംബങ്ങൾ ഇപ്പോളവിടെ താമസിക്കുന്നുണ്ട്.  കുടുംബക്കാരിൽ പലരുടെ കൈവശമുള്ള തുകയും, അച്ചൻ വഴി ബാങ്കുമായുള്ള ഇടപെടലിൽ കിട്ടിയ സഹായവും മൂലം, പൊതുവകയായി ഒരു ജീപ്പും പള്ളിമണിയും വാങ്ങാൻ സാധിച്ചു.

അവിടെ ജാതി-മത ചിന്തകളില്ലാത്തതിനാൽ,  ഈ ഏകദൈവവിശ്വാസത്തിലും സുഖ-സമ്പത്സമൃദ്ധമായ ജീവിതത്തിലും ആകൃഷ്ടരായി പല കുടുംബങ്ങളും വന്നുചേർന്നുകൊണ്ടിരിക്കുന്നു.  നാനാജാതിമതസ്ഥരുമായവർ അവിടെ വന്നുകഴിഞ്ഞാൽ, ആ ചിന്തയെല്ലാം മറക്കുന്നു.

ഓരോ ആൾക്കാർക്കും അറിയാവുന്ന ജോലികൾചെയ്യാം.  പച്ചക്കറികൃഷിയാണ്  ഭൂരിപക്ഷത്തിന്റേയും തൊഴിൽ.എങ്കിലും സ്ത്രീകളുൾപ്പെടെ തുന്നൽ, ചിത്രപ്പണി, ആട്-കോഴി വളർത്തൽ എന്നിവ നല്ലരീതിയിൽ നടക്കുന്നു.  അതൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പുറത്ത് പട്ടണത്തിൽ കൊണ്ടുപോയി കൈമാറ്റം ചെയ്ത്, എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സാധനസാമഗ്രികൾ വാങ്ങും.

കുടുംബങ്ങളെല്ലാം പ്രത്യേകമായാണ് താമസമെങ്കിലും, ഒരു വിവാഹസദ്യയുടെ സംതൃപ്തിയോടെ  അച്ചനുൾപ്പെടെ എല്ലാവരും ഒന്നിച്ചിരുന്നാണ് ആഹാരം കഴിക്കുന്നത്. അവരവരുടെ ഭക്ഷ്യവിഭവങ്ങൾ മറ്റുള്ളവർക്കു കൊടുത്തും തിരിച്ചു പകർന്നും ഒത്തൊരുമയോടെ, ഒരു കുടുംബം പോലെയുള്ള ജീവിതം. അവർക്ക് രഹസ്യങ്ങളില്ല, സ്വാർത്ഥതയില്ല, വ്യാമോഹമില്ല- അതിനാൽ ആർക്കും പരസ്പരം അസൂയയുമില്ല.
ചുരുക്കത്തിൽ, വിദേശങ്ങളിലെ ജോലിക്കാർ കൂട്ടായ്മയായി എങ്ങനെ കഴിയുന്നുവോ,  അതിനെക്കാൾ മെച്ചമായ ഒരു ‘സ്വർഗ്ഗജീവിതം’.  പ്രവാസജീവിതം എന്തെന്നറിയാവുന്ന ഡാനിയേലച്ചന്, നിയന്ത്രണത്തോടെ അത് കൈകാര്യം ചെയ്യാൻ സാധിക്കുന്നുമുണ്ട്.

കുറേ കുടുംബങ്ങൾ ചേർന്ന് ഇതുപോലെ കൂട്ടായ്മയായുള്ള ഒരു ജീവിതം ഏതെങ്കിലും നഗരത്തിലോ, ഗ്രാമത്തിലോ, ഒരു വാർഡിലോ എങ്കിലും ഉണ്ടായാ‍ൽ, ഈ രാജ്യംതന്നെ ‘സ്വർഗ്ഗ’മായിത്തീരുമെന്ന് അച്ചന് പ്രത്യാശയുണ്ട്. അതിനുവേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു, പരിശ്രമിക്കുന്നു.
മുടക്കമില്ലാതെ എല്ലാദിവസവും വൈകുന്നേരം ആറുമണിക്ക്, കുട്ടികളുൾപ്പെടെ എല്ലാവരും പള്ളിയിൽ വന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നു, ഒന്നിച്ച് ‘ദൈവ’ത്തിനെ വിളിച്ച് നിറഞ്ഞ ഭക്തിയോടെ പ്രാർത്ഥിക്കുന്നു. പക്ഷേ, ഇന്നലെ കുതിരലായത്തിന് തീപിടിച്ച കാരണത്താൽ അതിന് തടസ്സം വന്നു.

“അപ്പൊ, ഒമിയാ മരിച്ചശേഷം അവിടെ താമസക്കാരില്ലെന്നും ഒരു ബന്ധുവാണ് ഇപ്പോൾ നോക്കുന്നതെന്നും പറഞ്ഞല്ലൊ?”
“ അതെ. ഗബ്രിയേൽ നെറ്റോയുടെ ഭാര്യ മരിച്ച് ഒരു വർഷം കഴിഞ്ഞാണ്  ഒമിയായുടെ അപ്രതീക്ഷിതമായ വേർപാടുണ്ടായത്. യഥാർത്ഥത്തിൽ മരണകാരണമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യയാണെന്ന് പോലീസ് വകുപ്പ് ആദ്യം പറഞ്ഞെങ്കിലും,  ബ്ലഡ് കാൻസറാണെന്ന ഡോക്ടർമാരുടെ തീരുമാനം പിന്നീട് ബന്ധുക്കളും ശരിവച്ചു.”
“ അതൊക്കെ നേരത്തേ പറഞ്ഞറിയാം, ബന്ധുക്കൾ..?”
“ ഗബ്രിയേൽ നെറ്റോയുടെ അനുജൻ  ജോൺസ് നെറ്റോയും മകൾ ലവീനാ നെറ്റോയും. നഗരത്തിലെ പട്ടേൽ റോഡിലെ ...”
“ അറിയാം.”
“  മകളുടെ മരണത്തിൽ അസ്വസ്ഥനും ചിത്തഭ്രമക്കാരനുമായ  ഗബ്രിയേൽ ഒരു മുറിക്കുള്ളിൽത്തന്നെ കഴിഞ്ഞുകൂടി.  പഴയ ജോലിക്കാരനും ഞാനും മാത്രമേ സമ്പർക്കപ്പെടാറുള്ളൂ.  ഒരു ദിവസം അദ്ദേഹത്തെ കാണാതായി. പലപ്രകാരത്തിലും അന്വേഷണം നടത്തിയെങ്കിലും, ഒന്നും കണ്ടുപിടിക്കാനായില്ല.  അതിനുശേഷമാണ് പഴയ ജോലിക്കാരനെ പറഞ്ഞയച്ച്,  ചെല്ലയ്യായെ അവിടംനോക്കാനേല്പിച്ചത്.”

അവർ പള്ളിയിലെത്തി. പുറത്ത്, സൈക്കിളിൽ ചുറ്റിക്കളിക്കുകയായിരുന്ന രണ്ടു കുട്ടികൾ, കുതിരലായത്തിനുപിറകിൽനിന്നുള്ള നിലവിളികേട്ട് ചെന്നുനോക്കിയപ്പോൾ, മുഖത്തും കയ്യിലും രക്തമൊലിപ്പിച്ച് അവശനിലയിലായ  ലാസറിനെക്കണ്ടു. ഭ്രാന്തമായി എന്തൊക്കെയോ പുലമ്പുന്ന അയാളെ വേച്ചുവേച്ചു നടത്തി അവർ പള്ളിയിൽ കൊണ്ടുവന്നു. അപ്പോഴേയ്ക്കും സംശയം തോന്നി, ജീപ്പിനെ പിന്തുടർന്ന് ഓടിവന്ന ചിലരും അവിടെക്കൂടി.

അച്ചൻ റെക്സിനേയും പിടിച്ച് ധൃതിയിൽ ശ്മശാനത്തിൽ വന്ന്, ഒരു കല്ലറ കാണിച്ച് ആകാംക്ഷയോടെ “ ഇതൊന്ന് തുറന്നു നോക്കണം, പെട്ടെന്ന്...”
റെക്സ് ശ്രദ്ധിച്ചു. കല്ലറ മൂടിവച്ചിട്ടുള്ള പാളിയുടെ വശങ്ങളിൽ നിന്ന്, തേച്ചുപിടിപ്പിച്ച സിമന്റുപശ  ഇളകിക്കിടക്കുന്നു. ബാലുവിന്റേയും മറ്റും സഹായത്താൽ ഭാരമുള്ള പാളി കുറേ തുറന്നുവച്ചു.  ശവശരീരം അവിടെയില്ല.
“ അതെ, അതുതന്നെ.”  മറ്റുള്ളവരെപ്പോലെ സംഭ്രമപ്പെട്ടു അച്ചനും. “ ഇന്നലെ മൂന്നുമണിക്ക് ചടങ്ങുകളൊക്കെ ഞാൻ നടത്തിയതാണ്, ആറുമണിക്ക് മൂടിവച്ചുറപ്പിച്ചു. ഈ ശരീരമാണ് അവിടെ കിടക്കുന്നത്.”

റെക്സ് അവിടെക്കൂടിയവരെ ശ്രദ്ധിച്ചുനോക്കി. സ്ത്രീകളുൾപ്പെടെ അവിടെ താമസക്കാരായ എല്ലാവരും ചുറ്റിലുമുണ്ട്. ചോദ്യംചെയ്യലിൽ ലാസറല്ലാതെ മറ്റാരും ഇന്നലെരാത്രി പുറത്തുപോയിട്ടില്ല. ലാസർ ഒരു സ്വപ്നാടകനെപ്പോലെ പറഞ്ഞു. “ സാർ, അവിടെ ആ വീട്ടിൽ മരിച്ചുപോയ ഒമിയാ ഒണ്ട്, ഇന്നലെ രാത്രി തീപിടിച്ച സമയത്ത് ഞാൻ കണ്ടത് അതേ മുഖം തന്നെയാ. ദേ നോക്ക്, ഞാനടുത്തേയ്ക്ക് ചെന്നപ്പൊ എന്തോ സാധനം വച്ച് എന്നെ അടിച്ചിട്ടതാ.  ബോധം വന്നപ്പൊ...പിന്നെ കണ്ടില്ല.  അവളാ വീട്ടിൽ കാണും...”
“ താനെന്തിനാ രാത്രി അവിടെ പോയത്?”
“ അതു കണ്ടുപിടിക്കാനാ ഞാൻ ചുറ്റിക്കറങ്ങി നടക്കുന്നെ. മുമ്പ് എന്റെ കൂട്ടുകാരൻ മരിച്ച ദിവസവും കറുത്ത പ്രേതത്തെ ഞാൻ കണ്ടതാ,  അതു പറഞ്ഞപ്പൊ ഞാൻ പ്രാന്തനാന്നാ എല്ലാരും......”

“ എന്തായാലും ഓഫീസറെ ഈ വിവരങ്ങളറിയിപ്പിക്കണം.....” റെക്സ് പറഞ്ഞുതീർന്നില്ല, അച്ചൻ അയാളെ തടഞ്ഞു.
“ റെക്സ്, താങ്കൾ എന്റെ സുഹൃത്തും ഇവിടത്തെ എല്ലാ സ്ഥിതിവിവരങ്ങൾ അറിയാവുന്ന ആളുമാണല്ലൊ. പുറത്തുനിന്നും മറ്റുള്ള ഉദ്യോഗസ്ഥർ വന്നാൽ എന്നെയും ഈ കൂട്ടുകുടുംബത്തെയും ഇല്ലാതാക്കും. അതിൽ സന്തോഷിക്കുന്ന ഒരു മുകൾഘടകം തന്നെ പുറത്തുണ്ട്. ഇവിടെയിപ്പോൾ പുതിയ മരണമൊന്നും ഉണ്ടായില്ല, ആ ശവശരീരം ഇവിടെത്തന്നെ മറവുചെയ്യാം. എന്നിട്ട്, ഇതൊക്കെ എങ്ങനെ നടന്നുവെന്ന് നമുക്കെല്ലാവർക്കുംകൂടി പരിശ്രമിച്ച് കണ്ടുപിടിക്കാം. നേതൃത്വത്തിനായി താങ്കൾക്ക് ആ  കഴിവുണ്ടെന്ന് എനിക്കറിയാം,  അതല്ലേ നല്ലത്.?”
“ തൽക്കാലം, ഇന്നത്തേയ്ക്കു മാത്രം.ഇവിടത്തെ കാര്യങ്ങൾ അച്ചൻ നോക്കിക്കൊള്ളൂ, എനിക്കിപ്പോൾ ആ വീട് ഒന്നു പരിശോധിക്കണം.  ആരാ തുറക്കുന്നത്, ചെല്ലയ്യാ...?
 ശരി, എന്തായാലും ഞാനൊന്നു ശ്രമിക്കട്ടെ...”  ലാസറിനെവിളിച്ച് അയാൾ അടിയേറ്റുകിടന്ന സ്ഥലത്തു വന്നു.
“ ഇവിടെവച്ചാണോ ആളെ കണ്ടത്?”
“ ങ്ങാ തന്നെ, അടികൊണ്ട് ഞാൻ വീണു. ബോധം വന്നപ്പൊ നേരം വെളുക്കാറായി, പിന്നെ ആരേയും കണ്ടില്ല.”

ചുറ്റാകെ മരക്കൂട്ടങ്ങളാണ്, ഒരാൾ മറഞ്ഞുനിന്നാൽ നടന്നുനോക്കുമ്പോൾ കാണാം. എങ്ങും ആരുമില്ല.
അവിടെ പച്ചപ്പുല്ലുകൾക്കുമീതെ ലാസറിന്റെ മുറിവിൽ നിന്നും വീണ ചോരപ്പാടുകളുണ്ട്. ലാസർ പറഞ്ഞപ്രകാരം രണ്ടു വഴികളാണ് കെട്ടിടത്തിലേയ്ക്കു പോകാൻ. അരുവിയിലിറങ്ങി അരയ്ക്കൊപ്പമെത്തുന്ന വെള്ളത്തിലൂടെ തെന്നിനടന്ന്, താഴെ കുതിരലായം കഴിഞ്ഞ് പാറകളുടെ ഭാഗത്ത് എത്തണം.അവിടെയാണ് ചെല്ലയ്യ  അലക്സിനെ കണ്ടതെന്ന് പറഞ്ഞത്.   അല്ലെങ്കിൽ, പള്ളിയുടെ ഭാഗത്തുകൂടി കെട്ടിടത്തിന്റെ പൂമുഖം ചേർന്നുള്ള വഴി.

ഇത്രയും നേരത്തിനകം ഇടയ്ക്കിടെ പാലപ്പൂക്കളുടെ മണം വരുന്നത് റെക്സ് പ്രത്യേകം ശ്രദ്ധിച്ചു. ശ്രീമന്ദിരവുമായി ബന്ധമുള്ള എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി. വാച്ചിൽ നോക്കി, മണി പതിനൊന്നു കഴിഞ്ഞു.

ലാസറിനെ പള്ളിയിൽ വിട്ട്  ബാലുവുമായി ലായത്തിലെത്തി, ചെല്ലയ്യായെ കൂട്ടി പൂമുഖത്തു വന്നു. റെക്സ് ചുറ്റുപാടും ശ്രദ്ധിച്ച് പടികൾ കയറി വാതിലിനു മുന്നിൽ നിന്ന്, തിരിഞ്ഞ് ചെല്ലയ്യായെ നോക്കി “തുറക്ക്, ഇവിടെ ആരും താമസിക്കുന്നില്ലല്ലൊ, പിന്നെന്തിനീ ജനലുകളൊക്കെ തുറന്നിട്ടിരിക്കുന്നു?”
“ അത്..നെറ്റോസാറ് എന്നോടെ പറഞ്ഞിട്ടൊണ്ട്, കാറ്റ് ഉള്ളിലെ വരണം-അടച്ചിടുമ്പൊ സ്മെല്ല് വന്നാ പ്രശ്നയാകുംന്ന്...”
വാതിൽ തുറന്നു. റെക്സ് ജനലിൽക്കൂടി എത്തിനോക്കി. അകത്ത് നിലത്താകെ പാലമരപ്പൂക്കൾ നിറയെ ചിതറിക്കിടക്കുന്നു.അതിന്റെ രൂക്ഷഗന്ധത്താൽ പിന്തിരിഞ്ഞ് മുറിക്കകത്തേയ്ക്ക് കയറി. മതിലിൽ ചില്ലിട്ടുതൂക്കിയ മൂന്നു പഴയ ചിത്രങ്ങൾ. അലമാര, ഒരു മേശയും രണ്ടു കസേരകളും, ഒരു കോണിലായി ഒരാൾപൊക്കത്തിലുള്ള ഒരു പ്രതിമയും,  ഇത്രമാത്രം.
“ ബാലൂ, കെട്ടിടത്തിന്റെ ചുവരുകളും ചുറ്റുപാടും നല്ലതുപോലെ പരിശോധിക്കണം, ഈ പൂക്കൾ ഇവിടെ ആരോ കൊണ്ടുവന്നിട്ടതാണ്.  ചെല്ലയ്യയിങ്ങു വരൂ...”

കതക് തുറന്നപ്പോൾ മുറിനിറയെ പൂക്കൾകണ്ട്, ഗന്ധത്താൽ പേടിച്ചുവിറച്ച് പാതിമയക്കത്തോടെ, ചെല്ലയ്യ ഓടി അരുവിയുടെ തീരത്ത് എത്തിക്കഴിഞ്ഞിരുന്നു.

മുറിക്കുള്ളിലെ പൂക്കളിൽ ചവിട്ടിവേണം നടക്കാൻ. പൂക്കൾ വാരി നോക്കി.  എല്ലാം ഒരുപോലെ വാടിത്തുടങ്ങുന്നു, ഇന്നലെ വൈകുന്നേരം നുള്ളിയെടുത്തതാണെല്ലാം. ഈ ഗന്ധം പുറത്തു പരക്കാൻ വേണ്ടി ഇത്രയധികം പൂക്കൾ ആരോ വിതറിയിരിക്കുന്നു.

പൂട്ടിയിട്ടില്ലാത്ത അകത്തേയ്ക്കുള്ള വാതിൽ തുറന്നുനോക്കി, കുറേ മരസാധനങ്ങളല്ലാതെ മറ്റൊന്നുമില്ല. അടച്ചിട്ട അലമാര വലിച്ചുതുറന്നു, പഴയ കടലാസ്സുകളും കപ്പ്, കണ്ണാടി, ഗ്ലാസ് എന്നിവ. പക്ഷേ, ഉള്ളിൽ കാണുന്നതിനേക്കാൾ പുറത്തുനിന്നു നോക്കിയാൽ അലമാരയ്ക്കു വീതി കൂടുതലാണ്, എന്താവാം അങ്ങനെ?  അതാ, പ്രതിമ ഒന്നു ചലിച്ചു? അതിന്റെ കണ്ണിന് അപാരമായ തിളക്കം. പ്രതിമയുടെ അടുത്തുചെന്ന് ആ കണ്ണുകളിൽ ഉറ്റുനോക്കി.
നല്ല വിലകൂടിയ മുത്തുകളാണ് അവിടെ പതിച്ചിട്ടുള്ളത്, പുറത്തെ വെളിച്ചം തട്ടി അത് തിളങ്ങുന്നു. താഴെ - പ്രതിമയുടെ കാലുകളിൽ രക്തത്തുള്ളികൾ, ചില പൂക്കളിലും തറയിലുമൊക്കെ പറ്റിയിട്ടുണ്ട്. കുറേ പൂക്കൾ ചവിട്ടേറ്റ് ചതഞ്ഞുകിടക്കുന്നു, ചോരത്തുള്ളികൾ ഉണങ്ങിത്തുടങ്ങുന്നതേയുള്ളൂ.

അതായത്...മണിക്കൂറുകൾക്കുമുമ്പ് ആരൊക്കെയോ ഇവിടെയുണ്ടായിരുന്നു, എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.

“ സർ, സർ...ഒരു വാച്ച് അവിടെ കിടക്കുന്നുണ്ട്...”ബാലുവിന്റെ ശബ്ദം കേട്ട്, റെക്സ് താഴെ വരുമ്പോൾ, തുറിച്ചുനോക്കിനിൽക്കുന്ന ചെല്ലയ്യായെ വിളിച്ചു, ശേഷം വാച്ചെടുത്തു.
“ ഇതാരുടേതെന്നറിയാമോ?”
ചോദ്യം കേട്ട് ചെല്ലയ്യ പെട്ടെന്ന് പറഞ്ഞു “ഇത്..ഇത് അലക്സുകുഞ്ഞിന്റെയാ..”
“ തീർച്ചയാണോ?”
“ തീർച്ചയാ, അതേതന്നെ.”

മൂവരും കൂടി അകത്തുകയറി, റെക്സ് പ്രതിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  അതിനെയാകെ ഒന്നു കുലുക്കിനോക്കി, ചലിക്കുന്നുണ്ട്. അടിഭാഗത്ത് ചില തറയോടുകൾ ചേർന്നാണ് ഇളകിയിരിക്കുന്നത്.  രണ്ടുകയ്യും കൂട്ടി, ചെല്ലയ്യായുടെ സഹായത്താൽ അതിനെ ഒന്നു ചരിക്കാൻ ശ്രമിച്ചപ്പോൾ- പ്രതിമ ഒരു ഭാഗത്തേയ്ക്ക് കറങ്ങിത്തിരിഞ്ഞു.
രണ്ടാളുകളുമായി  ഡാനിയേലച്ചനും വന്നു.

ടോർച്ചിന്റെ വെളിച്ചത്തിൽ, താഴേയ്ക്ക് പടികളുള്ളതായി കണ്ടു, അതിന്റെ താഴെ രണ്ടു രൂപങ്ങളിരിക്കുന്നു. അതിലൊരു രൂപം ഭയാനകമായ ശബ്ദത്തോടെ മുകളിലേയ്ക്കു നോക്കി, മുഖം കാണാതിരിക്കാൻ കൈപ്പത്തികൊണ്ട് വെളിച്ചത്തെ തടഞ്ഞു. കൈകളിൽ  രക്തം പറ്റിയിരിക്കുന്നത് മുകളിൽ നിന്നവർക്ക് കാണാം.

അതുകണ്ട്, ‘ആ ...പ്രേതം..പ്രേതം...അതേതന്നെ...’യെന്ന് ചെല്ലയ്യ പറഞ്ഞുതീർന്നതും, ബോധം മറഞ്ഞ് മറിഞ്ഞുവീണതും ഒന്നിച്ചുകഴിഞ്ഞു.
പരിഭ്രമത്താൽ  അടുത്ത രൂപത്തിനെ ശ്രദ്ധിച്ച അച്ചനും ഓർക്കാപ്പുറത്ത്  ‘കർത്താവി’നെ വിളിച്ചുകൊണ്ട് റെക്സിനോടായി പറഞ്ഞു...“ അലക്സാണത്....അലക്സ്..”
“  ബാലു, പെട്ടെന്ന് താഴേയ്ക്ക്...” പറഞ്ഞുകൊണ്ട് റെക്സ് താഴേയ്ക്ക് ചാടിയിറങ്ങി, കൂടെ ബാലുവും. ആ വരവുകണ്ട് മുഖം മറച്ച രൂപം ഗുഹാമാർഗ്ഗത്തിൽക്കൂടി പെട്ടെന്ന് അകലേയ്ക്ക് നീങ്ങി, പിറകെ റെക്സും.

ഇപ്പോൾ, അച്ചനും ബാലുവും അലക്സിന്റെ അരികിലെത്തി.  അയാളുടെ കയ്യും കാലും കൂട്ടിക്കെട്ടിയിരിക്കുന്നു. ശബ്ദിക്കാനാകാത്തവിധം വായയും ചുറ്റിക്കെട്ടിയവിധത്തിലാണ്. കെട്ടുകളൊക്കെ അഴിച്ചപ്പോൾ, റെക്സ് ഓടിയ ഭാഗത്തേയ്ക്ക് അലക്സ് വിരൾചൂണ്ടി.

രൂപത്തെ പിടിക്കാൻ റെക്സ് പരമാവധി ശ്രമിച്ചു. എങ്കിലും, മുകളിൽ നിന്ന് നല്ല വെളിച്ചം പെട്ടെന്ന് വന്നതും, ആ രൂപം അപ്രത്യക്ഷമാകുന്നതും അയാൾ കണ്ടു.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായെന്നുള്ള പള്ളിമണിയുടെ ശബ്ദം, ശ്രീമന്ദിരത്തിനു പുറത്തുണ്ടായിരുന്നവർ മാത്രം കേട്ടു.

                           --------------------------------------------------------
അവസാനഭാഗം  അടുത്തതിൽ.................
                           ---------------------------------------------------------

17 comments:

വി.എ || V.A said...

ഇത്രയും നേരത്തിനകം ഇടയ്ക്കിടെ പാലപ്പൂക്കളുടെ മണം വരുന്നത് റെക്സ് പ്രത്യേകം ശ്രദ്ധിച്ചു. ശ്രീമന്ദിരവുമായി ബന്ധമുള്ള എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി.

Pushpamgadan Kechery said...

kollam.

Muralee Mukundan , ബിലാത്തിപട്ടണം said...

‘കുറേ കുടുംബങ്ങൾ ചേർന്ന് ഇതുപോലെ കൂട്ടായ്മയായുള്ള ഒരു ജീവിതം ഏതെങ്കിലും നഗരത്തിലോ, ഗ്രാമത്തിലോ, ഒരു വാർഡിലോ എങ്കിലും ഉണ്ടായാ‍ൽ, ഈ രാജ്യംതന്നെ ‘സ്വർഗ്ഗ’മായിത്തീരുമെന്ന് അച്ചന് പ്രത്യാശയുണ്ട്.‘

ഈ ഡാനിയേൽ അച്ഛൻ നല്ലൊരു കഥാപാത്രമാണല്ലോ

പട്ടേപ്പാടം റാംജി said...

കാഴ്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്ന എഴുത്ത്‌ വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് പോലെ അനുഭവപ്പെടുന്നു.
ഒരുപക്ഷെ എന്റെ തോന്നലായിരിക്കാം.
ആശംസകള്‍ മാഷെ.

Abdulkader kodungallur said...

വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഓരാകാംക്ഷ അവസാനം വരെ നില നിര്‍ത്തുന്നു. ചില ഘട്ടങ്ങളില്‍ ഒരു ഡിറ്റക്റ്റീവ് നോവലിന്റെ മുഖച്ഹായ കൈവരുന്നു . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

Pranavam Ravikumar said...

മൂന്നാം ഭാഗവും നന്നായി... അവസാനത്തെ ഭാഗം എളുപ്പം വരട്ടെ.. ആശംസകള്‍.

Anees Hassan said...

കൊള്ളാം.....ഞങ്ങളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു

Anees Hassan said...

കൊള്ളാം.....ഞങ്ങളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു

വി.എ || V.A said...

ശ്രീ.Pushpamgad:>ശ്രദ്ധിക്കുന്നതിനും സ്ഥിരമായി വരുന്നതിനും വളരെ നന്ദി......... ശ്രീ. മുരളീമുകുന്ദൻ:> എന്റെ ആഗ്രഹം താങ്കളിൽ നിന്ന് ആദ്യമായി സഫലീകൃതം. ഈ കഥയിൽ ക്കൂടി അവതരിപ്പിച്ച പ്രധാനപ്പെട്ട ആശയം, കൃത്യമായി- അതേ വാചകങ്ങളെടുത്ത് താങ്കൾ കാണിച്ചിരിക്കുന്നു. ഇതിൽനിന്നും സന്ദേശമായി എനിക്ക് നൽകാനുള്ളത്, ഈ ‘ഡാനിയേലച്ചനേയും കുടുംബത്തേയും’ തന്നെയായിരുന്നു. എവിടെയായാലും, അഞ്ചു കുടുംബങ്ങളെങ്കിലും ഇതുപോലെ ഒരു കൂട്ടുജീവിതം ഉണ്ടാകണേയെന്ന് അകംനിറഞ്ഞ് ഞാൻ പ്രാർത്ഥിക്കുന്നു. താങ്കളുടെ നിരീക്ഷണത്തെ ഞാൻ അഭിനന്ദിക്കുന്നു, ആദരിക്കുന്നു.... ശ്രീ. റാംജീ:> താങ്കളുടെ തോന്നൽ ശരിയാണ്. ചലനങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, ഒരു നാടകമാതൃകയിൽ എഴുതിനോക്കി. നീളക്കൂടുതൽ വന്നപ്പോൾ, രംഗങ്ങൾ കുറയ്ക്കേണ്ടിവന്നു. എഴുത്തിൽ ശ്രദ്ധിച്ചതിന് വളരെ വളരെ നന്ദി. എ.കെ.മാഷെ,നോവലല്ലെങ്കിലും ഇത് വികസിപ്പിച്ച് ഒരു സീരിയലാക്കാം, അല്ലേ? ബാകി ഉടനേയുണ്ട്, വളരെ വളരെ നന്ദി. ശ്രീ. കൊച്ചുരവി:> കുറച്ചുനാൾ കണ്ടില്ലല്ലോ? കഥയിലേയ്ക്കൊന്നു കടക്കാഞ്ഞതെന്തേ? ഡിസംബറിൽ നാട്ടിലെത്തിയാലുടൻ ബന്ധപ്പെടാം, പിന്നെ സ്ഥിരമായി ഞാൻ നാട്ടിൽ കാണും. വളരെ നന്ദി... ശ്രീ. അനീസ് ഹസ്സൻ:> ആ പ്രേരണ നല്ലതിനാവട്ടെ, അതാണല്ലോ പ്രചോദനവും. വളരെയേറെ നന്ദി..........

Echmukutty said...

ആകാംക്ഷ കൂടി വരികയാണല്ലോ. കഥാപാത്രങ്ങൾക്ക് തിളക്കവും വർദ്ധിയ്ക്കുന്നു. ഡാനിയേലച്ചന്റെ ആശയം നടപ്പിലാക്കുന്ന ചിലരെങ്കിലുമുണ്ട് എന്നറിയാവുന്നതുകൊണ്ട് അച്ചനുമായി പരിചയം തോന്നി.
അടുത്ത ഭാഗത്തിന് കാത്തിരിയ്ക്കുന്നു.
ആശംസകൾ.

sulekha said...

കഥയില്‍ എവിടൊക്കെയോ ചില കുത്തി തിരുകലുകള്‍ എനിക്കനുഭവപ്പെടുന്നു .അതായത് അച്ചന്റെ കുടുംബ സംകല്പവും മറ്റും നീണ്ടു പോയില്ലേ എന്ന് ഒരു സംശയം .കഥ ഇത്രയും നേരം പറഞ്ഞുവന്ന രീതിയില്‍ നിന്ന് ഒരു മാറ്റം .അതാവാം ഒരു ചേര്‍ച്ചക്കുറവ് തോന്നിയത്. സൂക്ഷ്മ നിരീക്ഷണം എന്ന ഗുണം താങ്കളുടെ കഥകളില്‍ തെളിഞ്ഞു കാണാം .വര്‍ണനകള്‍ അത് വ്യക്തമാക്കുന്നു .തുറന്നു പറയട്ടെ ഡിറ്റകടിവ് മൂഡു പോയി .നാടകീയത വരുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം .അത് തനിയെ വന്നോളും .ആദ്യ ഭാഗങ്ങളില്‍ ഒഴുകി വന്നില്ലേ അതു പോലെ .ഇത് എന്റെ അഭിപ്രായം മാത്രമാണ് .ബാക്കി കൂടി പോരട്ടെ .

വി.എ || V.A said...

ശ്രീ. ഹംസ:> വന്നു-വായിച്ചു-എന്റെ വീട്ടിൽ വന്നതിനും വളരെയേറെ നന്ദിയുണ്ട്. ഇനിയും കാണാം..... ശ്രീ: Echmukutty:> വന്ന് കഥയിൽ കയറിയതിന് വളരെ വളരെ നന്ദി. ഈ കഥയിൽക്കൂടി കൊടുക്കുന്ന ആശയം, എനിക്ക് ‘ഡാനിയേലച്ചനാ’യി നിന്നുകൊണ്ട് പറയാൻ കഴിഞ്ഞു. അത് സർവ്വാത്മനാ ഉൾക്കൊണ്ട്, അതുതന്നെ എടുത്തുകാണിച്ച അവിടത്തേയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി വീണ്ടും രേഖപ്പെടുത്തട്ടെ, വീണ്ടും കാണാം........... ശ്രീ. സുലേഖ: നല്ല നിരൂപണം, ഞാൻ ഹാർദ്ദമായി സ്വീകരിക്കുന്നു. മറ്റുള്ളവയെപ്പോലെ ഈ കഥയിൽ ഞാൻ അവതരിപ്പിച്ച ‘സന്ദേശം’, ‘ഡാനിയേലച്ചന്റെ കുടുംബ’മാണ്. അത് എല്ലാവരിലും സമന്വയിപ്പിക്കാൻ വേണ്ടി, കുറേ നീട്ടിപ്പറയേണ്ടിവന്നു. ഒരു സീരിയൽ മോഡൽ ആക്കേണ്ടിവന്നതിനാൽ, ഡിറ്റക്റ്റീവ് ധാരയിൽ നിന്നും മാറേണ്ടിവന്നു എന്നത് സത്യം. എങ്കിലേ നാടകീയത വരൂ എന്നു തോന്നി. താങ്കളുടെ അഭിപ്രായം ശരിയാണ്, വർണ്ണനകൾ നീണ്ടുപോയതൊക്കെ കത്രികപ്പണി നടത്തിയിട്ടുണ്ട്, നീണ്ടുപോയതിനാൽ ബാക്കിയിൽ ചുരുക്കിയെഴുതാം. വളരെ വളരെ നന്ദി,നമസ്കാരം.............>

കുസുമം ആര്‍ പുന്നപ്ര said...

ഡാനിയലച്ഛനെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം പോരട്ടെ.

Pushpamgadan Kechery said...

ഈ കഥയിലെ ദാനിയേലച്ചന്‍ സ്ട്രൈയ്റ്റായും പോസിറ്റീവായും ചിന്തിക്കുന്നു.
അദ്ദേഹത്തെപ്പോലുള്ളവര്‍ സമൂഹത്തിന്റെ എല്ലാതുറകളിലും ന്യൂനപക്ഷമായി ഉണ്ട്.
പക്ഷെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി സ്വന്തം നട്ടെല്ലുവരെ പണയപ്പെടുത്തുന്ന ഭൂരിഭാഗത്തിന്റെ ആരവത്തിനിടയില്‍ ഇവരുടെ ഒറ്റപ്പെട്ട ശബ്ദം ആരും കേള്‍ക്കപ്പെടാതെ പോകുന്നു.

ശാന്ത കാവുമ്പായി said...

ആകാംക്ഷയുടെ മുൾമുനയിലാണല്ലോ നിർത്തിയത്.

വി.എ || V.A said...

ശ്രീ: കുസുമം ആർ പുന്നപ്ര:> Sri.pushpamgad:> & ശ്രീ:> ശാന്ത കാവുമ്പായി:> താമസിച്ചുപോയതിന് ക്ഷമിക്കണം, ഞങ്ങളുടെ ലൈനിൽ ‘നെറ്റ് സർവ്വീസ്’ കത്രികപ്പണി നടത്തി. വന്നു, വായിച്ച്, അഭിപ്രായം രേഖപ്പെടുത്തിയതിന് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ.......വീണ്ടും കാണാം....

Unknown said...

വീണ്ടും :)